പണ്ട് മുതലേ പാശ്ചാത്യര്‍ക്ക് കിഴക്കന്‍രാജ്യങ്ങളില്‍ വലിയ താല്പര്യമായിരുന്നു. ബി. സി. നാലാം നൂറ്റാണ്ടില്‍ അലക്സാണ്ടര്‍ തന്റെ കൂറ്റന്‍ സൈന്യവുമായി കടന്നുവന്നതോടെയാണ് കിഴക്കന്‍ നാടുകളില്‍ കൊളോണിയലിസം കാലുറപ്പിക്കുന്നത്. പത്ത് നൂറ്റാണ്ട് നീണ്ടുനിന്ന സാമ്പത്തികവും, രാഷ്ട്രീയവും, മതപരവും, സാംസ്കാരികവുമായ അടിച്ചമര്‍ത്തലിന്റെ ഔദ്യോഗിക ആരംഭമായിരുന്നു അത്.
ക്രിസ്ത്വാബ്ദം ഏഴാം നൂറ്റാണ്ടില്‍ ഇസ്ലാം രംഗത്തുവന്നതോടെ അതിന്റെ കീഴില്‍ നടന്ന സ്വാതന്ത്ര്യപോരാട്ടങ്ങള്‍ കിഴക്കന്‍ രാഷ്ട്രങ്ങളെയും അവിടത്തെ ജനതയുടെ മസ്തിഷ്കങ്ങളെയും മോചിപ്പിക്കുകയുണ്ടായി. ഇസ്ലാമിക നാഗരികതയോട് കിടമല്‍സരം നടത്താനുള്ള വ്യഗ്രതയായിരുന്നു പിന്നീടങ്ങോട്ട് പാശ്ചാത്യലോകത്ത് പ്രകടമായത്. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ ഭേദിച്ച ആഗോള സംഭാവനകള്‍ തന്നെ ഇസ്ലാം സമര്പിക്കുകയുണ്ടായി. പാശ്ചാത്യ ലോകത്തിന് അതുവരെ പരിചയമുണ്ടായിരുന്ന ചൈന-ജപ്പാന് നാഗരികതകളില്‍ നിന്ന് ഭിന്നമായ ഒരു മുഖമായിരുന്നു അത്. അവയെല്ലാം രാജ്യപരിധിക്ക് പുറത്ത് യാതൊരു സ്വാധീനവുമില്ലാത്ത കേവലം പ്രാദേശിക സ്വഭാവത്തിലുള്ള നാഗരികതകളായിരുന്നു. അന്ദലുസ്, സ്വഖ്ലിയ, അനാളൂല്, ബല്‍ഖാന്‍, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇസ്ലാം എത്തിയത് ഉദാഹരണം. ചരിത്രത്തിലെ ഒരു ഘട്ടത്തില്‍ താര്‍ത്താരികള്‍ മോസ്കോ ഭരിച്ചപ്പോഴാണ് റഷ്യയില്‍ ഇസ്ലാം എത്തിയത്.
ശിയാവിഭാഗമായ ബാത്വിനിയാക്കളുടെ ഭരണത്തിന് കീഴില്‍ കിഴക്കന്‍ നാടുകളിലെ മുസ്ലിംകളെ ബാധിച്ച ദൗര്‍ബല്യം പാശ്ചാത്യര്‍ ചൂഷണം ചെയ്തു. അതോടെ കിഴക്കിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് യൂറോപ്യന്‍ കച്ചവടക്കാരുടെ സാമ്പത്തിക പിന്തുണയോടെ കത്തോലിക്കന് ചര്‍ച്ച് സൈന്യത്തെ അയച്ചുകൊണ്ടേയിരുന്നു. രണ്ട് നൂറ്റാണ്ടോളം നീണ്ടുനിന്ന പ്രവണതയായിരുന്നു അത്. യൂറോപ്പിലെ എല്ലാ വിഭാഗം ജനതയും ഈ യുദ്ധത്തില്‍ പങ്കെടുത്തു. ചരിത്രം രേഖപ്പെടുത്തിയതില്‍വെച്ച് ഏറെക്കാലം നീണ്ടുനിന്ന ആദ്യ യുദ്ധമായി അത് മാറി. അതിനിടയില്‍ മുസ്ലിം കിഴക്കിനെ കീഴടക്കാന്‍ ബിംബാരാധകരായ താര്‍ത്താരികളുമായി സഖ്യത്തിലേര്പെടാനും പാശ്ചാത്യ കുരിശുസൈന്യം വിമുഖത കാണിച്ചില്ല. അപ്രകാരം ഹിജ്റ 656-ല്‍ ബഗ്ദാദും മറ്റ് മുസ്ലിം കിഴക്കന്നാടുകളും നിശേഷം തകര്‍ക്കപ്പെട്ടു. എന്നാല്‍ ഹിജ്റ 658-ല്‍ ഐന്ജാലൂത്തില് വിജയിച്ചതിനെ തുടര്‍ന്ന് ഈജിപ്തിന് മാത്രം മുസ്ലിം സ്വത്വം സംരക്ഷിക്കാനായി.
