സത്യപ്രബോധനത്തിന്റെ ശരിയായ രീതിശാസ്ത്രത്തെക്കുറിച്ചുള്ള സുഭഗവും കൃത്യവുമായ ഗ്രാഹ്യം പ്രസ്തുത രീതിശാസ്ത്രം പിന്തുടരാനും അതിന്റെ യഥാര്‍ഥഉറവിടങ്ങളില്‍നിന്ന് ഊര്‍ജം നേടിയെടുക്കാനും പ്രബോധകന് സൗകര്യമൊരുക്കിക്കൊടുക്കും. പ്രബോധനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അല്ലാഹു അന്ത്യപ്രവാചകനുമായി സംവദിക്കുന്ന എണ്ണമറ്റ ഖുര്‍ആന്‍ ആയത്തുകള്‍ പ്രബോധകന്‍ പ്രയോജനപ്പെടുത്തും. പ്രബോധകസരണിയില്‍ ചങ്കുറപ്പോടെ നിന്ന് മുന്നോട്ടുപോകാന്‍ അത് സഹായകമാകും. സത്യപ്രബോധനത്തിനും പ്രവാചകമാര്‍ഗം അനുധാവനം ചെയ്യാന്‍ പ്രബോധകരോട് വിശുദ്ധഖുര്‍ആന്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
‘പ്രവാചകകഥനങ്ങളില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഗുണപാഠങ്ങളുണ്ട്. ഖുര്‍ആന്‍ കെട്ടിയുണ്ടാക്കപ്പെടുന്ന വചനമല്ല. മുന്‍പ് വന്ന വേദങ്ങളെ സത്യപ്പെടുത്തുകയും വിശദീകരിക്കേണ്ടതിനെ വിശദീകരിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണത്. സന്‍മാര്‍ഗവും വിശ്വാസികള്‍ക്ക് കാരുണ്യവുമാണത് ‘(യൂസുഫ് : 111)
‘അല്ലാഹു വഴികാണിച്ചുകൊടുത്തവരാണ് പ്രവാചകന്‍മാര്‍. അവരുടെ വഴികള്‍ നിങ്ങളും പിന്‍പറ്റുക'(അല്‍അന്‍ആം 90).
എവിടെയും ഏതുകാലത്തും ഏതു പരിതസ്ഥിതിയിലുമുള്ള പ്രബോധകന്‍മാര്‍ക്കും ഉത്തമമായ മാതൃക പ്രവാചകചരിത്രത്തിലുണ്ട് . പ്രബോധനത്തിന്റെ വ്യത്യസ്തസന്ദര്‍ഭങ്ങളില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെയും സാഹചര്യങ്ങളെയും എങ്ങനെയാണ് നേരിടേണ്ടത് എന്നതിലേക്കുള്ള മാര്‍ഗദര്‍ശനവും പ്രവാചകചരിത്രത്തിലുണ്ട്. മക്കാകാലഘട്ടത്തിലും മദീനാകാലഘട്ടത്തിലും പ്രവാചകതിരുമേനിക്ക് വ്യത്യസ്തമായ നിരവധി സ്ഥിതിവിശേഷങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. അവയൊക്കെ സമര്‍ഥമായി ദൈവദൂതന്‍ നേരിടുകയും വിദഗ്ധമായി അവയെ അതിജീവിക്കുകയും ചെയ്തു. ഒരു പ്രബോധകന്‍ തന്റെ ദൗത്യത്തിനിടയില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ഏതൊരു പ്രശ്‌നത്തെയും നാം എടുത്തുനോക്കുക, സമാനമായൊരു പ്രശ്‌നം പ്രവാചകന്റെ ചരിത്രത്തിലും നമുക്ക് കാണാന്‍ കഴിയും. പ്രശ്‌നങ്ങള്‍ക്കുള്ള യഥാര്‍ഥപ്രതിവിധി കണ്ടെത്താന്‍ അതുവഴി സാധിക്കുകയുംചെയ്യും.
