ഇനങ്ങള്‍

കച്ചവടത്തിനുള്ള സകാത്ത്

കച്ചവടത്തിന് സകാത്ത് നിര്‍ബന്ധമാണെന്നതിന് എന്താണ് തെളിവ്? അല്‍ബഖറ 267- ാം സൂക്തം അതിന് തെളിവാണെന്ന് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്.’വിശ്വസിച്ചവരേ, നിങ്ങള്‍ സമ്പാദിച്ച ഉത്തമ വസ്തുക്കളില്‍നിന്നും നിങ്ങള്‍ക്കു നാം ഭൂമിയില്‍ ഉത്പാദിപ്പിച്ചുതന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക ‘(അല്‍ബഖറ 267).

‘നിങ്ങള്‍ സമ്പാദിച്ച ഉത്തമവസ്തുക്കള്‍’ എന്നതിന്റെ വിശദീകരണം ഇമാം ത്വബ്‌രി നല്‍കിയതിങ്ങനെ: കച്ചവടമോ വ്യവസായമോ വഴി നല്ല ഇടപാടുകളിലൂടെ നിങ്ങള്‍ സമ്പാദിച്ച സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് കൊടുക്കുക എന്നാണ് അല്ലാഹു ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
‘മനുഷ്യന്റെ എല്ലാ ധനത്തിനും സകാത്ത് നിര്‍ബന്ധമാണെന്ന് പ്രത്യക്ഷത്തില്‍ ഖുര്‍ആന്‍ സൂക്തം സൂചിപ്പിക്കുന്നു. കച്ചവടത്തിന്റെ സകാത്ത് , സ്വര്‍ണത്തിന്റെയും വെള്ളിയുടെയും സകാത്ത്, കാലികളുടെ സകാത്ത് എന്നിവയെല്ലാമതിലുള്‍പ്പെട്ടു. കാരണം, അതൊക്കെത്തന്നെ സമ്പാദ്യങ്ങള്‍ എന്ന വിശേഷണത്തില്‍ പെടുന്നു’ ഇമാം റാസി (തഫ്‌സീറുല്‍ കബീര്‍ വാ. 1 പേ. 65)പറയുന്നു.
കച്ചവടത്തെ നേര്‍ക്കുനേരെ എടുത്തുപറഞ്ഞുകൊണ്ടുള്ള ഹദീസുകളൊന്നും സ്വഹീഹായി വന്നിട്ടില്ല. ഉമര്‍, ഇബ്‌നു ഉമര്‍ , ഇബ്‌നു അബ്ബാസ് തുടങ്ങി സ്വഹാബികളില്‍നിന്ന് കച്ചവടത്തിന് സകാത്ത് ഉണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
വര്‍ധനയില്ലാതെ നിക്ഷേപമാക്കിവെച്ചിട്ടുള്ള എല്ലാ തരം സമ്പാദ്യങ്ങള്‍ക്കും സകാത്ത് നിര്‍ബന്ധമാണെങ്കില്‍ വര്‍ധിക്കുന്ന ധനമായ കച്ചവടത്തിന് മാത്രം സകാത്തില്ലെന്ന് പറയുന്നതില്‍ യാതൊരു യുക്തിയുമില്ല. ളാഹിരി വാദക്കാരായ ഒരു കൂട്ടര്‍ കച്ചവടത്തിന് സകാത്തില്ലെന്ന് പറയാറുണ്ട്. അതിന് അവര്‍ പറയുന്ന ന്യായം മുസ്‌ലിമിന്റെ ധനം ആദരണീയമാണെന്നാണ്. അതുപോലെത്തന്നെ അവന്‍ ബാധ്യതകളില്‍നിന്ന് മുക്തനുമാണ്. ഖുര്‍ആനിലൂടെയോ സുന്നത്തിലൂടെയോ അല്ലാഹു നിര്‍ബന്ധമാക്കാത്ത ഒന്നും ജനങ്ങളുടെ ധനത്തില്‍ അടിച്ചേല്‍പിക്കരുതെന്ന് അവര്‍ വാദിച്ചു. അവര്‍ മേല്‍പറഞ്ഞ അടിസ്ഥാനങ്ങള്‍ ശരിയാണെങ്കിലും കച്ചവടത്തിന് സകാത്ത് കൊടുക്കേണ്ടതില്ലെന്ന് തെളിഞ്ഞാലേ അപ്പറഞ്ഞവയ്ക്ക് പ്രസക്തിയുള്ളൂ.
കച്ചവടത്തിന് സകാത്തില്ലെന്നതിന് ഉന്നയിക്കുന്ന മറ്റൊരു വാദമിതാണ്: സാധാരണയായി ഏത് ധനത്തിലാണോ സകാത്ത് ചുമത്തുന്നത് അതില്‍നിന്നുതന്നെയാണ് ഇസ്‌ലാം മറ്റെല്ലാ സമ്പത്തുകള്‍ക്കും സകാത്ത് വസൂല്‍ ചെയ്യുന്നത്. എന്നാല്‍ കച്ചവടത്തില്‍ ചരക്കുകള്‍ക്ക് വില കണക്കാക്കിക്കൊണ്ടാണ് സകാത്ത് ചുമത്തുന്നത്. ഇത് കച്ചവടത്തിന് സകാത്തില്ലെന്നതിന്റെ തെളിവാണ്. ഇതിന് ഇമാം അബൂ ഉബൈദ് നല്‍കിയ മറുപടി നോക്കുക: നമ്മുടെ വീക്ഷണത്തില്‍ തെറ്റായ വ്യാഖ്യാനമാണിത്. കാരണം, ഒരു ധനത്തില്‍ സാമ്പത്തികബാധ്യത ചുമത്തുകയും പിന്നീട് നല്‍കാന്‍ എളുപ്പം മറ്റൊന്നാണെന്ന് ബോധ്യമാവുമ്പോള്‍ അത് മാറ്റുകയും ചെയ്യുന്ന അനേകം ഉദാഹരണങ്ങളുണ്ട്. ജിസ്‌യ സംബന്ധിച്ച് തിരുമേനി യമനിലെ മുആദിന് കത്തെഴുതി:’പ്രായപൂര്‍ത്തിയായ ഓരോ വ്യക്തിയില്‍നിന്നും ഒരു ദീനാര്‍ അല്ലെങ്കില്‍ അതിന് തുല്യമായ വസ്ത്രങ്ങള്‍ വാങ്ങുക.’ ഇവിടെ നാണയങ്ങള്‍ക്കുപകരം വസ്ത്രങ്ങള്‍ വാങ്ങി. അതിനാല്‍ കച്ചവടത്തിന് സകാത്തില്ലെന്ന വാദം ശരിയല്ല.

