ഖുര്‍ആന്‍-പഠനങ്ങള്‍

പ്രബോധനശൈലിക്ക് ഖുര്‍ആന്റെ മാതൃക (യാസീന്‍ പഠനം – 11)

ദൈവദൂതന്‍മാരുടെ കഥകഴിക്കാനായി പട്ടണവാസികള്‍ ഒത്തുചേര്‍ന്നതും അവിടേക്ക് വിവേകിയും ധൈര്യശാലിയുമായ ഒരു വിശ്വാസി കടന്നുചെന്ന് കാര്യങ്ങള്‍ ഉണര്‍ത്തിയതും നാം കണ്ടു. താന്‍ സ്വയം വിശ്വാസിയാണെന്ന കാര്യം ആ പ്രതികൂലഘട്ടത്തിലും തുറന്നുപറഞ്ഞുകൊണ്ട് അവരോട് തികഞ്ഞ ഗുണകാംക്ഷയോടെ പ്രബോധനം ചെയ്യുന്ന ശൈലിയായിരുന്നു അത്.
‘എനിക്ക് ജീവന്‍നല്‍കി ഈ ഭൂമിയില്‍ കൊണ്ടുവന്ന ആ സ്രഷ്ടാവിനെ എന്തുകൊണ്ട് ഞാന്‍ അനുസരിക്കാതിരിക്കണം? ‘ എന്ന അദ്ദേഹത്തിന്റെ ചോദ്യം അവരുടെ ഹൃദയങ്ങളെ പിടിച്ചുകുലുക്കാന്‍ പോന്നതായിരുന്നു. അവരിലോരോരുത്തരും അപ്പോള്‍ സ്വന്തത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി, ‘അല്ല, ഈ ലോകത്ത് ജീവിക്കാനും ഇവിടെയുള്ള അനുഗ്രഹങ്ങള്‍ ആസ്വദിക്കാനും അവസരം നല്‍കിയത് ദൈവമല്ലേ? അപ്പോള്‍ ഈ ദൈവദൂതന്‍മാര്‍ പറയുംപോലെ അവനല്ലേ താന്‍ അനുസരണം അര്‍പിക്കേണ്ടത്?’എന്ന് ഓരോരുത്തരും സ്വയം ചോദിച്ചു.

23. أَأَتَّخِذُ مِن دُونِهِ آلِهَةً إِن يُرِدْنِ الرَّحْمَـٰنُ بِضُرٍّ لَّا تُغْنِ عَنِّي شَفَاعَتُهُمْ شَيْئًا وَلَا يُنقِذُونِ

”അവനെയല്ലാതെ മറ്റുള്ളവയെ ഞാന്‍ ദൈവങ്ങളായി സ്വീകരിക്കുകയോ ? ആ പരമകാരുണികന്‍ എനിക്കു വല്ല വിപത്തും വരുത്താനുദ്ദേശിച്ചാല്‍ അവരുടെ ശിപാര്‍ശയൊന്നും എനിക്കൊട്ടും ഉപകരിക്കുകയില്ല. അവരെന്നെ രക്ഷിക്കുകയുമില്ല’.(യാസീന്‍)

 

അവനെയല്ലാതെ മറ്റുള്ളവരെ ഞാന്‍ ദൈവങ്ങളായി സ്വീകരിക്കുകയോ? എന്നാണ് ഹബീബ് ചോദിച്ചത്. അതെല്ലാം ഓരോ ആളുകള്‍ കൈകൊണ്ടുണ്ടാക്കിയതല്ലേ? അവയ്ക്കാകട്ടെ യാതൊന്നിനും കഴിവില്ലാതാനും. അവയൊന്നും ദൈവമല്ലതാനും. അതിനാല്‍ അവയ്ക്ക് പൂജാനിവേദ്യങ്ങള്‍ അര്‍പ്പിക്കുന്നത് തികഞ്ഞ വിഡ്ഢിത്തമാണ്. കാരണം, പരമകാരുണികനായ ദൈവം തനിക്ക് എന്തെങ്കിലും വിപത്ത് ഏല്‍പിക്കാനുദ്ദേശിച്ചാല്‍ ആര്‍ക്കുമെന്നെ രക്ഷിക്കാനാകില്ല. എന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് യാതൊരു ഉപകാരവുമില്ലാത്ത ഈ മൂര്‍ത്തികള്‍ക്ക് നിങ്ങള്‍ ആരാധനയും വഴിപാടുകളും സമര്‍പ്പിക്കുന്നത് എന്ന് ഹബീബ് ചോദ്യമുയര്‍ത്തി.

