ഖുര്‍ആന്‍-പഠനങ്ങള്‍

ദൈവധിക്കാരികളേ, നിങ്ങള്‍ക്കിതാ ഗുണപാഠം (യാസീന്‍ പഠനം – 13)

യാസീന്‍ അധ്യായത്തിലൂടെ അന്താക്കിയന്‍ ജനതയ്ക്ക് വന്നുഭവിച്ച ശിക്ഷയെക്കുറിച്ച് മുഹമ്മദ് നബി നല്‍കുന്ന വിവരം കേള്‍ക്കുന്ന മാത്രയില്‍ മക്കാഖുറൈശികള്‍ക്ക് മനംമാറ്റം ഉണ്ടായോ ? ദൈവദൂതന്റെ സന്ദേശം തള്ളിക്കളഞ്ഞ ജനതയ്ക്കുണ്ടായ പരിണിതഫലം ഏറ്റുവാങ്ങാന്‍ തയ്യാറാവുക എന്ന സന്ദേശമാണ് അധ്യായം നല്‍കുന്നത്. ആധുനികലോകത്തിന് മുമ്പില്‍ ഈ ഗുണപാഠകഥ വിവരിച്ചാല്‍ അവരില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കിയെങ്കിലോ ?

أَلَمْ يَرَوْا كَمْ أَهْلَكْنَا قَبْلَهُم مِّنَ الْقُرُونِ أَنَّهُمْ إِلَيْهِمْ لَا يَرْجِعُونَ (യാസീന്‍ 31)

അല്ലയോ മുഹമ്മദ്, ദൈവദൂതന്‍മാര്‍ കൊണ്ടുവന്ന സന്ദേശത്തെയും ദൃഷ്ടാന്തങ്ങളെയും ധിക്കരിച്ച മുന്‍ഗാമികളായ ജനതകള്‍ നശിപ്പിക്കപ്പെട്ടതെങ്ങനെയെന്ന് നിന്റെ ജനതയിലെ നിഷേധികളായ ആളുകള്‍ കാണുന്നില്ലേ ? അവരൊന്നും പിന്നീട് തിരിച്ചുവന്നിട്ടേയില്ലെന്ന യാഥാര്‍ഥ്യം അവര്‍ അറിയുന്നില്ലേ ? തീര്‍ച്ചയായും എല്ലാറ്റിന്റെയും വിധിനിര്‍ണയം നടക്കുന്ന ദിനം അവര്‍ അല്ലാഹുവിന്റെ മുമ്പാകെ ഒരുമിച്ചുകൂട്ടപ്പെടും.
പട്ടണവാസികളെപ്പോലെ മക്കയിലെ ഖുറൈശീസമൂഹവും അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടും. നമ്മളും അപ്രകാരംതന്നെ അവന്റെ മുമ്പില്‍ കൊണ്ടുവരപ്പെടും. സൂര്യന്‍ തലക്കുമുകളില്‍ കത്തിജ്ജ്വലിക്കുന്ന ദിനത്തില്‍ ജനങ്ങള്‍ നഗ്നരായും ലിംഗാഗ്രം ഛേദിക്കപ്പെടാതെയും സ്രഷ്ടാവിന്റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന ആ നിര്‍ണായകമുഹൂര്‍ത്തത്തില്‍ നമ്മുടെ കൈവശം എന്താണുള്ളത് ?
സത്യമെന്തെന്ന് വ്യക്തമാക്കുന്ന ദൃഷ്ടാന്തങ്ങളുമായി വന്നെത്തിയ ദൈവദൂതന്‍മാരെ പരിഹസിക്കുകയും അക്രമിക്കുകയുംചെയ്യുന്ന നിഷേധികളുടെ പര്യവസാനം എന്തെന്ന് ഇവിടെ വ്യക്തമാവുകയാണ്. ഒട്ടേറെ തലമുറകള്‍ ഈ ഭൂമിയില്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവരുടെ എന്താണ് ഇവിടെ ശേഷിച്ചിട്ടുള്ളത്? അവരെ ബാധിച്ചിട്ടുള്ള ദുരന്തം എന്തെന്ന് നമ്മോട് പറഞ്ഞുതരാന്‍ ആരെങ്കിലും തിരിച്ചുവന്നിട്ടുണ്ടോ? അല്ലെങ്കില്‍ എല്ലാം തിരുത്തി പുതുജീവിതം നയിക്കാന്‍ അവര്‍ക്ക് വീണ്ടും അവസരം നല്‍കപ്പെട്ടുവോ? ഇല്ല, മറിച്ച് തങ്ങള്‍ക്ക് വന്നുഭവിച്ച ദുര്യോഗത്തില്‍ ഖേദിച്ച് വിരല്‍കടിച്ചും നിരാശപ്പെട്ടും കഴിയുകയായിരുന്നു അവര്‍.

