യാസീന്‍ അധ്യായത്തിന്റെ പ്രഥമ 12 സൂക്തങ്ങളില്‍ ഉള്ളത് സത്യനിഷേധികള്‍ക്കുള്ള തുറന്ന മുന്നറിയിപ്പാണ്. അതായത്, എത്രയും പെട്ടെന്ന് നിങ്ങള്‍ സത്യനിഷേധത്തിന്റെ നുകത്തില്‍ നിന്ന് പുറത്തുവന്നോളൂ എന്ന്. അതിനായി വിചാരണാനാളിലെ രക്ഷാ-ശിക്ഷകളെ താക്കീതുചെയ്യുന്ന പ്രവാചകനെ പിന്തുടരുകയാണ് ചെയ്യേണ്ടതെന്ന് അത് കല്പിക്കുന്നു. ഇനിയും സന്ദേഹികളായി തുടരുന്നവരെ മറ്റൊരു രീതിയില്‍ ഉണര്‍ത്താനാണ് തുടര്‍ന്ന് ശ്രമിക്കുന്നത്. അതിന് അവരുടെ ശ്രദ്ധയാകര്‍ഷിക്കുംവിധം കഥാഖ്യാനശൈലി സ്വീകരിച്ചിരിക്കുന്നു.
ജനതയെയും സമുദായത്തെയും കഥാകഥനത്തിലൂടെയും മുന്‍കാലചരിത്രം ഓര്‍മിപ്പിച്ചും സംസ്കരിക്കുകയെന്നത് ഖുര്‍ആന്റെയും സുന്നത്തിന്റെയും ശൈലിയാണ്. അല്ലാഹു പറയുന്നത് കാണുക:’ഈ ഖുര്‍ആന്‍ ബോധനമായി നല്‍കിയതിലൂടെ നിനക്ക് നാം നല്ലചരിത്രകഥകള് വിവരിച്ചുതരികയാണ്’ (യൂസുഫ് :3). മനുഷ്യനാഗരികതയില്‍ ഏറ്റവും നല്ല കഥാഖ്യാനങ്ങള്‍ ലഭിച്ചിട്ടുള്ളത് ഖുര്‍ആനിലൂടെ അല്ലാഹുവില്‍നിന്നാണെന്ന് ഇബ്നുതൈമിയ്യ അതിനെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളത് ശ്രദ്ധേയമാണ്.
ആശയവിനിമയരംഗത്ത് പ്രാചീനകാലംതൊട്ടേ ഉള്ളവയാണ് കഥകള്‍. അത് തലമുറകളിലേക്ക് പകര്ന്നുകൊടുക്കപ്പെടുകയാണ്. വികാരങ്ങളുടെ പങ്കുവെയ്പ് അതിലൂടെ നടക്കുന്നു. അത് മറ്റുള്ളവരുമായി നമ്മെ ബന്ധിപ്പിക്കുന്നു. കഥകളിലൂടെ നാം സമ്മിശ്രവികാരം പങ്കുവെക്കുന്നു. നമ്മുടെ ദുഃഖങ്ങളും സന്തോഷങ്ങളും പ്രയാസങ്ങളും മറ്റുള്ളവരെ അറിയിക്കുന്നു. അതിലൂടെ നാം ലക്ഷ്യം നേടുന്നു.
ഗതകാലസമൂഹത്തിന്റെ ചരിത്രം അറിയണമെന്നും അവരുടെ അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കണമെന്നും അല്ലാഹു നിരന്തരം നമ്മെ ഉണര്‍ത്തുന്നുണ്ട്. കഥയും ചരിത്രവും കേട്ടുരസിക്കാനുള്ളതല്ലെന്ന് അത് ഓര്‍മിപ്പിക്കുന്നു. അല്ലാഹു പറയുന്നത് കാണുക:’
അതിനാല്‍ അവര്‍ക്ക് ഇക്കഥയൊന്ന് വിശദീകരിച്ചുകൊടുക്കുക. ഒരുവേള അവര്‍ ചിന്തിച്ചെങ്കിലോ ‘ (അല്‍അഅ്റാഫ് -176).
