Global

പട്ടാള അട്ടിമറി: യുഎസിന് പങ്കുണ്ടെന്ന് തുര്‍ക്കികള്‍

അങ്കാറ: സാമ്പത്തികരംഗത്ത് വളര്‍ച്ചയിലേക്ക് കുതിക്കുന്ന ഏക യൂറോപ്യന്‍ രാജ്യമായ തുര്‍ക്കിയില്‍ ജൂലായ് 15 ന് നടന്ന പട്ടാളഅട്ടിമറിശ്രമത്തില്‍ അമേരിക്കക്ക് പങ്കുണ്ടെന്ന് ബഹുഭൂരിപക്ഷം തുര്‍ക്കികളും കരുതുന്നതായി മുന്‍ യൂറോപ്യന്‍യൂണിയന്‍ മിനിസ്റ്ററും യൂണിവേഴ്‌സിറ്റി ലക്ചറുമായ ബെറില്‍ ദിദിയോഗ്‌ലു. നാളിതുവരെയുള്ള തുര്‍ക്കിയിലെ പട്ടാളഅട്ടിമറികള്‍ക്കു യുഎസ് എന്നും പിന്തുണകൊടുത്തിരുന്നുവെന്ന ചരിത്രം അനുസ്മരിച്ചാണ് അവര്‍ അങ്ങനെ അഭിപ്രായപ്പെട്ടത്.

‘പട്ടാള അട്ടിമറിശ്രമത്തിനുപിന്നില്‍ ഏതെങ്കിലും വിദേശകരങ്ങളുണ്ടായിട്ടുണ്ടെന്നതില്‍ രണ്ടുപക്ഷമില്ല. യുഎസിലുള്ള ഒരു വ്യക്തിയുടെ പങ്കിന് വ്യക്തമായ തെളിവുണ്ടെങ്കില്‍ ആ രാജ്യത്തിന്റെ പിന്തുണയുടെ കാര്യത്തിലും ഒട്ടും സംശയം വേണ്ട. ഈ ശ്രമത്തില്‍ യുഎസ് പങ്കുണ്ടെന്നാണ് റഷ്യന്‍ പ്രസിഡണ്ട് വ്‌ലാദിമീര്‍ പുട്ടിനും സൂചിപ്പിച്ചത്. അതുകൊണ്ടുതന്നെ തുര്‍ക്കികളിലധികവും ജൂലൈ 15 ലെ നീക്കത്തില്‍ അമേരിക്കക്കും പങ്കുണ്ടെന്ന് വിശ്വസിക്കുന്നു.’ അവര്‍ വ്യക്തമാക്കി.
സിറിയയിലെ ആഭ്യന്തരസംഘര്‍ഷത്തില്‍ കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അമേരിക്ക നല്‍കുന്ന പിന്തുണ തുര്‍ക്കികളുടെ സംശയത്തെ ഊട്ടിയുറപ്പിക്കുന്നതാണെന്ന് വെളിപ്പെടുത്തിയ അവര്‍ അട്ടിമറി ശ്രമം നടത്തിയവര്‍ സ്വന്തം ജനതയെ കൊലപ്പെടുത്താന്‍ മടികാണിച്ചില്ലെന്നത് അവര്‍ക്കുപിന്നിലെ വിദേശകരങ്ങളുടെ സ്വാധീനത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് ആരോപിച്ചു.
ഏറ്റവും ഒടുവില്‍ നടന്ന പട്ടാളഅട്ടിമറിശ്രമത്തില്‍ 246 പേര്‍ കൊല്ലപ്പെടുകയും 2100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Topics