ഖുര്‍ആന്‍-പഠനങ്ങള്‍

പടക്കപ്പല്‍ ഒരു ദൃഷ്ടാന്തം (യാസീന്‍ പഠനം – 19)

وَآيَةٌ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِي الْفُلْكِ الْمَشْحُونِ

41. ഇവരുടെ സന്താനങ്ങളെ നാം ഭാരം നിറച്ച കപ്പലില്‍ കയറ്റിക്കൊണ്ടുപോയതും ഇവര്‍ക്കൊരു ദൃഷ്ടാന്തമാണ്.

സമ്പൂര്‍ണതയും സമഗ്രതയും ഖുര്‍ആനിനെ അത്ഭുതാദരവുകളോടെ വീക്ഷിക്കാന്‍ അനുവാചകനെ നിര്‍ബന്ധിതനാക്കുന്നു എന്നതിന് ഒരു തെളിവാണ് ഈ സൂക്തം. ഇതിന് തൊട്ടുമുമ്പ് വന്ന സൂക്തത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് തോന്നുമെങ്കിലും അവിടെ പരാമര്‍ശിച്ച ‘യസ്ബഹൂന്‍’ എന്ന വാക്കിന്റെ അര്‍ഥവുമായി യോജിക്കുന്നുവെന്നത് യാദൃച്ഛികമല്ല. സബഹ എന്നാല്‍ നീന്തി എന്നാണ് അര്‍ഥം. അത് വായുവിലോ വെള്ളത്തിലോ ആകാം. ആകാശത്ത് സൂര്യനും ചന്ദ്രനും ഉള്‍പ്പെടെയുള്ള നക്ഷത്രങ്ങള്‍ നീന്തിക്കൊണ്ടിരിക്കുന്നു. അതേസമയം താഴെ സമുദ്രത്തില്‍ കൂറ്റന്‍ യാനങ്ങളും കപ്പലുകളും വെള്ളത്തില്‍ നീന്തുന്നു. ഇംഗ്ലീഷില്‍ ബഹിരാകാശ വാഹനങ്ങള്‍ക്ക് സ്‌പേസ് ഷിപ്പ് എന്ന വാക്ക് ഉപയോഗിക്കാറുണ്ടെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ആഴിയെ കീറിമുറിച്ചുകൊണ്ട് മുന്നോട്ടുഗമിക്കുന്ന പടുകൂറ്റന്‍ കപ്പലുകളും അന്തര്‍വാഹിനികളും മറ്റൊരു ദൃഷ്ടാന്തമായി അല്ലാഹു ചൂണ്ടിക്കാട്ടുന്നു. വാനലോകത്തിന്റെ അപാരതയില്‍ നിന്ന് പൊടുന്നനെ വാരിധിയുടെ അഗാധതയിലേക്ക് ശ്രദ്ധക്ഷണിച്ച് നമ്മെ ഒരേ സമയം അമ്പരപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പറയാതെവയ്യ. ഖുര്‍ആനികസൂക്തങ്ങളുടെ ആഖ്യാനം ഇന്നും മുഅ്ജിസത്തായി തുടരുന്നുവെന്നര്‍ഥം. മനുഷ്യന് ചിന്തിക്കാനാവോളം ദൃഷ്ടാന്തമുണ്ടിവയിലെല്ലാം എന്നാണ് പറഞ്ഞുവരുന്നത്.

മനുഷ്യരുടെ നിത്യജീവിതത്തിലുള്ള ചില ദൃഷ്ടാന്തങ്ങളെ ഖുര്‍ആന്‍ ചൂണ്ടിക്കാട്ടി ‘ വ ആയത്തുന്‍ ലഹും ‘ എന്ന് പറയുന്നതിന്റെ ഉദ്ദേശ്യങ്ങളിവയാണ്:
1. അത് മനുഷ്യരാശിക്ക് പാഠമാണ്.
2. അത് അവര്‍ക്ക് അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹമാണ്.
3. അത് അവര്‍ക്ക് താക്കീതാണ്. കാരണം തൊട്ടുപുറകെയുള്ള സൂക്തങ്ങള്‍ മുന്നറിയിപ്പുകളാണ് നല്‍കുന്നത്.

