ഇമാം ശാഫിഈ

ഇമാം ശാഫിഈയുടെ വിദ്യാഭ്യാസചിന്തകള്‍

ആധുനികരും പൗരാണികരുമായ ഇസ്‌ലാമിക പണ്ഡിതര്‍ വിദ്യാഭ്യാസത്തെയും അതിന്റെ മൗലിക ഘടകങ്ങളെയും നിര്‍വചിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം ശാഫിഈയുടെ അധ്യാപനം, രചനകള്‍ എന്നിവ പഠനവിധേയമാക്കിയാല്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസചിന്തകള്‍ മനസ്സിലാക്കാനാകും. ഇമാം ശാഫിഈയുടെ ബഹുമുഖ പ്രതിഭയെ സംബന്ധിച്ച് പഠനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ വിദ്യാഭ്യാസചിന്തകള്‍ക്ക് അവയില്‍ കാര്യമായ ഇടംലഭിച്ചിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. 1980 -കള്‍ക്ക് ശേഷമാണ് ഈ മേഖലയില്ുള്ള പഠനങ്ങള്‍ തുടക്കംകുറിക്കപ്പെട്ടത്. അത്തരം അക്കാദമിക പഠനങ്ങള്‍ ലോകംകണ്ട പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണന്‍ എന്ന പദവിയിലേക്ക് അദ്ദേഹത്തെ എത്തിക്കുമെന്നതില്‍ സംശയമില്ല.

വിദ്യാഭ്യാസ പ്രവര്‍ത്തനം ചില മൗലികസ്തംഭങ്ങളിലാണ് നിലകൊള്ളുന്നത്. വിജ്ഞാനം, വിദ്യാര്‍ഥി, അധ്യാപകന്‍, സിലബസ്, പഠനമാധ്യമം, അഡ്മിനിസ്‌ട്രേഷന്‍ എന്നിവ അവയ്ക്ക് ഉദാഹരണമാണ്. ഇവ പരസ്പരപൂരകങ്ങളാണ്. വിദ്യാഭ്യാസപ്രവര്‍ത്തനം വിജയിക്കാനുള്ള അടിത്തറകളും ഇവയാണ്. ഇമാം ശാഫിഈ ഇവയെ സംബന്ധിച്ച് തന്റെ പ്രഭാഷണങ്ങളിലും രചനകളിലും വിശദീകരിച്ചിട്ടുണ്ട്.

വിജ്ഞാനം

വിജ്ഞാനത്തിന്റെ യാഥാര്‍ഥ്യം, വിജ്ഞാന സ്‌നേഹം, പണ്ഡിതരുടെ ഔന്നത്യം എന്നിവയെക്കുറിച്ച് ഇമാം ശാഫിഈ ധാരാളം പ്രതിപാദിച്ചിട്ടുണ്ട്. വിജ്ഞാനസമ്പാദനത്തെ സ്വര്‍ഗത്തിലേക്കുള്ളവഴിയായും മഹത്തായ ഇബാദത്തായും അദ്ദേഹം വിശേഷിപ്പിച്ചു. വിജ്ഞാനത്തിന്റെ അഭാവത്തില്‍ മനുഷ്യനില്‍ സത്യാസത്യ വിവേചനശക്തി നഷ്ടപ്പെടും. അദ്ദേഹം പറയുന്നു: ‘ സുന്നത്ത് നമസ്‌കാരത്തേക്കാള്‍ ശ്രേഷ്ഠമാണ് വിജ്ഞാന സമ്പാദനം’. ‘ഇഹലോകമുദ്ദേശിക്കുന്നവനും വിജ്ഞാനം നിര്‍ബന്ധമാണ്. പരലോകം ഉദ്ദേശിക്കുന്നവനും വിജ്ഞാനം നിര്‍ബന്ധമാണ്. പണ്ഡിതന്‍ തനിക്കറിവുള്ളതിനെക്കുറിച്ചും അറിവില്ലാത്തതിനെക്കുറിച്ചും ചോദിക്കപ്പെടുന്നതാണ്. അതുവഴി അറിവുള്ള കാര്യങ്ങള്‍ സ്ഥിരപ്പെടും. അറിയാത്തവ പഠിക്കാനും കഴിയും. എന്നാല്‍ പാമരന്‍ വിദ്യാഭ്യാസത്തെയും പഠനത്തെയും വെറുക്കുകയാണ് ചെയ്യുക.’ അദ്ദേഹം പണ്ഡിതന്‍മാരെ സമൂഹത്തിന്റെ മുന്‍നിരയിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. അവര്‍ സമൂഹത്തിന്റെ പ്രകാശഗോപുരങ്ങളാണ്. ‘വൈദ്യനും പണ്ഡിതനുമില്ലാത്ത നാട് താമസയോഗ്യമല്ല’ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വിജ്ഞാനം അഗാധമായ പാരാവാരമാണ്. എല്ലാ നല്ല വിജ്ഞാനങ്ങളും സമ്പാദിക്കാന്‍ അദ്ദേഹം ആവശ്യപ്പെടാറുണ്ടായിരുന്നു. വിജ്ഞാനസ്‌നേഹവും ചിന്താപരമായ ഔന്നത്യവും വ്യക്തിത്വത്തിന്റെ സുപ്രധാനവശങ്ങളാണ്.

വിദ്യാര്‍ഥി

വിദ്യ നേടുന്നവന് ചില നിബന്ധനകള്‍ അദ്ദേഹം കവിതയിലൂടെ നിഷ്‌കര്‍ഷിക്കുന്നത് കാണാം: ‘സഹോദരാ, ആറ് കാര്യങ്ങളില്ലെങ്കില്‍ വിദ്യ നേടല്‍ അസാധ്യം. അവ ഞാന്‍ നിനക്ക് സവിസ്തരം വിശദീകരിച്ചുതരാം. ബുദ്ധിവൈഭവവും അഭിവാഞ്ഛയും അത്യധ്വാനവും മിതഭാഷണവും ഗുരു സഹവാസവും ദീര്‍ഘകാലവുമാണവ.’
വിദ്യാര്‍ഥിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധാര്‍ഹവും പഠനാര്‍ഹവുമാണ്. ഹ്രസ്വകാലം കൊണ്ടും മിതബുദ്ധി കൊണ്ടുമുള്ള വിദ്യഭ്യാസ പ്രക്രിയയാണ് ഇന്ന് സമൂഹത്തിന് പഥ്യം. വേദനാജനകമായ വിപര്യയമാണിത്. ആരും ജനിക്കുന്നത് പണ്ഡിതനായിട്ടല്ലെന്നും ഈ ഘടകങ്ങളെല്ലാം ഒത്തുപോകുമ്പോഴാണ് വിജ്ഞാനത്തിന്റെ ഉച്ചിയിലെത്തുകയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അദ്ദേഹം പറഞ്ഞു: ‘ആഗ്രഹമാണ് പ്രതലം, വിജ്ഞാനമാണതിലെ വിത്ത് . അതാവട്ടെ, അധ്വാനം കൊണ്ടല്ലാതെ ലഭ്യവുമല്ല.'(തുടരും)

അബ്ദുസ്സലാം പുലാപ്പറ്റ

About the author

padasalaadmin

Add Comment

Click here to post a comment

Topics