ഖുര്‍ആന്‍-പഠനങ്ങള്‍

പ്രബോധകര്‍ വിമര്‍ശകരല്ല; ഗുണകാംക്ഷികള്‍ (യാസീന്‍ പഠനം – 12)

വിവേകിയായ പട്ടണവാസിയെയും അദ്ദേഹത്തിന് ആ നാട്ടിലെ അവിശ്വാസികളുടെ കയ്യാലുണ്ടായ മൃത്യുവിനെക്കുറിച്ചും അറിയിച്ചശേഷം അല്ലാഹു നമ്മുടെ ശ്രദ്ധ ‘അന്താക്യ'(പരാമൃഷ്ട പട്ടണം)യിലെ ആളുകളിലേക്ക് തിരിച്ചുവിടുകയാണ്. തന്റെ വിശ്വാസിയായ അടിമയ്ക്കുവേണ്ടി അവന്‍ പ്രതികാരം ചോദിക്കുന്നു. തന്റെ ദാസന്‍മാരോട് എതിരിട്ട ആളുകളെ കൈകാര്യംചെയ്തതെങ്ങനെയെന്ന് വിവരിക്കുന്നു.

وَمَا أَنزَلْنَا عَلَىٰ قَوْمِهِ مِن بَعْدِهِ مِن جُندٍ مِّنَ السَّمَاءِ وَمَا كُنَّا مُنزِلِينَ

28. അതിനുശേഷം നാം അദ്ദേഹത്തിന്റെ ജനതയുടെ നേരെ ഉപരിലോകത്തുനിന്ന് ഒരു സൈന്യത്തെയും ഇറക്കിയിട്ടില്ല. അങ്ങനെ ഇറക്കേണ്ട ആവശ്യവും നമുക്കുണ്ടായിട്ടില്ല.

അല്ലാഹുവിന്റെ ദാസനായ ഹബീബ് എല്ലാറ്റിനെക്കാളും ഉന്നതമായ വിജയം കരസ്ഥമാക്കിയ സാഹചര്യത്തെ നമ്മോട് വിശദീകരിച്ചശേഷം അന്താക്കിയയിലെ ആ ജനത്തെക്കുറിച്ച് വിശേഷങ്ങളിലേക്ക് കടക്കുകയാണ്. മേല്‍ സൂക്തത്തില്‍ വിവരിച്ച ‘ജുന്‍ദ്’ എന്നത് സന്ദേശം, ദൈവദൂതന്‍, അല്ലെങ്കില്‍ അവരെ തകര്‍ത്തെറിയുന്ന സൈന്യം എന്നീ അര്‍ഥതലങ്ങളിലാവാം വന്നിട്ടുള്ളത് എന്ന് ഇമാം റാസി അഭിപ്രായപ്പെട്ടിരിക്കുന്നു. ഇബ്‌നുല്‍ ജൗസി(റ)യുടെ വീക്ഷണത്തില്‍, അത് ആ നാട്ടുകാരെ സന്‍മാര്‍ഗത്തിലേക്ക് വഴികാട്ടാനുള്ള മലക്കുകളുടെ സംഘത്തെയോ അല്ലെങ്കില്‍ അവരെ നശിപ്പിക്കുന്ന സൈന്യത്തെയോ ഉദ്ദേശിച്ചാകാം അത്. എന്നാല്‍ അതിനെയെല്ലാം അവഗണിച്ച് അല്ലാഹു അവരെ ശിക്ഷിക്കാന്‍ അവരുടെ അധമപ്രകൃതത്തെ വെളിപ്പെടുത്തുംവിധം തൊട്ടടുത്ത സൂക്തത്തില്‍ പറഞ്ഞതുപോലെ ഘോരശബ്ദത്തെ ഉപയോഗിക്കുകയാണ്. വിശദമായി പറഞ്ഞാല്‍ അവരെ നശിപ്പിക്കാന്‍ ശിക്ഷയുടെ മലക്കുകളെ നിയോഗിക്കേണ്ട ആവശ്യമില്ലാത്തവിധം നീചരാണ് അവര്‍.
ഇമാം റാസി(റ)യുടെ വീക്ഷണത്തില്‍നിന്ന് അല്‍പംകൂടി കടന്ന് ഇമാം ഖുര്‍ത്വുബി(റ) പറയുന്നത് ഇങ്ങനെ: ശിക്ഷിക്കാന്‍ തനിക്കാരെയും അയക്കേണ്ട ആവശ്യമില്ലെന്ന് അല്ലാഹു വ്യക്തമാക്കുക വഴി , എത്രമാത്രം അധഃപതിച്ചവരായിരുന്നു ആ ജനതയെന്ന് അനുവാചകര്‍ക്ക് മനസ്സിലാക്കാനാവും. അല്ലയോ അന്താക്കിയയിലെ ജനങ്ങളേ, നിങ്ങളെ കൈകാര്യംചെയ്യാന്‍ മലക്കുകളെ അയക്കുകയെന്നതുപോലും മോശമാണ് എന്നാണ് ഭാഷ്യം. എന്നാല്‍ മുഹമ്മദ് നബി(സ)യെ സഹായിക്കാന്‍ ഒന്നല്ല, അയ്യായിരം മലക്കുകളെ നാം നിയോഗിച്ചിട്ടുണ്ട് എന്ന് മറ്റൊരിക്കല്‍ മക്കാഖുറൈശികളോട് തുറന്നടിക്കുകയുംചെയ്യുന്നുണ്ട്.
ഈ സൂക്തം അന്താക്കിയയിലെ ജനത്തിനുനേര്‍ക്കുള്ള അല്ലാഹുവിന്റെ കോപം എത്രമാത്രമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നുണ്ട്. ഒന്നല്ല, മൂന്ന് സത്യദൂതന്‍മാരെയാണ് അവരിലേക്ക് അയച്ചത് .എന്നിട്ടും സത്യത്തെ നിഷേധിക്കുകയും ദൈവദൂതന്‍മാരെയും ആ നാട്ടുകാരില്‍നിന്നുള്ള വിശ്വാസിയെയും വധിക്കുകയുമാണ് അവര്‍ ചെയ്തത്. അക്കാരണത്താല്‍ അന്താക്കിയയിലെ ഭരണാധികാരിയടക്കം തദ്ദേശീയരെ അല്ലാഹു ഭൂമുഖത്ത് നിന്നുതന്നെ തുടച്ചുമാറ്റുകയായിരുന്നു.

إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ خَامِدُونَ

29.അതൊരു ഘോരഗര്‍ജനം മാത്രമായിരുന്നു. അപ്പോഴേക്കും അവരൊക്കെയും നാമാവശേഷമായി

രണ്ടോ മൂന്നോ ഗര്‍ജനങ്ങളൊന്നും എതിരാളികളെ നശിപ്പിക്കാന്‍ വേണ്ടിവന്നതേയില്ല. ഒരൊറ്റ ഗര്‍ജനം മാത്രം മതിയായിരുന്നു. സൂക്തത്തിലെ ‘ഖാമിദൂന്‍’ എന്ന പ്രയോഗം വിളക്കുനാളം കെട്ടുപോകുന്ന അവസാനരംഗത്തെ സൂചിപ്പിക്കുന്നതാണ്. ആ നാട്ടുകാര്‍ തങ്ങളില്‍നിന്ന് ജീവന്റെ അവസാനതുടിപ്പുകള്‍ നിശ്ചലമാവുന്നതും നോക്കി മരണത്തിലേക്ക് കടന്നുപോവുന്ന ദാരുണചിത്രമാണ് നമ്മുടെ മുമ്പില്‍ തെളിയുന്നത്. ഈമാനിന്റെ വെളിച്ചം അവര്‍ക്ക് നല്‍കിയതായിരുന്നു. എന്നാല്‍ അവര്‍ ഇരുട്ടില്‍ നിലകൊള്ളാനാണ് ഇഷ്ടപ്പെട്ടത്. അതിനാല്‍ തീനാളം എരിഞ്ഞടങ്ങുംപോലെ മരണത്തിലേക്ക് കടന്നുകയറാനായിരുന്നു അവരുടെ വിധി.
ഖുര്‍ആന്‍ ഈ സംഭവചരിത്രം വിവരിക്കുന്നത് മക്കയിലെ ഖുറൈശികള്‍ക്ക് മുന്നറിയിപ്പ് നല്‍കികൊണ്ടാണ്. ഇനി വരാന്‍ പോകുന്ന തലമുറകള്‍ക്കും ആ ജനതയുടെ ദുര്‍ഗതി ഉണ്ടാവാതിരിക്കാന്‍ ജാഗ്രത്തായിരിക്കണം എന്ന് ഓര്‍മപ്പെടുത്തലുണ്ട്. ഇന്ന് നാമടക്കമുള്ള സമൂഹത്തിന് ഇത്തരത്തിലുള്ള ശിക്ഷ തടുക്കാന്‍ മാത്രം ഈമാനോ സ്വഭാവവിശുദ്ധിയോ ഉണ്ടോ എന്ന് ആലോചിച്ചുനോക്കുക.

