കുടുംബം-ലേഖനങ്ങള്‍

അന്യനാട്ടില്‍ചെന്ന് രഹസ്യവിവാഹം ?

വ്യാപാരം, വിദ്യാഭ്യാസം, ജോലി തുടങ്ങി വിവിധ ലക്ഷ്യസാക്ഷാത്കാരങ്ങള്‍ക്കായി കുടുംബത്തെ വിട്ടുപിരിഞ്ഞ് അന്യദേശത്തേക്ക് യാത്രതിരിക്കുന്ന വിശ്വാസികള്‍ അവിടെനിന്ന് നാട്ടുകാരറിയാതെ മറ്റൊരു വിവാഹം കഴിക്കുകയും ഏറെക്കാലംകഴിഞ്ഞ് അതെല്ലാം ഉപേക്ഷിച്ച് തിരിച്ചുവരുന്ന സംഭവങ്ങള്‍ ഇപ്പോഴുമുണ്ട്. കേരളത്തില്‍ പോലും ജില്ലയ്ക്ക് പുറത്ത് മറ്റൊരു വിവാഹംകഴിച്ച് വൈകാതെ അവരെ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം രഹസ്യവിവാഹങ്ങള്‍ ദീന്‍ അംഗീകരിക്കുന്നുണ്ടോയെന്ന് പലരും ചോദ്യമുന്നയിച്ചുകൊണ്ടിരിക്കുന്നു. അതെക്കുറിച്ച വിശദാംശങ്ങളാണ് ഇവിടെ കുറിക്കാനുദ്ദേശിക്കുന്നത്.

പൊതുസമൂഹം ആക്ഷേപകരവും അധമവുമായി കാണുന്ന പ്രവൃത്തികളാണ് ആളുകള്‍ രഹസ്യമായി ചെയ്യാന്‍ തുനിയുന്നത്. അധ്യാപകര്‍, പ്രബോധകര്‍ തുടങ്ങി ഇസ്‌ലാമിനെ പ്രതിനിധാനംചെയ്യുന്ന ആളുകള്‍പോലും മതത്തെ വികലമായി കാണിക്കുംവിധമുള്ള അത്തരം രഹസ്യപ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുവെന്നതാണ് ഏറെ ഖേദകരം. കാരണം, പാമരജനത്തിന്റെ വഴികേടിന് അവര്‍ കാരണഭൂതരാവുകയാണ്. അത്തരക്കാരെ ആ ചെയ്തികളുടെ പേരില്‍ അല്ലാഹു വിചാരണചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. അറിവുണ്ടായിട്ടും അല്ലാഹുവിന്റെ കല്‍പനകളെയും മുഹമ്മദ് നബിയുടെ ചര്യകളെയും തള്ളിക്കളയുകയാണവര്‍ ചെയ്യുന്നത്.

സദ്പ്രവൃത്തികള്‍ ദുഷ്പ്രവൃത്തികളെ ഇല്ലാതാക്കുന്നുവെന്ന് എല്ലാ വിശ്വാസികള്‍ക്കുമറിയാം. അല്ലാഹു പറയുന്നു:’ സദ്‌വൃത്തികള്‍ ദുര്‍വൃത്തികളെ ദൂരീകരിക്കും'(ഹൂദ് 114). അഞ്ചുനേരം നമസ്‌കാരത്തിനായി തയ്യാറെടുക്കുന്നതും അത് നിര്‍വഹിക്കുന്നതും ദൈവസ്മരണ നിലനിറുത്തുകയും തെറ്റുകളില്‍നിന്ന് മനുഷ്യനെ അകറ്റുകയും ചെയ്യും. മാത്രമല്ല, ദുശീലങ്ങളിലകപ്പെടാതെ അവനെ പരിരക്ഷിക്കുകയുംചെയ്യും. ദുര്‍വൃത്തികളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെങ്കില്‍ നാം സദാ സദ്‌വിചാരങ്ങളിലും വാക്കര്‍മങ്ങളിലും മുഴുകണം. അങ്ങനെയെങ്കില്‍ ഈ ജീവിതകാലയളവില്‍ നമ്മില്‍ വന്നുചേര്‍ന്നേക്കാവുന്ന സകലതിന്‍മകളില്‍നിന്നും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ രക്ഷപ്പെടാം.