‘ദുര്‌രിയ്യത്തി’ന് സന്തതികള്‍ എന്നതിന് വിപരീതമായി പൂര്‍വപിതാക്കള്‍ എന്ന് ചിലര്‍ പരിഭാഷ നല്‍കുന്നുണ്ട്. അസ്മാഉല്‍ അദ്ദാദ്(വിപരീത നാമങ്ങള്‍ എന്ന ഗണം)ല്‍ പെട്ടതാണിതെന്നാണ് അവരുടെ വാദം. അത്തരത്തില്‍പെട്ട മറ്റൊരു വാക്കാണ് അത്തക്‌വീര്‍ അധ്യായത്തിലെ 17-ാം സൂക്തത്തിലെ ‘അസ്അസ് ‘ . പ്രസ്തുത വാക്കിന് വരികയെന്നും പോവുകയെന്നും അര്‍ഥമുണ്ട്.

മനുഷ്യരാശി അല്ലാഹുവിന്റെ പരിപൂര്‍ണനിയന്ത്രണത്തിലാണെന്നതിന്റെ സൂചനയെന്നോണം ഖുറൈശികളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് നൂഹ്(അ)ന്റെ പേടകത്തില്‍ ആദംസന്തതികളെ രക്ഷപ്പെടുത്തിയെന്നു ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ പേടകത്തില്‍ ഈ ഭൂമിയിലെ ജീവജാലങ്ങളുടെ ഓരോ ജോടി ഇണകളെയും കയറ്റുകയുണ്ടായി. പേടകത്തില്‍ രക്ഷപ്പെടുത്തിയെന്ന കേവലപരാമര്‍ശത്തില്‍ മതിയാക്കാതെ , വെള്ളപ്പൊക്കം അവസാനിച്ചാല്‍ ജീവിതായോധനത്തിനുവേണ്ട സര്‍വസന്നാഹങ്ങളുമായി നിറയ്ക്കപ്പെട്ടനിലയിലായിരുന്നു അതെന്നുകൂടി വിശദീകരിച്ചുഅല്ലാഹു. നൂഹ് നബിയോടൊപ്പം അദ്ദേഹത്തിന്റെ അനുയായികളെയും ഒരു നിറഞ്ഞ കപ്പലില്‍ രക്ഷപ്പെടുത്തിയ കാര്യം അശ്ശുഅറാഅ്(119) അധ്യായത്തില്‍ പറയുന്നുണ്ട്.
ആഴികളും സമുദ്രങ്ങളും അതിന്റെ മുകള്‍പ്പരപ്പിലൂടെ കപ്പലുകളും യാനങ്ങളും സഞ്ചരിക്കാന്‍ പര്യാപ്തമായ രീതിയിലാണ് അല്ലാഹു സൃഷ്ടിച്ചത്. അതിലൂടെ മാനവരാശി ഒട്ടേറെ പ്രയോജനങ്ങള്‍ കരസ്ഥമാക്കുന്നു. ഭീമാകാരങ്ങളായ വിമാനവാഹിനികളും ആണവഅന്തര്‍വാഹിനികളും ജലത്തില്‍ അപകടങ്ങളില്ലാതെ മുന്നോട്ടുഗമിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹത്താലാണ്. 550000 ടണ്‍ ഭാരം വഹിക്കുന്ന എണ്ണടാങ്കറുകളും വിമാനവാഹിനികളും ജലോപരിതലത്തിലൂടെ സഞ്ചരിക്കുന്നു. ചെറിയൊരു നാണയംപോലും വെള്ളത്തില്‍ മുങ്ങിത്താഴുമ്പോള്‍ സവിശേഷ ആകൃതിയില്‍ നിര്‍മിക്കപ്പെട്ട യാനങ്ങള്‍ ജലോപരിതലത്തില്‍ ഒഴുകിനടക്കുന്നു. യാനങ്ങളെ ജലോപരിതലത്തില്‍ ഉയര്‍ത്തിനിര്‍ത്തുന്ന ബലങ്ങളെക്കുറിച്ച ശാസ്ത്രീയവിശദീകരണങ്ങള്‍ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും അതൊന്നും സ്രഷ്ടാവിന്റെ മഹത്ത്വത്തെ ന്യൂനീകരിക്കുന്നില്ല. അവ്വിധം സമുദ്രത്തെയും മറ്റും കീഴ്‌പ്പെടുത്തി തന്ന അല്ലാഹുവിന്റെ അധികാരമഹത്ത്വം എത്രമാത്രം വാഴ്ത്തപ്പെടണം!