يَا حَسْرَةً عَلَى الْعِبَادِ ۚ مَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا بِهِ يَسْتَهْزِئُونَ

30. ആ അടിമകളുടെ കാര്യമെത്ര ദയനീയം ! അവരിലേക്ക് ചെന്ന ഒരൊറ്റ ദൈവദൂതനെപ്പോലും അവര്‍ പുച്ഛിക്കാതിരുന്നിട്ടില്ല.

‘എത്രമാത്രം ദയനീയം!’ അല്ലാഹുവിന്റെ പ്രവാചകന്‍മാരെ തങ്ങള്‍ പരിഹസിക്കുകയും അവഗണിക്കുകയും എതിര്‍ക്കുകയും ചെയ്തത് തീര്‍ത്തും അബദ്ധമായല്ലോ എന്ന് ശിക്ഷയ്ക്ക് വിധേയരായ അന്നാട്ടുകാര്‍ ഖേദിക്കുകയാണ്. അബുല്‍ ആലിയ എന്ന പണ്ഡിതന്‍ പറയുന്നത് ഇവിടെ ‘ഇബാദ്’ എന്നതുകൊണ്ടുള്ള വിവക്ഷ പ്രവാചകന്‍മാരാണെന്നാണ്. അതായത്, അന്താക്കിയയിലെ ജനങ്ങളുടെ നേര്‍ക്ക് ശിക്ഷ ആപതിക്കുന്ന ഘട്ടത്തില്‍ ആ ദൈവദൂതന്‍മാര്‍ പറയാന്‍ തുടങ്ങി വിശ്വസിക്കാന്‍ കൂട്ടാക്കാതെ മരണത്തിന് കീഴടങ്ങിയ ആ ജനത്തെയോര്‍ത്ത് ഖേദിച്ചിട്ടെന്ത് കാര്യം. പക്ഷേ, ശിക്ഷ ആപതിക്കുന്ന ഘട്ടത്തില്‍ ആ ജനതയ്ക്ക് ഈമാന്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ട് കാര്യമൊന്നുമില്ലല്ലോ. മുഹമ്മദ് നബിയെ നിഷേധിക്കുന്ന ആളുകള്‍ ഖേദിക്കുന്ന സന്ദര്‍ഭത്തെ ഖുര്‍ആന്‍ മറ്റൊരിടത്ത് ഇങ്ങനെ വെളിപ്പെടുത്തുന്നുണ്ട്.
‘അവരുടെ മുഖങ്ങള്‍ നരകത്തീയില്‍ തിരിച്ചുമറിക്കപ്പെടും. അന്ന് അവര്‍ പറയും: ”ഞങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ.”(അല്‍ അഹ്‌സാബ് 66)
ഈ സൂക്തത്തിലെ ഇസ്തിസ്‌നാ(ഒഴിവാക്കല്‍) പ്രയോഗത്തെപ്പറ്റി പണ്ഡിതനായ ഇബ്‌നു ആശൂര്‍ സൂചിപ്പിക്കുന്നുണ്ട്. അതായത്, ഏതൊരു സമൂഹത്തിലും ദൈവദൂതന്‍മാര്‍ ചെന്നപ്പോഴെല്ലാം അവിടെയെല്ലാം അവര്‍ പരിഹസിക്കപ്പെടാതിരുന്നിട്ടില്ല. അക്കാര്യത്തില്‍ സ്ഥലകാലവംശഭാഷാദേശവ്യത്യാസമൊന്നുമില്ല. ഇന്ന് ഈ ആധുനികകാലഘട്ടത്തിലും ലോകമാധ്യമങ്ങളിലും സാംസ്‌കാരികവൃത്തങ്ങളിലും ആവിഷ്‌കാരങ്ങളിലും ഇസ്‌ലാമോഫോബിയയുടെയും ഇസ്‌ലാംനിന്ദയുടെയും പരിഹാസങ്ങളുടെയും അലയൊലികളായി ആ നിഷേധം ആര്‍ക്കും കാണാനാകും.
പട്ടണവാസികളായ ആ ജനതയുടെ വിധി വളരെ ദാരുണമായിരുന്നു. വാനലോകത്തുനിന്ന് പ്രത്യേകതരം ജീവികളെയോ അല്ലെങ്കില്‍ ദണ്ഡകരായ മലക്കുകളുടെ സൈന്യത്തെയോ അവരെ കൈകാര്യംചെയ്യാന്‍ അയക്കില്ലെന്ന് അറിയിച്ച അല്ലാഹു അവര്‍ക്കായി ഒരു ഹുങ്കാരശബ്ദമാണ് സംവിധാനിച്ചത്.

