ബലി

ബലിമാംസം ഭക്ഷണമാകുന്നത്

ഹജ്ജിനെക്കുറിച്ചും ബലിയെക്കുറിച്ചും പ്രതിപാദിക്കുന്ന അധ്യായമാണ് അല്‍ഹജ്ജ്. ബലിയെക്കുറിച്ച് പറയുകമാത്രമല്ല, അതിന്റെ മാംസം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമാക്കുകയുംചെയ്തു. ‘അതില്‍നിന്ന് നിങ്ങള്‍ സ്വയം ഭക്ഷിച്ചുകൊള്ളുക. ഞെരുക്കമുള്ള ആവശ്യക്കാരെ ഊട്ടുകയും ചെയ്യുക'(അല്‍ഹജ്ജ് 28). എന്നാല്‍ ഈ സൂക്തത്തിന്റെ വിശദാംശത്തെക്കുറിച്ച് പല രീതിയില്‍ മനസ്സിലാക്കിയവരാണ് അധികപേരും. ഉണ്ണലും ഊട്ടലും രണ്ടും നിര്‍ബന്ധമാണെന്ന് ചിലര്‍ ധരിച്ചിരിക്കുന്നു. കാരണം, ആജ്ഞാവചനത്തിലാണ് ഇവിടെ വിധി നല്‍കിയിരിക്കുന്നത്. ഉണ്ണല്‍ അഭികാമ്യവും (മുസ്തഹബ്ബ്) ഊട്ടല്‍ നിര്‍ബന്ധവു(വാജിബ്)മാണെന്ന് അഭിപ്രായപ്പെടുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഇമാം ശാഫിഈയും ഇമാം മാലിക്കും ഈ പക്ഷക്കാരാണ്. ഉണ്ണലും ഊട്ടലും രണ്ടും അഭികാമ്യമാണ് എന്നത്രെ മൂന്നാമതൊരു വിഭാഗം പറയുന്നത്. ജാഹിലിയ്യാ കാലത്ത് സ്വന്തം ബലിമൃഗത്തിന്റെ മാംസം തിന്നുന്നത് വിലക്കപ്പെട്ടതാണെന്ന് ആളുകള്‍ കരുതിയിരുന്നു. അതുകൊണ്ടാണ് തിന്നുന്നത് അഭികാമ്യമായത്. പാവങ്ങള്‍ക്കുള്ള സഹായവും ദാനവും എന്ന നിലക്കാണ് തീറ്റുന്നത് അഭികാമ്യമാകുന്നത്. ഇമാം അബൂഹനീഫയുടെ അഭിപ്രായമാണിത്. ഹസന്‍ ബസ്വരി ,അത്വാഅ്, മുജാഹിദ് , ഇബ്‌റാഹീമുന്നഖഈ തുടങ്ങിയവരില്‍നിന്ന് ഇബ്‌നു ജരീര്‍ ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു. ‘നിങ്ങള്‍ അതില്‍നിന്ന് തിന്നുക'(ഫകുലൂ മിന്‍ഹാ..) എന്ന ആജ്ഞാവചനം ഉപയോഗിച്ചതുകൊണ്ട് സ്വയം തിന്നല്‍ നിര്‍ബന്ധമാണെന്ന് സ്ഥിരപ്പെടുന്നില്ല. ‘നിങ്ങള്‍ ഇഹ്‌റാമില്‍നിന്ന് മോചിതരായിക്കഴിഞ്ഞാല്‍ വേട്ടയാടിക്കൊള്ളുക'(വ ഇദാ ഹലല്‍തും ഫസ്ത്വാദൂ), ‘നിങ്ങള്‍ നമസ്‌കാരം നിര്‍വഹിച്ചുകഴിഞ്ഞാല്‍ ഭൂമിയില്‍ വ്യാപിച്ചുകൊള്ളുക’ എന്നുള്ള ആജ്ഞകള്‍ പോലെത്തന്നെയാണ് ഇതും. ഇഹ്‌റാമില്‍നിന്നൊഴിവായാലുടനെ വേട്ടക്കുപോകലും ജുമുഅ നമസ്‌കാരത്തിനുശേഷം ഭൂമിയില്‍ വ്യാപിക്കലും നിര്‍ബന്ധമാണെന്നല്ല ഇവിടെ വിവക്ഷ; മറിച്ച്, അനന്തരം അതൊക്കെ ചെയ്യുന്നതില്‍ വിരോധമില്ല എന്നാണ്. ഇതേപോലെ ബലിമാംസം ഭക്ഷിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നുവെന്ന് തെറ്റുധരിച്ചവരെ തിരുത്തുകയാണിവിടെ. അതു തിന്നുകൊള്ളുക; അതില്‍ വിരോധമൊന്നുമില്ല എന്ന് സാരം. ‘ഞെരുക്കമുള്ള ആവശ്യക്കാരെ ഊട്ടുക’എന്ന് പറഞ്ഞതിന് ധനികരെ അത് ഊട്ടാന്‍ പാടില്ല എന്ന് ഉദ്ദേശ്യമില്ല. സ്‌നേഹിതന്‍മാരെയും ബന്ധുമിത്രാദികളെയും അയല്‍ക്കാരെയും -അവര്‍ നിര്‍ധനരല്ലെങ്കിലും- ബലിമാംസം ഊട്ടാവുന്നതാകുന്നു. ഇക്കാര്യം സ്വഹാബത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. അല്‍ഖമ പ്രസ്താവിക്കുന്നു: ‘അബ്ദുല്ലാഹിബ്‌നു മസ്ഊദ് അദ്ദേഹത്തിന്റെ ബലിമൃഗത്തെ എന്നെ ഏല്‍പിക്കുകയും ബലിദിവസം അതിനെ അറുത്ത് സ്വയം ഭക്ഷിക്കാനും ദരിദ്രര്‍ക്ക് നല്‍കാനും എന്റെ സഹോദരന്റെ വീട്ടിലേക്ക് കൊടുത്തയക്കാനും നിര്‍ദേശിക്കുകയും ചെയ്തു. ഇബ്‌നു ഉമറില്‍നിന്ന് ഇപ്രകാരവും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: ‘ഒരോഹരി സ്വയം ഭക്ഷിക്കുക. ഒരോഹരി അയല്‍ക്കാര്‍ക്ക് നല്‍കുക. ഒരോഹരി ദരിദ്രര്‍ക്കും വിതരണം ചെയ്യുക’.

About the author

padasalaadmin

Topics

Featured