وَإِذَا قِيلَ لَهُمُ اتَّقُوا مَا بَيْنَ أَيْدِيكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَمُونَ
45.’ ‘നിങ്ങള്‍ക്കുമുന്നില്‍ സംഭവിക്കാനിരിക്കുന്നതും പിറകില്‍ സംഭവിച്ചുകഴിഞ്ഞതുമായ വിപത്തുകളെ സൂക്ഷിക്കുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം’ എന്ന് ഇവരോടാവശ്യപ്പെട്ടാല്‍ ഇവരത് തീരേ ശ്രദ്ധിക്കുകയില്ല.’
ഈ സൂക്തത്തിന് മുന്നോടിയായി അല്ലാഹുവിന്റെ ആധിപത്യത്തെയും അജയ്യതയെയും കുറിക്കുന്ന പ്രാപഞ്ചികദൃഷ്ടാന്തങ്ങള്‍ വിവരിക്കുകയുണ്ടായി. അവ മൂന്നായി തിരിക്കാം: 1.സ്ഥലങ്ങളെക്കുറിച്ച ദൃഷ്ടാന്തം(മൃതമായ ഭൂമിയെ ഹരിതാഭയണിയിക്കുന്നത്; ഈത്തപ്പന, മുന്തിരി തുടങ്ങിയവയുടെ തോട്ടങ്ങള്‍, വസന്തം എല്ലാജീവിവര്‍ഗങ്ങളുടെയും ജോടികള്‍..33-36വരെയുള്ള സൂക്തങ്ങള്‍). 2. സമയത്തെക്കുറിക്കുന്ന ദൃഷ്ടാന്തങ്ങള്‍(രാപ്പകല്‍, സൂര്യ-ചന്ദ്രന്‍ 37-40 സൂക്തങ്ങള്‍) 3.കരയിലെയും കടലിലെയും ദൃഷ്ടാന്തങ്ങള്‍(കൊടുങ്കാറ്റിലും ഉയര്‍ന്നുപൊങ്ങുന്ന തിരമാലകളിലും അകപ്പെട്ട ഭീമാകാരമായ കപ്പലുകള്‍). ഈ ദൃഷ്ടാന്തങ്ങളുടെ പൊതുസ്വഭാവം അവയെല്ലാം ഇഹലോകത്തെ പ്രകൃതിപ്രതിഭാസങ്ങളാണെന്നതാണ്.
പ്രകൃതിക്ഷോഭവും ഇഹലോകത്തെ ശിക്ഷയും മുങ്ങിമരിക്കുന്ന ആളുകളിലൂടെ പ്രതീകാത്മകമായി ചിത്രീകരിച്ചുകൊണ്ടാണ് തൊട്ടുമുമ്പുള്ള രണ്ടുസൂക്തങ്ങള്‍ വന്നിട്ടുള്ളത്. ഇഹലോകത്തെ ഇത്തരം ദുരന്തങ്ങളെക്കുറിച്ച് ഭയപ്പെടുത്താനല്ല അല്ലാഹു ഉദ്ദേശിക്കുന്നത്. മറിച്ച് വരാനിരിക്കുന്ന ലോകത്ത് (മരണാനന്തരം) ആളുകളെ കാത്തിരിക്കുന്ന കഠിനശിക്ഷകളെക്കുറിച്ച് ഓര്‍മയുണ്ടായിരിക്കണമെന്ന് അവരെ ഉണര്‍ത്തുകയാണ്.