സുന്നീ ഇസ്ലാം ചിന്താധാരയിലെ പടയാളി നേതൃത്വങ്ങളിലൂടെ കിഴക്കന്‍ ഇസ്ലാമിക രാഷ്ട്രങ്ങള്‍ രണ്ടാം തവണയും കുരിശ് അധിനിവേശ ഭരണകൂടങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം വീണ്ടെടുക്കുകയുണ്ടായി. നൂറുദ്ധീന്‍ സങ്കി, സലാഹുദ്ധീന്‍ അയ്യൂബി, മംലൂകികള്‍ തുടങ്ങിയവര്‍ ഉദാഹരണം. മുസ്ലിം കിഴക്കിന് മുന്നില്‍ പാശ്ചാത്യര്‍ക്ക് സംഭവിച്ച സൈനിക പരാജയം അവരുടെ ആധുനിക നാഗരികതയുടെ തുടക്കത്തെയായിരുന്നു അടയാളപ്പെടുത്തിയത്. അന്ദലുസിലെയും, സ്വഖ്ലിയയിലെയും ഇസ്ലാമിക നാഗരികതകളോട് സഹവസിച്ചതിന്റെയും പോരടിച്ചതിന്റെയും സ്വാഭാവിക നേട്ടമായിരുന്നു അത്. ചര്‍ച്ചിന്റെ പ്രേതം പുറത്തേക്കെറിഞ്ഞ വ്യവസായ വല്‍ക്കരണത്തിന്റെയും, ഉദാരവല്‍ക്കരണത്തിന്റെയും വഴിയിലേക്കാണ് കിഴക്കന്‍ അറബ് നാടുകള്‍ തിരിഞ്ഞത്. അതേസമയം സൈനികമായി വിജയിച്ച മുസ്ലിം കിഴക്ക് സാംസ്കാരിക പിന്നാക്കാവസ്ഥയുടെ അന്ധകാരത്തിലേക്ക് മൂക്കുകുത്തി. മംലൂക്കി(അടിമ), ഉഥ്മാനി രാഷ്ട്രങ്ങള്‍ നൂറ്റാണ്ടുകള്‍ തുടര്‍ന്ന് വന്ന സൈനിക വിജയങ്ങളുടെ പ്രത്യാഘാതമായിരുന്നു അത്. ഗര്‍നാത്വ(സ്പെയിനിലെ ഗ്രാനഡ)യില്‍ പരാജയപ്പെടുകയും ആഫ്രിക്കയെ വലയം ചെയ്യുന്നതില്‍ വിജയിക്കുകയും ചെയ്തിനെ തുടര്‍ന്ന് പാശ്ചാത്യര്‍ കിഴക്കിനെതിരായ പോരാട്ടത്തിന്റെ മൂന്നാം ഘട്ടത്തില്‍ പ്രവേശിച്ചു. കച്ചവടം, സാമ്പത്തിക കൊള്ള, ക്രൈസ്തവവല്ക്കരണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പോര്‍ച്ചുഗീസുകാര്‍ കിഴക്കന്‍ മുസ്ലിം രാഷ്ട്രങ്ങളുടെ നാനാഭാഗത്തും എത്തിച്ചേരുകയുണ്ടായി.
ഇസ്ലാമിക ലോകത്തെ പുറത്ത് നിന്ന് വലയം ചെയ്തതിന് ശേഷം അതിന്റെ നാഗരികഹൃദയത്തിലേക്കായിരുന്നു ആക്രമണം നയിച്ചത്. ബോണപ്പാട്ട് തന്റെ ഫ്രഞ്ച് സൈന്യവുമായി ഈജിപ്തിനും ശാമിനും മേല്‍ ആക്രമണമഴിച്ചുവിട്ടു. അലക്സാണ്ടറിന്റെ സാമ്രാജ്യം തിരികെപിടിക്കുക എന്ന ലൂയി ഒമ്പതാമന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് വേണ്ടിയായിരുന്നു അത്.
പക്ഷേ, ഈജിപ്ഷ്യന്‍ ജനതക്ക് മുന്നില്‍ നാണം കെട്ട് തോറ്റോടേണ്ടി വന്നു അദ്ദേഹത്തിന്. രാഷ്ട്രത്തിന്റെ മോചനത്തിനായി ഏഴിലൊന്ന് വരുന്ന സൈന്യം ജീവന് ബലിനല്‍കിയ പോരാട്ടമായിരുന്നു അത്. യൂറോപ്പിനെ സ്തബ്ദനാക്കിയ ബോണപ്പാട്ടിന്റെ മുനയൊടിക്കാന്‍ ഈ യുദ്ധത്തിന് സാധിച്ചു.