‘അക്രമിയായ മനുഷ്യന്‍ ഖേദത്താല്‍ കൈ കടിക്കുന്ന ദിനമാണത്. ‘അന്ന് അയാള്‍ പറയും: ”ഹാ കഷ്ടം! ഞാന്‍ ദൈവദൂതനോടൊപ്പം അദ്ദേഹത്തിന്റെ മാര്‍ഗമവലംബിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ. ”എന്റെ നിര്‍ഭാഗ്യം! ഞാന്‍ ഇന്നയാളെ കൂട്ടുകാരനാക്കിയിരുന്നില്ലെങ്കില്‍! (അല്‍ഫുര്‍ഖാന്‍ 27,28)
ബാഹ്യശത്രുവായാലും ആഭ്യന്തരശത്രുവായാലും ആയാലും ശരി, ഇസ്‌ലാമിന്നെതിരില്‍ സകലകുതന്ത്രങ്ങളുമായി അക്ഷീണപരിശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിന്റെ എതിരാളികള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. ‘തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. അല്ലാഹു തന്റെ പ്രകാശത്തെ പൂര്‍ണമായി പരത്തുകതന്നെ ചെയ്യും. സത്യനിഷേധികള്‍ക്ക് അതെത്ര അരോചകമാണെങ്കിലും!'(അസ്സ്വഫ്ഫ് 8)
സംശയത്തിന്റെയും ഛിദ്രതയുടെയും വിത്തുകള്‍ മുസ്‌ലിംസമൂഹത്തില്‍ നട്ടുവളര്‍ത്താന്‍ പരിശ്രമിക്കുന്നവര്‍ മരണാനന്തരമുള്ള ലോകത്ത് കടുത്ത ഖേദത്തിലും നരകാഗ്നിയിലും അകപ്പെടും.

وَإِن كُلٌّ لَّمَّا جَمِيعٌ لَّدَيْنَا مُحْضَرُونَ  (യാസീന്‍ 32)

മുമ്പ് പറഞ്ഞ സൂക്തത്തിന്റെ തുടര്‍ച്ചയാണിത്. അതായത്, ദൈവദൂതന്റെ മുന്നറിയിപ്പുകളും സന്തോഷവര്‍ത്തമാനങ്ങളും പൂര്‍ണമായും നിഷേധിച്ച ജനസമൂഹങ്ങള്‍ അഭിമുഖീകരിച്ച ഖേദത്തിന്റെയും നിരാശയുടെയും അവസ്ഥാവിശേഷം അവര്‍ക്കുണ്ടാകും. എന്നാല്‍ എല്ലാക്കാലത്തും നിഷേധികളായ മുന്‍കാലജനതയുടെ പരിണതികള്‍ അറിഞ്ഞിട്ടും ധിക്കാരത്തിന്റെ അതേപാതയിലൂടെ മുന്നോട്ടുഗമിക്കാനാണ് പിന്‍ഗാമികളുടെയും ശ്രമം. മുന്‍ഗാമികളുടെ നാശത്തില്‍നിന്ന് എന്നാണ് പാഠം പഠിക്കുക.?

