ഇസ്മാഈല്‍ റജാ ഫാറൂഖി
സ്രഷ്ടാവും സൃഷ്ടിയും സത്താപരമായി രണ്ടു വ്യത്യസ്ത അസ്തിത്വങ്ങളാണ്. രണ്ടിനുമിടയില്‍ സാധ്യമാകുന്ന ഏകബന്ധം സ്രഷ്ടാവിന്റെ സൃഷ്ടി പൂര്‍ത്തീകരിക്കുക എന്നതാകുന്നു. സൃഷ്ടിയുടെ പരമമായ ലക്ഷ്യവും അതുതന്നെയത്രെ. ദൈവികേച്ഛയുടെ പൂര്‍ത്തീകരണം പ്രകൃത്യാ തന്നെ സൃഷ്ടിയില്‍ അന്തഃസ്ഥവും അനിവാര്യവുമാകുന്നു. ‘പ്രകൃതി നിയമങ്ങള്‍’ എന്ന് ശാസ്ത്രഞ്ജര്‍ വിളിക്കുന്നത് സൃഷ്ടിയില്‍ അന്തഃസ്ഥമായിട്ടുള്ള ഈ ഈശ്വരേച്ഛാനുസരണത്തെയാണ്.
സാമൂഹിക ക്രമമാണ് ദൈവിക നിയമങ്ങളുടെ മറ്റൊരു മണ്ഡലം. വെളിപാടു മുഖേന ആജ്ഞാപിക്കപ്പെട്ടിട്ടുള്ള സാമൂഹിക സദാചാര നിയമങ്ങള്‍ക്കനുസൃതമായി മനുഷ്യര്‍ തമ്മില്‍ സഹവര്‍ത്തിക്കുക എന്നതാണത്. സ്വന്തം ഇഷ്ടപ്രകാരം തന്നെ അതനുസരിക്കണം. അപ്പോഴേ അനുസരണം മൂല്യവത്താകുകയുള്ളൂ. മനുഷ്യനതു ലംഘിക്കാം. തന്റെ സ്രഷ്ടാവായ ദൈവത്തെ മുന്‍നിര്‍ത്തി സ്വമേധയാ സാക്ഷാത്കരിക്കുകയുമാവാം.
ഈയൊരു അനുസരണമാണ് മനുഷ്യന് ഇതര സൃഷ്ടികളെ അപേക്ഷിച്ച് മഹിമനല്‍കുന്നത്. ഈ ഗുണത്തെയാണ് മുസ്‌ലിംകള്‍ ധാര്‍മികം എന്നുവിളിക്കുന്നത്. അധാര്‍മികം ഇതിന്റെ വിപരീതമാണ്. ഇക്കാരണത്താലത്രെ ഖുര്‍ആന്‍ പറഞ്ഞത്: ‘ആകാശ ഭൂമികളുടെയും പര്‍വതങ്ങളുടെയും മേല്‍ ഈ ഉത്തരവാദിത്തം നാം പ്രദര്‍ശിപ്പിച്ചു. എന്നാല്‍ ഭയം നിമിത്തം അതേറ്റെടുക്കാന്‍ അവ വിസമ്മതിച്ചു. മനുഷ്യന്‍ അതേറ്റെടുത്തു'(33:72). ഇക്കാരണത്താല്‍ തന്നെ ഖുര്‍ആന്‍ ഇങ്ങനെയും കൂട്ടിച്ചേര്‍ത്തു: ‘ദൈവം ആദമിനെ സര്‍വവസ്തുക്കളുടെയും നാമങ്ങള്‍ പഠിപ്പിച്ചു’ (2:31). മലക്കുകളോട് ആദമിനെ നമിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.(2:34). ധര്‍മ നിയമാനുസരണം പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതിനാല്‍ മനുഷ്യന്‍ മാലാഖമാരേക്കാള്‍ ഉന്നത പദവിയുള്ളവനാകുന്നു.
