ഹദീസ് നിഷേധം

ഹദീസ് നിഷേധത്തിന്റെ ചരിത്രം

മുസ്‌ലിംനാടുകളില്‍ അധിനിവേശം നടത്തിയ പാശ്ചാത്യന്‍ കൊളോണിയലിസ്റ്റുകളുടെ പ്രത്യയശാസ്ത്രസ്വാധീനങ്ങളില്‍ മസ്തിഷ്‌കപ്രക്ഷാളനം ചെയ്യപ്പെട്ട വ്യക്തികളാണ് ഹദീസ് നിഷേധവുമായി രംഗപ്രവേശംചെയ്തത്. ഹദീസിന്റെ ആധികാരികതയും സാംഗത്യവും ചോദ്യം ചെയ്ത് രംഗത്തുവന്ന അക്കൂട്ടരുടെ പ്രതിനിധികളായിരുന്നു അബ്ദുല്ലാ ചക്‌റാലവി, ഗുലാം അഹ്മദ് പര്‍വേസ് (ഇന്ത്യ), ത്വാഹാ ഹുസൈന്‍(ഈജിപ്ത്),സിയ ഗോഗലുപ്(തുര്‍ക്കി) തുടങ്ങിയവര്‍. കഴിഞ്ഞ പതിമൂന്നുനൂറ്റാണ്ടില്‍ സമുദായത്തിന് കാണാന്‍ കഴിയാതിരുന്ന ഹദീസിലെ ‘പാളിച്ചകള്‍’ ഈ ബൂദ്ധിജീവികള്‍ കണ്ടെത്തിയെന്നതായിരുന്നില്ല അതിന് കാരണം. മറിച്ച്, പാശ്ചാത്യന്‍ സംസ്‌കൃതി അവരെ ബന്ധനസ്ഥരാക്കിയതിന്റെ ഫലമായി പ്രവാചകവചനങ്ങളെ അവര്‍ക്ക് തള്ളിപ്പറയേണ്ടിവരികയായിരുന്നു. അതിന് അവര്‍ ഖുര്‍ആന്‍ വാദികളായി രംഗത്തുവരികയും ചെയ്തു. തങ്ങള്‍ക്കിഷ്ടപ്പെട്ട ഖുര്‍ആന്റെ ചില പ്രമാണങ്ങളോട് ഹദീസുകള്‍ വിരുദ്ധമായി നില്‍ക്കുന്നു എന്നതായിരുന്നു അവരുടെ വാദം. ഹദീസ് നിഷേധിക്കാന്‍ തങ്ങളുടെ ബുദ്ധിവികാസത്തിനും യുക്തിക്കും ആഗ്രഹത്തിനും അനുസരിച്ച് അവര്‍ ഖുര്‍ആന്‍ വ്യാഖ്യാനവും നടത്തി. എന്നാല്‍ ഹദീസിനെ നിരാകരിക്കുന്ന ഇക്കൂട്ടരുടെ വാദങ്ങളെ ഇസ്‌ലാമികസമൂഹം തള്ളിക്കളഞ്ഞിട്ടുണ്ട്.

സത്യത്തില്‍, പ്രവാചകന്റെ അനുയായികള്‍ ജീവിതത്തില്‍ ഖുര്‍ആന്റെ കല്‍പനകളോടൊപ്പം ദൈവദൂതന്റെ മാതൃകയും നിര്‍ദ്ദേശങ്ങളും ആവശ്യപ്പെടുകയും പിന്തുടരുകയുമാണ് ഉണ്ടായത്. ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളായ ഖുര്‍ആനും ഹദീസും അന്യോന്യം വിശദീകരിക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു.