മുമ്പ് കഴിഞ്ഞുപോയ ജനതകളില്‍ വന്നുഭവിച്ച ശിക്ഷകളെക്കുറിച്ച് ബോധമുള്ളവരാകാന്‍ അവിശ്വാസികളായ മുശ്‌രിക്കുകളെ ഉണര്‍ത്തുകയാണ് ഈ സൂക്തം. അല്ലാത്തപക്ഷം അല്ലാഹുവിനെയും അവന്റെ ദൂതനെയും തള്ളിപ്പറയുന്ന മുശ്്്്്്‌രിക്കുകള്‍ക്കും മുന്‍ഗാമികളുടെ അതേ ഗതിതന്നെ വന്നുചേരും. അതുംപോരാഞ്ഞ് മരണാനന്തരം നിങ്ങളെ (വമാ ഖല്‍ഫകും)നാലുപാടുനിന്നും മൂടിപ്പൊതിയുന്ന അതികഠിനമായ ശിക്ഷ സ്വീകരിക്കാന്‍ തയ്യാറായിക്കൊള്ളുക. ‘ബൈന അയ്ദീകും’ എന്ന പ്രയോഗം നിങ്ങളുടെ മുന്‍കാല പാപങ്ങളെക്കുറിക്കാനാണ് (അല്ലാതെ മുന്‍കാല സമൂഹങ്ങളെയല്ല) എന്നാണ് പണ്ഡിതനായ മുജാഹിദിന്റെ വീക്ഷണം. പരലോക ശിക്ഷയെ അനിവാര്യമാക്കിയ നിങ്ങളുടെ മുന്‍കാലചെയ്തികളെയാണ് ‘ബയ്‌ന അയ്ദീക്കും’ വ്യാഖ്യാനിക്കുന്നതെന്നാണ് ഇമാം ത്വബരിയും അഭിപ്രായപ്പെടുന്നത്.
അതിനാല്‍ മുന്നറിയിപ്പ് അവഗണിക്കാതെ മുന്‍കരുതലെടുക്കുക.. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കുക. അവന്റെ ഏകത്വം അംഗീകരിക്കുക. എല്ലാ അര്‍ഥത്തിലും അവന് വഴിപ്പെട്ട് ജീവിക്കുക; അവന്‍ നിങ്ങളുടെ മേല്‍ കരുണചൊരിഞ്ഞേക്കാം.
وَمَا تَأْتِيهِم مِّنْ آيَةٍ مِّنْ آيَاتِ رَبِّهِمْ إِلَّا كَانُوا عَنْهَا مُعْرِضِينَ
46. ‘ഇവര്‍ക്ക് തങ്ങളുടെ നാഥന്റെ ദൃഷ്ടാന്തങ്ങളില്‍നിന്ന് ഏതൊന്ന് വന്നെത്തിയാലും ഇവരത് പാടേ അവഗണിച്ചുതള്ളുന്നു’.
അല്ലാഹുവിന്റെ ഏകത്വത്തെയും പ്രവാചകനിയോഗത്തിന്റെ സത്യസന്ധതയെയും കുറിക്കുന്ന എന്തൊക്കെ തെളിവുകള്‍ ബഹുദൈവവിശ്വാസികള്‍ക്ക് മുന്നിലെത്തിയാലും അതെല്ലാം അവര്‍ നിസ്സങ്കോചം തള്ളിക്കളയാതിരുന്നിട്ടില്ല. ആ തെളിവുകളെ മുന്‍നിര്‍ത്തി ചിന്തിക്കാനോ അവയില്‍നിന്ന് സത്യത്തിലേക്ക് ചുവടുവെക്കാനോ അവര്‍ തുനിഞ്ഞിട്ടില്ല. അല്ലാഹു തങ്ങള്‍ക്ക് ചിന്താമൃതമായ ദൃഷ്ടാന്തങ്ങള്‍ മുന്നിലേക്കിട്ടുതരുന്നു എന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു അവരുടെ അത്തരം നിഷേധം.
ഭാഷാമുത്തുകള്‍
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്നുപോലും അവരില്‍വന്നിരുന്നില്ല എന്ന ആഖ്യാനം ദൃഷ്ടാന്തങ്ങളുടെ ആധിക്യത്തെ സൂചിപ്പിക്കുന്നു. പ്രകൃതിസൃഷ്ടിപ്പിലെ സൂക്ഷ്മകണങ്ങളില്‍പോലും എത്രയോ ദൃഷ്ടാന്തങ്ങള്‍ ഉള്ളടങ്ങിയിരിക്കുന്നു. അവരുടെ ശരീരങ്ങളില്‍ , നിര്‍മിച്ചിരിക്കുന്ന വീടില്‍, ചവിട്ടിനടക്കുന്ന മണ്ണില്‍ വളര്‍ന്ന് പുഷ്പിച്ചുനില്‍ക്കുന്ന ചെടികളില്‍ , ചുറ്റുപാടുമുള്ള ജീവജാലങ്ങളില്‍ അങ്ങനെ അസംഖ്യം തെളിവുകള്‍ എന്നാല്‍ അവര്‍ അതെല്ലാം ഒന്നൊന്നായി തള്ളിപ്പറയുന്നു. എല്ലാറ്റിനുമുപരി ഈ പ്രസ്താവനയിലൂടെ അവരുടെ അഹങ്കാരത്തെയും ധാര്‍ഷ്ട്യത്തെയും വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
‘റബ്ബിഹിം’-അവരുടെ റബ്ബ് എന്ന തൃതീയപുരുഷന്‍ ആധികാരികസര്‍വനാമം ഉപയോഗിച്ചത് തന്റെ സൃഷ്ടികളോടുള്ള അല്ലാഹുവിന്റെ പരിഗണനയെയും സ്‌നേഹത്തെയും കുറിക്കാനാണ്. തന്നെ നിഷേധിക്കുന്നവരുടെയും റബ്ബാണ് അവന്‍. എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്നവനാണവന്‍ എന്ന വസ്തുത അംഗീകരിക്കുന്നുണ്ടെങ്കിലും കീഴ്‌വണക്കം സമര്‍പ്പിക്കാന്‍ നിഷേധികള്‍ തയ്യാറാകുന്നില്ല. ‘അവരുടെ റബ്ബ്’ എന്ന പ്രയോഗം ധാര്‍ഷ്ട്യം നിറഞ്ഞ ദൈവനിഷേധപരമായ നിലപാടിന്റെ വികൃതമുഖത്തെയും വെളിപ്പെടുത്തുന്നുണ്ട്.