ഇതില്‍നിന്നെല്ലാം ഇന്നത്തെ മുസ്‌ലിംസമൂഹത്തിന് വലിയ പാഠമുണ്ട്. മുന്‍കാലജനതയുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് മുസ്‌ലിംകള്‍ മനസ്സിലാക്കുകയും ചിന്തിക്കുകയും ചെയ്യണം. ആദ്, സമൂദ്, ലൂത്വ് ജനസമൂഹത്തില്‍ അവരുടെ ഏതേത് ദുഷ്‌കൃത്യങ്ങളുടെ പേരിലാണ് ശിക്ഷ ആഗതമായതെന്ന് തിരിച്ചറിയണം. അത്തരം അധാര്‍മികതകള്‍ നാം ആവര്‍ത്തിക്കാതിരിക്കാന്‍ ബദ്ധശ്രദ്ധരാവണം. തന്റെ ചെയ്തികളുടെ അനന്തരഫലത്തെക്കുറിച്ച് അവന്‍ വിസ്മരിക്കരുത്. മറ്റൊരുവന് ഉണ്ടായ ദാരുണാവസ്ഥയ്ക്ക് വഴിതെളിച്ച പ്രവൃത്തിചെയ്യാന്‍ അവന്‍ താല്‍പര്യം കാട്ടരുത്. അബൂഹുറൈറ(റ)യില്‍നിന്ന്, മുഹമ്മദ് നബി(സ ) ഇപ്രകാരം അരുളിയിരിക്കുന്നു:’ഒരു വിശ്വാസിക്ക് ഒരേ മാളത്തില്‍ നിന്ന് രണ്ട് തവണ കടിയേല്‍ക്കുകയില്ല.'(ബുഖാരി, മുസ്‌ലിം)
ഈ ഭൂമി ഒരുനാള്‍ ഭൂമിയല്ലാതായിത്തീരും. ആകാശങ്ങളും അവയല്ലാതായിമാറും. ഏകനും എല്ലാറ്റിനെയും അടക്കിഭരിക്കുന്നവനുമായ അല്ലാഹുവിന്റെ മുന്നില്‍ അവര്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും.അന്ന് കുറ്റവാളികളെ നിനക്കു കാണാം. അവര്‍ ചങ്ങലകളില്‍ പരസ്പരം ബന്ധിക്കപ്പെട്ടവരായിരിക്കും.അവരുടെ കുപ്പായങ്ങള്‍ കട്ടിത്താറുകൊണ്ടുള്ളവയായിരിക്കും. തീനാളങ്ങള്‍ അവരുടെ മുഖങ്ങളെ പൊതിയും.എല്ലാ ഓരോരുത്തര്‍ക്കും അവര്‍ സമ്പാദിച്ചതിന്റെ പ്രതിഫലം അല്ലാഹു നല്‍കാന്‍ വേണ്ടിയാണിത്. അല്ലാഹു അതിവേഗം കണക്കുനോക്കുന്നവനാണ്; തീര്‍ച്ച(ഇബ്‌റാഹീം 48-51).

ഭാഷാമുത്തുകള്‍

എല്ലാവരെയും ഒരുമിച്ചുകൂട്ടുമെന്ന അര്‍ഥത്തില്‍ ‘ജമീഅ്’ എന്ന വാക്കാണ് അല്ലാഹു ഉപയോഗിച്ചത്. വേറിട്ട് മാറ്റിനിര്‍ത്തപ്പെടുക എന്ന ആശയത്തിലുള്ള മുത്തഫര്‍രിഖ് ന്റെ വിപരീതവാക്കാണിത്. ഒരു കാലത്ത് ചിതറി വെവ്വേറെയായി കിടന്ന വസ്തുക്കളെ ഒരുമിച്ച് കൂട്ടുന്നതിനെയാണ് ജമീഅ് കുറിക്കുന്നത്. അല്ലാഹു കാല-ദേശ-വര്‍ഗ-വര്‍ണ പരികല്‍പനയില്ലാതെ എല്ലാവരെയും ഒരുമിച്ചുകൂട്ടുമെന്നാണ് അതിനര്‍ഥം. അവിടെ വിവിധകാലഘട്ടങ്ങളിലെ ഭരണകൂട-ദേശരാഷ്ട്രങ്ങള്‍ എല്ലാം ഒരുമിച്ച് അഭിസംബോധനചെയ്യപ്പെടും.
ജമീഅ് എന്നതിന് മറ്റൊരു ആശയവുമുണ്ട്. അതായത്, അവിടെ ഓരോരുത്തരും തങ്ങളുടെ കര്‍മങ്ങളും അതിന്റെ സാക്ഷികളും മറ്റുമായി എല്ലാറ്റിനോടൊപ്പം ആയിരിക്കും അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുക. എന്നാല്‍ നമ്മുടെ നാഥന്റെ മുമ്പില്‍ സമര്‍പ്പിക്കാന്‍ എന്തൊക്കെയാണ് നമ്മുടെ പക്കലുള്ളത്?