അത്തരത്തിലൊന്നാണ് പട്ടണവാസികളുടെ കഥ. ഒന്നല്ല, മൂന്ന് ദൈവദൂതന്മാര് ആ പട്ടണവാസികള്ക്കിടയിലേക്ക് വന്നു. അവരുമായി സംസാരിക്കുകയും കാര്യങ്ങളുടെ സത്യാവസ്ഥ അവരെ ബോധ്യപ്പെടുത്തുകയുംചെയ്തുവെങ്കിലും അവര്‍ നിഷേധത്തില്‍ ഉറച്ചുനിന്നു. ആ ഘട്ടത്തില്‍ അവരുടെ മേല്‍ ദൈവത്തിന്റെ ശിക്ഷ ആഗതമായി.
ഈ കഥയില്‍നിന്ന് ഒന്നിലേറെ പാഠങ്ങള്‍ അനുവാചകര്‍ക്ക് പകര്ന്നുനല്കുകയാണ് ദൈവം. എന്നാല്‍ അവയില്‍ ചിലതുമാത്രം ഇവിടെ പ്രതിപാദിക്കുകയാണ്.
13. وَاضْرِبْ لَهُمْ مَثَلًا أَصْحَابَ الْقَرْيَةِ إِذْ جَاءَهَا الْمُرْسَلُونَ
ഒരു ഉദാഹരണമെന്ന നിലയില്‍ ആ നാട്ടുകാരുടെ കഥ ഇവര്‍ക്ക് പറഞ്ഞുകൊടുക്കുക: ദൈവദൂതന്മാര് അവിടെ ചെന്ന സന്ദര്‍ഭം!
ഈ സംഭവം മുഹമ്മദ് നബിയും അനുയായികളും അങ്ങേയറ്റത്തെ പരിഹാസവും ശാരീരികാക്രമണങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് വിവരിച്ചുകൊടുക്കുന്നത്. പ്രവാചകത്വത്തിന്റെ പത്താംവര്ഷത്തിലായിരുന്നു അത്. പട്ടണത്തിലേക്ക് ആരാണ് ദൂതന്മാരെ അയച്ചതെന്ന കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ വ്യത്യസ്താഭിപ്രായക്കാരാണ്. ഇബ്നുഖതാദയെപ്പോലുള്ള ചിലര്‍ പറയുന്നത് അവര്‍ ഈസാ നബിയുടെ അനുയായികളെന്നാണ.് അല്ലാഹു അദ്ദേഹത്തെ വാനലോകത്തേക്ക് ഉയര്ത്തുന്നതിനുമുമ്പ് അയച്ചതാണെന്നാണ് വിവരം. എന്നാല്‍ വേറെ പണ്ഡിതന്മാരുടെ അഭിപ്രായം അവര്‍ ഈസാനബിയുടെ അനുയായികളല്ലെന്നും മറിച്ച്, അല്ലാഹു തന്നെ അയച്ച ദൂതന്‍മാരാണെന്നുമാണ്. ഈ അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവെച്ചാല്‍ തന്നെ, ഈ ദൂതന്മാര് പട്ടണംസന്ദര്ശിക്കാനായിത്തന്നെ വന്നതാണെന്നും മറ്റുള്ള ദൗത്യങ്ങളൊന്നും അവര്ക്കുണ്ടായിരുന്നില്ലെന്നുമാണ്.
ഏതുപട്ടണത്തിലേക്കാണ് ആ ദൂതന്മാര് ആഗതരായത്. പണ്ഡിതനിഗമനപ്രകാരം ആ ദൂതന്മാര് അന്തോക്കിയയിലേക്ക് അതായത്, ഇന്നത്തെ തുര്‍ക്കിയിലെ സിറിയന്അതിര്ത്തിപ്രദേശത്തേക്ക് വന്നവരാണ്.