ഫ്രഞ്ച് ആക്രമണത്തിന് മേല്‍ കൈവരിച്ച വിജയം ഈജിപ്തിന് കൂടുതല്‍ ഉണര്‍വേകി. അസ്ഹറിലെ മതപണ്ഡിതരുടെ നേതൃത്വത്തിലായിരുന്നു അത്. അവര്‍ അവിടത്തെ തുര്‍ക്കി ഗവര്‍ണറെ പുറത്താക്കി പകരം മുഹമ്മദ് അലി പാഷയെ തെരഞ്ഞെടുത്തു. ആധുനിക ഈജിപ്തിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. ഉഥ്മാനി രാഷ്ട്രത്തില്‍ നിന്ന് സ്വതന്ത്രഭരണമുള്ള രാഷ്ട്രമായി ഈജിപ്ത് മാറി. സുഡാന്, യമന്‍ തീരങ്ങള്‍, അറബ് കിഴക്കന്‍ രാഷ്ട്രങ്ങള്‍, ആഫ്രിക്ക തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന വിശാലമായ രാഷ്ട്രമായിരുന്നു അത്.
മുഹമ്മദ് അലിയുടെ പരിഷ്കരണ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ഒരു സംഘത്തെ നെട്രേജ് നിയോഗിക്കുകയുണ്ടായി. ഖുലഫാഉര്‍റാഷിദുകളുടെ ഭരണം പുനര്‍നിര്‍മിക്കാന്‍ പരിശ്രമിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് ആ സംഘം അദ്ദേഹത്തിന് റിപ്പോര്‍ട്ട് നല്കി. ഇത് കേട്ട യൂറോപ്പ് തങ്ങള്‍ക്കിടയിലെ എല്ലാ കൊളോണിയല്‍ വൈരുദ്ധ്യങ്ങളും മറന്ന് ലണ്ടന്‍ കരാറില്‍ ഒപ്പിട്ട് അധിനിവേശത്തിന്റെ പുതിയ അജണ്ട രൂപപ്പെടുത്തി. അക്കാലത്ത് ജപ്പാനെപ്പോലും അതിജയിച്ച ഈജിപ്തിന്റെ നവോത്ഥാന തേജസ്സിനെ നിര്ജീവമാക്കാനായിരുന്നു അത്. അതോടെ യൂറോപ്യന്‍ അധിനിവേശകര്‍ക്ക് ഉഥ്മാനി ഖിലാഫത്തിന് കീഴിലെ പ്രദേശങ്ങള്‍ ഓരോന്നായി റാഞ്ചിയെടുക്കാന്‍ അവസരമുണ്ടായി. അന്ന് മുതല്‍ പാശ്ചാത്യ അധിനിവേശത്തിന്റെ വിളയാട്ടമായിരുന്നു പൗരസ്ത്യ ദേശത്ത്. ഹിജാസും, യമിന്റെ വടക്ക് ഭാഗവും ഒഴികെയുള്ള എല്ലാ പ്രദേശങ്ങളും അവര്‍ അധിനിവേശം നടത്തുകയും 1924-ല്‍ ഉഥ്മാനി ഖിലാഫത്തിനെ തകര്‍ക്കുകയും ചെയ്തു.
ഈ അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യര്‍ അറബ് രാഷ്ട്രങ്ങളുടെ ഹൃദയത്തില്‍ സയണിസ്റ്റ് സൈനിക-നാഗരിക സ്തംഭങ്ങളെ പ്രതിഷ്ഠിച്ചു. അറബ്-ഇസ്ലാമിക നവോത്ഥാന പദ്ധതികളെ ഗര്‍ഭഛിദ്രം നടത്താനായിരുന്നു അത്. കൂടാതെ മുസ്ലിം മസ്തിഷ്കത്തെ പാശ്ചാത്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളില്‍ അവര്‍ പൂര്‍വോപരി ഉത്സാഹത്തോടെ വ്യാപൃതരായി. അതോടെ പാശ്ചാത്യര്‍ക്ക് വെല്ലുവിളിയുയര്‍ത്തിയ ശക്തനായ എതിരാളിയായ ഇസ്ലാമിക നാഗരികതയുടെ മുനയൊടിക്കാന്‍ പാശ്ചാത്യ ശക്തികള്‍ക്ക് സാധിച്ചു. ലോകത്തിന്റെ നേതൃത്വവും അധികാരവും പാശ്ചാത്യകരങ്ങളിലേക്ക് നീങ്ങി. ഉദാരവല്ക്കരണവും, സാമ്രാജ്യത്വവും ലോകത്ത് അഴിഞ്ഞാടി. നിയമപരമായ സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങള്‍ പോലും പാശ്ചാത്യന്‍ കുതന്ത്രത്തിന്റെ ഫലമായി അവരുടെ ഗോപ്യമായ വലക്കുള്ളിലായി.
പാശ്ചാത്യ ലോകം തങ്ങളുടെ മുഖ്യ ശത്രുവായി കാണുന്നത് ഇസ്ലാമിനെ മാത്രമാണ്. പാശ്ചാത്യരെ കവച്ചുവെക്കാവുന്ന നാഗരിക-സാംസ്കാരിക സ്വത്വത്തെ സമര്പിക്കാന് ലോകത്ത് ഇസ്ലാമിന് മാത്രമേ കഴിയൂ എന്ന അവരുടെ ദൃഢബോധ്യമാണ് അതിനുപിന്നില്‍.
മുഹമ്മദ് ഇമാറഃ