മനുഷ്യന്റേത് പ്രാപഞ്ചിക ധര്‍മമാണ്. സ്ഥലകാലങ്ങളില്‍ ദൈവിക ഇച്ഛയുടെ ഉന്നത രൂപത്തെ സാക്ഷാത്കരിക്കല്‍. അതാണു ധാര്‍മികത. മനുഷ്യനു മാത്രം ചെയ്യാന്‍ കഴിയുന്നതാണത്.
സൃഷ്ടിപ്പിന്റെ ഉദ്ദേശ്യ പൂര്‍ത്തീകരണത്തിന് അഞ്ച് ഉപാധികള്‍ സാക്ഷാത്കരിക്കേണ്ടതുണ്ട്.
ഒന്ന്: ദൈവികാജ്ഞയുടെ ഉള്ളടക്കം സുജ്ഞാതമാവുക. ചുരുങ്ങിയ പക്ഷം അറിയാന്‍ കഴിയാവുന്നതാവുക.
രണ്ട്: സ്ഥലകാല പരിധിക്കകത്തു നിന്നുകൊണ്ട് ദൈവികാജ്ഞകള്‍ പ്രാവര്‍ത്തികമാക്കാന്‍ മനുഷ്യന്‍ കഴിവുള്ളവനായിരിക്കുക.
മൂന്ന്: സൃഷ്ടികളുടെ പ്രകൃതി പ്രവര്‍ത്തനം വഴി മനുഷ്യനു മാറ്റാന്‍ സാധിക്കുന്നതാവുക.
നാല്: വിധി നിര്‍ണയം ഉണ്ടായിരിക്കുക. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുകയും അനന്തര ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യുക.
അഞ്ച്: മനുഷ്യന്‍ നിറവേറ്റുന്ന ബാധ്യതകള്‍ അവ ഏതളവില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു എന്ന് കേവല നീതിയുടെ തോതുപയോഗിച്ച് തിട്ടപ്പെടുത്തപ്പെടുക.
മനുഷ്യനു നല്‍കിയിട്ടുള്ള സംവേദനേന്ദ്രിയങ്ങള്‍, വിവേചനാധികാരം, ആശയാവിഷ്‌കാരശേഷി, യുക്തിബോധം, ദിവ്യബോധനം എന്നിവ മേല്‍പറഞ്ഞവയില്‍ ഒന്നാമത്തെ ഉപാധിയുടെ പൂര്‍ത്തീകരണത്തെ സഹായിക്കുന്നു.
നന്മയായാലും തിന്മയായാലും മനുഷ്യന്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്കെല്ലാം ഉത്തരവാദി മനുഷ്യന്‍ തന്നെയാണെന്ന ഇസ്‌ലാമിന്റെ അധ്യാപനം രണ്ടാം ഉപാധിയെ സാധൂകരിക്കുന്നു. നിരവധി സാധ്യതകളില്‍ ഒന്നാണ് മനുഷ്യന്‍ തെരഞ്ഞെടുക്കുന്നത്. ഓരോ പ്രവൃത്തിയുടെയും കര്‍ത്താവ് തന്റെ ഉത്തരവാദിത്തത്തെ കുറിച്ചു ബോധവാനാണ്.
സൂര്യചന്ദ്രാദികള്‍ ഉള്‍പ്പടെ പ്രകൃതി മുഴുവന്‍ മനുഷ്യനു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നു ഇസ്‌ലാം പഠിപ്പിക്കുന്നു. (ഖുര്‍ആന്‍ 22:65; 31:20). ഇത് മൂന്നാമത്തെ ഉപാധിയെ തുണയ്ക്കുന്നു. കാര്യകാരണ ബന്ധത്തിന്റെ ആവശ്യകതയെ കുറിച്ചു ശാസ്ത്രവും തത്ത്വശാസ്ത്രവും പറയുന്നുണ്ട്. മനുഷ്യന് ഒരു ബാഹ്യകാരമായി പ്രകൃതിയില്‍ ഇടപെട്ടു പ്രവര്‍ത്തിക്കാന്‍ കഴിയും. പ്രകൃതിയെ മനുഷ്യനു വിധേയമാക്കി എന്നതിന്റെ സാരമിതാണ്.
