സ്ത്രീജാലകം

സ്ത്രീകള്‍ക്ക് മാത്രം

പ്രിയ സഹോദരിമാരേ, നിങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന് എനിക്കറിയില്ല. നിങ്ങളെ ഓരോരുത്തരെയും എനിക്ക് വ്യക്തിപരമായി പരിചയവുമില്ല. ‘ദീന്‍ ഗുണകാംക്ഷയാണ്’ എന്ന പ്രവാചക വചനത്താല്‍ പ്രചോദിതമാണ് എന്റെ വാക്കുകള്‍. തനിക്ക് പ്രിയങ്കരമായത് മറ്റുള്ളവര്‍ക്ക് കൂടി ലഭിക്കുന്നത് ഇഷ്ടപ്പെടുന്നവരാണല്ല യഥാര്‍ത്ഥ വിശ്വാസികള്‍. ഈ വചനങ്ങള്‍ നിങ്ങള്‍ക്ക് പകര്‍ന്ന് തരാന്‍ നിര്‍ബന്ധിതയാണ് ഞാന്‍. നിങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും, ഹൃദയം വേദന കൊണ്ട് നുറുങ്ങുന്നതും കണ്ടുകൊണ്ടിരിക്കുന്ന വേളയില്‍ ഈ ദൗത്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ എനിക്ക് സാധിക്കുകയില്ല.
അല്ലാഹുവിനായി ആരാധനകള്‍ അര്‍പിക്കുന്ന, നമസ്‌കരിക്കുകയും, സാഷ്ടാംഗം നമിക്കുകയും ചെയ്യുന്ന വിശ്വാസിനികളാണ് നിങ്ങള്‍ എന്നതില്‍ എനിക്ക് സംശയമില്ല. ഇസ്‌ലാമിന്റെ പേരില്‍ ആത്മാഭിമാനം നടിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നവര്‍ കൂടിയാണ് നാമെല്ലാവരും. പക്ഷേ, എന്റെ സഹോദരിമാരേ, അല്ലാഹുവില്‍ വിശ്വസിച്ച മുഹമ്മദ്(സ)യെ ദൂതനായി തൃപ്തിപ്പെട്ട, ഇസ്‌ലാമിനെ ദര്‍ശനമായി അംഗീകരിച്ച ഒരു സ്ത്രീക്ക് യോജിച്ച വസ്ത്രമാണോ നാം ധരിച്ചിരിക്കുന്നത്? ആകര്‍ഷകമായ വിധത്തില്‍ വസ്ത്രം ധരിച്ച്, ആരെയും പിടിച്ച് കുലുക്കുന്ന സുഗന്ധം തേച്ച് പുറത്തിറങ്ങുന്നത് വിശ്വാസിനികള്‍ക്ക് ചേര്‍ന്നതാണോ? പുരുഷന്മാരോട് ധാരാളമായി സംസാരിക്കുകയും, അവരുടെ കൂടെ തമാശപറഞ്ഞ് പൊട്ടിച്ചിരിച്ച് സമയം ചെലവഴിക്കുകയും ചെയ്യുന്നതിലെ യുക്തിയെന്താണ്? ഒരിക്കലുമില്ല, അല്ലാഹുവാണ, വിശ്വാസിനികള്‍ക്ക് ഒരു നിലക്കും ചേര്‍ന്ന ഗുണങ്ങളല്ല അവ.

നിന്റെ നാഥന്റെ വചനം നീ കേട്ടിരിക്കുമല്ലോ ‘പ്രവാചകരേ താങ്കള്‍ വിശ്വാസിനികളോട് പറയുക, അവര്‍ അവരുടെ കണ്ണുകള്‍ താഴ്ത്തുകയും ഗുഹ്യസ്ഥാനങ്ങള്‍ സംരക്ഷിക്കുകയും അലങ്കാരം പ്രദര്‍ശിപ്പിക്കാതിരിക്കുകയും ചെയ്യട്ടെ’. (അന്നൂര്‍ 31)
നീ അല്ലാഹുവിന്റെ അടിമകളില്‍ ഒരുവളാണെന്ന കാര്യം മറന്നുപോയോ? നീ അവന്റെ പിടിയില്‍ തന്നെയാണ്. അവന്റെ കല്‍പനകള്‍ നടപ്പാക്കുകയല്ലാതെ നിനക്ക് മറ്റു വഴിയില്ല. ‘അല്ലാഹുവോ, അവന്റെ പ്രവാചകനോ ഒരു കാര്യത്തില്‍ തീര്‍പ്പ് കല്‍പിച്ചാല്‍ അതില്‍ സ്വാതന്ത്ര്യമെടുക്കാന്‍ വിശ്വാസി-വിശ്വാസിനികള്‍ക്ക് അവകാശമില്ല. അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിച്ചവന്‍ വ്യക്തമായ വഴികേടില്‍ അകപ്പെട്ടത് തന്നെ'(അല്‍അഹ്‌സാബ് 36).