കച്ചവടമെന്നത് നമുക്കറിയാവുന്നതുപോലെ വാങ്ങുകയുംവില്‍ക്കുകയുംചെയ്യുന്ന പ്രക്രിയയ്ക്ക് പറയുന്ന പേരാണ്. അതിനാല്‍ ലാഭോദ്ദേശ്യമുള്ള കൊള്ളക്കൊടുക്കമാത്രമേ കച്ചവടമാകൂ. യാത്രക്കായി വാഹനം വാങ്ങിയ ആള്‍ നല്ല വില കിട്ടിയാല്‍ വില്‍ക്കാമെന്ന് കരുതിയാണത് ചെയ്തതെങ്കില്‍ അത് കച്ചവടവസ്തുവാകില്ല. അതുപോലെ വില്‍പനക്ക് വേണ്ടി വാങ്ങിയതാണ്; പക്ഷേ അതില്‍ സവാരിചെയ്യുന്നുണ്ടെന്ന കാരണത്താല്‍ അത് കച്ചവടമല്ലാതാകില്ല.
കച്ചവടത്തിനായുള്ള മൂലധനം നിസാബ് കവിഞ്ഞുള്ളതാണെങ്കില്‍ അതിന് അപ്പോള്‍തന്നെ സകാത്ത് കൊടുത്തുവീട്ടണം. കാരണം അത് മാലുല്‍ മുസ്തഫാദിന്റെ ഗണത്തില്‍പെട്ടതാണ്. (പുതുതായി കൈയ്യില്‍ വരുന്ന ധനമെന്നാണ് അതിന്നര്‍ഥം. ഉദ്യോഗസ്ഥരുടെ ശമ്പളം, വിദഗ്ധതൊഴിലിന്ന് ലഭിക്കുന്ന പ്രതിഫലം(കോണ്‍ട്രാക്റ്റ്, സര്‍വീസ് എന്നിവയിലൂടെ), അനന്തരസ്വത്ത്, റിട്ടയര്‍മെന്റ് വേളയില്‍ ലഭിക്കുന്ന ഗ്രാറ്റുവിറ്റി തുടങ്ങി ആനുകൂല്യങ്ങള്‍ എന്നിങ്ങനെയുള്ള വലിയ തുകകള്‍ നിസാബില്‍ കൂടുതലുണ്ടെങ്കില്‍ അപ്പോള്‍ തന്നെ സകാത്ത് കൊടുക്കണം എന്നാണ് ഭൂരിപക്ഷാഭിപ്രായം.) ഇനി നിസാബെത്താത്ത ചെറിയ സംഖ്യയാണെങ്കില്‍ കച്ചവടംതുടങ്ങി ഒരുവര്‍ഷം പൂര്‍ത്തിയായശേഷം അതിലെ കച്ചവടച്ചരക്കുകള്‍ക്കും അതിന്റെ മറ്റുമൂലധനത്തിനും നിസാബുണ്ടെങ്കില്‍ സകാത്ത് കൊടുക്കണം. കാരണം, തിരുമേനിയുടെയും ഖുലഫാഉര്‍റാശിദുകളുടെയും രീതിയനുസരിച്ച് വര്‍ഷത്തില്‍ ഒരിക്കലാണ് ഉദ്യോഗസ്ഥര്‍ കാലികളുടെയും മറ്റും സകാത്ത് പിരിച്ചിരുന്നത്. ആ സമയത്ത് നിസാബുതികഞ്ഞുവോ എന്ന് മാത്രമാണവര്‍ പരിശോധിച്ചത്.