വ്യത്യസ്ത ജീവിതസന്ദര്‍ഭങ്ങളിലൂടെ പ്രവാചകതിരുമേനിയെ കടത്തിവിട്ടത് തീര്‍ച്ചയായും അല്ലാഹുവിന്റെ അപാരമായ കാരുണ്യവും യുക്തിയുമാണ്. പ്രബോധനത്തിന്റെ ഭിന്നസാഹചര്യങ്ങളില്‍ എന്ത് നിലപാടെടുക്കണം എങ്ങനെ പ്രതികരിക്കണം എന്നറിയുന്നത് പ്രവാചകന്റെ ചരിത്രം പഠിക്കുമ്പോഴാണ്.
പ്രബോധനദൗത്യങ്ങള്‍ക്കിടയില്‍ ദൈവകല്‍പിതമെന്നോണം പ്രാവര്‍ത്തികമാക്കപ്പെട്ട പ്രായോഗികനടപടിക്രമങ്ങളാണ് അവയെല്ലാമെന്ന് യഥാര്‍ഥത്തില്‍ പ്രവാചകചരിത്രവും അധ്യാപനങ്ങളും പരിശോധിച്ചാല്‍ മനസ്സിലാകും. അതിനാല്‍ പ്രബോധനവഴിയിലെ പ്രവാചകന്റെ ചരിത്രം ഒരിക്കലും സത്യപ്രബോധകന്‍ അവഗണിക്കാന്‍ പാടില്ല. സത്യപ്രബോധനം എന്നതിന്റെ യഥാര്‍ഥവിവക്ഷ മറ്റാരേക്കാളും ഏറ്റവും നന്നായി മനസ്സിലാക്കിയിരുന്നത് പ്രവാചകന്റെ അനുയായികളും അവരെ യഥോചിതം അനുഗമിച്ച പിന്‍തലമുറയുമാണ്. ഏതൊരു പ്രബോധകനും പ്രയോജനപ്പെടുത്താനാവും വിധം പ്രബോധനവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ പാഠങ്ങള്‍ ഇപ്പറഞ്ഞവരുടെ ജീവിതചര്യയില്‍ കാണാന്‍ കഴിയും.
പ്രബോധനത്തില്‍ പിന്തുടരേണ്ട നേര്‍വഴി ആവശ്യപ്പെടുന്ന ചില സംഗതികളുണ്ട്. അതിലൊന്നാണ് മുഹമ്മദീയരീതി ശാസ്ത്രത്തെക്കുറിച്ചുള്ള കൃത്യമായ ധാരണ. പ്രസ്തുത രീതിശാസ്ത്രം സദാ മനസ്സിലും ചിന്തയിലും കാത്തുസൂക്ഷിച്ചുകൊണ്ട് തന്റെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും ഇടപെടലുകളിലും കഴിയുന്നത്ര ലാളിത്യവും സൗമ്യതയും പ്രകടമാക്കേണ്ടതുണ്ട്. പ്രബോധനവഴിയില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ താന്‍ മനസ്സിലാക്കിയ ആശയങ്ങള്‍ പ്രയോഗിക്കാന്‍ സത്യപ്രബോധകന് കഴിയേണ്ടതുണ്ട്. പ്രശ്‌നങ്ങള്‍ കൂടിക്കുഴയുകയും പരസ്പരം വേര്‍തിരിക്കാനാവാത്ത വിധം സങ്കീര്‍ണമാവുകയും ചെയ്യുമ്പോള്‍ നല്ലനിലക്ക് അവയെ സമീപിക്കാനും കൃത്യമായ നിലപാടെടുക്കാനും വേണ്ട പ്രാഗത്ഭ്യവും സാമര്‍ത്ഥ്യവും പ്രബോധകന്‍ നേടേണ്ടതുമുണ്ട്.