‘വ്യക്തമായ പ്രമാണങ്ങളും വേദപുസ്തകങ്ങളുമായാണ് നാമവരെ നിയോഗിച്ചത്. ഇപ്പോള്‍ നിനക്കും നാമിതാ ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതീര്‍ണമായത് നീയവര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍. അങ്ങനെ ജനം ചിന്തിച്ചുമനസ്സിലാക്കട്ടെ!'(അന്നഹ്ല്‍ 44)
അങ്ങനെ മുഹമ്മദ് നബിയുടെ അനുയായികള്‍ തങ്ങളുടെ ദീനിനെ ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കി. എല്ലാം ഖുര്‍ആനിലില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അബ്ദുല്ലാഹിബ്‌നു ഖാലിദ് രണ്ടാംഖലീഫ ഉമറിന്റെ മകന്‍ അബ്ദുല്ലയോട് പറഞ്ഞത് ചരിത്രത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്:’സ്ഥിരതാമസക്കാരന്റെയും ഭയത്തിലകപ്പെട്ടവന്റെയും നമസ്‌കാരത്തെക്കുറിച്ച് ഖുര്‍ആനില്‍ സൂചനയുണ്ട്. എന്നാല്‍ യാത്രക്കാരന്റെ നമസ്‌കാരരീതിയെപ്പറ്റി ഖുര്‍ആനില്‍ ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ല’. അബ്ദുല്ലാഹിബ്‌നുഉമര്‍ പറഞ്ഞു:’ അല്ലാഹു മുഹമ്മദ് നബിയെ നമ്മിലേക്കയച്ചു. ഞങ്ങള്‍ക്ക് ഒന്നും അറിയാമായിരുന്നില്ല. ദൈവദൂതന്‍ ചെയ്യുന്നത് ഞങ്ങള്‍ അനുകരിക്കുകയായിരുന്നു'(ഇബ്‌നുമാജ)

1. പ്രവാചകന്റെ വാക്കുകളും പ്രവൃത്തികളും നബിതിരുമേനിയുടെ ജീവിതകാലത്ത് രേഖപ്പെടുത്തിവെച്ചിട്ടില്ലെന്നാണ് ഹദീസ് നിഷേധകരുടെ വാദം. അതിനാല്‍ തന്നെ നബിയുടേതെന്ന മട്ടില്‍ വ്യാജമായ പ്രസ്താവനകള്‍ കെട്ടിച്ചമച്ചവ ഏറെയുണ്ടെന്നും അങ്ങനെ കലര്‍പ്പിന് പഴുതൊരുക്കിയെന്നും അവര്‍ സമര്‍ഥിക്കുന്നു. ആദ്യഘട്ടത്തില്‍ നബിതിരുമേനി തന്റെ വാക്കുകള്‍ രേഖപ്പെടുത്തരുതെന്ന് കല്‍പിച്ചതും ഹദീസ് ആവശ്യമില്ലെന്നതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു.
മേല്‍ വാദം പൂര്‍ണമായും ശരിയല്ലെന്നതാണ് വസ്തുത. ആദ്യഘട്ടത്തില്‍ തന്റെ വചനങ്ങള്‍ രേഖപ്പെടുത്തരുതെന്ന നബിയുടെ നിര്‍ദ്ദേശം അവ ഖുര്‍ആനുമായി ഇടകലരരുതെന്ന സൂക്ഷ്മദൃഷ്ടിയുടെ ഭാഗമായി മാത്രമേ കണക്കാക്കേണ്ടതുള്ളൂ. എന്നാല്‍ അധികംതാമസിയാതെ തന്റെ മൊഴികളെ നബി എഴുതിസൂക്ഷിക്കാന്‍ അനുവാദം നല്‍കുകയുണ്ടായി. അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ് അത്തരത്തില്‍ പ്രവാചകന്‍ തിരുമേനിയുടെ വാക്കുകളും നിര്‍ദ്ദേശങ്ങളും എഴുതിസൂക്ഷിച്ച സ്വഹാബിയാണ്. അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വി(റ)ന്റെ ഉദ്ധരണി ഇമാം അഹ്മദ് തന്റെ ‘മുസ്‌നദി’ല്‍ രേഖപ്പെടുത്തിയതിങ്ങനെ:’അല്ലാഹുവിന്റെ ദൂതരില്‍നിന്നും കേള്‍ക്കുന്നതെല്ലാം മനഃപാഠമാക്കല്‍ ഉദ്ദേശിച്ചുകൊണ്ട് ഞാന്‍ രേഖപ്പെടുത്തിവെക്കുക പതിവായിരുന്നു. ഖുറൈശികള്‍ എന്നോടത് വിരോധിച്ചു. ‘റസൂല്‍ മനുഷ്യനാണ്. തൃപ്തിയിലും കോപസമയത്തും അദ്ദേഹം സംസാരിച്ചുഎന്നു വരും’എന്നവര്‍ പറഞ്ഞു. അങ്ങനെ ഞാന്‍ എഴുതിവെക്കല്‍ വേണ്ടെന്നുവച്ചു. ഇത് ഞാന്‍ റസൂലിനോട് പറഞ്ഞു. ‘നീ എഴുതിവച്ചുകൊള്ളുക. എന്റെ ആത്മാവ് ആരുടെ അധീനത്തിലാണോ അവനെക്കൊണ്ടു സത്യം. എന്നില്‍നിന്ന് സത്യം അല്ലാതെ പുറത്തുവന്നിട്ടില്ല’എന്ന് നബി(സ) പറഞ്ഞു. ‘ നബിയുടെ അനുവാദം ചോദിച്ചതിന് ശേഷം അദ്ദേഹം എഴുതിവെച്ച ഗ്രന്ഥം ‘അസ്സ്വഹീഫത്തുസ്വാദിഖ’ എന്നറിയപ്പെട്ടു.