മുന്കാലപ്രവാചകന്മാരും കടുത്ത വിവേചനവും നിഷേധികളുടെ ധിക്കാരവും ഒരുവേള ശാരീരികാക്രമണവും നേരിട്ടവരാണെന്ന് പറഞ്ഞ് മുഹമ്മദ് നബിയെ ആശ്വസിപ്പിക്കുകയാണിവിടെ. ഇതിന്റെ തുടര്‍ച്ചയായി നബിയുടെ അനുയായികള്‍ക്കും അത്തരത്തിലുള്ള തിക്താനുഭവങ്ങള്‍ ഉണ്ടാകുമെന്നും സൂചിപ്പിക്കുന്നു. അത് പരോക്ഷമായി വ്യക്തമാക്കുന്നതിതാണ്:’അല്ലയോ, മുഹമ്മദ് നീ ഒറ്റയ്ക്കല്ല, അതിനാല്‍ ദൗത്യത്തില്‍ ക്ഷമയവലംബിച്ച് ഉറച്ചുനില്ക്കുക… ആ പട്ടണവാസികളുടെ കഥ ഓര്‍ക്കുക.’
14. إِذْ أَرْسَلْنَا إِلَيْهِمُ اثْنَيْنِ فَكَذَّبُوهُمَا فَعَزَّزْنَا بِثَالِثٍ فَقَالُوا إِنَّا إِلَيْكُمْ مُرْسَلُونَ
നാം അവരുടെ അടുത്തേക്ക് രണ്ടു ദൈവദൂതന്മാരെ അയച്ചു. അപ്പോള്‍ അവരിരുവരെയും ആ ജനം തള്ളിപ്പറഞ്ഞു. പിന്നെ നാം മൂന്നാമതൊരാളെ അയച്ച് അവര്‍ക്ക് പിന്‍ബലമേകി. അങ്ങനെ അവരെല്ലാം ആവര്‍ത്തിച്ചു പറഞ്ഞു: ”ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് അയക്കപ്പെട്ട ദൈവദൂതന്മാരാണ്.”
ഏകദൈവവിശ്വാസം സ്വീകരിക്കണമെന്ന ഉപദേശവുമായി ആദ്യം രണ്ട് ദൂതന്മാര് അയക്കപ്പെട്ടു. അവരുടെ സന്ദേശം ഏവര്‍ക്കും മനസ്സിലാകുംവിധം സുവ്യക്തമായിരുന്നു.’ഞങ്ങള്‍ നിങ്ങളിലേക്കയക്കപ്പെട്ട മനുഷ്യവര്‍ഗത്തില്‍പെട്ട ദൂതന്മാരാണ്. ഏകനായ അല്ലാഹുവെയല്ലാതെ മറ്റാരെയും അവന്റെ ദിവ്യത്വത്തില്‍ പങ്കാളിയാക്കരുതെന്നും അവനെയല്ലാതെ വിളിച്ചുപ്രാര്ഥിക്കരുതെന്നും നിങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനാണ് അവന് ഞങ്ങളെ പറഞ്ഞയച്ചിരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ വിഗ്രഹങ്ങളെ പൂജിക്കാതിരിക്കുക.’
കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ദൂതന്മാരുടെ സന്ദേശം ആ പട്ടണവാസികളുടെയെല്ലാം ചെവിയിലെത്തി. എല്ലാതരം അസുഖങ്ങളാലും വലഞ്ഞിരുന്ന ജനങ്ങളെ സുഖപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങള്‍ അവര്‍ ജനങ്ങള്‍ക്ക് വെളിപ്പെടുത്തിക്കൊടുത്തുവെന്ന് ഖുര്‍ത്വുബി അതെപ്പറ്റി അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ വിവരം രാജാവിന്റെ സവിധത്തിലെത്തിയപ്പോള്‍ അദ്ദേഹം അവരുടെ സന്ദേശപ്രചാരണത്തിന് വിരാമം കുറിക്കാന്‍ ഉത്തരവിട്ടു. രാജഭടന്മാര് ആ ദൂതന്മാരെ ചമ്മട്ടിപ്രഹരത്തിലൂടെ നിര്‍ദ്ദയം കൈകാര്യംചെയ്തു. ജനങ്ങള്‍ അതെല്ലാം കണ്ട് മിണ്ടാതിരുന്നു. ദൂതന്മാരെ കൈകാര്യംചെയ്തതില്‍ ജനങ്ങള്‍ക്കുള്ള പങ്ക് പ്രത്യക്ഷമോ പരോക്ഷമോ എന്നൊന്നും വ്യത്യാസംകല്പിക്കാതെ അല്ലാഹു അവരെയൊന്നടങ്കം ആക്ഷേപിച്ചത് ഇങ്ങനെയാണ്: ‘ആ പട്ടണവാസികള്‍ രണ്ടുദൂതന്മാരെയും നിഷേധിച്ചു.’
പ്രസ്തുത ഘട്ടത്തില്‍ അല്ലാഹു രണ്ടുദൂതന്മാര്ക്കും പിന്ബലമേകാനായി മൂന്നാമതൊരു ദൂതനെ അയച്ചു.
ഒരു പട്ടണത്തിലേക്ക് 3 ദൈവദൂതന്മാരോ? നിങ്ങള്‍ക്ക് അത്ഭുതം തോന്നുന്നുണ്ടാകും. അധികനാടുകളിലും തൗഹീദിന്റെ പ്രചാരണാര്‍ഥം ദൃഷ്ടാന്തങ്ങളോടുകൂടി ഒരു ദൂതനെമാത്രം ഒരു സമയത്ത് നിശ്ചയിക്കുന്നതാണ് രീതിയെന്നിരിക്കെ ആ പട്ടണത്തില്‍ ഒരു ദൂതന് മതിയായില്ലെന്നുവന്നതെന്തുകൊണ്ട്? യഥാര്‍ഥത്തില്‍ ഒരു നാട്ടിലെ ജനത്തിന് സന്മാര്ഗത്തിലേക്ക് കടന്നുവരാന്‍ കൂടുതല്‍ അവസരവും സമയവും നല്‍കുന്നത് അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള കാരുണ്യമാണ്. ഇത് നമ്മുടെ ജീവിതത്തില്‍ നല്കപ്പെട്ട അവസരങ്ങളെ ഓര്‍ക്കാന്‍ നമുക്കുള്ള ആഹ്വാനമാണ്. അല്ലാഹു എത്രമാത്രം അവസരങ്ങളാണ് നമുക്ക് തന്നിട്ടുള്ളത്? എത്രയോ സമയം നമ്മെ ശരിയായ പാതയിലേക്ക് വഴിനടത്താന്‍ യഥേഷ്ടം നല്കിക്കൊണ്ടിരിക്കുന്നു!
