സ്ത്രീജാലകം

പോര്‍ക്കളത്തിലെ വീരാംഗന ഉമ്മുഉമാറ

ഉമ്മുഉമാറയുടെ ശരിയായ പേര് നസീബ ബിന്‍ത് കഅ്ബ് എന്നാണ്. ഉഹുദ്, ബനൂഖുറൈള, ഖൈബര്‍, ഹുനൈന്‍, യമാമഃ എന്നീ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മദീനാവാസികളില്‍ ആദ്യമായി ഇസ്‌ലാം ആശ്ലേഷിച്ചവരില്‍ ഒരാളാണ് ഉമ്മു ഉമാറ. നബി(സ)യുടെ മദീനയിലേക്കുള്ള പലായനത്തിന് ഒരു വര്‍ഷം മുമ്പ് നബി(സ) മദീനയില്‍നിന്ന് ഹജ്ജിനുവന്ന എഴുപത്തിയഞ്ച് പേരടങ്ങുന്ന മുസ്‌ലിംകളുമായി അതിരഹസ്യമായി മിനായില്‍വെച്ച് നടത്തിയ രണ്ടാം അഖബാ ഉടമ്പടിയില് പങ്കെടുത്ത രണ്ട് വനിതകളില്‍ ഒരാള്‍ ഉമ്മു ഉമാറയാണ്.
ഉഹുദ് യുദ്ധത്തിലെ അവരുടെ സേവനമാണ് ഏറെ പ്രകീര്‍ത്തിക്കപ്പെടുന്നത്. യുദ്ധത്തില്‍ ആഇശ(റ), ഉമ്മുസുലൈം(റ) തുടങ്ങിയ വനിതകളുടെ ഡ്യൂട്ടി സൈനികര്‍ക്ക് ദാഹജലവും ഭക്ഷണവും എത്തിച്ചുകൊടുക്കുക, മുറിവേറ്റവരെ ശുശ്രൂഷിക്കുക എന്നതായിരുന്നു.

ഉഹുദില്‍ യുദ്ധമാരംഭിച്ച് മണിക്കൂറുകള്‍ക്കകം ശത്രുസൈന്യം പരാജയപ്പെട്ട് പിന്‍വാങ്ങാന്‍ തുടങ്ങുന്നതുകണ്ട് തന്ത്രപ്രധാനമായ ഇടങ്ങളില്‍ നബി(സ) വിന്യസിച്ചിരുന്ന അമ്പെയ്ത്തുകാരും മറ്റും, നേരത്തേ കൊടുത്ത നിര്‍ദ്ദേശങ്ങള്‍ മാനിക്കാതെ ശത്രുക്കള്‍ ഉപേക്ഷിച്ചുപോയ സാധനസാമഗ്രികള്‍ ശേഖരിക്കാന്‍ താഴോട്ടിറങ്ങി. ഇതുതന്നെ അവസരമെന്ന് മനസ്സിലാക്കി ഖാലിദുബ്‌നു വലീദിന്റെ നേതൃത്വത്തിലുള്ള ഖുറൈശികളുടെ കുതിരപ്പട മുസ്‌ലിംകള്‍ക്കുനേരെ മിന്നലാക്രമണം നടത്തി. അതോടെ യുദ്ധത്തിന്റെ ഗതി മാറിമറഞ്ഞു. മുസ്‌ലിംസൈനികര്‍ നബി(സ)യെ പോലും ശ്രദ്ധിക്കാതെ ചിതറിയോടി. നബിതിരുമേനിയും ത്യാഗസന്നദ്ധരായ ചില സഖാക്കളും മാത്രം രണാങ്കണത്തില്‍ അവശേഷിച്ചു. അബൂ ത്വല്‍ഹ, മുസ്അബ് ബ്‌നുഉമൈര്‍, അബൂ ഖതാദ, ഉമ്മുഉമാറയുടെ ഭര്‍ത്താവ് ഗുസയ്യ, മകന്‍ അബ്ദുല്ല(റ) മുതലായ സ്വഹാബിമാര്‍ ശത്രുക്കളുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ സാഹസപ്പെട്ടു. ദാഹാര്‍ത്തര്‍ക്ക് വെള്ളം കൊടുത്തും പരിക്കേറ്റവരെ ശുശ്രൂഷിച്ചും ആയുധം നഷ്ടപ്പെട്ടവര്‍ക്ക് അമ്പും വാളും കുന്തവും നല്‍കിയും സേവനനിരതയായ ഉമ്മു ഉമാറ സന്ദര്‍ഭത്തിന്റെ സന്ദിഗ്ധാവസ്ഥ മനസ്സിലാക്കി തന്റെ കൈവശമുണ്ടായിരുന്ന തോല്‍പാത്രം നിലത്തിട്ട് നബി(സ)യെ രക്ഷിക്കാനായി മുന്നോട്ടുകുതിച്ചു. വാള്‍ പയറ്റിയും അമ്പെയ്തും അവര്‍ ശത്രുക്കളെ ചെറുത്തു. അതിനിടയില്‍ അവരുടെ ചുമലിലും മറ്റുമായി പതിമൂന്ന് ക്ഷതങ്ങളേറ്റു. ചുമലിലെ മുറിവ് ആഴമുള്ളതായിരുന്നു. തിരുനബിയെ ഉന്നംവെച്ച് ശത്രുക്കള്‍ തൊടുത്തുവിടുന്ന അമ്പുകള്‍ ഉമ്മു ഉമാറ ശരീരംകൊണ്ട് തടുത്തുകൊണ്ടിരുന്നു. ഈ രംഗം കണ്ടുനിന്നിരുന്ന നബി(സ) പറഞ്ഞത് ഇങ്ങനെയാണ്: ‘വലതുഭാഗത്തും ഇടതുഭാഗത്തും നോക്കുമ്പോഴൊക്കെ എന്നെ രക്ഷപ്പെടുത്താന്‍ ഉമ്മു ഉമാറ പൊരുതുന്നതാണ് ഞാന്‍ കണ്ടത്.’