അറബികളില്‍ എഴുത്തും വായനയും സാധാരണസമ്പ്രദായമായിരുന്നില്ല. പകരം വാമൊഴി ഹൃദിസ്ഥമാക്കുകയെന്നതായിരുന്നു അവരുടെ സംസ്‌കാരത്തിന്റെ സവിശേഷത. വിശ്രുതരായ കവികളുടെ കവിതകളും, ഗോത്രപൈതൃക പരമ്പരവിവരണങ്ങളും അവര്‍ മനഃപാഠമാക്കി. സൂക്ഷ്മമായി മനഃപാഠമാക്കിയ കവിതകള്‍ ചൊല്ലിക്കേള്‍പിക്കുന്ന സദസ്സുകള്‍ വ്യാപകമായിരുന്നു അക്കാലത്ത്. അതിനാല്‍ തന്നെ സാഹിത്യത്തെക്കാള്‍ വാചാലമായിരുന്ന നബിവചനങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ സ്വഹാബികള്‍ അതിയായി താല്‍പര്യംകാട്ടിയിരുന്നു. അവരില്‍ പ്രമുഖനായ വ്യക്തിയായിരുന്നു ഏറ്റവും അധികം ഹദീസുകള്‍ നിവേദനംചെയ്തുകൊണ്ട് ചരിത്രത്തിലിടം നേടിയ അബൂഹുറൈറ(റ). ഇമാം ബുഖാരി അബൂഹുറൈറ(റ)യുടെ പ്രസ്താവന രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ‘എന്നേക്കാള്‍ അധികം ഹദീസുകള്‍ ശേഖരിച്ചവര്‍ നബി(സ)യുടെ സ്വഹാബികളിലില്ല; അബ്ദുല്ലാഹിബ്‌നു അംറ് ഒഴികെ. അദ്ദേഹം എഴുതിവെക്കാറുണ്ടായിരുന്നു. ഞാന്‍ എഴുതാറില്ല’.ബുഖാരിയും മുസ്‌ലിമും അബൂഹുറൈറയില്‍ നിന്ന് ഉദ്ധരിക്കുന്നു:’മക്കാവിജയകാലത്ത് ഖുസാഅഃ ഗോത്രക്കാര്‍ ബനൂ ലൈസ് ഗോത്രത്തില്‍പെട്ട ഒരാളെ കൊലപ്പെടുത്തി. നബി(സ)യെ അതിന്റെ വൃത്താന്തമറിയിച്ചു. ഉടനെ നബി(സ) തന്റെ വാഹനപ്പുറത്ത് കയറിയിരുന്ന് ഒരു പ്രസംഗം ചെയ്തു. ഇതുസംബന്ധിച്ച ദീര്‍ഘമായ ഹദീസിന്റെ അവസാനവരികള്‍ ഇങ്ങനെയാണ്. ‘അപ്പോള്‍ യമനില്‍നിന്ന് വന്ന ഒരാള്‍ ഈ പ്രസംഗം തനിക്ക് എഴുതിത്തരണമെന്ന് റസൂലിനോട് അപേക്ഷിച്ചു:’നിങ്ങള്‍ എഴുതിക്കൊടുക്കുക’ എന്ന് നബി(സ) കല്‍പിച്ചു. അങ്ങനെ റസൂലിന്റെയും അനുചരന്‍മാരുടെയും കാലത്തുതന്നെ പലരും ഹദീസുകള്‍ രേഖപ്പെടുത്തിവെച്ചിരുന്നതായി വിശ്വാസയോഗ്യമായ ഹദീസുകള്‍ വേറെയുമുണ്ട്.’ മാത്രമല്ല, നാം മനസ്സിലാക്കേണ്ട ഒരു വസ്തുത ഉമറുബ്‌നുല്‍ ഖത്വാബ്(റ), അലി (റ), ഹസന്‍(റ), അനസ് (റ), ജാബിര്‍(റ), അബ്ദുല്ലാഹിബ്‌നു അംറില്‍ ആസ്വ്(റ), അത്വാഅ്(റ) സഈദുബ്‌നു ജുബൈര്‍(റ) തുടങ്ങിയവര്‍ ഹദീസ് എഴുതുന്നത് താല്‍പര്യപൂര്‍വം വീക്ഷിച്ചവരും പ്രോത്സാഹിപ്പിച്ചവരും ആയിരുന്നുവെന്നതാണ്.

