ഗോഗ്, മഗോഗ്. മധ്യേഷ്യയിലെ ഒരു പ്രാകൃതജനവിഭാഗം. ഖുര്‍ആനില്‍ പറയുന്ന ദുല്ഖര്നൈനിയുടെ കാലത്ത് ഇവര്‍ കടുത്ത അക്രമകാരികളായിരുന്നു. ജാഹേഥിന്റെ പിന്തലമുറക്കാരാണ് അവര്‍. നൂഹ് നബിയുടെ പുത്രനാണ് ജാഹേഥ്(യാഫിഥ). യഅ്ജൂജ് തുര്‍ക്കുകളും മഅ്ജൂജ് ജില്‍കളുമാണെന്നും അനുമാനമുണ്ട്.
ഇവര്‍ 3 വിഭാഗമാണെന്നാണ് മറ്റൊരഭിപ്രായം.
1. ചുകന്ന അകില് മരങ്ങള്‍ പോലെ നീണ്ടവര്‍.
2. നീളത്തോളംതന്നെ വീതിയുള്ളവര്‍.
3. ചെവികൊണ്ട് ശരീരം മുഴുവന്‍ മൂടാനാകുന്നവര്.
ഖുര്‍ആനിലെ കഹ്ഫ് അധ്യായത്തില്‍ ഈ ജനവിഭാഗത്തെക്കുറിച്ച് സൂചനയുണ്ട്.
‘അങ്ങനെ രണ്ട് മലനിരകള്‍ക്കിടയിലെത്തിയപ്പോള്‍ അദ്ദേഹം അവയ്ക്കടുത്തായി വേറൊരു ജനവിഭാഗത്തെ കണ്ടെത്തി. പറയുന്നതൊന്നും മനസ്സിലാക്കാനാവാത്ത ജനം. അവര്‍ പറഞ്ഞു:’അല്ലയോ ദുല്‍ഖര്‍നൈന്‍, യഅ്ജൂജും മഅ്ജൂജും നാട്ടില്‍ നാശമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ് . അങ്ങ് അവര്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു ഭിത്തിയുണ്ടാക്കിത്തരണം. ആ വ്യവസ്ഥയില്‍ ഞങ്ങള്‍ അങ്ങേയ്ക്ക് നികുതി നിശ്ചയിച്ചുതരട്ടെയോ?’ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് അധീനപ്പെടുത്തിത്തന്നിട്ടുള്ളത് (അധികാരവും ഐശ്വര്യവും) നിങ്ങള്‍ നല്കുന്നതിനേക്കാളും ഉത്തമമത്രേ. എന്നാല്‍ (നിങ്ങളുടെ ശാരീരിക) ശക്തികൊണ്ട് നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാനൊരു ഭിത്തി ഉണ്ടാക്കിത്തരാം. നിങ്ങള്‍ എനിക്ക് ഇരുമ്പുകട്ടികള്‍ കൊണ്ടുവന്നു തരിക. അങ്ങനെ രണ്ടു മലകള്‍ക്കിടയിലെ വിടവ് നികത്തിനിരത്തിയപ്പോള് അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ കാറ്റ് ഊതുക.’ അതോടെ ഇരുമ്പുഭിത്തി പഴുത്തുതീ പോലെയായി. അപ്പോള്‍ അദ്ദേഹം കല്പിച്ചു: ‘നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പുകൊണ്ടു വന്നു തരൂ! ഞാനത് ഇതിന്മേല് ഒഴിക്കട്ടെ.’ പിന്നെ യഅ്ജൂജു മഅ്ജൂജുകള്‍ക്ക് അത് കയറി മറിയാന്‍ കഴിഞ്ഞിരുന്നില്ല. അതിന് തുളയുണ്ടാക്കാനും അവര്‍ക്ക് കഴിഞ്ഞില്ല.'(അല്‍കഹ്ഫ് 93-97)
മുസ്ലിം മിത്തോളജിക്ക് ഗോഗ്, മഗോഗ് നല്കിയ സംഭാവന നിസ്തുലമാണ്. പലരും പല സംഭവങ്ങളുമായിട്ടും (ഭാവിയില്‍ നടക്കാനിരിക്കുന്നതും ഇതിനകം നടന്നതും) ഈ മിത്തിനെ ബന്ധിപ്പിക്കുന്നുണ്ട്. തിബ്രിയാസ് തടാകത്തിലെയും യൂഫ്രട്ടീസ്-ടൈഗ്രീസ് നദികളിലെയും ജലം മുഴുവന്‍ കുടിച്ചുവറ്റിക്കാന്‍ മാത്രം എണ്ണം പെരുകിയവരാണ് ഗോഗ്, മഗോഗ്. ഭൂമിയിലെ മനുഷ്യരെ അവര്‍ കൊന്നൊടുക്കും. ആകാശത്തിനു നേരെ അമ്പെയ്യും. ദൈവം അവരുടെ കഴുത്തിലും ചെവിയിലും മൂക്കുദ്വാരത്തിലും പുഴുക്കളെ നിക്ഷേപിക്കും. ഈ പുഴുക്കളവരിലെ അവസാനവ്യക്തിയെയും ഒറ്റ രാത്രികൊണ്ട് കൊന്നൊടുക്കും. ഭൂമി അവരുടെ ശവങ്ങള്‍കൊണ്ട് നിറയും. അല്ലെങ്കില്‍ ഒരു കൂട്ടം പക്ഷികള്‍ അവരെപ്പിടിച്ച് കടലില്‍ മുക്കിക്കൊല്ലും. അവര്‍ നരഭോജികളാണ്. അര്ബിനിയ്യാ ആദര്-ബീജല്‍ പര്‍വ്വതങ്ങള്‍ക്ക് പിറകിലാണവരുടെ താമസം എന്ന് മുസ്ലിം ചരിത്രകാരന്മാര് ഊഹിക്കുന്നു. എന്നാല്‍ ഇത്തരം അത്യുക്തികളെയൊന്നും ഖുര്‍ആന്‍ പിന്താങ്ങുന്നില്ല.
Add Comment