മേല്‍പറഞ്ഞതിന് ഒരു മറുവശംകൂടിയുണ്ട്. അക്കാര്യത്തെപ്പറ്റി് എപ്പോഴെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ? അതായത്, ദുര്‍വൃത്തികള്‍ സദ്കൃത്യങ്ങളെ നിര്‍വീര്യമാക്കുകയും ഇല്ലാതാക്കുകയും ചെയ്യുമെന്ന കാര്യം. പണ്ഡിതനായ അബ്ദുര്‍റസ്സാഖ് തന്റെ മുസന്നഫില്‍ ഇങ്ങനെ ഉദ്ധരിക്കുന്നു: ‘അബൂ ഇസ്ഹാഖില്‍നിന്ന്, മഅ്മര്‍ , സുഫ്‌യാനുസ്സൗരി റിപോര്‍ട്ടുചെയ്യുന്നു. അബൂഇസ്ഹാഖിന്റെ ഭാര്യ ഒരു സംഘം സ്ത്രീകളോടൊപ്പം ആഇശ(റ)യെ സന്ദര്‍ശിച്ചു. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു:’വിശ്വാസികളുടെ മാതാവേ, എനിക്കൊരു അടിമപ്പെണ്‍കുട്ടിയുണ്ടായിരുന്നു. വൈകാതെ പൈസതരണം എന്ന നിബന്ധനയില്‍ ഞാനവരെ സൈദ് ബ്‌നു അര്‍ഖമിന് 800 ദിര്‍ഹമിന് വിറ്റു. ഒട്ടുംവൈകാതെ 600 ദിര്‍ഹമിന് അത് തിരികെ വാങ്ങി . ആ 600 അപ്പോള്‍തന്നെ കൊടുത്ത് 800 കടമുണ്ടെന്ന് രേഖപ്പെടുത്തി.’ ഇതുകേട്ട ആഇശ(റ) ഇങ്ങനെ പ്രതികരിച്ചു:’അല്ലാഹുവാണ, എത്ര മോശമായ സമ്പാദ്യമാണ് നീ നേടിയത്! എത്ര നീചമായ കാര്യമാണ് നീ നടത്തിയത്! സൈദുബ്‌നു അര്‍ഖമിനോട് പോയി നീ പറയണം, ഉടന്‍ തൗബ ചെയ്തില്ലെങ്കില്‍ നബിയോടൊപ്പം ചേര്‍ന്ന് നടത്തിയ ജിഹാദ് അസാധുവാകുമെന്ന്'(അബ്ദുര്‍റസ്സാഖ് അല്‍ മുസന്നഫ് 8/185)