‘അ അത്തഖിദു മിന്‍ദൂനിഹി’ എന്ന സൂക്താരംഭത്തിലെ ‘അഅത്തഖിദു’ നിഷേധാത്മക ഉത്തരം ആവശ്യപ്പെടുന്ന ചോദ്യശൈലി (ഇസ്തിഫ്ഹാം ഇന്‍കാരി) ആണെന്ന് പണ്ഡിതനായ ഇബ്‌നു ആശൂര്‍ അഭിപ്രായപ്പെടുന്നു. വളരെ സൗഹൃദപരമായ ഉപദേശത്തിന് ശേഷം ഏറ്റുമുട്ടലിനോ പ്രകോപനത്തിനോ വഴിവെക്കാത്തവിധം ബഹുദൈവത്തപരമായ വിധേയത്വത്തില്‍നിന്നും അവരെ മോചിപ്പിക്കാന്‍ ഹബീബ് ശ്രമിക്കുന്നതാണ് ഇതില്‍ കാണാനാകുന്നത്. ഓരോ ആരാധകനും തന്റെ ആരാധ്യനില്‍നിന്നും എന്താണാഗ്രഹിക്കുന്നതെന്ന ഓര്‍മപ്പെടുത്തലും അതോടൊപ്പമുണ്ട്. അത് ഏത് പ്രതിസന്ധിഘട്ടത്തിലും താങ്ങും തണലും ആകുന്നവിധത്തിലുള്ള സഹായമാണ് എന്ന് ഇബ്‌നുല്‍ ഖയ്യിം കുറിക്കുന്നു. ഭൗതികജീവിതത്തിലെ മനുഷ്യന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമാകുന്ന സന്താനലബ്ധി, ജോലി, പരീക്ഷാജയം, മനസമ്മര്‍ദ്ദങ്ങളെ അതിജീവിക്കല്‍ തുടങ്ങി ഒട്ടേറെ അനിശ്ചിതത്വങ്ങള്‍ക്കുമുമ്പില്‍ മനുഷ്യന് ആശ്രയമേകുന്നത് ദൈവസ്മരണയാണ്. അങ്ങനെയൊരു ശക്തിയോ ആശ്രയമോ ഇല്ലെന്ന് ആരെങ്കിലും നിഷേധിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് ബോധ്യപ്പെടുത്തുന്ന സന്ദര്‍ഭമുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നത് കാണുക:’കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചരിക്കാനവസരമൊരുക്കിയത് ആ അല്ലാഹുതന്നെയാണ്. അങ്ങനെ നിങ്ങള്‍ കപ്പലിലായിരിക്കെ, സുഖകരമായ കാറ്റുവീശി. യാത്രക്കാരെയും കൊണ്ട് കപ്പല്‍ നീങ്ങിത്തുടങ്ങി. അവരതില്‍ സന്തുഷ്ടരായി. പെട്ടെന്നൊരു കൊടുങ്കാറ്റടിച്ചു. എല്ലാ ഭാഗത്തുനിന്നും തിരമാലകള്‍ അവരുടെ നേരെ ആഞ്ഞു വീശി. കൊടുങ്കാറ്റ് തങ്ങളെ വലയം ചെയ്തതായി അവര്‍ക്കുതോന്നി. അപ്പോള്‍ തങ്ങളുടെ വണക്കം അല്ലാഹുവിന് മാത്രം സമര്‍പ്പിച്ചുകൊണ്ട് അവര്‍ അവനോട് പ്രാര്‍ഥിച്ചു: ‘ഞങ്ങളെ നീ ഇതില്‍നിന്ന് രക്ഷപ്പെടുത്തിയാല്‍ ഉറപ്പായും ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും.”(യൂനുസ് 22)
ഇസ് ലാമിന്റെ അടിസ്ഥാനആദര്‍ശമായ ലാഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ മറുഭാഷ്യം ജനങ്ങള്‍ക്ക് മനസ്സിലാകുംവിധം അവതരിപ്പിക്കാനുള്ള ഹബീബിന്റെ കഴിവ് നമുക്ക് കാണാനാകുന്നുണ്ട്.
‘എന്തുകൊണ്ട് ഞാന്‍ അവനെ ആരാധിക്കാതിരിക്കണം?’ എന്ന ചോദ്യം ആരാധനയ്ക്കര്‍ഹനായ ദൈവത്തിന്റെ സാന്നിധ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു. അവനെയല്ലാതെ മറ്റുള്ളവയെ ഞാന്‍ ദൈവങ്ങളായി സ്വീകരിക്കുകയോ? എന്ന പരാമര്‍ശം മറ്റുള്ളവയെ നിരാകരിക്കാനുള്ള ആഹ്വാനമാണ്. ഈ രണ്ടുപ്രസ്താവനയും ചേര്‍ത്തുവായിക്കുമ്പോള്‍ ഏതു പാമരനും ഗ്രഹിക്കാനാകുംവിധം
കലിമത്തുത്തൗഹീദിന്റെ ആശയം വെളിവാകുന്നതുകാണാം.

