‘നാമെന്ത് പ്രവര്‍ത്തിക്കണം, എന്ത് പ്രവര്‍ത്തിക്കരുത്, എന്തൊക്കെ നമുക്കനുവദനീയമാണ്, ഏതൊക്കെ അനുവദനീയമല്ല, അനുയോജ്യവും അല്ലാത്തതുമേവ, ന്യായവും അന്യായവുമേത്’ ഇങ്ങനെയുള്ള സകലതും തീരുമാനിക്കാനുള്ള പൂര്‍ണാധികാരം അല്ലാഹുവിന് മാത്രമാണ്. നമ്മുടെ ജീവിതത്തിന് വല്ല നിയമവും നിര്‍മിക്കാന്‍ അല്ലാവുവിന്നല്ലാതെ മറ്റാര്‍ക്കും അവകാശമില്ല. നിയമം നിര്‍മിക്കാനുള്ള സ്വതന്ത്രമായ അവകാശം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കെങ്കിലും നല്‍കുകയോ അങ്ങനെ നിയമം നിര്‍മിക്കുന്നത് ശരിയെന്ന് കരുതുകയോ ചെയ്യുന്നത് അല്ലാഹുവിലുള്ള യഥാര്ഥവിശ്വാസത്തിന് കടകവിരുദ്ധമാണ്. കാരണം, മനുഷ്യജീവിതത്തിന് നിയമം നിര്‍മിക്കുകയെന്നത് അല്ലാഹുവിന്റെ മാത്രം അവകാശമാണ്. ആ നിയമത്തെ വ്യാഖ്യാനിക്കാനുള്ള അവകാശം അല്ലാഹുവിന്റെ റസൂലിനുള്ളതാണ്. അല്ലാഹുവിന്റെ നിയമത്തേയും റസൂലിന്റെ വ്യാഖ്യാനത്തെയും അടിസ്ഥാനമായി അംഗീകരിച്ചുകൊണ്ട് ദൈനംദിന ജീവിതപ്രശ്നങ്ങള്ക്കുവേണ്ടി നിയമനിര്‍മാണം ചെയ്യാനുള്ള അവകാശം മാത്രമേ മനുഷ്യനുള്ളൂ. സ്രഷ്ടാവ് ഒരാള്‍, സൃഷ്ടികളുടെ മേല്‍ വിധികര്‍ത്താവ് മറ്റൊരാള്‍ ഇത് തീര്‍ത്തും പരമാബദ്ധമാണ്. ആര് സൃഷ്ടിച്ചുവോ അവന് തന്നെ വിധികര്‍ത്താവും കല്പിക്കുന്നവനും നിരോധിക്കുന്നവനുമായിരിക്കണം പ്രപഞ്ചത്തില്‍ അവന്റെ മാത്രം ആജ്ഞയാണ് നടക്കുന്നത്. അതുതന്നെ നടക്കുകയും വേണം. ഇതേ്രത ഇസ് ലാമിന്റെ ശിക്ഷണം. അല്ലാഹു പറയുന്നു: ‘അറിഞ്ഞുകൊള്ളുക, സൃഷ്ടിപ്പും കല്പനയും അവന്നുള്ളതാണ്. ലോകനാഥനായ അല്ലാഹു വളരെ അനുഗ്രഹമുടയവനത്രേ'(അഅ്റാഫ്-54)
മറ്റൊരിടത്ത് ഇപ്രകാരം കാണാം: ‘വിധി അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കുമില്ല. അവന്നല്ലാതെ മറ്റാര്‍ക്കും ഇബാദത്ത് ചെയ്യരുതെന്ന് അവന് ആജ്ഞാപിച്ചിരിക്കുന്നു. അതത്രെ ചൊവ്വായ ജീവിതമാര്‍ഗം. അധികമാളുകളും (ഈ പരമാര്‍ഥം) പക്ഷേ അറിയുന്നില്ല’. (യൂസുഫ്-40)
അല്ലാഹുവിനെ അനുസരിക്കാനേ മുസ്ലിമിന്ന് അനുവാദമുള്ളൂ. സൃഷ്ടികളോട് കല്പിക്കാനുള്ള അധികാരാവകാശം അല്ലാവുവിന് മാത്രമുള്ളതാണ്. എന്നാല്‍ അല്ലാഹുവിന്റെ ആജ്ഞാനിര്‍ദേശങ്ങള്‍ ഓരോരുത്തര്‍ക്കും സ്വയം അറിയുക സാധ്യമല്ല. അതിനാല്‍ അല്ലാഹുവെ അനുസരിക്കാന്‍ പ്രായോഗികമായ ഏകമാര്‍ഗം അവന്റെ ദൂതനെ അനുസരിക്കുകയെന്നത് മാത്രമാണ്. അല്ലാഹുവിന്റെ ദൂതനെ അനുസരിക്കാതെ അല്ലാഹുവിന്നുള്ള അനുസരണം സാധ്യമേയല്ല
അബൂസലീം അബ്ദുല്‍ഹയ്യ്
Add Comment