ഓരോ മനുഷ്യനും തന്റെ പ്രവര്‍ത്തനഫലം ലഭിക്കുമെന്ന,് നാലാമത്തെ ഉപാധിയെ തുണച്ചുകൊണ്ട് ഇസ്‌ലാം പഠിപ്പിച്ചു. അത് സ്ഥലകാലപരിധിക്കകത്തോ പുറത്തോ ആവാം. ജനന ശേഷമാണ് മനുഷ്യന്‍ തന്റെ പ്രവൃത്തിക്ക് ഉത്തരവാദിയാകുന്നത്. ആദിപാപ സങ്കല്‍പത്തെ ഇസ്‌ലാം തള്ളിക്കളയുന്നു. സ്വന്തം പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് വ്യക്തിയുടെ മൂല്യം വിലയിരുത്തപ്പെടുന്നത്. ഒരാളുടെ കര്‍മഫലം മറ്റൊരാള്‍ക്ക് കൈമാറാനാവില്ല.
അല്ലാഹുവാണ് വിധി നിര്‍ണയിക്കുന്നത്. കേവല നീതിയുടെ തോതനുസരിച്ചാണത്. ആരോടും പക്ഷപാതമില്ല. സദ്പ്രവൃത്തികളുടെ ഘനം മാത്രമാണ് മാനദണ്ഡം. ഇസ്‌ലാമിന്റെ ഈ വീക്ഷണം അയഥാര്‍ത്ഥ ചിന്തയല്ല. കുലീന മനസ്‌കര്‍ മാത്രം ശ്രമിച്ചു നേടുന്നതും അല്ലാത്തവര്‍ അവഗണിക്കുന്നതുമായ സംഗതിയുമല്ല അത്. ചൊട്ടമുതല്‍ ചുടലവരെ നീളുന്ന മനുഷ്യ ജീവിതത്തിന്റെ മുഴുവന്‍ വശങ്ങളെയും സ്പര്‍ശിക്കുന്ന നിയമവ്യവസ്ഥയായ ‘ശരീഅത്തി’ലേക്ക് അതിനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു.
ഇസ്‌ലാമിന്റെ മൂല്യങ്ങള്‍ നിയമപ്രക്രിയയായി രൂപാന്തരപ്പെടുത്താനാവാത്ത സദാചാര തത്ത്വങ്ങളുടെ സംഘാതമല്ല. സുസ്ഥാപിത നിയമത്തിന്റെ മുഴുവന്‍ ശക്തിയുള്ള ഉത്തമ മൂല്യങ്ങള്‍ എന്ന നിലയ്ക്ക് ശരീഅത്തിനു നിത്യജീവിത യാഥാര്‍ത്ഥ്യമായി മാറാന്‍ സാധിച്ചു. അച്ചടിയുഗത്തിന്റെ ആയിരം വര്‍ഷം മുമ്പുതന്നെ സാക്ഷരനും നിരക്ഷരനും ഒരുപോലെ അതറിവായി. ജനങ്ങള്‍ അതു പഠിക്കുകയും പിന്തുടരുകയും ചെയ്തു. രാജാക്കന്‍മാരെയും ചെരുപ്പുകുത്തികളെയും അത് സ്വാധീനിക്കുകയും അതിന്റെ വകുപ്പുകള്‍ ഉപയോഗിച്ച് ദിനേന അനീതിയെ തിരുത്തുകയും അവകാശം വീണ്ടെടുക്കുകയും ചെയ്തു.