സകാത്ത് കണക്കാക്കുന്ന രീതി

കച്ചവടത്തില്‍ ചരക്കുകളും, കരുതല്‍ ധനവും, കിട്ടാനും കൊടുക്കാനുമുള്ള കടവും ഒക്കെ ഉണ്ടായിരിക്കും. അത്തരം ഘട്ടത്തില്‍ കയ്യിലുള്ള നാണയശേഖരവും ചരക്കുകളുടെ നാണയമൂല്യവും തിരിച്ചുകിട്ടുമെന്നുറപ്പുള്ള കടവും കൂട്ടിച്ചേര്‍ത്ത് കൊടുത്തുവീട്ടാനുള്ള കടം അതില്‍നിന്ന് കുറച്ച് ബാക്കിയുള്ളതിന് സകാത്ത് കൊടുക്കണം. ചരക്കുകളുടെ നാണയമൂല്യം കണക്കാക്കുന്നത് സകാത്ത് കൊടുക്കുന്ന സമയത്തെ വിലനിലവാരമനുസരിച്ചാണ്. അതോടൊപ്പം മറ്റേതെങ്കിലും ഇനത്തില്‍ കയ്യിലെത്തിചേര്‍ന്നിട്ടുള്ള സകാത്ത് കൊടുത്തിട്ടില്ലാത്ത സംഖ്യ, സ്വര്‍ണമോ വെള്ളിയോ ആയി കയ്യിലുള്ളതിന്റെ വില എന്നിവയുംചേര്‍ക്കേണ്ടതാണ്. എന്നാല്‍ കാലികള്‍, കൃഷി തുടങ്ങി മറ്റിനത്തില്‍ പെട്ട ധനമൊന്നും ഇവയോട് ചേര്‍ക്കരുത്. കാരണം അവയുടെ നിസാബും സകാത്ത് കൊടുക്കേണ്ട അനുപാതവും വ്യത്യസ്തമാണ്. കൃത്യമായി തിരിച്ചുകിട്ടുമെന്നുള്ള കടം ആസ്തിയോടൊപ്പം ചേര്‍ക്കണം. നികുതികള്‍ ചെലവിനത്തിലാണ് പെടുത്തേണ്ടതാണ്(നികുതിയെ സകാത്തായി ഗണിക്കാന്‍ പറ്റില്ല). രണ്ടുമൂന്നുവര്‍ഷത്തിനുശേഷം മാത്രം ക്രയവിക്രയം നടത്തുന്ന ചരക്കുകളെക്കുറിച്ച് പറയുകയാണെങ്കില്‍(ഉദാഹരണത്തിന് പച്ചത്തേങ്ങ വാങ്ങി കൊട്ടത്തേങ്ങയാക്കുന്ന തേങ്ങാവ്യാപാരി, ഭൂമിവാങ്ങിച്ചിടുന്ന റിയല്‍ എസ്റ്റേറ്റുകാരന്‍, റബ്ബര്‍ ഷീറ്റ് വാങ്ങിക്കൂട്ടുന്ന മലഞ്ചരക്ക് വ്യാപാരി), കച്ചവടമെന്നാല്‍ ലാഭ-നഷ്ടസാധ്യതയുള്ള ക്രയവിക്രയമെന്ന പരിഗണനവെച്ച് വര്‍ഷാവര്‍ഷം വില കണക്കാക്കി നിസാബുണ്ടെങ്കില്‍ സകാത്ത് കൊടുക്കണം. കച്ചവടസ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍, ഇന്റീരിയര്‍ ഫര്‍ണീച്ചറുകള്‍, ഡക്കറേഷന്‍, പ്രദര്‍ശനവസ്തുക്കള്‍ തുടങ്ങിയവയ്ക്ക് സകാത്തില്ല. സകാത്തായി ചരക്കാണോ അതോ വിലയാണോ കൊടുക്കേണ്ടതെന്ന വിഷയത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും നിസാബ് കണക്കാക്കുന്നത് വിലയുടെ അടിസ്ഥാനത്തിലാണെന്ന മാനദണ്ഡം മുന്നില്‍വെച്ച് വിലയുടെ അടിസ്ഥാനമായ നാണയങ്ങളില്‍ സകാത്ത് കൊടുക്കാമെന്നാണ് ഭൂരിപക്ഷമതം.

മാങ്ങ, തണ്ണിമത്തന്‍, ഓറഞ്ച് , കശുവണ്ടി തുടങ്ങി സീസണില്‍ മാത്രം കച്ചവടംചെയ്യുന്ന ചരക്കുകളുണ്ട്. അത്തരം കച്ചവടക്കാര്‍ സകാത്തിനായി വര്‍ഷം പൂര്‍ത്തിയാവാന്‍ കാത്തിരിക്കേണ്ടതില്ല. എപ്പോഴാണോ സീസണ്‍ അവസാനിക്കുന്നത് അത് കണക്കാക്കി സകാത്ത് കൊടുക്കണം.

Topics