മക്കാമുശ്‌രിക്കുകളായ ഖുറൈശികള്‍ പുനരുത്ഥാന നാളിനെയും പരലോകജീവിതത്തെയും തളളിപ്പറഞ്ഞപ്പോള്‍ അതിനെതിരെ ശക്തമായ ദൃഷ്ടാന്തം സമര്‍പ്പിക്കുകയാണ് അല്ലാഹു. മരണത്തില്‍നിന്ന് ഏതൊരുവസ്തുവിനും ജീവന്‍ നല്‍കി തിരികെക്കൊണ്ടുവരാന്‍ അവന് കഴിയുമെന്ന് അവന്‍ വ്യക്തമാക്കുന്നു. ഒരുവിധത്തിലുമുള്ള ചെടികളോ പച്ചപ്പോ ഇല്ലാത്ത തരിശായ മരുഭൂമിയില്‍ ആകാശത്തുനിന്ന് ഒരു മഴ വര്‍ഷിക്കുന്നതോടെ അത് ഹരിതാഭയണിയുന്നതും ചെടികള്‍ വളര്‍ന്ന് പുഷ്പിക്കുന്നതും കായ്കളുണ്ടാവുന്നതും ഏവരും കണ്ടിട്ടുണ്ടാവും.
‘അവര്‍ ഭക്ഷിക്കുന്ന’ എന്ന പരാമര്‍ശത്തോടെയാണ് പ്രസ്തുത സൂക്തം അവസാനിക്കുന്നത്. ആളുകള്‍ അത് വിളവെടുക്കുകയും സൂക്ഷിച്ചുവെക്കുകയും അതില്‍നിന്ന് ആവശ്യമായത് ഭക്ഷിക്കുകയുംചെയ്തുകൊണ്ടിരിക്കുന്ന ആ യാഥാര്‍ഥ്യം കാഴ്ചയില്‍ മാത്രമല്ല ഉള്ളതെന്നും ദൈനംദിന ജീവിതാനുഭവത്തിലുമുണ്ടെന്നും ഓര്‍മിപ്പിക്കുകയാണ്. നിത്യജീവിതത്തിലെ ഹൃദയസ്പൃക്കായ ഈ ദൃശ്യം എല്ലാറ്റിനെയും പുനരുജ്ജീവിപ്പിക്കാനുള്ള ദൈവത്തിന്റെ അപാരമായ കഴിവിനെയാണ് കുറിക്കുന്നത്.
وَجَعَلْنَا فِيهَا جَنَّاتٍ مِّن نَّخِيلٍ وَأَعْنَابٍ وَفَجَّرْنَا فِيهَا مِنَ الْعُيُونِ
34. നാമതില്‍ ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങളുണ്ടാക്കി. അതിലെത്രയോ ഉറവകള്‍ ഒഴുക്കി!
അല്ലാഹു പറയുന്നു:ഒരിക്കല്‍ മൃതമായ ഈ ഭൂമിയെ നാം പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളും ഉള്ള തോട്ടങ്ങളാക്കി. അവയില്‍ ഈത്തപ്പനയുടെയും മുന്തിരിവള്ളികളുടെയും ചെടികള്‍ നിങ്ങള്‍ കാണുന്നു. അതിനെയെല്ലാം നനയ്ക്കുന്ന അരുവികളൊഴുകുന്നു.
പ്രാക്തന അറബ് ജനതയിലടക്കം പ്രചുരപ്രചാരം നേടിയ ഏറ്റവും ശ്രേഷ്ഠകരമായ ഫലവര്‍ഗങ്ങളായതുകൊണ്ടാണ് ഈത്തപ്പഴത്തെയും മുന്തിരിയെയും സൂക്തത്തില്‍ പരാമര്‍ശിച്ചതെന്ന് ഇമാം ഖുര്‍ത്വുബി നിരീക്ഷിക്കുന്നുണ്ട്. അവയെ ഏകവചനം ഒഴിവാക്കി ബഹുവചനത്തില്‍ പറഞ്ഞത് തോട്ടങ്ങളിലെ ആ ഫലവൃക്ഷാദികളുടെ ആധിക്യത്തെകുറിക്കാനാണ്.
എവിടെയും സുലഭമായ ധാന്യങ്ങള്‍ ആദ്യവും ചിലയിടങ്ങളില്‍ മാത്രം കണ്ടുവരുന്ന ഈത്തപ്പന തൊട്ടുപിന്നാലെയും എല്ലാറ്റിന്റെയും പ്രഥമസ്രോതസ്സും അടിസ്ഥാനആശ്രയവുമായ വെള്ളം അവസാനവും പരാമര്‍ശിച്ചതെന്തെന്ന ചോദ്യം ചിലര്‍ക്കുണ്ടാവാം. നിങ്ങള്‍ക്ക് ഏറ്റവുമെളുപ്പത്തില്‍ എത്തിപ്പിടിക്കാനാവുന്നത് നിങ്ങളുടെ തൊട്ടടുത്തുള്ള ജലസ്രോതസ്സാണ്. അത് തോടോ, അരുവിയോ, പുഴയോ തുടങ്ങി എന്തുമാവാം. അതൊന്നുമില്ലെങ്കില്‍ മഴ. വെള്ളത്തിനായി നാം കൃഷിയോ ഉത്പാദനമോ നാം നടത്തുന്നില്ല. ഇതില്‍ അത്ഭുതകരമായ സംഗതി, മാനവതയ്ക്ക് ഏറ്റവുമേറെ ആവശ്യമുള്ളത് തികച്ചും അനായാസത്തോടെ അവന്‍ സജ്ജീകരിച്ചു എന്നതാണ്. ആ വെള്ളം മഴയുടെ രൂപത്തില്‍ നമുക്ക് ലഭിക്കുന്നു. അത് തുടര്‍ന്ന് അരുവിയിലൂടെയും പുഴയിലൂടെയും കിണറിലൂടെയും എന്നും നമുക്ക് പ്രാപ്യമാക്കുകയും ചെയ്തു.