സാമൂഹികമായ നന്മ ജീവിതത്തിന്റെ ഭാഗമായി . നിയമത്തിന്റെ നിര്‍വഹണത്തില്‍ നിന്നാരംഭിക്കാത്ത ഒന്നും ആധ്യാത്മികതയായി വിഭാവന ചെയ്തില്ല. ഈ യാഥാര്‍ത്ഥ്യ ബോധം മുസ്‌ലിം ഭക്തിയെ ഉള്ളു പൊള്ളയായ സദാചാര വാദങ്ങളില്‍ നിന്നു രക്ഷിച്ചു. മിസ്റ്റിക്കുകളുടെ ഭാവനാ വിലാസങ്ങള്‍ക്കെതിരെ മുസ്‌ലിം ധാര്‍മികതയെ അതു സംരക്ഷിച്ചു.
ഏതാനും ചില കാര്യങ്ങളിലൊഴികെ, ഇസ്‌ലാമിക മൂല്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന നിയമങ്ങളുടെ അക്ഷരം പ്രതി മാറ്റമില്ലാതെ നിലനില്‍ക്കേണ്ടതാണെന്ന് പ്രസ്താവിക്കപ്പെട്ടിട്ടില്ല. നിയമത്തിനാധാരമായ മൂല്യങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കുമാണ് മാറ്റമില്ലാത്തത്. അടിസ്ഥാനതത്ത്വങ്ങളും പ്രമാണങ്ങളുമല്ലാത്ത നിയമത്തിന്റെ വിശദാംശങ്ങള്‍ പുനര്‍ഃവ്യാഖ്യാനത്തിനും വിപുലീകരണത്തിനും വിധേയമാണ്. മനുഷ്യന്റെ മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങള്‍ ഇത്തരം തുറസ്സിനെ അനിവാര്യമാക്കുന്നു. ശാശ്വതമായ ലക്ഷ്യങ്ങള്‍ നിറവേറുന്നതിനു വേണ്ടി പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള സന്നദ്ധത നിയമത്തിനുണ്ടാവണം. ശരീഅത്ത് ദൈവികമാവുന്നത് അതിന്റെ ചൈതന്യത്തിലാണ്; അക്ഷരങ്ങളിലല്ല. നിയമത്തിന്റെ അക്ഷരങ്ങള്‍ ആദരണീയമാകുന്നത് അത് ദൈവികവും ശാശ്വതവുമായ മൂല്യങ്ങളില്‍ നിന്ന് ഉരുവം പ്രാപിച്ചവ ആയതുകൊണ്ടാണ്.
മൂല്യങ്ങളെ നിയമവ്യവസ്ഥകളായി പരിവര്‍ത്തിപ്പിക്കുന്നതിനും മനുഷ്യന്റെ മാറിവരുന്ന ജീവിത സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശരീഅത്തിനെ പ്രാപ്തമാക്കുന്നതിനും ഖുര്‍ആന് നിയമവും അതിനെ നവീകരിക്കുന്നതിനുള്ള സംവിധാനവും പ്രദാനം ചെയ്തിട്ടുണ്ട്.
മൗലിക തത്ത്വങ്ങള്‍, നിയമത്തിനും അതിന്റെ സജീവമായ വളര്‍ച്ചയ്ക്കും ആവശ്യമായ മൂല്യങ്ങള്‍, രീതിശാസ്ത്രം എന്നിവ ദൈവികമായ ആധികാരികതയോടെ ഇസ്‌ലാം നല്‍കിയിരിക്കുന്നു. നവ സാഹചര്യങ്ങളെയും പ്രശ്‌നങ്ങളെയും കൈകാര്യം ചെയ്യാനുതകുംവിധം നിയമവളര്‍ച്ചയെ വ്യവസ്ഥാപിതമാക്കുക, ചരിത്രമാറ്റത്തിനൊത്ത് നിയമനിര്‍ധാരണത്തിന്റെ നൈരന്തര്യത്തെ സ്ഥാപനവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെ മുസ്‌ലിം സമൂഹം ‘ഉസ്വൂലുല്‍ ഫിഖ്ഹ്’ എന്ന ശാസ്ത്രശാഖയ്ക്ക് ജന്‍മം നല്‍കി. മാറ്റാവുന്നവയെയും മാറ്റാന്‍ പറ്റാത്തവയെയും വേര്‍തിരിക്കുക, മാറ്റത്തെ ചിട്ടപ്പെടുത്തുന്നതിനാവശ്യമായ ആധാരതത്ത്വങ്ങള്‍ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും കണ്ടെത്തുക ഇവ ഉസ്വൂലുല്‍ ഫിഖ്ഹിന്റെ ധര്‍മമായിരുന്നു.