وَخَلَقْنَا لَهُم مِّن مِّثْلِهِ مَا يَرْكَبُونَ

42. ഇവര്‍ക്കായി ഇതുപോലുള്ള വേറെയും വാഹനങ്ങള്‍ നാമുണ്ടാക്കിക്കൊടുത്തിട്ടുണ്ട്

പ്രവാചകരേ, താങ്കളെ നിഷേധിക്കുന്ന ബഹുദൈവവാദികള്‍ ഇതുപോലെ ഒട്ടനേകം അനുഗ്രഹങ്ങളെ ആസ്വദിച്ചുകൊണ്ടിരിക്കുന്നവരാണ്. സഞ്ചാരത്തിനായി ഇത്തരത്തില്‍ ഒട്ടേറെ പല മാര്‍ഗങ്ങളും നാമവര്‍ക്കായി നല്‍കിയിട്ടുണ്ട്. ഈ സൂക്തം മുന്‍സൂക്തവുമായി ബന്ധപ്പെട്ട ചിന്തയിലേക്ക് അനുവാചകനെ കൊണ്ടുപോവുകയാണ്. നിങ്ങള്‍ക്ക് സഞ്ചാരത്തിനായി ദൈവത്തിങ്കല്‍നിന്ന് നല്‍കപ്പെട്ട മാധ്യമമാണ് കപ്പല്‍. ആ കപ്പലിനായി വിധേയപ്പെട്ട കടലിനെയും അവന്‍ സംവിധാനിച്ചിട്ടുണ്ട്. അതേപോലെ ടണ്‍കണക്കിന് ഭാരവും ആയിരക്കണക്കായ യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള സഞ്ചാരസംവിധാനങ്ങള്‍ തികച്ചും പ്രതികൂലസാഹചര്യങ്ങളില്‍പോലും ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു. ഇവയെല്ലാമാണ് ‘മിസ്‌ല്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
‘മാ യര്‍കബൂന്‍ ‘എന്ന പരാമര്‍ശത്തെക്കുറിച്ച് വ്യാഖ്യാതാക്കള്‍ക്ക് വ്യത്യസ്താഭിപ്രായങ്ങളുണ്ട്. (യാത്രചെയ്യാനുപയോഗിക്കുന്ന, അവര്‍ യാത്രചെയ്യുന്ന എന്നിങ്ങനെയാണതിനര്‍ഥം)

1. മുങ്ങിത്താണുപോകുന്ന എന്ന് തൊട്ടുടനെ പറഞ്ഞിരിക്കുന്നതിനാല്‍ ജലോപരിതലത്തിലൂടെ സഞ്ചരിക്കുന്ന ചെറുവഞ്ചികള്‍, ബോട്ടുകള്‍ എന്നൊക്കെയാണ് ‘മാ യര്‍കബൂന്‍’ എന്നുപറഞ്ഞതിന്റെ ഉദ്ദേശ്യം.

2. നൂഹ് (അ) ന്റെ കാലത്തെ പേടകമാണ് ഉദ്ദേശ്യം.

3. മക്കാമുശ്‌രിക്കുകള്‍ക്ക് സഞ്ചാരത്തിനായി നല്‍കപ്പെട്ട ഒട്ടകംപോലുള്ള അനുഗ്രഹങ്ങളാണ് അതിന്റെ ഉദ്ദേശ്യം. മരുഭൂമിയിലെ കപ്പല്‍ എന്ന് ഒട്ടകത്തെ വിശേഷിപ്പിക്കാറുണ്ട്. ആളുകളെയും ചരക്കുകളെയും ഒട്ടകപ്പുറത്തേറ്റി വിദൂരദിക്കുകളിലെത്തിക്കാനാകുമല്ലോ.

4. ഭാരംവഹിച്ചുകൊണ്ട് യാത്രചെയ്യുന്ന ജീവികള്‍ മുതല്‍ ഉത്തരസാങ്കേതികകാലത്തെ ഹെവിഡ്യൂട്ടി വാഹനങ്ങള്‍ വരെ ഇതിലുള്‍പ്പെടുമെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെടുന്നു.