എന്നും എവിടെയും പലതരത്തിലുള്ള ആളുകളെ പ്രബോധകന് നേരിടേണ്ടിവരും. സത്യം തിരിയാതെ പോയവന്‍, സത്യത്തിനുനേരെ അഹന്തയോടെ പെരുമാറുന്നവര്‍, സത്യത്തോട് വിമുഖത കാട്ടുന്നവര്‍. സത്യത്തോടും അശ്രദ്ധ പുലര്‍ത്തുന്നവര്‍. വീണ്ടുവിചാരമില്ലാതെ ഭൗതികതയിലേക്കും ഭൗതികാസക്തിയിലേക്കും ചേക്കേറിയവര്‍, മതനിഷേധികള്‍ , ദൈവത്തെ തള്ളിപ്പറയുന്നവരും ദൈവത്തില്‍ ബഹുത്വം ആരോപിക്കുന്നവരും. ദൈവവിശ്വാസികള്‍ എന്ന് പറയുമ്പോള്‍ തന്നെ ദൈവത്തിന്റെ ഏകത്വത്തെ നിരാകരിക്കുകയും അവന് മാത്രമായി ആരാധനകള്‍ വകവെച്ചുകൊടുക്കുകയും ചെയ്യാത്തവര്‍.
ഇനി വേറൊരു കൂട്ടരുണ്ടാവും. വിശ്വാസികളെന്ന് നടിക്കുന്ന മുസ്‌ലിങ്ങള്‍. പക്ഷെ, അവരുടെ മതകീയത ജീവിതത്തിലേക്ക് അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും നൂതനാനുഷ്ഠാനങ്ങളും നുഴഞ്ഞുകയറിയതിന്റെ ഫലമായി ഇസ്‌ലാമിന്റെ സത്യസരണിയില്‍നിന്ന് അവര്‍ വ്യതിചലിച്ചിട്ടുണ്ടാകും . ഇസ്‌ലാമികാധ്യാപനങ്ങള്‍ നിത്യജീവിതത്തില്‍ പ്രയോഗിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിട്ടുണ്ടാകും. ഇപ്പറഞ്ഞതുപോലുള്ള വിവിധതരം ആളുകളെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ സത്യപ്രബോധനത്തിന് അനുയോജ്യമായ ശൈലിയും പ്രവര്‍ത്തനപദ്ധതിയും ആവിഷ്‌കരിക്കാന്‍ വേണ്ട കഴിവും പ്രാപ്തിയും ആര്‍ജിക്കേണ്ടതുണ്ട്. അവിടെയെല്ലാം പ്രബോധകരുടെ നേതാവ് മുഹമ്മദ് നബി തിരുമേനിയുടെ അനുപമമായ മാതൃകയാണ് പിന്തുടരേണ്ടത്. പ്രവാചകസരണിയില്‍നിന്നാണ് സന്‍മാര്‍ഗതാരങ്ങളും പ്രബോധകരിലെ ഹീറോകളും ഉയര്‍ന്നുവന്നതെന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. തിരുമേനി ഒരിക്കല്‍ പറയുകയുണ്ടായി:’എന്റെ അനുചരന്‍മാര്‍ നക്ഷത്രങ്ങള്‍ പോലെയാണ് അവരില്‍ ആരെ നിങ്ങള്‍ പിന്‍പറ്റിയാലും നിങ്ങള്‍ സന്‍മാര്‍ഗത്തിലായിരിക്കും.’
സത്യപ്രബോധനത്തിന്റെ ഒരു സങ്കീര്‍ണഘട്ടത്തിലും ഭീഷണിയുടെയോ അടിച്ചേല്‍പിക്കലിന്റെയോ ശൈലി നബിതിരുമേനി സ്വീകരിച്ചിട്ടില്ല. പൊതുസമൂഹത്തെ പ്രകോപിപ്പിക്കുകയോ പ്രക്ഷുബ്ധരാക്കുകയോ ചെയ്യുന്ന പാരുഷ്യത്തിന്റെ രീതിയും പ്രവാചകന്‍ പിന്തുടര്‍ന്നില്ല. ശാന്തമായും സൗമ്യമായും ബഹുമാനാദരവോടും കൂടി മാത്രമേ പ്രബോധിതരെ തിരുമേനി അഭിമുഖീകരിച്ചിട്ടുള്ളൂ. ഒരുപക്ഷെ, ഇന്നത്തേതിനെക്കാളും രൂക്ഷവും ശക്തവുമായ അന്തരാളവിഭാഗീയതയും അടിച്ചമര്‍ത്തലും അതിക്രമവും ഉപദ്രവവും പ്രതിയോഗികളുടെ ഭാഗത്തുനിന്ന് പ്രവാചകന് വിവിധസന്ദര്‍ഭങ്ങളില്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്.
സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. പ്രതിയോഗികളുടെ എതിര്‍പ്പിന്റെ ശക്തി കൂടിയിരിക്കുന്നു. അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും മൂര്‍ച്ച വര്‍ധിച്ചിരിക്കുന്നു. അതുകൊണ്ട് പ്രബോധനത്തിനും സമാനമായ രീതി അവലംബിക്കേണ്ടിവരും എന്ന് പറയുന്നതിലര്‍ഥമില്ല. പ്രബോധനത്തിന്റെ തുടക്കം മുതലേ കൃത്യമായ ദൈവികമാര്‍ഗദര്‍ശനം നബിതിരുമേനിക്ക് ലഭിച്ചിരുന്നു. പ്രബോധിതരുടെ നേരെ തീവ്രതയുടെയും തീക്ഷ്ണതയുടെയും ശൈലി സ്വീകരിക്കുന്നതിലെ അപകടവും തന്റെ ക്രാന്തിദര്‍ശിത്വം കൊണ്ട് പ്രവാചകന്‍ തിരിച്ചറിഞ്ഞിരുന്നു. സൗമ്യതയും നയചാതുരിയുമുള്ള യുക്തിഭദ്രമായ അധ്യാപനശൈലിയാണ് നബി തിരുമേനി അവലംബിച്ചിരുന്നത്. അല്ലാഹു പ്രവാചകനെ ഉണര്‍ത്തി:’നീ നിന്റെ രക്ഷിതാവിന്റെ സരണിയിലേക്ക് യുക്തിയോടും സദുപദേശത്തോടും കൂടി ജനങ്ങളെ ക്ഷണിക്കുക. അവരോട് ഏറ്റവും നല്ല നിലയില്‍ സംവദിക്കുകയുംചെയ്യുക’. (അന്നഹ്ല്‍ 125)
നബിതിരുമേനി പ്രബോധനദൗത്യം ആരംഭിച്ചത് തന്നെ തന്റെ അടുത്ത കുടുംബങ്ങളില്‍പെട്ട ശുദ്ധമാനസരായ ആളുകളോടായിരുന്നു. പരസ്യവിളംബരമോ പ്രഖ്യാപനമോ ഒന്നുമില്ലാതെയാണ് ദൈവദൂതന്‍ പ്രബോധനം തുടങ്ങിയത്. വളരെ കുറച്ചുപേരേ ആദ്യനാളുകളില്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നുള്ളൂ. എങ്കില്‍ പോലും അവരെല്ലാവരും ഉദാത്തമായ വിശ്വാസവും ഉയര്‍ന്ന ചിന്താശേഷിയും ഉള്ളവരായിരുന്നു. ജനങ്ങളെ ഉദ്ബുദ്ധരാക്കാനും അവരോട് സംവദിക്കാനും പുതിയദര്‍ശനത്തിന്റെ അടിസ്ഥാനങ്ങള്‍ ബോധ്യപ്പെടുത്തി അവരെ ഉറച്ചവിശ്വാസികളാക്കാനും നബിക്ക് കഴിഞ്ഞു. എന്തായിരുന്നു ഇവിടെയെല്ലാം പ്രവാചകന്‍ അവലംബിച്ച രീതിശാസ്ത്രം? പ്രവാചകരീതിശാസ്ത്രത്തില്‍ നിന്ന് എന്തെല്ലാം ഗുണപാഠങ്ങളാണ് ഇന്നത്തെ സത്യപ്രബോധകന്‍മാര്‍ പിന്തുടരേണ്ടത്?
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
Add Comment