ഖുര്‍ആന്‍-ലേഖനങ്ങള്‍

നിശ്വാസംകൊള്ളുന്ന പ്രഭാതം

ഖുര്‍ആന്‍ ചിന്തകള്‍ ഭാഗം-3
വിശുദ്ധ ഖുര്‍ആന്റെ രംഗാവിഷ്‌കാരം കണ്ടാസ്വദിച്ച്‌ വീണ്ടും യാത്ര തുടങ്ങുന്നു.. ഓരോ ദിവസവും നാം പുലരിയുടെ കുളിര്‍മയെ ആസ്വദിച്ചും രാവിന്റെ ഇരുളിനെ കരിമ്പടമാക്കിയും കടന്നുപോകുന്നു.ഓരോ പ്രഭാതവും ഹര്‍ഷപുളകത്തോടും ഉത്സാഹത്തോടും പ്രസാദ മധുരിമയോടും നമ്മിലേക്കെത്തുകയായി. മനുഷ്യന്റെ മനസ്സിനേയും ആത്മാവിനേയും ഇളം തെന്നലായി അത്‌ സ്‌പര്‍ശിച്ചു പോകുന്നു. മാത്രമല്ല,വിശുദ്ധ ഖുര്‍ആന്‍ പുലരിയുടെയും രാവിന്റെയും ദൃശ്യങ്ങളെ മനോഹരമായി ആവിഷ്‌കരിക്കുന്നത്‌ കാണാം. ആ ശബ്ദത്തിനായി ഒന്ന്‌ കാതോര്‍ക്കാം.! സൂറത്തു:തക്‌വീറിന്റെ 17-18 ആയത്തുകളാണ്‌ മനുഷ്യ ഭാവനയെ പിടിച്ചിരുത്തുന്ന ആ ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത്‌. സൂക്തം 17ല്‍ ‘  وَاللَّيْلِ إِذَا عَسْعَسَ  ‘ ( രാത്രി വിടവാങ്ങുമ്പോള്‍) എന്നാണ്‌ പറഞ്ഞിട്ടുള്ളത്عس عس എന്നീ രണ്ടു സിലബിളുകള്‍ ചേര്‍ന്നാണ്‌ അത്‌ عسعس ആയത്‌. ഈ വാക്കില്‍ മുഴങ്ങുന്ന മണിനാദം ഒരു വായനക്കാരന്റെ നാവിന്‍ തുമ്പില്‍ മധുരമായി പ്രവഹിക്കുന്നു..! തനിയെ അത്‌ അവന്റെ ഭാവന മണ്ഡലത്തില്‍ ചിത്രം വരയ്‌ക്കുന്നു.! മനസ്സിലും ആത്മാവിലും അത്‌ ചുവടുവെക്കുന്നു..!ഈ വചനത്തില്‍ മുഴങ്ങുന്ന ശബ്ദം രാവിന്റെ ചൈതന്യത്തെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. രാത്രി പിന്തിരിയുമ്പോള്‍, രാത്രി വിടവാങ്ങുമ്പോള്‍ . പതുക്കെ പതുക്കെ കാലടി വെച്ചകന്ന്‌ പോകുന്ന അതിഥി പോലെ രാത്രി മാഞ്ഞകലുമ്പോള്‍…! എന്തിനാണ്‌ രാത്രി നമ്മില്‍നിന്ന്‌ വിടപറയുന്നത്‌ ? നമ്മെ വേര്‍പിരിയുന്നത്‌? രാവ്‌ അതിന്റെ സ്ഥാനം ഒഴിയുന്നത്‌ പുലരിക്ക്‌ വേണ്ടിയാണ്‌. അതാണ്‌ സൂക്തം 18ല്‍ :  وَالصُّبْحِ إِذَا تَنَفَّسَ ( പ്രഭാതം ശ്വാസമുതിര്‍ക്കുമ്പോള്‍). പുലരി തന്റെ പ്രഭാകിരണങ്ങളെ പ്രസരിപ്പിച്ച്‌ ഇരുട്ടിന്റെ ഇഴകളെ വകഞ്ഞുമാറ്റി, നിശ്വാസങ്ങള്‍ പുറപ്പെടുവിച്ച്‌, പ്രകൃതിയെ തലോടുമ്പോള്‍ പ്രഭാതം വിടരുകയായി..! പ്രകാശവും ചൈതന്യവും ജീവജാലങ്ങളില്‍ അരിച്ചിറങ്ങുന്ന ചടുലതയുമാണ്‌ പുലരിയുടെ സ്‌പന്ദനങ്ങള്‍. ഒരു നിമിഷമെങ്കിലും നമ്മുടെ മനസ്സിന്റെ തിരശ്ശീലയില്‍ വിശുദ്ധ ഖുര്‍ആന്‍ വരച്ചിട്ട ആ മനോഹരമായ പ്രഭാത ദൃശ്യങ്ങളും ചിത്രങ്ങളും ദൃശ്യമാകാതിരിക്കില്ല.! തുറന്ന ഹൃദയവുമായി പുലരിയെ ദര്‍ശിക്കുന്നവര്‍ക്ക്‌ തീര്‍ച്ചയായും തോന്നും അതില്‍ ജീവന്‍ സ്‌പന്ദിക്കുന്നുണ്ടെന്ന്‌. എത്ര കാവ്യാത്മകമായ ബിംബങ്ങള്‍.! എത്ര ഹൃദ്യമായ ദൃശ്യങ്ങള്‍.! എന്തൊരു രാഗമധുരിമ.! ഈ സൂക്തങ്ങളെല്ലാം പ്രകൃതിയുടെ സുഗന്ധം തുളുമ്പുന്ന തുഷാരബിന്ദുക്കളാണ്‌…ഹൃദയങ്ങള്‍ക്കു പ്രിയങ്കരമാകുന്ന സ്‌നേഹ സാന്ത്വനങ്ങളാണ്‌… ആത്മാവിനെ തഴുകുന്ന വസന്ത മന്ത്രങ്ങളാണ്‌… മനസ്സിനെ രോമാഞ്ചമണിയിക്കുന്ന മധുര സ്‌പര്‍ശങ്ങളാണ്‌… ഇതാണ്‌ സൗന്ദര്യം. മോഹനവും പ്രിയങ്കരവുമായ സൗന്ദര്യം..! പ്രഭാതത്തെ താളാത്മകമായ, ഹൃദയസ്‌പര്‍ശിയായ വാക്കുകളിലൂടെ വായനക്കാരനെ പിടിച്ചിരുത്തും വിധത്തില്‍ അവന്റെ ഭാവനാ മണ്ഡലത്തില്‍ കാണുന്ന വിധത്തില്‍ ഇത്ര ഹൃദ്യമായി ആവിഷ്‌കരിക്കാന്‍ റബ്ബിനല്ലാതെ ആര്‍ക്കാണ്‌ കഴിയുക? ഏത്‌ ശക്തിക്കാണ്‌ സാധിക്കുക? ഓരോ വ്യക്തിയും അത്‌ അനുഭവിച്ചറിയേണ്ടതാണ്‌. ഇവിടെ വിശുദ്ധ ഖുര്‍ആന്‍ വരച്ചിട്ട പുലരിയുടെയും രാവിന്റെയും ദൃശ്യങ്ങള്‍ അത്‌ പോലെ ചിത്രീകരിക്കാന്‍ തൂലിക പ്രസവിക്കുന്ന അക്ഷരങ്ങള്‍ക്കു കഴിയില്ല. മാപ്പ്‌..!(തുടരും).

ഹാഫിള്‌ സല്‍മാനുല്‍ ഫാരിസി

Topics