2. രണ്ടാംഖലീഫ ഉമര്‍(റ) നബി(സ)യുടെ ഹദീസുകള്‍ക്കെതിരായിരുന്നു എന്ന് ചിലര്‍ ആരോപണമുന്നയിക്കാറുണ്ട്. ഹദീസുകള്‍ പുസ്തകരൂപത്തിലാക്കുന്നതിനെയായിരുന്നു രണ്ടാം ഖലീഫ എതിര്‍ത്തത്. പ്രവാചകവചനങ്ങളെ ഉദ്ധരിക്കുന്നതിലും എഴുതിവെക്കുന്നതിലും സൂക്ഷ്മത പുലര്‍ത്താത്തവര്‍ എന്തെങ്കിലുമെഴുതി വിടുമോയെന്ന ആശങ്കയായിരുന്നു അതിന് പിന്നില്‍. എന്നാല്‍ സത്യസന്ധരും വിശ്വാസപ്രതിബദ്ധത പുലര്‍ത്തിയിരുന്നവരുമായ വ്യക്തിത്വങ്ങള്‍ ഉദ്ധരിച്ചിരുന്ന നബിവചനങ്ങളെ സ്വീകരിക്കാന്‍ അദ്ദേഹം ഒട്ടും മടികാണിച്ചിരുന്നില്ല.
പ്രവാചകന്‍ മുഹമ്മദ്(സ)യുടെ കാലത്ത് ഖുര്‍ആന്‍ ലിഖിതമാക്കി ഗ്രന്ഥരൂപത്തിലായിരുന്നില്ലെന്നത് നമുക്കറിയാമല്ലോ. അറബ് സമൂഹത്തില്‍ അന്ന് ഗ്രന്ഥങ്ങള്‍ എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു. നബി(സ) ഓതിക്കേള്‍പിക്കുന്നത് അതേപടി അനുയായികള്‍ ഹൃദിസ്ഥമാക്കുകയാണുണ്ടായത്. ഖുര്‍ആന്റെ പ്രായോഗികരൂപം നബിയില്‍ നിന്ന് കണ്ടുംകേട്ടുംപഠിച്ച് അടുത്ത തലമുറകളിലേക്ക് പകരുകയായിരുന്നു അന്നത്തെ രീതി. നബിയുടെ മരണശേഷവും ഏതെങ്കിലും പ്രത്യേകവിഷയത്തില്‍ പരിഹാരം തേടുമ്പോള്‍ അവര്‍ നബി അക്കാര്യത്തില്‍ പുലര്‍ത്തിയിരുന്ന സമീപനംഎന്തെന്ന് കൂട്ടായി ചര്‍ച്ചചെയ്തിരുന്നു. സന്‍മാര്‍ഗദര്‍ശനത്തിന് ഖുര്‍ആന്‍വചനങ്ങളെമാത്രമല്ല അവര്‍ അവലംബിച്ചിരുന്നതെന്നത് അതില്‍നിന്നുതന്നെ വ്യക്തമാണ്. ഖലീഫമാരുടെ കാലത്ത് ഇസ്‌ലാമിന്റെ കീഴിലുണ്ടായ പ്രവിശാലമായ പ്രദേശങ്ങളിലെ പ്രവാചകനെ കണ്ടിട്ടില്ലാത്ത ആളുകള്‍ അദ്ദേഹത്തെക്കുറിച്ചറിയാനും ജീവിതരീതികളെന്തെന്ന് ആരായാനും പുലര്‍ത്തിയ ജിജ്ഞാസയും ഹദീസുകളുടെ പരിരക്ഷയും പ്രസക്തിയും ഊട്ടിയുറപ്പിച്ചു.

