പലിശ

പലിശയോടുള്ള ഇസ് ലാമിക സമീപനം

സക്കാത്തിനോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇസ്‌ലാമിന്റെ പലിശയോടുള്ള സമീപനം. മൂലധനത്തിലധികമായി ഉത്തമര്‍ണ്ണന് ലഭിക്കുന്ന പണമാണ് പലിശയെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. വിശദീകരിക്കുമ്പോള്‍, അത് സാധനങ്ങള്‍ കൈമാറ്റം ചെയ്യുമ്പോള്‍ അധികമായി നല്‍കാന്‍ നിര്‍ബന്ധിതമാവുന്ന വിഹിതമാവുന്നു. ഈ നിര്‍വചന പ്രകാരമുള്ള പലിശ ഖുര്‍ആനും സുന്നത്തും ശക്തമായി നിരോധിച്ചിരിക്കുന്നു.

ഇസ്‌ലാമിക വീക്ഷണത്തില്‍ മൂലധനം ചരക്കുകളും സേവനങ്ങളുമുല്‍പ്പാദിപ്പിക്കുന്ന ഒരു യഥാര്‍ത്ഥ പ്രതിഭാസമാണ്. എന്നാല്‍ മൂലധനത്തില്‍ നിന്നു വ്യത്യസ്തമായി, ഒരു നാണയ സംബന്ധിയായ പ്രതിഭാസമാണ് പലിശ. ഉല്പാദനത്തിന് ഉപയോഗിക്കുന്ന ഒരു യന്ത്രത്തിന് ലഭിക്കുന്ന വാടകയാണ് മൂലധനത്തിന് ലാഭകരമായി കിട്ടുന്നത്. പലിശയാകട്ടെ, ഈ ലാഭത്തിന് മേല്‍ ചുമത്തപ്പെടുന്ന ഡ്യൂട്ടിയാണ്. ലാഭവുമായോ വേതനവുമായോ അത് താരതമ്യം ചെയ്യാവതല്ല. ലാഭത്തില്‍ നിന്ന് വ്യത്യസ്തമായ പലിശ നിരോധിക്കുമ്പോള്‍ ഇസ്‌ലാം ചെയ്യുന്നത് സാമ്പത്തിക ചൂഷണത്തിനുള്ള വഴിയടക്കുകയും ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയാണ്. പലിശ നിരോധിക്കപ്പെടുന്നതോടെ ബാങ്കുകള്‍ നാണയസ്ഥാപനങ്ങള്‍ എന്ന നിലയില്‍ നിന്ന് സേവന സ്ഥാപനങ്ങള്‍ മാത്രമായി മാറുന്നു. ഇസ്‌ലാമിക വ്യവസ്ഥയില്‍ ബാങ്കുകള്‍ വായ്പകള്‍ സൃഷ്ടിക്കാനുള്ള ഉപകരണങ്ങളോ അധികാര കേന്ദ്രങ്ങളോ അല്ല. നാണയനയം രൂപീകരിക്കുന്നതില്‍ ആധുനിക രാഷ്ട്രങ്ങളിലുള്ളതുപോലെ അവക്കു പങ്കു വഹിക്കാവുന്നതുമല്ല. പലിശയും ലാഭവും ഉന്നമാക്കി സമൂഹത്തെ അടക്കി ഭരിക്കുന്ന ഒരു ഘടകത്തിന്റെ ആശ്വാസകരമായ മരണമായിരിക്കും അതുവഴി സംഭവിക്കുക. സമ്പന്നന് ഇഷ്ടപ്രകാരം നിയന്ത്രിക്കാവുന്ന വമ്പിച്ച ധനശേഖരണം അങ്ങനെ നഷ്ടപ്പെടുന്നു.
എന്നാല്‍ പലിശനിരോധം പുതിയ ധനവിനിയോഗ സ്ഥാപനങ്ങളെയും സൃഷ്ടിക്കുന്നുണ്ട്. മിക്കവാറും പങ്കു കച്ചവടത്തിന് (മുളാറബ) സഹായിക്കുന്ന ഇസ്‌ലാമിക സ്ഥാപനങ്ങള്‍ വളര്‍ന്നു വരുന്നു. ഹ്രസ്വകാലവായ്പകളില്‍ ശ്രദ്ധിക്കാത്ത ഇവ യഥാര്‍ത്ഥ ഉല്‍പാദന പ്രക്രിയയെ കാര്യമായി സഹായിക്കുന്നു.
തീര്‍ച്ചയായും പലിശയെ സംബന്ധിച്ച പിന്നീടുള്ള ചര്‍ച്ചകളില്‍ ധാരാളം തര്‍ക്ക വിതര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. ഉപഭോഗത്തിനു നല്‍കുന്ന വായ്പക്കുള്ള പലിശയും ഉല്പാദനത്തിനു നല്‍കുന്ന വായ്പക്കുള്ള പലിശയും ഒരു പോലെ നിഷിദ്ധമാണോ എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു പ്രധാന വാദപ്രതിവാദങ്ങള്‍. ഉപഭോഗത്തിനുള്ള വായ്പയുമായി ബന്ധപ്പെട്ട പലിശയേ ചൂഷണമാവൂ എന്നു ചിലര്‍ സിദ്ധാന്തിക്കുന്നു. ഉല്പാദനത്തിന്ന് കൊടുക്കുന്ന വായ്പക്ക് ലഭിക്കുന്ന പലശയില്‍ ചൂഷണമില്ലെന്നും അത്തരമൊരവസ്ഥയില്‍ കടമെടുക്കുന്നവനാണ് കടക്കാരനേക്കാള്‍ ശക്തനെന്നും അവര്‍ക്കഭിപ്രായമുണ്ട്. എന്നാല്‍ മുഹമ്മദ് അഹ്മദ് അല്‍ അറബിയെ പോലുള്ളവര്‍, പലിശയെ നിരോധിച്ചപ്പോള്‍ മക്കയില്‍ നിലവിലുണ്ടായിരുന്നത് രണ്ടാമത് പറഞ്ഞ വായ്പകളായിരുന്നതിനാല്‍ തല്‍സംബന്ധിയായ പലിശ തന്നെയാവണം ഖുര്‍ആന്റെ സൂചനയെന്ന് സമര്‍ത്ഥിക്കുന്നു. ഏതായാലും ഈ വാദപ്രതിവാദം ഒരന്തിമതീരുമാനത്തിലെത്തിയെന്ന് ഇനിയും പറഞ്ഞുകൂട. ആധുനിക ലോകത്തില്‍ വളരെ സങ്കീര്‍ണ്ണമായ നാണയവ്യവസ്ഥയുടെ വെളിച്ചത്തില്‍ കൂടുതല്‍ പഠനത്തിനും ഗവേഷണത്തിനും വിധേയമാണ് പലിശ.

About the author

padasalaadmin

Add Comment

Click here to post a comment

Topics