പലിശ തിന്നാനായി ഇരുവരും നടത്തിയ ശ്രമത്തെ ആഇശ(റ)യെന്ന മഹതി ഇടപെട്ട് തടഞ്ഞതെങ്ങനെയെന്ന് നോക്കൂ. അല്ലാഹു കടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തു. നിഷിദ്ധമായ ഈ സംഗതിയില്‍ പങ്കുകൊണ്ട സൈദിനോട് തൗബചെയ്തില്ലെങ്കില്‍ ദീനിന് വേണ്ടി നടത്തിയ ജിഹാദ് പാഴാകുമെന്ന് അവര്‍ തുറന്നടിച്ചു. മാത്രമല്ല, തൗബയുടെ വാതില്‍ തുറന്നുകിടക്കുന്നുവെന്ന് ഓര്‍മിപ്പിച്ചു. മഹതിയുടെ സമീപനം തികച്ചും സന്തുലിതമാണ്. നന്‍മനിറഞ്ഞ പ്രവൃത്തികളെ തിന്‍മ ഇല്ലായ്മ ചെയ്യുമെന്ന് ഈ സംഭവം നമ്മെ എളുപ്പത്തില്‍ ബോധ്യപ്പെടുത്തുന്നു. മരണവേളയിലുള്ളതല്ലാത്ത തൗബ സ്വീകരിക്കപ്പെടുമെന്നും അല്ലാഹു അങ്ങേയറ്റം പൊറുത്തുകൊടുക്കുന്നവനുമാണെന്നും തെര്യപ്പെടുത്തുന്നു.
താല്‍ക്കാലികവും രഹസ്യസ്വഭാവമുള്ളതുമായ വിവാഹം സ്ത്രീകളുടെ അന്തസ്സിനും അവകാശങ്ങള്‍ക്കും നേരെയുള്ള പുരുഷന്‍മാരുടെ കയ്യേറ്റമാണെന്നതില്‍ സംശയമില്ല. യൂറോപ്പിലും അമേരിക്കയിലും എത്തിച്ചേരുന്നവരില്‍ ഇസ്‌ലാമികപ്രബോധനം നിര്‍വഹിക്കുന്ന പണ്ഡിതഗണത്തില്‍പെട്ട പലരും രഹസ്യവിവാഹങ്ങള്‍ക്ക് തുനിഞ്ഞിറങ്ങുന്നത് പല വിശ്വാസികളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അക്കൂട്ടത്തില്‍പെട്ട ചിലര്‍ ദീര്‍ഘകാലവാസം കഴിഞ്ഞ് നാട്ടിലേക്ക് ഏകനായി തിരിച്ചുചെല്ലുന്നു. ഇത് ഇസ്‌ലാം പഠിപ്പിച്ച ദാമ്പത്യജീവിതത്തിന്റെ ആത്മാവിനെതിരാണ്. രഹസ്യവിവാഹത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരായ സ്ത്രീകളെ ചൂഷണംചെയ്യുന്ന നടപടിയാണിത്. കടംകൊടുക്കുകയെന്ന തികച്ചും മാനുഷികമൂല്യത്തിലധിഷ്ഠിതമായ വ്യവഹാരം പ്രോത്സാഹിപ്പിക്കാതെ, പ്രയാസപ്പെട്ടവനെ കുരുക്കുന്ന ഹറാമായ പലിശയ്ക്ക് കൂട്ടുനില്‍ക്കുന്നതുപോലെയാണ് നിസ്സഹായരായ സ്ത്രീകളെ മുതലെടുക്കുന്ന താല്‍ക്കാലിക-രഹസ്യവിവാഹങ്ങളെ ന്യായീകരിക്കുന്നതും.

ഇസ്‌ലാമിലെ വിവാഹം

ഇസ്‌ലാമിലെ വിവാഹം മഹനീയകര്‍മമാണ്. നന്‍മകളാല്‍അറിയപ്പെട്ട മത-സാമൂഹികചട്ടക്കൂടുകളില്‍നിന്നുകൊണ്ട,് അതിലേര്‍പ്പെടുന്ന ഇരുകക്ഷികളോടും ഗുണകാംക്ഷപുലര്‍ത്തുന്ന രീതിയില്‍ നിര്‍വഹിക്കപ്പെടുമ്പോള്‍ അത് കുലീനപ്രവൃത്തിയായി ഗണിക്കപ്പെടുന്നു. അന്നിസാഅ് അധ്യായത്തിലെ സൂചനകളനുസരിച്ച് അടിമസ്ത്രീയെ വിവാഹംചെയ്യുമ്പോള്‍ പോലും അവളുടെ കുടുംബത്തിന്റെ അറിവും സമ്മതവും ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. അവള്‍ക്കുള്ള മഹ്ര്‍ നിര്‍ണയിച്ചിരിക്കണം. പങ്കാളിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ അവര്‍ക്ക് ദുരന്തങ്ങള്‍ മാത്രം സമ്മാനിക്കുംവിധം കേവലആസ്വാദനത്തിനായി നടത്തുന്ന അഗമ്യഗമനവും, അമിതലൈംഗികതയും വ്യഭിചാരവും ഇസ്‌ലാം വിലക്കിയിരിക്കുന്നു. പലിശ തിന്നാനായി കണ്ടെത്തുന്ന ഉപായംപോലെ, ആസ്വാദനത്തിനുള്ള ഉപായമാണ് രഹസ്യവിവാഹം എന്ന് പറയേണ്ടിവരുന്നത് അതുകൊണ്ടാണ്.