3. ആധികാരിക ഹദീസ് സമാഹര്‍ത്താക്കളിലൊരാളായ ഇമാം ബുഖാരിക്ക് ആറുലക്ഷം ഹദീസുകളില്‍നിന്ന് ഏഴായിരം ഹദീസുകള്‍ മാത്രമേ സ്വീകരിക്കാനായുള്ളൂവെന്നത് ബഹുഭൂരിപക്ഷം ഹദീസുകളും വിശ്വസനീയമല്ലെന്ന യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഹദീസ് നിഷേധികള്‍ വാദിക്കുന്നു. ഇതുകേട്ടാല്‍ തോന്നുക അക്കാലത്ത് നാടെങ്ങും വ്യാജ ഹദീസുകളുടെ പെരുമഴക്കാലമായിരുന്നുവെന്നാണ്. ഇമാം ബുഖാരി പ്രത്യക്ഷപ്പെട്ട് തെറ്റും ശരിയുമായ ഹദീസുകള്‍ വേര്‍തിരിച്ചപ്പോള്‍ കിട്ടിയത് ആകെ ഏഴായിരം മാത്രമെന്നും . എന്നാല്‍ ഇതൊന്നും യാഥാര്‍ഥ്യത്തെക്കുറിച്ച കൃത്യമായ ചിത്രം നല്‍കുന്നവയല്ല. ഹദീസിന്റെ സൂക്ഷ്മപരിശോധനയും യാഥാര്‍ഥ്യവും അനുയായികളുടെ ആദ്യകാലം മുതല്‍ തുടങ്ങിയിരുന്നു. ഇമാം മാലിക്കിന്റെ ‘മുവത്വ’യെക്കുറിച്ച അഭിപ്രായപ്രകടനം നടത്തവേ, ഇമാം അബൂഹനീഫയുടെ ശിഷ്യന്‍മാരില്‍ ഒരാളായ മുഹമ്മദ് ബ്‌നു ഹസന്‍ പ്രസ്തുത സമാഹാരത്തിലെ എണ്‍പതോളം ഹദീസുകളില്‍ മാത്രമേ തന്റെ ഉസ്താദ് അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചുള്ളൂവെന്ന് പ്രത്യേകം പറയുന്നുണ്ട്. അത് പക്ഷേ ആധികാരികതയിലുള്ള സംശയമല്ല. മറിച്ച് ,ആശയത്തിലുള്ള വ്യത്യസ്തവിധിയെസംബന്ധിച്ച അഭിപ്രായംമാത്രമാണ്. സത്യത്തില്‍ ഹദീസുകളില്‍ കൃത്രിമത്വവും വളച്ചൊടിക്കലും ഉണ്ടാകുന്നത് ബനൂ ഹാശിം -ഉമവീ അധികാരവടംവലിയുടെ പശ്ചാത്തലത്തിലാണ്; പ്രത്യേകിച്ചും കര്‍ബലയുദ്ധത്തിന്റെ അനന്തരസംഭവങ്ങളുമായി ബന്ധപ്പെട്ട്. പ്രസ്തുതവ്യാജഹദീസുകളെ ഇരുപക്ഷത്തുമുള്ള പക്ഷപാതികളും ദീനിപ്രതിബദ്ധതപുലര്‍ത്താത്തവരുമാണ് ഏറ്റുപിടിച്ചതും പ്രചരിപ്പിച്ചതും. അത്തരത്തിലുള്ളവയില്‍ ഏറെയും അലി (റ)യുടെ പേരില്‍ കെട്ടിച്ചമച്ചവയായിരുന്നു. അത്തരക്കാരുടെ ചൊല്ലുകള്‍ അതുകൊണ്ടുതന്നെ തള്ളപ്പെടുകയുംചെയ്തു.