വിവേകമുത്തുകള്‍

മേല്‍വിവരിച്ച സൂക്തങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട പാഠങ്ങളാണ് പകര്‍ന്നുതരുന്നത്. നമ്മുടെ പ്രബോധിതസമൂഹത്തിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും കുറിച്ച് കാര്യഗൗരവപ്പെട്ട വിജ്ഞാനം ഉണ്ടായിരിക്കുകയെന്നത് അതീവപ്രാധാന്യമേറിയ സംഗതിയാണ്. മുന്‍കാല ജനതയും ഭരണകൂടങ്ങളും, ദൈവദൂതന്‍മാരുടെയും പ്രവാചകന്‍മാരുടെയും മുമ്പാകെ ഉയര്‍ത്തിയ വാദമുഖങ്ങളും അവയ്ക്ക് നല്‍കപ്പെട്ട മറുപടികളും ഒരു പ്രബോധകന്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. എങ്കില്‍ മാത്രമേ അവയുടെ ഉത്തരാധുനികവായനകളുടെ മുമ്പാകെ ആധുനികപ്രബോധകന്‍ പരിഭ്രമമില്ലാതെ നിലകൊള്ളുകയുള്ളൂ. ഹൂദ് അധ്യായം അത്തരത്തില്‍ മുന്‍കാലനാഗരികതയുടെ പ്രവാചകന്‍മാര്‍ നടത്തിയ സംവദനങ്ങളുടെ ചരിത്രമാണ്. അല്ലാഹു വളരെ കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് അത്തരം ചരിത്രം നമുക്ക് വിശദീകരിച്ചുതരുന്നത്.

ദൈവദൂതന്മാരുടെ വാര്‍ത്തകളില്‍നിന്ന് നിന്റെ മനസ്സിന് ദൃഢത നല്‍കുന്നതെല്ലാം നിനക്കു നാം പറഞ്ഞുതരുന്നു. ഇതിലൂടെ യഥാര്‍ഥ ജ്ഞാനവും സത്യവിശ്വാസികള്‍ക്കുള്ള സദുപദേശവും ഉദ്‌ബോധനവും നിനക്ക് വന്നെത്തിയിരിക്കുന്നു(ഹൂദ് 120).
ഈ സൂക്തത്തെക്കുറിച്ച വിശദീകരണത്തില്‍ പണ്ഡിതനായ ഇബ്‌നു ജരീര്‍ പറയുന്നു: ‘( അല്ലയോ മുഹമ്മദ്) താങ്കള്‍ക്ക് ക്ഷമ പകര്‍ന്നുനല്‍കാനാണിത്. (ജനങ്ങളുടെ ഉപദ്രവങ്ങളെത്തൊട്ട് ) ദുഃഖിതനാകാതിരിക്കാനായി.

‘ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്റെ പ്രമാണങ്ങള്‍ വിവരിച്ചുതരികയും ഈ ദിനത്തെ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന, നിങ്ങളില്‍ നിന്നുതന്നെയുള്ള ദൈവദൂതന്മാര്‍ നിങ്ങളുടെ അടുത്ത് വന്നിരുന്നില്ലേ?” അവര്‍ പറയും: ”അതെ; ഞങ്ങളിതാ ഞങ്ങള്‍ക്കെതിരെ തന്നെ സാക്ഷ്യം വഹിക്കുന്നു.” ഐഹികജീവിതം അവരെ വഞ്ചനയിലകപ്പെടുത്തി. തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് അന്നേരം അവര്‍ തങ്ങള്‍ക്കെതിരെ തന്നെ സാക്ഷ്യം വഹിക്കുന്നു.

Topics