ഉമവികള്‍

ഉമവീ ഭരണകൂടം

അലിയുടെ പുത്രന്‍ ഹസന്‍ ഖിലാഫത്തൊഴിഞ്ഞതിനെത്തുടര്‍ന്ന് ഇസ്‌ലാമികലോകത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത മുആവിയ ഇബ്‌നു അബീ സുഫ് യാന്‍ സ്ഥാപിച്ച ഭരണകൂടമാണ് ഉമവീ ഭരണകൂടം എന്നറിയപ്പെടുന്നത്. ദമസ്‌കസ് ആയിരുന്നു ഇവരുടെ തലസ്ഥാനം. ഹിജ്‌റ 41 മുതല്‍ 132 വരെ ഭരണം നിലനിന്നു. 14 കൊല്ലം മുആവിയ കുടുംബവും 78 കൊല്ലം മര്‍വാന്‍ കുടുംബവും ഭരിച്ചു. അബ്ബാസികള്‍ പിന്നീട് ഇവരെ പുറത്താക്കി. ഇസ്‌ലാമികചരിത്രത്തില്‍ രാജവംശത്തിനും വംശമേധാവിത്തത്തിനും തുടക്കം കുറിച്ചത് ഉമവികളാണ്.

മുആവിയയുടെ പിതാവായ അബൂസുഫ്‌യാന്റെ കുടുംബമാണ് ബനൂ ഉമയ്യ എന്നറിയപ്പെടുന്നത്. മക്കാവിജയത്തെ തുടര്‍ന്ന് ഇവര്‍ ഇസ്‌ലാംസ്വീകരിച്ചു. ഖലീഫയാകുന്നതിന് മുമ്പ് സിറിയയിലെ ഗവര്‍ണറായിരുന്നു മുആവിയ. അവിടത്തെ ജനങ്ങളുടെ പിന്തുണയോടെയാണ് അദ്ദേഹം അലിക്കെതിരെ കലാപം നടത്തിയത്. ഉമവീ ഭരണകൂടത്തില്‍ മുആവിയ, യസീദ്, മര്‍വാന്‍, അബ്ദുല്‍ മലിക്, വലീദ് ഒന്നാമന്‍, സുലൈമാന്‍ ഉമര്‍ ഇബ്‌നു അബ്ദില്‍ അസീസ്, യസീദ്, ഹിശാം, വലീദ് രണ്ടാമന്‍, ഇബ്‌റാഹീം, മര്‍വാന്‍ തുടങ്ങിയവരാണ് അധികാരം കയ്യാളിയിരുന്നത്. മധ്യേഷ്യാ വിജയം(ഹി. 86-95), സ്‌പെയിന്‍ വിജയം(92-95) കര്‍ബല(61) കോണ്‍സ്റ്റാന്റിനോപ്പിള്‍ യുദ്ധം (84) സിന്ധ് വിജയം (92-95) ഖൈറവാന്‍ നഗരസ്ഥാപനം(50) റാവര്‍യുദ്ധം (92) ലക്കയുദ്ധം (92)എന്നിവയാണ് ഉമവീ ഭരണകാലത്തെ സുപ്രധാനസംഭവങ്ങള്‍.

ഉമവീകാലഘട്ടത്തില്‍ മുസ്‌ലിംരാഷ്ട്രവികസനത്തില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് വലീദ്ബ്‌നുഅബ്ദില്‍ മലികിന്റെ കാലമാണ്. അറബിവ്യാകരണം, ധര്‍മശാസ്ത്രം, ചരിത്രരചന, അറബി ശില്‍പകല എന്നിവ നിലവില്‍ വന്നത് ഈ ഘട്ടത്തിലാണ്. ബഹാറ മുതല്‍ ലിസ്ബണ്‍ വരെ വ്യാപിച്ചുകിടന്ന ഉമവിസാമ്രാജ്യത്തില്‍ അറബിഭാഷയ്ക്ക് ഔദ്യോഗികപദവി ലഭിക്കുകയുണ്ടായി.
ഉമവീഭരണകാലത്ത് ജനതയില്‍ അറബികള്‍ക്കുപുറമെ മവാലികള്‍(അറബികള്‍ക്ക് തദ്ദേശീയജനതയുമായുള്ള വിവാഹത്തിലുണ്ടായ സങ്കരവര്‍ഗം), ദിമ്മികള്‍(സംരക്ഷിതന്യൂനപക്ഷം) , അടിമകള്‍ എന്നിങ്ങനെ വിവിധവിഭാഗങ്ങള്‍ ഉണ്ടായിരുന്നു. അടിമകള്‍ക്ക് കാര്യമായ പരിഗണനയും സ്ഥാനമാനങ്ങളും ലഭിച്ചു. വിവിധവിഭാഗക്കാരായ മുസ്‌ലിങ്ങള്‍ പരസ്പരം ഉച്ചനീചത്വങ്ങളോ അസമത്വങ്ങളോ കല്‍പിക്കാതെ ഒന്നിച്ചുനിന്ന് പ്രാര്‍ഥിക്കുകയും ശത്രുക്കളോട് യുദ്ധംചെയ്യുകയുംചെയ്തു. ഇറാഖില്‍ കൂഫ, ബസ്വറ എന്നീ പട്ടാളസങ്കേതങ്ങള്‍ ക്രമേണ സാംസ്‌കാരികകേന്ദ്രങ്ങളായി വളര്‍ന്നുവന്നു. തത്ത്വചിന്തകന്‍മാര്‍, രാഷ്ട്രമീമാംസകര്‍, വൈയാകരണന്‍മാര്‍ മുതലായവര്‍ നഗരങ്ങളെ വിജ്ഞാനതേജോമയമാക്കി. ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍, ഹദീസുകളുടെ പരിശോധന എന്നിവ സംബന്ധിച്ച നിബന്ധനകള്‍, മുസ്‌ലിംനിയമത്തിന്റെ മൗലികതത്ത്വങ്ങള്‍ എന്നിവ ആവിഷ്‌കരിക്കപ്പെട്ടു. സ്വൂഫിസത്തിന്റെ ഉപജ്ഞാതാവും കൂഫയിലെ ബസ്വറക്കാരുമായ ഹസനുല്‍ ബസ്വരിയും യുക്തിവാദ(മുഅ്തസില)പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ വാസില്‍ ഇബ്‌നുഅതായും അക്കാലത്തെ പ്രശസ്തപണ്ഡിതരായിരുന്നു.ഖലീഫാസ്ഥാനത്തിന് തങ്ങള്‍ക്കുള്ള അര്‍ഹതയെ ന്യായീകരിക്കാന്‍ ഉപയോഗിച്ച ‘മുന്‍വിധിവാദം’ മുസ്‌ലിംലോകത്ത് കടന്നുവന്നതും പ്രചാരംനേടിയതും അക്കാലത്താണ്.

About the author

padasalaadmin

Add Comment

Click here to post a comment

Topics