‘പറയപ്പെട്ടു’ എന്ന കര്‍മണി പ്രയോഗം ഉപയോഗിച്ചത് ആര് പറയുന്നുവെന്നതിന് പ്രാധാന്യമില്ലാത്തതുകൊണ്ടാണ്. അതായത്, പരാമൃഷ്ടവിഷയത്തില്‍ കേള്‍ക്കുന്നവര്‍ ശ്രദ്ധകൊടുക്കേണ്ടതുണ്ട് . പലപ്പോഴും വിവിധകോണുകളില്‍നിന്ന് വ്യത്യസ്തരായ ആളുകള്‍ പറയുന്ന കാര്യമായിരിക്കാമത്. ഒരു ഘട്ടത്തില്‍ അല്ലാഹുവും അവരോട് ‘ഇത്തഖൂ’ എന്ന് പറഞ്ഞുകൊണ്ട് മുന്നറിയിപ്പും പാപമോചനത്തെക്കുറിച്ച പ്രതീക്ഷയും നല്‍കുകയുണ്ടായി. ആദ്യം മുന്നറിയിപ്പുനല്‍കുന്നതോടെ ഏത് കഠിനഹൃദയനും വീണ്ടുവിചാരമുണ്ടാകാം.തുടര്‍ന്ന് പ്രത്യാശ പകരുന്ന പാപമോചനത്തെക്കുറിച്ച സന്തോഷവാര്‍ത്ത സത്കര്‍മങ്ങള്‍ക്ക് പ്രചോദനം നല്‍കാന്‍ വേണ്ടിയുള്ളതാണ്.
വിവേകമുത്തുകള്‍
രണ്ടുസൂക്തങ്ങളും സംയോജിപ്പിച്ചുകൊണ്ട് ചിന്തിച്ചാല്‍ നമുക്ക് കൃത്യവും വ്യക്തവുമായ ആശയത്തിലെത്താനാകും. ദൈവികദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ദൈവദൂതനെ പരിഹാസപാത്രമാക്കാനും ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കാനും മുതിരുന്നുവെങ്കില്‍ ഓര്‍മയിരിക്കട്ടെ, മുന്‍ഗാമികള്‍ നശിപ്പിക്കപ്പെട്ടതുപോലെ നിങ്ങളും നശിപ്പിക്കപ്പെടും എന്ന താക്കീത് അതുള്‍ക്കൊള്ളുന്നു. എന്ന് മാത്രമല്ല, അവര്‍ക്ക് പരലോകത്ത് കഠിനശിക്ഷ ലഭിക്കുകയും ചെയ്യും. ഇത് കേള്‍ക്കുന്ന മാത്രയില്‍ ധാര്‍ഷ്ട്യത്തോടെ അവിശ്വാസികള്‍ പിന്തിരിയും. പ്രബോധനപ്രക്രിയയില്‍ ‘ഇഹ-പര ലോക ശിക്ഷകളെക്കുറിച്ചുള്ള താക്കീത്’ എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നുവെന്നും ഈ സൂക്തങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. അതാണ് ‘നിങ്ങള്‍ക്കുമുന്നില്‍ സംഭവിക്കാനിരിക്കുന്നതും പിറകില്‍ സംഭവിച്ചുകഴിഞ്ഞതുമായ വിപത്തുകളെ സൂക്ഷിക്കുക’ എന്ന പരാമര്‍ശംകൊണ്ടുദ്ദേശിക്കുന്നത്. പലപ്പോഴും ചില പ്രബോധകര്‍ ഇസ്‌ലാമിന്റെ കാരുണ്യത്തെ മാത്രം ഉയര്‍ത്തിപ്പിടിക്കുകയും ദൈവികസന്ദേശം തള്ളിക്കളഞ്ഞാല്‍ ഉണ്ടാകുന്ന ശിക്ഷയെക്കുറിച്ച താക്കീത് ചെയ്യാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ‘യേശു നിങ്ങളെ സ്‌നേഹിക്കുന്നു ‘ എന്ന ഇവാഞ്ചലിസ്റ്റ് പ്രബോധനശൈലിയുടെ സ്വാധീനം അറിഞ്ഞോ അറിയാതെയോ ചിലരെ പിടികൂടിയതിന്റെ ഫലമാണത്.