ഉമ്മു ഉമാറ മുന്‍പരിചയമില്ലാതെ യുദ്ധം ചെയ്യുന്നത് കണ്ടപ്പോള്‍ പിന്തിരിഞ്ഞോടുന്ന ഒരാളോട് നബി തിരുമേനി വിളിച്ചുപറഞ്ഞു: ‘നിന്റെ പരിച പൊരുതുന്നവര്‍ക്ക് ഇട്ടുകൊടുക്കുക.’ അയാള്‍ എറിഞ്ഞുകൊടുത്ത പരിചയെടുത്ത് ആ മഹതി യുദ്ധം തുടര്‍ന്നു. ഒരു ഖുറൈശി കുതിരപ്പടയാളി ഉമ്മു ഉമാറയെ ആക്രമിച്ചു. അവന്റെ വെട്ട് പരിചകൊണ്ട് തടുത്തതിനാല്‍ അവര്‍ക്ക് ഒന്നും പറ്റിയില്ല. അവന്‍ തിരിച്ചുപോകുമ്പോള്‍ ഉമ്മു ഉമാറ പിന്തുടര്‍ന്ന് കുതിരയുടെ പിന്‍ഭാഗത്ത് ഒരു വെട്ടുകൊടുത്തു. കുതിരയും അവനും നിലംപതിച്ചു. തത്സമയം നബി തിരുമേനി അബ്ദുല്ലയെ വിളിച്ചു: ‘ഉമ്മു ഉമാറയുടെ മകനേ! ഉമ്മ…ഉമ്മ..’അബ്ദുല്ല ഓടിയെത്തി. ശത്രുവെ കൊല്ലാന്‍ മാതാവിനെ സഹായിച്ചു.