لِيَأْكُلُوا مِن ثَمَرِهِ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ
35. അതിന്റെ പഴങ്ങളിവര്‍ തിന്നാനാണിതെല്ലാമുണ്ടാക്കിയത്. ഇവരുടെ കൈകള്‍ അധ്വാനിച്ചുണ്ടാക്കിയവയല്ല ഇതൊന്നും. എന്നിട്ടും ഇക്കൂട്ടര്‍ നന്ദി കാണിക്കുന്നില്ലേ?
അല്ലാഹുപറയുന്നു: ഇക്കാണുന്ന പഴങ്ങളും ഭക്ഷ്യവിഭവങ്ങളും ഉല്‍പാദിപ്പിച്ചുതരുന്ന ചെടികളും തോട്ടങ്ങളും നാം ഭൂമിയില്‍ ഉണ്ടാക്കിയത് അതില്‍നിന്ന് എന്റെ അടിമകള്‍ ഭക്ഷിക്കാനാണ്. അതൊന്നും അവര്‍ക്ക് സ്വയം ഉണ്ടാക്കാനാവാത്തതാണ്. ഈ സൂക്തത്തിലെ ‘മാ’ എന്നത് നിഷേധാര്‍ഥമുള്ള പ്രയോഗമല്ല, മറിച്ച് അടിസ്ഥാന വിളകളില്‍നിന്ന് വ്യത്യസ്തരൂപത്തിലുണ്ടാക്കുന്ന എല്ലാംതന്നെ എന്ന ആശയം നല്‍കുന്നതാണെന്ന് ഇമാം ഖുര്‍ത്വുബി നിരീക്ഷിക്കുന്നു.
അഫലാ യശ്കുറൂന്‍ – ഒന്നുമില്ലാതിരുന്ന ഭൂമിയില്‍ സര്‍വജീവജാലങ്ങള്‍ക്കും വിഭവങ്ങളൊരുക്കിയ ആ സ്രഷ്ടാവിനോട് നന്ദിയുള്ളവരാകാന്‍ മനുഷ്യര്‍ ഒരുക്കമല്ലേ? സ്രഷ്ടാവായ ആ അല്ലാഹുവാണ് ഇവ്വിധം അനുഗ്രഹങ്ങള്‍ ചെയ്തുതന്നിട്ടുള്ളത്. അതാണ് വസ്തുതയെന്നിരിക്കെ ഈ അനുഗ്രഹങ്ങളെല്ലാം ആസ്വദിച്ചുകൊണ്ട് അല്ലാഹുവില്‍ പങ്കാളികളെ ചേര്‍ക്കാന്‍ അവര്‍ക്കെങ്ങനെ കഴിയുന്നു ? എങ്ങനെയാണ് അവര്‍ക്ക് ഇവ്വിധം ധാര്‍ഷ്ട്യത്തോടെ പെരുമാറാനാവുന്നത് ?!
ഭാഷാമുത്തുകള്‍
മേല്‍ രണ്ട് സൂക്തങ്ങളിലൂടെ മനുഷ്യരാശിക്ക് അടിസ്ഥാനമായിട്ടുള്ള 4 സംഗതികളെ വിവരിച്ചു. അതിലാദ്യം ദൈനംദിനാവശ്യങ്ങള്‍ക്കുള്ള ധാന്യങ്ങളെ പരാമര്‍ശിച്ചു. പലരീതിയിലും അത് മനുഷ്യന് ഉപയോഗപ്പെടുന്നു. അത് ശേഖരിച്ച് സൂക്ഷിക്കാനാവും. അത് കൈവശമില്ലാത്തവന്‍ പട്ടിണികിടക്കുന്നവനായിരിക്കും. തൊട്ടടുത്ത സൂക്തത്തില്‍അല്ലാഹു വളരെ സുലഭമായ ഈത്തപ്പഴത്തെയും മുന്തിരിയെയും കുറിച്ച് സൂചിപ്പിച്ചു. എന്നാല്‍പോലും മനുഷ്യന് അത്യന്താപേക്ഷിതമായ ബാര്‍ലി, ചോളം, അരി, ഗോതമ്പ് തുടങ്ങി ധാന്യങ്ങളെക്കുറിച്ചാണ് പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.
വിവേകമുത്തുകള്‍
മനുഷ്യന് ഏറ്റവും അത്യാവശ്യമായ വിഭവങ്ങളെക്കുറിച്ച് പരാമര്‍ശിച്ചശേഷം സൂക്തം അവസാനിക്കുന്നത് ‘അവരെന്നോട് നന്ദികാട്ടുന്നില്ലേ’ എന്ന് ചോദിച്ചുകൊണ്ടാണ്. ‘അതുകൊണ്ട് അവരെന്നില്‍ വിശ്വസിക്കുന്നില്ലേ’ എന്ന് ചോദിച്ചാല്‍ അതില്‍ അസാംഗത്യമൊന്നുമില്ല. പക്ഷേ, ഇവിടെ അല്ലാഹു ചൂണ്ടിക്കാട്ടാനാഗ്രഹിക്കുന്ന വസ്തുത മനുഷ്യരാശിക്ക് അവന്‍ ചെയ്ത അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവരാവുക എന്നതാണ്. ആ നന്ദിപ്രകടനം നടത്തേണ്ടതോ അവനുള്ള കീഴ്‌വണക്കവും ആരാധനയും സമര്‍പ്പിച്ചുകൊണ്ടും.
Add Comment