നബി(സ) നേതൃത്വം നല്‍കിയ രണ്ട് സുപ്രധാന യുദ്ധങ്ങളില്‍ പടപൊരുതിയിട്ടുണ്ട് ഉമ്മു സുലൈം എന്ന സ്വഹാബിവനിത. ഗുമൈസാ എന്നുപേരുള്ള ഉമ്മു സുലൈം ബിന്‍ത് മില്‍ഹാന്‍ മുസ്‌ലിം സൈന്യം പരാജയത്തിന്റെ കയ്പുനീര്‍ ആസ്വദിച്ച ഉഹുദ് യുദ്ധത്തിലും ഹുനൈന്‍ യുദ്ധത്തിലും മഹത്തായ സേവനങ്ങള്‍ അനുഷ്ഠിക്കുകയുണ്ടായി. മുസ്‌ലിംസൈന്യത്തിലെ ഒരു വിഭാഗത്തിന്റെ അച്ചടക്ക ലംഘനമാണ് ഉഹുദ് യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ മുസ്‌ലിംകളുടെ പരാജയത്തിന് കാരണമായതെങ്കില്‍ മുസ്‌ലിംകളില്‍ ചിലരുടെ അമിതമായ ആത്മവിശ്വാസമാണ് ഹുനൈന്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ മുസ്‌ലിംകള്‍ പിന്തിരിഞ്ഞോടാന്‍ ഹേതുവായത്.
ഉഹുദ് യുദ്ധത്തിന് മുന്നൊരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ തനിക്കും അതില്‍ ഭാഗഭാക്കാകാന്‍ ആഗ്രഹമുണ്ടെന്ന് അവര്‍ ഭര്‍ത്താവായ അബൂത്വല്‍ഹ(റ)യെ അറിയിച്ചു. അദ്ദേഹം നബിതിരുമേനി(സ)യില്‍നിന്ന് അനുവാദം വാങ്ങി. അനുവാദം കിട്ടിയപ്പോള്‍ അവര്‍ ജലസഞ്ചികളും ശുശ്രൂഷാ ഉപകരണങ്ങളുമെടുത്ത് ആഇശ(റ), ഉമ്മു ഉമാറ(റ) തുടങ്ങിയ കൂട്ടുകാരികളോടൊപ്പം മുസ്‌ലിംസൈന്യത്തെ അനുഗമിച്ചു.
യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തില്‍ മുസ്‌ലിംസൈന്യം ചിതറിയോടിയപ്പോള്‍ അവരെ പ്രതിരോധിക്കാന്‍ തിരുമേനിക്ക് ചുറ്റും സുരക്ഷാകവചം തീര്‍ത്തവരില്‍ ഉമ്മു സുലൈമിന്റെ ഭര്‍ത്താവ് അബൂത്വല്‍ഹയുമുണ്ടായിരുന്നു. ശത്രുക്കള്‍ക്ക് നേരെ വിരിമാറ് കാണിച്ചുകൊടുത്ത് പൊരുതിയ അദ്ദേഹത്തിന്റെ ശരീരത്തില്‍ അമ്പും കുന്തവുമേല്‍ക്കാത്ത ഒരു ചാണ്‍ സ്ഥലം പോലും ബാക്കിയുണ്ടായിരുന്നില്ല. ഇങ്ങനെ അബൂത്വല്‍ഹയും കൂട്ടുകാരും പ്രവാചകന് ചുറ്റും സുരക്ഷിത വലയം സൃഷ്ടിച്ചപ്പോള്‍ ഉമ്മുസുലൈം ഉള്‍പ്പെടുന്ന മുസ്‌ലിംസ്ത്രീകള്‍ പരിക്കേറ്റവരെ ശുശ്രൂഷിച്ചും ദാഹിക്കുന്നവര്‍ക്ക് വെള്ളമെത്തിച്ചും നിരായുധരായവര്‍ക്ക് ആയുധങ്ങള്‍ നല്‍കിയും രണഭൂമിയില്‍ സജീവമായിരുന്നു.
ഹിജ്‌റ ആറാം വര്‍ഷം ഹുദൈബിയയില്‍ വെച്ച് ഖുറൈശികള്‍ നബി(സ)യുമായി ചെയ്ത കരാര്‍ ലംഘിച്ചത് കാരണം അവരുടെ നേരെ സൈനിക നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്. അബൂത്വല്‍ഹ വീട്ടില്‍ ചെന്ന് ഭാര്യയോട് വിവരം പറഞ്ഞു. അദ്ദേഹവും നബിയോടാപ്പം യുദ്ധത്തിന് പുറപ്പെടുന്നുണ്ട്. അപ്പോഴാണ് ഉമ്മുസുലൈം തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്; തന്നെയും ആ യുദ്ധത്തില്‍ ഒപ്പം കൂട്ടണമെന്ന്. അബൂത്വല്‍ഹ ധര്‍മസങ്കടത്തിലായി. ഉമ്മുസുലൈം അപ്പോള്‍ പൂര്‍ണഗര്‍ഭിണിയാണ്. ക്ലേശപൂര്‍ണമായ ദീര്‍ഘയാത്ര. അസഹ്യമായ ചൂട്. പോകുന്നതോ യുദ്ധത്തിനും. ഭാര്യയെ പ്രയാസങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ അദ്ദേഹം പ്രവാചകസന്നിധിയില്‍ചെന്ന് ഉമ്മുസുലൈമിന് വേണ്ടി സമ്മതം വാങ്ങി.