ദാമ്പത്യം എന്നത് രണ്ട് കക്ഷികള്‍ തമ്മിലുള്ള വൈയക്തിക-സാമൂഹിക ഉടമ്പടിയാണ്. ഇതിലേതെങ്കിലുമൊന്നായി അതിനെ പരിമിതപ്പെടുത്താന്‍ കഴിയില്ല. സമൂഹത്തില്‍ അന്തസ്സും അഭിമാനവും പരിരക്ഷിക്കപ്പെടുംവിധം, സന്താനങ്ങളെ വളര്‍ത്താന്‍ കഴിയുമാറ് നിയമ-സാമൂഹിക-ഭൗതികസാഹചര്യങ്ങളുടെതായ അനുകൂലാന്തരീക്ഷം വിവാഹത്തിലൂടെയാണ് സാധ്യമാകുന്നത്. കുടുംബത്തിനകത്ത് താല്‍ക്കാലിക ബന്ധങ്ങളല്ല ഉള്ളത്. ആ കുടുംബം മറ്റു കുടുംബങ്ങളിലേക്ക് ബന്ധത്തെ കൂട്ടിച്ചേര്‍ക്കുന്നു. അങ്ങനെ ബൃഹത്തായ കുടുംബബന്ധങ്ങളെ സൃഷ്ടിക്കുന്നു. അതുവഴി സന്താന-ബന്ധുജനങ്ങള്‍ ഇരട്ടിക്കുന്നു. അവര്‍ പരസ്പരം ക്ഷേമകാര്യങ്ങള്‍ തിരക്കുകയും ശാരീരിക-മാനസിക- സാമ്പത്തിക പ്രയാസങ്ങളെ ലഘൂകരിക്കുകയുംചെയ്യുന്നു. ഭാര്യയും ഭര്‍ത്താവുമെന്ന നിലക്ക് രണ്ട് വ്യക്തികളുടെ ജീവിതത്തിലുണ്ടാവുന്ന സമ്മര്‍ദ്ദങ്ങളെ മറികടക്കാനും അതേസമയംതന്നെ ഭാര്യാ-ഭര്‍തൃബന്ധത്തെ ശക്തിപ്പെടുത്താനും അത് വഴിയൊരുക്കുന്നു. വിവാഹമെന്ന കരാര്‍പോലും ഭാര്യയുടെ ജീവിതാവസാനം വരെയും അവര്‍ക്ക് സംരക്ഷണവും ജീവിതവിഭവങ്ങളും നല്‍കാമെന്ന ഉറപ്പിന്‍മേലുള്ളതാണ്. അതിനാല്‍തന്നെ ഒരു പ്രത്യേകഘട്ടം കഴിഞ്ഞാല്‍ അവസാനിപ്പിക്കുമെന്നുറപ്പുള്ള വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്നത് സമുദായ-മതനേതൃത്വത്തിന് ഭൂഷണമല്ല. താല്‍ക്കാലികലക്ഷ്യം മാത്രമുള്ള രഹസ്യവിവാഹങ്ങള്‍ക്ക് മുതിരുന്ന ചില സമ്പന്നരായ ആളുകള്‍ ആ സ്ത്രീക്ക് ലക്ഷങ്ങളോ കോടികളോ വിലയുള്ള സ്വത്ത് നല്‍കിയെന്ന് വന്നാല്‍തന്നെയും അത് വിവാഹത്തെ സാധുവാക്കുന്നില്ലെന്ന് തിരിച്ചറിയേണ്ടതാണ്. കാരണം, ആ സമ്പത്ത് ഉപയോഗിച്ച് മറ്റൊരാളുമായുള്ള വിവാഹത്തിന് അവളെ സഹായിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടിയിരുന്നത്.