4. ഖുര്‍ആനോടൊപ്പം ഹദീസും ആധികാരിക മാനദണ്ഡമാവേണ്ടതാണെങ്കില്‍ അത് ഖുര്‍ആനെപ്പോലെ എന്തുകൊണ്ട് സംരക്ഷിക്കപ്പെട്ടില്ല എന്ന് ഹദീസ് നിഷേധികള്‍ മറ്റൊരു ചോദ്യം ഉയര്‍ത്തുന്നുണ്ട്. അങ്ങനെയെങ്കില്‍ വ്യാജ-ദുര്‍ബല ഹദീസുകള്‍ ഉണ്ടാകുമായിരുന്നില്ലെന്ന് അവര്‍ ശക്തിയായി വാദിക്കുന്നു. ഈ വാദമുഖമുയര്‍ത്തി, സംരക്ഷിക്കപ്പെടാത്ത ഹദീസിനെ ആധികാരമാനദണ്ഡമായി സ്വീകരിക്കേണ്ടതില്ലെന്ന് അവര്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു. ഇവരുടെ ഈ വാദത്തെ മുന്‍നിര്‍ത്തി ആരെങ്കിലും മുഹമ്മദ് നബിയുടെ വേദഗ്രന്ഥം സംരക്ഷിക്കപ്പെട്ടതുപോലെ മുന്‍പ്രവാചകന്‍മാരുടെ വേദഗ്രന്ഥങ്ങളും സംരക്ഷിക്കപ്പെടേണ്ടതല്ലേയെന്നും അങ്ങനെയുണ്ടാവാത്തതിനാല്‍ അവരൊന്നും ദൈവദൂതന്‍മാരല്ലെന്ന് ആ കാലഘട്ടത്തിലെ ജനങ്ങള്‍ വാദിച്ചാല്‍ നമുക്കംഗീകരിക്കാനാകുമോ? ഈസാനബിക്ക്(യേശു) നല്‍കപ്പെട്ട പുതിയ നിയമത്തിലെ ഏടുകള്‍ അദ്ദേഹത്തിന്റെ ഈ ലോകത്ത്‌നിന്നുള്ള യാത്രയ്ക്ക്‌ശേഷം അമ്പതുവര്‍ഷം തികച്ച് സൂക്ഷിക്കപ്പെട്ടില്ല. അതിനകം ഒട്ടേറെ വ്യാജനിയമങ്ങള്‍ അവയില്‍ കയറിക്കൂടി. അതിനുമുമ്പുള്ള എത്രയോ പ്രവാചകന്‍മാര്‍ക്ക് നല്‍കിയ വേദഗ്രന്ഥങ്ങളുടെയും കഥ അതുതന്നെ. അതില്‍നിന്നെല്ലാം നമുക്ക് മനസ്സിലാകുന്നത് അവയുടെ സംരക്ഷണമൊന്നും അല്ലാഹുവിന്റെ പദ്ധതിയില്‍പെട്ടതായിരുന്നില്ല എന്നാണ്. സമാനമായ രീതിയില്‍ മാത്രമേ നബിവചനങ്ങളുടെ ഖുര്‍ആന്റേതുപോലുള്ള സംരക്ഷണവിഷയം മനസ്സിലാക്കേണ്ടതുള്ളൂ.

ഈ നൂറ്റാണ്ടിലും പുതിയനിയമത്തില്‍ ക്രൈസ്തവലോകം വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് കുറവില്ല. എന്നിട്ടും അതിന്റെ മിഷണറിമാര്‍ അവകാശപ്പെടുന്നത് ബൈബിള്‍ ലോകജനതയ്ക്ക് മോക്ഷവും സന്‍മാര്‍ഗദര്‍ശനവുമാണെന്നാണ്. കുടിക്കാന്‍ യോഗ്യമാകുന്ന ഒരു ഗ്ലാസ് വെള്ളത്തില്‍ നമ്മെ ദോഷകരമായി ബാധിക്കാത്ത അളവില്‍ അണുക്കളും മാലിന്യങ്ങളും ഉണ്ടായിരിക്കും. അപ്പോഴും അത് പാനയോഗ്യമായിരിക്കും. എന്നാല്‍ അതില്‍ കലരുന്ന അണുക്കളുടെയും മാലിന്യങ്ങളുടെ അളവ് വര്‍ധിച്ച് ജീവന് ഹാനികരമായി ബാധിക്കുന്ന ഘട്ടവുമുണ്ട്. അപ്പോള്‍ നാം അതിനെ സ്വീകരിക്കുകയേയില്ല. ഹദീസ് ആധികാരികനിയമസ്രോതസ്സായി സ്വീകരിക്കുന്ന വിഷയത്തില്‍ ഈ അടിസ്ഥാനത്തിലുള്ള നിലപാടാണ് കരണീയം.

About the author

padasalaadmin

Add Comment

Click here to post a comment

Topics