1. ഒരു സന്ദേശം ആളുകളെ സ്വാധീനിക്കുന്നതിന് പല കാരണങ്ങളാണുണ്ടാവുക. ഈ വസ്തുതയെ പ്രബോധകന്‍ നന്നായി മനസ്സിലാക്കിയിരിക്കണം. ഖുര്‍ആന്‍ വ്യക്തമാക്കിയ വിവിധശൈലികളിലുള്ള പ്രബോധനതന്ത്രങ്ങള്‍ അവര്‍ പ്രയോഗവത്കരിക്കണം. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ശിക്ഷകളെക്കുറിച്ച താക്കീത് നല്‍കല്‍. നരകശിക്ഷയുടെ ഭയാനകതയെ വ്യത്യസ്തഭാവങ്ങളില്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തിയതിന്റെ കാരണം മറ്റൊന്നായിരിക്കില്ലല്ലോ. ഇത് മനസ്സിലുള്ള ഒരു വിശ്വാസി പ്രബോധിതനെ എങ്ങനെയും നരകശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താനായി ആത്മാര്‍ഥമായി ശ്രമിക്കുകതന്നെ ചെയ്യും. അതിനാല്‍ നരകത്തെക്കുറിച്ച താക്കീത് അത്തരം വിശ്വാസിയുടെ ഭാഷണങ്ങളിലുണ്ടാകും. ‘തങ്ങളുടെ നാഥന്റെ കാര്യത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ട രണ്ടു കക്ഷികളാണിത്. എന്നാല്‍ സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് തീയാലുള്ള തുണി മുറിച്ചുകൊടുക്കുന്നതാണ്. അവരുടെ തലയ്ക്കുമീതെ തിളച്ചവെള്ളം ഒഴിക്കും. അതുവഴി അവരുടെ വയറ്റിലുള്ളതും തൊലിയും ഉരുകിപ്പോകും. അതുവഴി അവരുടെ വയറ്റിലുള്ളതും തൊലിയും ഉരുകിപ്പോകും’ (അല്‍ ഹജ്ജ് 19-21)
2. ഇസ്‌ലാമിനെ തള്ളിക്കളയുന്ന ആളുകളുടെ അവസ്ഥ. അല്ലാഹുവിന്റെ ദീനിന് വഴിപ്പെടാതെ മരണപ്പെടുന്നതിനെക്കാള്‍ ദാരുണമായ മറ്റൊരു അവസ്ഥയുമില്ല. അതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിട്ട് വിചാരണയ്ക്ക് കളമൊരുങ്ങുകയായി. എന്നാല്‍ വിശ്വാസം കൈക്കൊണ്ടവര്‍ക്ക് സ്വര്‍ഗവാഗ്ദാനം മാത്രം നല്‍കുകയല്ല, നരകശിക്ഷയില്‍നിന്ന് രക്ഷ ഉറപ്പാക്കുകയും ചെയ്തു. അതിനായി തഖ്‌വാ ബോധത്തോടെ അല്ലാഹുവിന് ഇബാദത്ത് ചെയ്യാനുള്ള സാഹചര്യങ്ങളൊരുക്കി. നബി(സ) യുടെ വളരെ ആകര്‍ഷകമായ ഒരു പ്രസ്താവന ഇവിടെ ശ്രദ്ധേയമാണ്: നബിതിരുമേനി(സ) പറഞ്ഞു: ‘എന്റെയും നിങ്ങളുടെയും ഉദാഹരണം ഒരു തീക്കൊള്ളി കത്തിച്ച ആളെപ്പോലെയാണ്. കൊള്ളി കത്തിയതോടെ പ്രാണികളും വണ്ടുകളും അതിലേക്ക് പാഞ്ഞടുത്തു. അദ്ദേഹം അവയെ തീയില്‍ എടുത്തുചാടുന്നതില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ നിങ്ങള്‍ എന്റെ കയ്യില്‍നിന്നും വഴുതിപ്പോകുന്നു.’