ഭാഷാമുത്തുകള്‍

സൂക്തത്തിലെ ‘ഹസ്‌റത്തന്‍’ എന്ന വാക്ക് ഒരാളുടെ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്ന കടുത്ത നിരാശയുടെയും ഖേദത്തിന്റെയും സമ്മിശ്രവികാരത്തെയാണ് കുറിക്കുന്നത്. ശിക്ഷ കണ്‍മുന്നില്‍ കാണുന്ന നിഷേധികളുടെ പ്രതികരണത്തെക്കുറിച്ച് ഖുര്‍ആനില്‍ ഇപ്രകാരം പലയിടങ്ങളിലും വിശദീകരണം കാണാം. യാതൊരു നേട്ടവും സമ്മാനിക്കാത്ത ഖേദത്തിന്റെ ചുഴിയില്‍ അകപ്പെട്ട ആളുകളുടെ മാനസികാവസ്ഥയാണ് ഈ സൂക്തത്തിലൂടെ കാണാനാവുന്നത്.

‘മാ യഅ്തീഹിം മിന്‍ റസൂലിന്‍ ‘ എന്നതിലെ ‘മിന്‍’ വളരെ വിശാലമായ ആശയമാണ് പകര്‍ന്നുനല്‍കുന്നത്. അതായത്, ഏതുതരത്തിലുള്ള ദൈവദൂതന്‍മാര്‍ വന്നാലും അവരെയെല്ലാം പരിഹസിക്കാനേ നിഷേധികളായ ജനത രംഗത്തുവരികയുള്ളൂ. ജനത തങ്ങളുടെ ധിക്കാരത്തില്‍ ഉറച്ചുനില്‍ക്കുന്നവരാണെന്ന് സൂചിപ്പിക്കാനാണ് ‘കാനൂ യസ്തഹ്‌സിഊന്‍’ എന്ന് വിശേഷിപ്പിച്ചത്. ഇത് മുഹമ്മദ് നബിയെ എതിര്‍ക്കുന്ന മക്കാ ഖുറൈശികള്‍ക്ക് നല്‍കുന്ന പരോക്ഷസന്ദേശമാണ്. അവര്‍ എതിര്‍ക്കുകയും പരിഹസിക്കുകയുംചെയ്യുന്ന ദൈവദൂതന്‍ ആണ് മുഹമ്മദ് നബി. മനുഷ്യവര്‍ഗത്തെ കുറിക്കാനാണ് ഇബാദ് (അടിമകള്‍) എന്ന വാക്ക് അല്ലാഹു ഉപയോഗിച്ചിട്ടുള്ളത്.
നിരാശകലര്‍ന്ന ഖേദം ദൈവദൂതന്‍മാരെ പരിഹസിച്ചതിന്റെ ഫലമാണെന്ന് അല്ലാഹു അവരെ ഉണര്‍ത്തുന്നതായി കാണാം. ദൈവദൂതന്‍മാരെ തള്ളിക്കളഞ്ഞതിന്റെ പരിണതിയാണ് അവരുടെ അവിശ്വാസവും തദ്ഫലമായുള്ള ഖേദവും.