എല്ലാറ്റിനുമുപരിയായി ഈ സൂക്തങ്ങളിലൂടെ അല്ലാഹു വ്യക്തമാക്കുന്നത് അവന്‍ തന്റെ അടിമകള്‍ക്കായി സവിശേഷം നല്‍കിയ അനുഗ്രഹങ്ങളാണ്. മനുഷ്യന്‍ കരയിലായിരിക്കുമ്പോള്‍ കൈകാര്യംചെയ്യാനും എത്തിക്കാനും പ്രയാസമേറിയ ചരക്കുകളൊക്കെയും നിഷ്പ്രയാസം കടലിലൂടെ എവിടേക്കുമെത്തിക്കാനാകും. അതില്‍ സുപ്രധാന സഹായിയാണ് കപ്പല്‍. മനുഷ്യന്റെ നിസ്സഹായാവസ്ഥയും അതിന് പരിഹാരമായി നല്‍കപ്പെട്ട സഞ്ചാരമാധ്യമവും ഓര്‍മിപ്പിക്കുകയാണ് ഇവിടെ. ഒപ്പം അതെത്രമാത്രം വലിയ അനുഗ്രഹമാണെന്ന യാഥാര്‍ഥ്യവും.
ഖുര്‍ആന്‍ പറയുന്നു: ‘കടുത്ത ശാരീരിക പ്രയാസത്തോടെയല്ലാതെ നിങ്ങള്‍ക്ക് ചെന്നെത്താനാവാത്ത നാട്ടിലേക്ക് അവ നിങ്ങളുടെ ഭാരങ്ങള്‍ ചുമന്നുകൊണ്ടുപോകുന്നു. നിങ്ങളുടെ നാഥന്‍ അതീവദയാലുവും പരമകാരുണികനുമാണ്'(അന്നഹ്ല്‍ 7)

ഭാഷാമുത്തുകള്‍

41-ാം സൂക്തത്തില്‍ വന്നിട്ടുള്ള ദുര്‍രിയ്യത് എന്ന പദം രണ്ട് ആശയങ്ങള്‍ ഒരേ സമയം പകര്‍ന്നുനല്‍കുന്നു: പൂര്‍വപിതാക്കളും അവരുടെ സന്താനങ്ങളും. കടലില്‍ യാത്രചെയ്യാനുള്ള അനുഗ്രഹം മനുഷ്യരാശിക്ക് മേല്‍ ചൊരിഞ്ഞവനാണ് അല്ലാഹു.

വിവേകമുത്തുകള്‍

മാ യര്‍കബൂന്‍ എന്ന പ്രയോഗത്തെ വിശദീകരിക്കാന്‍ മുന്‍കാല വ്യാഖ്യാതാക്കള്‍ ഒട്ടേറെ ഉദാഹരണങ്ങള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ടുദ്ദേശ്യം ഏതെങ്കിലും പ്രത്യേകരീതിയിലുള്ള ഗതാഗതരീതിയോ മാധ്യമമോ ആണെന്ന് വ്യക്തമാക്കുകയായിരുന്നില്ല. ഗതാഗതത്തിനായി മനുഷ്യന്‍ ഉപയോഗിച്ചിട്ടുള്ള, ഉപയോഗിച്ചുകൊണ്ടിരിക്കുന്ന, ഇനിയും വരാനിരിക്കുന്ന എല്ലാതരം ഗതാഗതോപാധികള്‍(കപ്പല്‍, ബഹിരാകാശവാഹനം അങ്ങനെ തുടങ്ങി അത്യന്താധുനികപേടകങ്ങള്‍) എല്ലാം അതില്‍പെടുന്നു. ഏതെങ്കിലും നിയതമായ ഗതാഗതസൗകര്യങ്ങളില്‍ അവന്റെ അനുഗ്രഹം പരിമിതപ്പെടുത്തിയില്ല. അതിനെ ഉപജീവിച്ചുകൊണ്ട് പുതുമാതൃകകള്‍ ആവിഷ്‌കരിക്കാനുള്ള സിദ്ധിവിജ്ഞാനം നല്‍കി.മനുഷ്യന്‍ അവന്റെ നാഗരികകണ്ടുപിടിത്തങ്ങള്‍ നടത്തുന്നതെല്ലാംതന്നെ അന്തിമമായി അല്ലാഹുവിന്റെ അനുഗ്രഹത്തില്‍പെട്ടതാണ്. എല്ലാറ്റിനുമുപരി, വികസിപ്പിക്കാനും പുതുമകള്‍ ആവിഷ്‌കരിക്കാനും കഴിയുന്ന ഒരു മനസ് മനുഷ്യന് നല്‍കിയെന്നത് ആര്‍ക്കാണ് നിഷേധിക്കാനാകുക?

അവസാനമായി, അല്ലാഹു മനുഷ്യനുനല്‍കിയിട്ടുള്ള സിദ്ധികള്‍ ലോകജനതയ്ക്ക് മാത്രമല്ല, ജന്തുവര്‍ഗങ്ങളുടെ നിലനില്‍പിനും അതിജീവനത്തിനും സഹായകരമാണെന്ന് മേല്‍സൂക്തങ്ങളിലൂടെ വ്യക്തമാകുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അവന്‍ തന്റെ ജീവികളില്‍ ചൊരിയുമ്പോള്‍ അതിന്റെ അനുരണനങ്ങള്‍ ചുറ്റുപാടും ഉണ്ടാകുന്നു.

Topics