നബി(സ)യുടെ നേതൃത്വത്തില്‍ പതിനായിരം പേരടങ്ങുന്ന മുസ്‌ലിംസൈന്യം മക്കയെ ലക്ഷ്യമിട്ടാണ് പുറപ്പെടുന്നത്. അതിന് മുമ്പ് മുസ്‌ലിംകളെ നിരന്തരം ഭീഷണിപ്പെടുത്തുന്ന ത്വാഇഫിലെ ഹവാസിന്‍, സഖീഫ് ഗോത്രങ്ങളെ അമര്‍ച്ച ചെയ്യേണ്ടതുണ്ടായിരുന്നു. സൈന്യം ഹുനൈന്‍ താഴ് വരയിലെത്തിയപ്പോള്‍ ശത്രുക്കള്‍ പതിയിരുന്ന് അവര്‍ക്കെതിരെ മിന്നലാക്രമണം നടത്തി. അപ്രതീക്ഷിത ആക്രമണത്തില്‍ വിഭ്രാന്തിപൂണ്ട് മുസ്‌ലിംസൈന്യം ചിതറിയോടി. നബി(സ) വിളിച്ചുപറയുന്നുണ്ടായിരുന്നു. ‘ജനങ്ങളേ, എന്റെ അരികിലേക്ക് വരിക. ഞാന്‍ പ്രവാചകനാണ് അത് കളവല്ല. ഞാന്‍ അബ്ദുല്‍ മുത്വലിബിന്റെ മകനാണ്. ‘ പ്രവാചകന്റെ വിളികേട്ട് പലരും തിരിച്ചുവന്നു. ഗര്‍ഭിണികള്‍ പ്രസവിച്ചുപോകുന്ന ആ ദുര്‍ഘടഘട്ടത്തില്‍ പോലും ആത്മധൈര്യം കൈവിടാതെ ഉമ്മുസുലൈം യുദ്ധഭൂമിയില്‍ ഉറച്ചുനിന്നു. മറ്റു ഒട്ടകങ്ങള്‍ പിന്തിരിഞ്ഞോടിയപ്പോള്‍ അവര്‍ തന്റെ ഒട്ടകത്തെ ബലമായി പിടിച്ചുനിര്‍ത്തി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷ്യത്തിനുള്ള സമയമായെന്ന് അവര്‍ക്ക് തോന്നി. നിര്‍ണായകഘട്ടത്തില്‍ തിരുനബിയെ ഉപേക്ഷിച്ച് ഓടിപ്പോയവരോട് അവര്‍ക്ക് കടുത്ത അമര്‍ഷമുണ്ടായി. തിരിഞ്ഞുനോക്കിയപ്പോള്‍ പ്രവാചകന്‍ കാണുന്നത്, എന്തുസാഹസത്തിനും തയ്യാറാണെന്ന മട്ടില്‍ അരയുംതലയും മുറുക്കി തയ്യാറായി നില്‍ക്കുന്ന പൂര്‍ണഗര്‍ഭിണിയായ ഉമ്മുസുലൈമിനെയാണ്. ഒപ്പം ഭര്‍ത്താവുമുണ്ട്. ‘ഉമ്മുസുലൈമോ’ തിരുമേനി ആശ്ചര്യപൂര്‍വം ചോദിച്ചു. അതേ, അല്ലാഹുവിന്റെ റസൂലേ,’ ഉമ്മുസുലൈം മറുപടി പറഞ്ഞു.അവര്‍ തുടര്‍ന്നു: ‘എതിരാളികളെ വധിക്കുന്നതുപോലെ അങ്ങയെ വിട്ട് ഓടിപ്പോയവരെയും അങ്ങ് വധിക്കണം. അവരത് അര്‍ഹിക്കുന്നവരാണ്.’ അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് തിരുമേനി പറഞ്ഞു: ‘നമുക്ക് അല്ലാഹു പോരേ, ഉമ്മുസുലൈം?’.
ഭാര്യയുടെ അരയില്‍ ഒരു കഠാരി തിളങ്ങുന്നതു കണ്ടപ്പോള്‍ അബൂത്വല്‍ഹ തിരുമേനി കേള്‍ക്കെ ചോദിച്ചു: ‘ഉമ്മു സുലൈം , ആ കഠാരി എന്തിനാണ്? ‘ശത്രു എന്റെ അടുത്ത് വന്നാല്‍ അവന്റെ വയര്‍ കുത്തിക്കീറാനുള്ള കഠാരയാണ്’ ഉമ്മുസുലൈം പറഞ്ഞു.
ഹൈദരലി ശാന്തപുരം
Add Comment