അവസാനമായി , വിശ്വാസികള്‍ ഏകദൈവത്വവും ബഹുദൈവത്വവും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് തികഞ്ഞ ധാരണയുള്ളവരായിരിക്കണം. വിരുദ്ധധ്രുവങ്ങളിലുള്ള രണ്ട് സംഗതികളെ നന്നായി പഠിക്കുകയാണ് അവ വ്യക്തമായി മനസ്സിലാക്കാനുള്ള ഏറ്റവും നല്ല എളുപ്പവഴി എന്ന് ഒരു കവി പറയുകയുണ്ടായി.
അവിശ്വാസ(കുഫ്ര്‍) വും ബഹുദൈവത്വവും വിവിധരൂപത്തിലുണ്ട്.
1. കളവാക്കല്‍(തക്ദീബ്):
നബി(സ) ക്ക് പ്രത്യക്ഷവഹ്‌യ് രൂപത്തിലോ (ഖുര്‍ആന്‍) അല്ലാതെയോ അവതീര്‍ണമായ ദിവ്യബോധനങ്ങളെ തള്ളിപ്പറയുന്നതാണ് ഇതില്‍പെടുന്നത്. അല്ലാഹു പറയുന്നു:’ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിയുണ്ടാക്കുകയും സത്യം വന്നെത്തിയപ്പോള്‍ അതിനെ കള്ളമാക്കി തള്ളുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? ഇത്തരം സത്യനിഷേധികളുടെ വാസസ്ഥലം നരകം തന്നെയല്ലയോ?’ (അല്‍അന്‍കബൂത് 68)
2. നിഷേധവും ധാര്‍ഷ്ട്യവും:
പ്രവാചകന്‍ തിരുമേനി(സ)കൊണ്ടുവന്ന ദൈവികസന്ദേശം സത്യമാണെന്ന് തിരിച്ചറിയുകയും എന്നാല്‍ അഹന്തയാലും ധാര്‍ഷ്ട്യത്താലും അതിനെ അംഗീകരിക്കാനോ സ്വീകരിക്കാനോ കൂട്ടാക്കാതിരിക്കുകയും ചെയ്യുകയെന്നതാണ് ഇതുകൊണ്ടര്‍ഥമാക്കുന്നത്. അല്ലാഹുവിന്റെ കല്‍പനയുണ്ടായിട്ടും ആദം (അ)ന് മുമ്പില്‍ സുജൂദ് ചെയ്യാന്‍ വിസമ്മതിച്ച ഇബ്‌ലീസിന്റെ അതേ ധാര്‍ഷ്ട്യം തന്നെയാണ് ഇക്കൂട്ടര്‍ക്കുമുള്ളത്. അല്ലാഹു സ്രഷ്ടാവാണെന്നും കല്‍പന അവന്റെതാണെന്നും നേരിട്ട് ബോധ്യമുണ്ടായിരുന്ന ഇബ്‌ലീസ് പക്ഷേ, അനുസരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
‘നാം മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: ”നിങ്ങള്‍ ആദമിന് സാഷ്ടാംഗം ചെയ്യുക.” അവരൊക്കെയും സാഷ്ടാംഗം പ്രണമിച്ചു; ഇബ്‌ലീസൊഴികെ. അവന്‍ വിസമ്മതിച്ചു; അഹങ്കരിക്കുകയും ചെയ്തു. അങ്ങനെ അവന്‍ സത്യനിഷേധികളില്‍ പെട്ടവനായി.'(അല്‍ബഖറ 34).