സ്ത്രീയുടെയും പുരുഷന്റെയും അവിഹിതസംഗമങ്ങളെ തടഞ്ഞ് അവര്‍തമ്മില്‍ കുലീനബന്ധം പുലര്‍ത്താന്‍ വിവാഹം സഹായിക്കുന്നു. അത് സ്ത്രീയുടെയും പുരുഷന്റെയും സ്വകാരത്യതയ്ക്കും പ്രേമപ്രകടനങ്ങള്‍ക്കും തദടിസ്ഥാനത്തില്‍ അനന്തരഗാമികള്‍ക്കുമുള്ള അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നു. ഒരു സ്ത്രീയും പുരുഷനും എന്തടിസ്ഥാനത്തില്‍ ഒരുമിച്ചുജീവിക്കുന്നു എന്നത് അയല്‍ക്കാരും സമുദായാംഗങ്ങളുംഅറിയേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ദമ്പതികളുടെ ജീവിതത്തെ പൊതുസമൂഹത്തിന് അംഗീകരിക്കാനും ആശീര്‍വദിക്കാനും കഴിയുകയുള്ളൂ. അതേസമയം, രഹസ്യവിവാഹത്തില്‍ സ്ത്രീയുടെ വൈയക്തികാവകാശം മാത്രമല്ല, സമുദായാവകാശവും ഹനിക്കപ്പെടുകയാണ്. സമൂഹം അവള്‍ക്കെതിരില്‍ ആക്ഷേപം ചൊരിയും. കുത്തുവാക്കുകള്‍ കൊണ്ട് അവളെ നോവിക്കും. പരിഹാസക്കണ്ണുകളോടെ അവളെ വീക്ഷിക്കും. ഇതെല്ലാം സാമൂഹികഭദ്രതയ്ക്ക് കളങ്കമേല്‍പിക്കുമെന്നതില്‍ യാതൊരുസംശയവുമില്ല. അമേരിക്കന്‍ സ്റ്റൈല്‍ ഫാസ്റ്റ് ഫുഡ് സംസ്‌കാരം ഭക്ഷ്യസുരക്ഷയ്ക്ക് പരിക്കേല്‍പിച്ചതുപോലെ, പെണ്ണിനെ ‘വ്യക്തി- സമൂഹ മൂലധനം’ ആയി കണക്കാക്കുന്ന സാമൂഹികകാഴ്ചപ്പാട് രഹസ്യവിവാഹങ്ങളിലൂടെയും താല്‍ക്കാലികബന്ധങ്ങളിലൂടെയും അവളുടെ ശാരീരിക-മാനസികാരോഗ്യത്തിന് പരിക്കേല്‍പിക്കുകതന്നെ ചെയ്യും. അതുവഴി സമൂഹത്തിനും.

നിങ്ങള്‍ വിവാഹം പരസ്യമാക്കണമെന്ന് നബിതിരുമേനി (സ) കല്‍പിക്കുകയുണ്ടായി (സുനനുന്നസാഈ 3369, മുസ്‌നദ് അഹ്മദ്15697). വിവാഹം പരസ്യമായിരിക്കണമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. പ്രവാചകന്‍ നബിതിരുമേനിയും അനുയായികളും താബിഉകളും അങ്ങനെയായിരുന്നു വിവാഹജീവിതത്തിലേക്ക് കടന്നിരുന്നത്. സ്വഹാബാക്കളോ ആദ്യകാലപണ്ഡിതന്‍മാരോ രഹസ്യവിവാഹത്തിലേര്‍പ്പെടുകയോ അതിന് കൂട്ടുനില്‍ക്കുകയോ ചെയ്തിട്ടില്ല. ഉമര്‍ (റ), ഉര്‍വത്ബ്‌നു സുബൈര്‍(റ), ഉബൈദുല്ലാഹിബ്‌നു അബ്ദില്ല(റ), ആമിറുശ്ശഅബി(റ) തുടങ്ങി സ്വഹാബാക്കള്‍ രഹസ്യവിവാഹത്തെ എതിര്‍ത്തിരുന്നതായി ‘മുഗ്‌നി’യിലെ കിതാബുന്നികാഹ് എന്ന അധ്യായത്തില്‍ കാണാം. വിവാഹത്തിന്റെ സാധുതയ്ക്ക് പരസ്യപ്പെടുത്തല്‍ ഉപാധിയല്ലെന്ന് വാദിക്കുന്ന പണ്ഡിതഭൂരിപക്ഷംപോലും അത് പരസ്യപ്പെടുത്തുന്നത് നല്ലതാണെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ചിലര്‍ അത് നിര്‍ബന്ധമാണെന്ന് വാദിക്കുന്നു.