‘മൂന്നാമതൊരാളെ അയച്ച് അവര്‍ക്ക് അല്ലാഹു പിന്‍ബലമേകി’യപ്പോള്‍ അവരെല്ലാവരും ഏകസ്വരത്തില്‍ പറഞ്ഞത് ഞങ്ങള്‍ നിങ്ങളിലേക്കുള്ള ദൈവദൂതന്മാരാണെന്നായിരുന്നു. തങ്ങള്‍ നേരിടാനിരിക്കുന്ന ക്രൂരമായ മര്‍ദ്ദനങ്ങളെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിട്ടും അവര്‍ തങ്ങളുടെ ഏകദൗത്യത്തെക്കുറിച്ച് ഉറപ്പിച്ചുപറഞ്ഞു. ഇതില്‍ ഇസ്ലാമോഫോബിയ ഉന്മാദനൃത്തംചെയ്തുകൊണ്ടിരിക്കുന്ന നാടുകളിലെ മുസ്ലിംകള്ക്കുള്ള സന്ദേശം വ്യക്തമാണ്. നിങ്ങള്‍ സഹോദരീസഹോദരന്മാര് ഒറ്റക്കെട്ടായി അണിനിരക്കുക. പരസ്പരം കരുത്തേകുക. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷണങ്ങള്ക്കുനടുവിലും ഒട്ടും അധീരരാകാതെ സത്യം പ്രഘോഷിക്കുക. തങ്ങളുടെ സംഘടനാ, വംശീയ ‘താല്പര്യങ്ങളെ’ സംരക്ഷിക്കാന്‍ മിനക്കെടാതെ ഉമ്മത്തിന്റെയും ലോകനന്മയുടെയും താല്പര്യത്തിനായി നിലകൊള്ളുക. ഏതെങ്കിലും ഗ്രൂപ്പുകളെയോ പാര്‍ട്ടികളെയോ എതിരാളികള്‍ ലക്ഷ്യമിട്ടാല്‍ അവരെ നിര്‍ദ്ദയം ശത്രുക്കള്‍ക്ക് വിട്ടെറിഞ്ഞിട്ടുകൊടുത്ത് മാളത്തില്‍ കയറി ഒളിക്കാതിരിക്കുക. ഏതാനും വെള്ളിക്കാശിന് വേണ്ടി ഒറ്റിക്കൊടുക്കുന്നത് യഥാര്‍ഥവിശ്വാസികള്‍ക്ക് യോജിച്ചതല്ലെന്ന് തിരിച്ചറിയുക.
ജനങ്ങളുടെ പ്രതികരണത്തെക്കുറിച്ചും പറയുന്നുണ്ടിവിടെ: ‘അവര്‍ രണ്ടുദൂതന്മാരെയും തള്ളിപ്പറഞ്ഞു.’ ഇവിടെ അല്പസമയം നാം ചിന്തിക്കേണ്ടതുണ്ട്. ആരെയാണ് ആ പട്ടണവാസികള്‍ തള്ളിപ്പറഞ്ഞത് ? എന്തിനെയാണ് അവര്‍ നിഷേധിച്ചത് ? ദൈവദൂതന്മാര് തങ്ങളുടെ വാക്കിലും പ്രവര്‍ത്തിയിലും സ്വഭാവത്തിലും ഉയര്‍ന്ന ധാര്മികനിലവാരമാണ് കാഴ്ചവെച്ചത്. ദൈവദൂതനെക്കാള്‍ പരിഗണിക്കപ്പെടേണ്ടവരായി മനുഷ്യസമൂഹത്തില്‍ ആരുമില്ലെന്നറിയാമല്ലോ. ചില ആളുകള്‍ പ്രവാചകന് തിരുമേനിയെ കാണുന്ന മാത്രയില്‍ ഇസ്ലാംസ്വീകരിച്ചിരുന്നു. അതിനവര്‍ ന്യായമായി പറഞ്ഞത് , അദ്ദേഹത്തിന്റെ മുഖം ഒരു ചതിയന്റെയോ നുണയന്റെയോ സ്വഭാവഗുണങ്ങള്‍ പ്രകടിപ്പിക്കുന്നവയല്ല എന്നായിരുന്നു. അന്ന് ആ പട്ടണത്തിലെ ആളുകള്‍ ദൈവദൂതന്മാരുടെ സന്ദേശത്തിലേക്കുള്ള ക്ഷണത്തെ തള്ളിപ്പറഞ്ഞുവെങ്കില്‍, ഇന്നത്തെ ആളുകള്‍ ഇസ്ലാമിനെ തള്ളിപ്പറയുമ്പോള്‍ നാം മൗനികളായി ഇരിക്കാന്‍ പാടില്ല. നാമും ഇസ്ലാമിന്റെ സന്ദേശം അവരെ അറിയിക്കുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യേണ്ടതുണ്ട്.
Add Comment