3. സംശയം:
മുഹമ്മദ് നബിയുടെ സത്യസന്ധതയെയും പ്രവാചകത്വത്തെയും സംശയിക്കുകയും ചോദ്യംചെയ്യുകയുമാണ് ഇത്തരം നിഷേധത്തിന്റെ പ്രകടസ്വഭാവം. രണ്ട് തോട്ടത്തിന്റെ ഉടമസ്ഥന്‍ സമാനസ്വഭാവത്തിലുള്ള സംശയം പ്രകടിപ്പിച്ചത് കുഫ്‌റെന്ന് വിശേഷിപ്പിച്ചുകൊണ്ട് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
‘ അങ്ങനെ ആത്മദ്രോഹിയായി അയാള്‍ തന്റെ തോട്ടത്തില്‍ പ്രവേശിച്ചു. അയാള്‍ പറഞ്ഞു: ”ഇതൊന്നും ഒരിക്കലും നശിച്ചുപോകുമെന്ന് ഞാന്‍ കരുതുന്നില്ല. ”അന്ത്യനാള്‍ വന്നെത്തുമെന്നും ഞാന്‍ കരുതുന്നില്ല. അഥവാ, എനിക്കെന്റെ നാഥന്റെ അടുത്തേക്ക് തിരിച്ചുചെല്ലേണ്ടി വന്നാല്‍ തന്നെ, അവിടെ ഇതിനെക്കാള്‍ മെച്ചപ്പെട്ട ഇടമെനിക്കു ലഭിക്കും. ”അവന്റെ കൂട്ടുകാരന്‍ ഇതിനെ എതിര്‍ത്തുകൊണ്ട് പറഞ്ഞു: ”നിന്നെ മണ്ണില്‍നിന്നും പിന്നെ ബീജകണത്തില്‍നിന്നും സൃഷ്ടിക്കുകയും അങ്ങനെ ഒരു പൂര്‍ണമനുഷ്യനാക്കി രൂപപ്പെടുത്തുകയും ചെയ്ത നാഥനെയാണോ നീ തള്ളിപ്പറയുന്നത്?'(അല്‍കഹ്ഫ് 35-37)
4. അവഗണിച്ചുകളയല്‍:
നിര്‍ബന്ധകര്‍മങ്ങളെയും സാന്‍മാര്‍ഗികവിധികളെയും കല്‍പിക്കുന്ന ദീനിനെ കേള്‍ക്കാനോ പഠിക്കാനോ മനസ്സിലാക്കാനോ ശ്രമിക്കാതെ അവഗണിക്കുന്നത് നിഷേധത്തിന്റെ മറ്റൊരു രൂപമാണ്. പ്രസ്തുത ദീനിനെ തള്ളിപ്പറയുന്നവര്‍ക്ക് നരകശിക്ഷയുണ്ട്. ‘ആകാശ ഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും യാഥാര്‍ഥ്യ നിഷ്ഠമായും കാലാവധി നിര്‍ണയിച്ചുമല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ സത്യനിഷേധികള്‍ തങ്ങള്‍ക്കു നല്‍കപ്പെട്ട താക്കീതുകളെ അപ്പാടെ അവഗണിക്കുന്നവരാണ്’ (അല്‍ അഹ്ഖാഫ് 3).
5. കാപട്യം
ദീനിനോടുള്ള അനിഷ്ടവും വെറുപ്പും പുറത്തുപ്രകടിപ്പിച്ചാല്‍ ചില ഭൗതികനഷ്ടങ്ങളുണ്ടാകുമെന്ന ചിന്തയില്‍ പ്രത്യക്ഷത്തില്‍ അതിനെ എതിര്‍ക്കാതെ ഇസ്‌ലാമിന്റെ ബാഹ്യചിഹ്നങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന അവസ്ഥയാണ്. ‘അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നെ അവിശ്വസിക്കുകയും ചെയ്തതിന്റെ ഫലമാണത്. അങ്ങനെ അവരുടെ ഹൃദയങ്ങള്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ക്കൊന്നും തിരിച്ചറിയാനാവുന്നില്ല'(അല്‍ മുനാഫിഖൂന്‍ 3).
അതിനാല്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നവരില്‍പെടാതെ അതിനെക്കുറിച്ച് ഉള്‍ക്കാഴ്ചയോടെ ചിന്തിക്കുന്നവരില്‍പെടാന്‍ നാം ശ്രമിക്കുക.
ഇമാം അസീം ഖാന്‍
Add Comment