ഖുര്‍ആന്റെയും സുന്നത്തിന്റെയും നിയമ പരിപ്രേക്ഷ്യങ്ങള്‍ (മഖാദിര്‍) മാറ്റമില്ലാത്തവയില്‍ പെടുന്നു. മൂലപാഠം എങ്ങനെയോ അങ്ങനെതന്നെ നിലനില്‍ക്കേണ്ടവയാണവ. ഖുര്‍ആന്റെയും സുന്നത്തിന്റെയും മൂലപാഠം ദൈവികവും അതിനാല്‍ തന്നെ മാറ്റവിധേയമല്ലാത്തതുമാണെന്ന് മുസ്‌ലിംകള്‍ക്ക് തീര്‍ച്ചയുണ്ട്. അതിന്റെ വിനിമയത്തില്‍ എന്തെങ്കിലും കലര്‍പ്പുകള്‍ ഉണ്ടാവുന്നത് അംഗീകരിക്കാനാവില്ല. കൂടുതല്‍ വ്യക്തതക്കുവേണ്ടിയുള്ള അര്‍ഥം വിശദീകരണമല്ലാതെ മറ്റൊന്നും ഇവയുടെ കാര്യത്തില്‍ സ്വീകാര്യമല്ല. എക്കാലത്തും മുസ്‌ലിംകള്‍ ഏകകണ്ഠമായി അംഗീകരിക്കുന്നതാണിത്. ഖുര്‍ആന്റെയും സുന്നത്തിന്റെയും നിയമസംബന്ധമായ ഉള്ളടക്കം കാലാനുസൃതമായി വികസിപ്പിക്കാവുന്നതാണെന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ യോജിക്കുന്നു. മാറ്റത്തിനാസ്പദമായ നിര്‍ധാരണ തത്ത്വങ്ങളിലും രീതിശാസ്ത്രത്തിലുമാണ് ഭിന്നാഭിപ്രായങ്ങള്‍ ഉടലെടുത്തത്. മൂലസ്രോതസ്സില്‍ നിന്ന് പുതിയ നിയമങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സാധുവായ മാനദണ്ഡങ്ങള്‍ വ്യവസ്ഥപ്പെടുത്തുന്നതിനു വേണ്ടിയാണ് ഉസ്വൂലുല്‍ ഫിഖ്ഹ് ഉണ്ടായത്.
‘ഇജ്മാഇ’നെയും ‘ഖിയാസി’നെയും സംബന്ധിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ല. എല്ലാ മദ്ഹബുകളും നിയമനിര്‍മാണത്തിന്റെ അടിസ്ഥാനപ്രമാണങ്ങളായി ഇവയെ അംഗീകരിക്കുന്നു. ഒരംഗീകൃത നിയമത്തെ സമാനമായ ഹേതുക്കള്‍ അന്തര്‍ലീനമായ പുതിയൊരു സംഗതിക്ക് ബാധകമാക്കുന്നതാണ് ഖിയാസ്. ഈ പ്രധാന മാനദണ്ഡത്തോട് താഴെ പറയുന്നവ കൂടി ഉസ്വൂലുല്‍ ഫിഖ്ഹ് കൂട്ടിച്ചേര്‍ത്തു.
1. പ്രയോജനപ്രദങ്ങളായ പ്രവര്‍ത്തനങ്ങളെല്ലാം നിയമവിധേയമാണ്. ഉപദ്രവകരമായ പ്രവര്‍ത്തനങ്ങളെല്ലാം നിയമവിരുദ്ധങ്ങളുമാണ്.