വിവേകമുത്തുകള്‍
നിഷേധികളായ ആളുകള്‍ പരലോകത്ത് തങ്ങള്‍ക്കുള്ള നരകശിക്ഷയെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ അവരെക്കുറിച്ചോര്‍ത്ത് മറ്റുള്ളവര്‍ക്ക് വിഷമം തോന്നും. അല്ലാഹു പറയുന്നു: അവരെ നരകത്തിനു മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തുന്നത് നീ കണ്ടിരുന്നെങ്കില്‍ ! അപ്പോഴവര്‍ കേണുകൊണ്ടിരിക്കും: ”ഞങ്ങള്‍ ഭൂമിയിലേക്ക് തിരിച്ചയക്കപ്പെടുകയും അങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ നാഥന്റെ തെളിവുകളെ തള്ളിക്കളയാതെ സത്യവിശ്വാസികളായിത്തീരുകയും ചെയ്തിരുന്നെങ്കില്‍!”(അല്‍ അന്‍ആം 27)
വരാനിരിക്കുന്ന ഒരു യാഥാര്‍ഥ്യലോകത്തെ മുന്നില്‍വെച്ചുകൊണ്ട് നിഷേധികളുടെ അവസ്ഥയെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ ഇന്ന് അത്തരം ആളുകള്‍ നാശത്തിലേക്ക് കൂപ്പുകുത്തുംവിധം തിരിച്ചറിവില്ലാതെ ജീവിതം നയിക്കുന്നതെന്നോര്‍ത്ത് നമുക്ക് മനോവേദനയുണ്ടാകും. ആ മനോവേദനയില്‍നിന്നുണ്ടാവുന്ന സഹാനുഭൂതിയാണ് എത്രതന്നെ നന്‍മയിലേക്ക് ക്ഷണിച്ചിട്ടും പിന്തിരിഞ്ഞാലും അതെല്ലാം അവഗണിച്ച് വീണ്ടുംവീണ്ടും അവരെ ഗുണകാംക്ഷാപൂര്‍വം സമീപിക്കുന്നത്. ഈ അധ്യായത്തില്‍ വിവരിക്കുന്ന വിവേകിയായ ഹബീബിന്റെ കഥ എല്ലാ വിധ ആക്ഷേപങ്ങളും അവഗണനകളും തള്ളിക്കളഞ്ഞുകൊണ്ട് തികഞ്ഞ ഗുണകാംക്ഷപുലര്‍ത്തിയതിന്റെതാണ്. ജയിലറക്കകത്തും യൂസുഫ് നബി തന്റെ ഒപ്പുമുള്ളവരോട് പ്രബോധനംചെയ്യുന്നത് അതാണ് വെളിപ്പെടുത്തുന്നത്.

‘എന്റെ ജയില്‍ക്കൂട്ടുകാരേ, വ്യത്യസ്തരായ പല പല ദൈവങ്ങളാണോ ഉത്തമം ? അതോ സര്‍വാധിനാഥനും ഏകനുമായ അല്ലാഹുവോ?'(യൂസുഫ് 39).
നേര്‍ക്കുനേരെ ഒരാളെ സത്യം ബോധ്യപ്പെടുത്തുന്നതിനെക്കാള്‍ പതിന്‍മടങ്ങ് സ്വാധീനമുണ്ട് പരോക്ഷമായും വര്‍ധിതവീര്യമായും കാര്യങ്ങള്‍ ഉദാഹരണസഹിതം വിവരിക്കുന്നതില്‍. മുന്‍ഗാമികളായ ജനതയില്‍ ഉണ്ടായിരുന്ന ദൈവദൂതന്‍മാരെ പരിഹസിക്കലും നിഷേധവും എടുത്തുപറഞ്ഞുകൊണ്ട് ഖുറൈശികളോട് മുഹമ്മദ് നബി(സ) സംവദിക്കുന്നത് ശ്രദ്ധേയമാണ്. എന്നല്ല, ലോകജനതയ്‌ക്കൊന്നാകെ ഗുണപ്രദമാവുംവിധം ഖുറൈശികളോട് ആ കഥാകഥനം ആരംഭിക്കുന്നത് ഇങ്ങനെയാണ്: ഒരു ഉദാഹരണമെന്ന നിലയില്‍ ആ നാട്ടുകാരുടെ കഥ ഇവര്‍ക്ക് പറഞ്ഞുകൊടുക്കുക: ദൈവദൂതന്മാര്‍ അവിടെ ചെന്ന സന്ദര്‍ഭം!… പ്രബോധനത്തില്‍ മാത്രമല്ല, ജീവിതത്തിലെ ഏതുകാര്യങ്ങളിലും കുട്ടികളെ അച്ചടക്കബോധമുള്ളവരാക്കുന്നതിലുമടക്കം നമ്മുടെ ലക്ഷ്യം നേടിയെടുക്കാന്‍ സാധിക്കുംവിധം പരോക്ഷമാര്‍ഗം സ്വീകരിക്കുന്നത് നല്ലതാണ്.

Topics