ഇമാം സുഹ്‌രി പറയുന്നു: ‘ആരെങ്കിലും രഹസ്യവിവാഹത്തിന് തയ്യാറെടുക്കുകയും ,സഹായികളായിവരുന്ന സാക്ഷികളോട് അത് രഹസ്യമാക്കിവെക്കണമെന്ന് കല്‍പിക്കുകയുംചെയ്താല്‍ ആ സ്ത്രീയെയും പുരുഷനെയും വേര്‍പിരിക്കല്‍ നിര്‍ബന്ധമാണ്’
ഇമാം മാലിക് അഭിപ്രായപ്പെടുന്നു:’പരസ്യപ്പെടുത്താത്ത വിവാഹം വിവാഹമല്ല'(അല്‍ മുഗ്‌നി, കിതാബുന്നികാഹ്)
പരസ്യപ്പെടുത്തല്‍ നിര്‍ബന്ധമില്ലെന്ന് പറയുന്ന അഹ്‌ലുസ്സുന്നത്തിന്റെ പണ്ഡിതന്‍മാര്‍ പോലും വിവാഹം രഹസ്യമാക്കിവെക്കുന്നത് അംഗീകരിക്കുന്നില്ല. സുപ്രസിദ്ധപണ്ഡിതനായ ഇബ്‌നുതൈമിയ്യ രഹസ്യവിവാഹങ്ങളെ വ്യഭിചാരത്തോടാണ് ഉപമിച്ചിട്ടുള്ളത്(മജ്മൂഉല്‍ ഫതാവാ 32/102).

ചുരുക്കത്തില്‍ സുന്നി മുസ്‌ലിംലോകം താല്‍ക്കാലികവിവാഹ(അത് രഹസ്യമോ പരസ്യമോ ആയാല്‍പോലും)ത്തെ അപലപിക്കുന്നു. അത് സ്ത്രീകളുടെ അവകാശങ്ങളും അന്തസ്സും ഹനിക്കുന്നുവെന്നതാണ് കാരണം. മാത്രമല്ല, വിവാഹം എന്ന പരിപാവനകര്‍മത്തിന്റെ സദ്ഫലങ്ങളായ തലമുറകളുടെ സ്വഭാവ-വ്യക്തിസംസ്‌കരണത്തിന് താങ്ങുംതണലുമാകുന്ന കുടുംബജീവിതം, കുടുംബബന്ധം എന്നത് നിഷേധിക്കപ്പെടുകയാണ് അത്തരം സ്ത്രീകള്‍ക്ക്. മാത്രമല്ല, കുടുംബജീവിതത്തെ ലൈംഗികഉടമ്പടിമാത്രമായി ചുരുക്കുകയാണ് താല്‍ക്കാലിക- രഹസ്യവിവാഹം ചെയ്യുന്നത്. അത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം അപമാനകരമാണ്. അതിനാല്‍ സ്ത്രീകള്‍ അത്തരം വിവാഹങ്ങള്‍ക്ക് സമ്മതംമൂളരുത്. അവ്വിധമുള്ള ആലോചനകള്‍ വന്നാല്‍ അവര്‍ കുടുംബത്തിലെ മറ്റംഗങ്ങളുമായും സമുദായനേതൃത്വങ്ങളുമായി കൂടിയാലോചിക്കുക. എങ്കില്‍ മാത്രമാണ് അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുകയുള്ളൂ.
ദീന്‍ മുറുകെപ്പിടിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ ചെയ്യേണ്ടതിതാണ്: അല്ലാഹുവിന്റെ നിയമങ്ങളെ വളച്ചൊടിക്കാനും സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് വിധേയമാക്കാനും ഒരിക്കലും തുനിയരുത്. പൈശാചികമായ മോഹങ്ങളെ മനസ്സില്‍നിന്ന് തൂത്തെറിഞ്ഞ് ആത്മാര്‍ഥമായി പശ്ചാത്തപിച്ച് മടങ്ങാന്‍ ഇനിയും സമയം വൈകിയിട്ടില്ലെന്നോര്‍ക്കുക.

Topics