സ്വര്‍ഗത്തെയും അതില്‍ ഒരുക്കിവെച്ചിരിക്കുന്ന അനുഗ്രഹത്തെയും കുറിച്ച് ബോധ്യപ്പെടുകയും ശേഷം അതില്‍ പ്രവേശിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നവള്‍ ബുദ്ധിമതിയാണെന്ന് എനിക്ക് തോന്നുന്നില്ല. തിരുമേനി(സ) അരുള്‍ ചെയ്തത് ഇപ്രകാരമാണ് ‘രണ്ട് വിഭാഗം നരകവാസികളാണ്. അവയില്‍ രണ്ടാമത്തതേത് വസ്ത്രം ധരിച്ച, എന്നാല്‍ നഗ്നരായ സ്ത്രീകളാണ്. അവള്‍ ആടിക്കുഴഞ്ഞ്, ആകര്‍ഷണീയത വരുത്തുന്നവരാണ്. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ, അതിന്റെ പരിമളം ആസ്വദിക്കുകയോ ഇല്ല'( മുസ്‌ലിം).

സ്വര്‍ഗത്തില്‍ പ്രവേശിക്കാനോ, അതിന്റെ സുഗന്ധം ആസ്വദിക്കാനോ ആഗ്രഹിക്കാത്ത വല്ല ബുദ്ധിമതിയും ഭൂലോകത്തുണ്ടോ? അഴിഞ്ഞാട്ടം എന്നത് വന്‍പാപമാണെന്ന് അറിയില്ലാത്തവളാണ് നീയെങ്കില്‍, ഈ പ്രവാചക വചനം കൂടി വായിച്ചു നോക്കൂ:’മൂന്ന് വിഭാഗംപേരെക്കുറിച്ച് ചോദിക്കരുത് (അവര്‍ നശിച്ചു കഴിഞ്ഞെന്നര്‍ത്ഥം). ഭര്‍ത്താവ് കൂടെയില്ലാത്ത, എന്നാല്‍ ജീവിക്കാന്‍ ആവശ്യമായ വിഭവങ്ങളുള്ള സ്ത്രീ, പുറത്തിറങ്ങി അഴിഞ്ഞാടി നടക്കുന്നുവെങ്കില്‍ അവളെക്കുറിച്ച് പിന്നീട് ചോദിക്കേണ്ടതില്ല. സ്വന്തം ഇഷ്ടപ്രകാരം നാശത്തിലേക്കുള്ള വഴി സ്വീകരിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ?

നാം മുസ്‌ലിംകള്‍, സ്വയം ഹിജാബ് സ്വീകരിക്കുന്നില്ലെങ്കില്‍ പിന്നെ ആരാണ് ശരീഅത്ത് നിയമം നടപ്പിലാക്കാനുള്ളത്? മറ്റുള്ളവരോട് നമ്മുടെ ദീനിനെ ആദരിക്കണമെന്ന് നിര്‍ദേശിക്കാന്‍ നമുക്ക് എന്ത് അവകാശമാണുള്ളത്? നമ്മുടെ ദര്‍ശനത്തിന് വിരുദ്ധമായി നാം തന്നെ പ്രവര്‍ത്തിച്ചാല്‍ പിന്നെങ്ങനെയാണ് അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുക?

നീ സുന്ദരിയാവണമെന്നാണ് ആഗ്രഹിക്കുന്നത് എങ്കില്‍ മുസ്‌ലിം സ്ത്രീയുടെ അഴക് അവളുടെ ഹിജാബിലും, സ്വഭാവത്തിലും, വിനയത്തിലും, ലജ്ജയിലുമാണ് നീ തിരിച്ചറിയുക. നിന്റെ ഹിജാബ് നിന്റെ വിശ്വാസവും ലജ്ജയുമാണ്. നിന്റെ ഹിജാബ് നിന്റെ വിശുദ്ധിയും പാതിവ്രത്യവുമാണ്.

Topics