ചുമലില്‍ വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുവെങ്കിലും ശക്തി സംഭരിച്ച് ശത്രുവിനെതിരെ ഉമ്മു ഉമാറ പൊരുതിക്കൊണ്ടിരുന്നു. അവര്‍ വീഴുമെന്ന അവസ്ഥ വന്നപ്പോള്‍ മകന്‍ അബ്ദുല്ലയെ വിളിച്ച് നബി പറഞ്ഞു: ‘ഉമ്മയെ ശ്രദ്ധിക്കൂ. അവരുടെ മുറിവ് കെട്ടൂ. നിന്റെ ഉമ്മയുടെ സ്ഥാനം ഏറെ ശ്രേഷ്ഠമാണ്. നിങ്ങളുടെ കുടുംബത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ.’ നബിയുടെ അഭിനന്ദനവാക്കുകള്‍ കേട്ട് സന്തുഷ്ടയായിത്തീര്‍ന്ന ഉമ്മു ഉമാറ അപേക്ഷിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, സ്വര്‍ഗത്തില്‍ ഞങ്ങള്‍ അങ്ങയെ അനുഗമിക്കാന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചാലും.’ ‘ഇവരെ സ്വര്‍ഗത്തില്‍ എന്റെ സഹവാസികളാക്കേണമേ’ എന്ന് തത്സമയം തിരുമേനി പ്രാര്‍ഥിച്ചു. ‘ദുന്‍യാവില്‍ എനിക്ക് നേരിട്ട ദുരിതം ഇനി ഞാന്‍ സാരമാക്കുന്നില്ല.’ ഉമ്മു ഉമാറക്ക് ആശ്വാസമായി.

ഒരു വര്‍ഷം ചികിത്സയില്‍ കഴിയേണ്ടിവന്നു ഉമ്മു ഉമാറക്ക്. പിന്നീട് ചരിത്രപ്രധാനമായ നിരവധി സംഭവങ്ങളില്‍ ഉമ്മു ഉമാറ നബിയോടൊപ്പമുണ്ടായിരുന്നു. ഖന്‍ദഖ്, ഹുദൈബിയ്യ, ഉംറത്തുല്‍ ഖദാഅ്, മക്കാവിജയം, ഹുനൈന്‍, ഖൈബര്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം. ഹുനൈന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ മുസ്‌ലിം സൈന്യത്തിന് അപ്രതീക്ഷിത തിരിച്ചടിയേറ്റപ്പോള്‍ ഉമ്മു ഉമാറ തിരിഞ്ഞോടുന്നവരെ ഉച്ചത്തില്‍ വിളിച്ച് തിരിച്ചുകൊണ്ടുവരികയുണ്ടായി.

പ്രവാചകന്റെ വിയോഗശേഷം ഖലീഫ അബൂബക്ര്‍ സിദ്ദീഖി(റ)ന്റെ ഭരണകാലത്ത് കള്ളപ്രവാചകായ മുസൈലിമക്കെതിരെ നടന്ന യമാമ യുദ്ധാങ്കണത്തിലും ഉമ്മു ഉമാറ ഉണ്ടായിരുന്നു. മുസൈലിമക്ക് സുരക്ഷാ വലയമൊരുക്കിയ ശത്രുഭടന്‍മാരോട് നടത്തിയ പോരാട്ടത്തില്‍ അവര്‍ക്ക് പന്ത്രണ്ട് പരിക്കുകള്‍ പറ്റി വെട്ടേറ്റ് കൈ രണ്ടു കഷ്ണമായി. പിന്നീടൊരിക്കല്‍ കൈ നഷ്ടപ്പെട്ടതിനെ സംബന്ധിച്ച് സഅ്ദുബ്‌നു റബീഇന്റെ മകള്‍ ഉമ്മു സഅ്ദ് ചോദിച്ചപ്പോള്‍ ഉമ്മു ഉമാറ പറയുന്നു: ‘ഞാന്‍ അല്ലാഹുവിന്റെ ശത്രുവായ മുസൈലിമയെ തെരഞ്ഞുനടക്കുകയായിരുന്നു അപ്പോള്‍ ഒരു ശത്രുഭടന്‍ എന്നെ തടഞ്ഞ് കൈ വെട്ടിമുറിച്ചു. പക്ഷേ ഞാന്‍ പിന്തിരിഞ്ഞില്ല. മുസൈലിമയെ കണ്ടേ അടങ്ങൂ എന്ന് തീര്‍ച്ചയാക്കി. അങ്ങനെ ആ ദുഷ്ടന്‍ കൊല്ലപ്പെട്ടു കിടക്കുന്നത് ഞാന്‍ കണ്ടു.’
ഹൈദരലി ശാന്തപുരം

Topics