2. ഒരു നിയമം അത് പ്രയോജനകരമല്ലെന്നു തെളിയുന്ന സാഹചര്യം ഇല്ലാത്ത കാലത്തോളം സ്ഥിരമായി പ്രാബല്യമുള്ളതായിരിക്കും.
3. ശരീഅത്തില്‍ വ്യക്തമായ വിധിയില്ലാത്ത കാര്യങ്ങളില്‍ പൊതു നന്മയാണ് പരിഗണിക്കേണ്ടത്.
4. ഒരു കാര്യത്തിന്റെ നിയമസാധുത തീരുമാനിക്കുന്നത് അതിന്റെ ആത്യന്തിക ഫലം എന്തെന്നു നോക്കിയാണ്.
5. ഒരു പ്രത്യേക നിയമത്തില്‍ നിന്ന് സാമാന്യവത്കരണം വഴി ഒരു പൊതു നിയമം രൂപീകരിക്കാം. സാമാന്യവത്കരണത്തെ ചോദ്യം ചെയ്യുന്ന അപവാദങ്ങള്‍ പ്രസ്തുത നിയമത്തിനില്ലാത്ത പക്ഷം.
6. ശരീഅത്തിന്റെ ഉദ്ദേശ്യം നന്നായി നിറവേറ്റാന്‍ പര്യാപ്തമാണെങ്കില്‍ പ്രബലമായ ഖിയാസിനേക്കാള്‍ ദുര്‍ബലമായ ഖിയാസിനു മുന്‍ഗണന നല്‍കാം.
7. നാട്ടാചാരങ്ങളും അംഗീകൃത സമ്പ്രദായങ്ങളും നിയമനിര്‍മാണത്തിന് സ്രോതസ്സായി സ്വീകരിക്കാം.
പ്രസക്തമായ വസ്തുതകളില്‍ നിന്ന് നിയമനിര്‍ധാരണം ചെയ്യുന്നതിന് നിയമപ്രാബല്യമുള്ള ഒരു രീതിശാസ്ത്രം ഇപ്രകാരം ഉസ്വൂലുല്‍ഫിഖ്ഹ് സ്ഥാപിച്ചിട്ടുണ്ട്. സമൂഹത്തിന്റെ പൊതു സുരക്ഷയ്ക്കാവശ്യമായ പ്രായോഗിക മാര്‍ഗങ്ങള്‍ ഉരുത്തിരിച്ചെടുക്കുന്നതിന് ഇതുസഹായകമാണ്.
ചരിത്രത്തില്‍ അടിഞ്ഞുകൂടി നിര്‍ജീവമായിപ്പോയ ഒരു നിയമസംഹിതയെ കുറിച്ചല്ല നാം പറഞ്ഞു വരുന്നത് എന്ന് ഇതില്‍ നിന്നു വ്യക്തമാണ്. ഏതവസ്ഥയിലും മാറിമറിഞ്ഞു പോകുന്ന ഒരയഞ്ഞ വ്യവസ്ഥയെ കുറിച്ചുമല്ല നാം പറയുന്നത്. സുസ്ഥിര തത്ത്വങ്ങളിലും മൂല്യങ്ങളിലും പടുത്തുയര്‍ത്തപ്പെട്ട നിയമങ്ങളാണ് ഇസ്‌ലാമിന്റേത്. മനുഷ്യന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് അതിന്റെ പ്രയോഗം വികസിതമായിട്ടുണ്ട്. അടിസ്ഥാന തത്ത്വങ്ങളുടെയും മൂല്യങ്ങളുടെയും സുസ്ഥിരത അതോടൊപ്പം അതുറപ്പുവരുത്തുകയും ചെയ്യുന്നു.
‘കള്‍ച്ചറല്‍ അറ്റ്‌ലസ് ഓഫ് ഇസ്‌ലാമി’ല്‍ നിന്ന്
സംഗ്രഹ വിവര്‍ത്തനം:
എ.കെ. അബ്ദുല്‍ മജീദ്
Add Comment