24. إِنِّي إِذًا لَّفِي ضَلَالٍ مُّبِينٍ

”അങ്ങനെ ചെയ്താല്‍ സംശയമില്ല. ഞാന്‍ വ്യക്തമായ വഴികേടിലായിരിക്കും.
ഇവിടെ അല്ലാഹുവിനെക്കൂടാതെ മറ്റുള്ള മൂര്‍ത്തികളെ ഇലാഹാക്കിയാല്‍ താന്‍ ഗുരുതരമായ തെറ്റാണ് ചെയ്യുന്നതെന്ന് ഹബീബ് വ്യക്തമാക്കുന്നു. അതിനാല്‍ ഓരോ വ്യക്തിയും താന്‍ ചെയ്യുന്ന തെറ്റിനെക്കുറിച്ച് ആത്മാവലോകനം നടത്തുന്ന പക്ഷം ശരിയായ മാര്‍ഗമെന്തെന്ന് കണ്ടെത്താനാകും. ഇതാണ് നിഷേധാത്മകചോദ്യത്തിനുള്ള ഉത്തരമെന്ന് ഇബ്‌നു ആശൂര്‍ അഭിപ്രായപ്പെടുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നിങ്ങളുടെ മൂര്‍ത്തികളെ ഞാനും ദൈവമായി സങ്കല്‍പിച്ചാല്‍ നിങ്ങള്‍ അകപ്പെട്ടതുപോലെ ഞാനും വഴികേടിലായിരിക്കും. അതിനാല്‍ ഈ മൂര്‍ത്തികളല്ല, അല്ലാഹുവാണ് നിങ്ങളുടെ ആരാധ്യന്‍. ക്രമേണ താന്‍ വിശ്വാസിയാണെ് ഹബീബ് തന്റെ വര്‍ത്തമാനങ്ങളിലൂടെ ആ പട്ടണവാസികളെ അറിയിക്കുകയാണ്.

 

25. إِنِّي آمَنتُ بِرَبِّكُمْ فَاسْمَعُونِ

”തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ നാഥനില്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളെന്റെ വാക്ക് കേള്‍ക്കുക.”

തന്റെ ചുറ്റുമുള്ള പട്ടണവാസികളോട് ഏകദൈവവിശ്വാസം വെളിപ്പെടുത്തി പറയുന്നതോ അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞതിന് സാക്ഷ്യംവഹിച്ചുകൊണ്ട് താന്‍ സത്യസാക്ഷ്യം നിര്‍വഹിക്കുന്നുവെന്ന് ദൈവദൂതന്‍മാരോട് അത്ഭുതത്തോടെ ഹബീബ് മൊഴിയുന്നതോ ആവാം ഇത്. ചുറ്റുമുള്ളവര്‍ക്ക് അദ്ദേഹം എന്താണ് പറയുന്നതെന്ന ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നീക്കിക്കളയാനാണ് അതിനാല്‍ നിങ്ങളെന്റെ വാക്ക് കേള്‍ക്കുക (ഫസ്മഊന്‍) എന്ന പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്റെ വര്‍ത്തമാനം കേട്ടതോടെ ആളുകള്‍ അദ്ദേഹത്തെ കൊന്നുകളയാന്‍ തീരുമാനിച്ചു. എന്നാല്‍ എങ്ങനെ കൊല്ലണമെന്ന കാര്യത്തില്‍ അങ്ങോട്ടുമിങ്ങോട്ടും വാദമുഖങ്ങളുയരുകയും അവസാനം കല്ലെറിഞ്ഞുകൊല്ലാന്‍ തീരുമാനിക്കുകയുംചെയ്തു. കല്ലെറിയപ്പെട്ടുകൊണ്ടിരിക്കെ, ഹബീബ് ‘അല്ലാഹുമ്മ ഇഹ്ദി ഖൗമീ’ (അല്ലാഹുവേ എന്റെ സമൂഹത്തിന് നേര്‍മാര്‍ഗം കാട്ടിക്കൊടുക്കണേ) എന്ന് പറഞ്ഞുകൊണ്ടിരുന്നതായി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു. എന്നാല്‍ വേറെ ചിലര്‍ പറയുന്നത് ആ ആള്‍ക്കൂട്ടം അദ്ദേഹത്തിന്റെ മേല്‍ ചാടിവീണ് അദ്ദേഹത്തെ മര്‍ദ്ദിച്ചുകൊന്നുവെന്നാണ്. അവരിലൊരാള്‍ പോലും ആ അക്രമത്തെ അപലപിക്കാനോ മറ്റുള്ളവരെ പിന്തിരിപ്പിക്കാനോ ശ്രമിച്ചില്ലത്രെ.

ഇബ്‌നു അബ്ബാസ്(റ)ന്റെ വ്യാഖ്യാനം ഇപ്രകാരമാണ്: ആ പട്ടണവാസികള്‍ ഹബീബിന്റെ വര്‍ത്തമാനംകേട്ടപ്പോള്‍ വലിയൊരു തീക്കുണ്ഠമൊരുക്കി. അവര്‍ അദ്ദേഹത്തെ പിടിച്ചുകെട്ടി ആ തീക്കുണ്ഠത്തിലേക്കെറിഞ്ഞു. അങ്ങനെ ആ ശരീരത്തില്‍നിന്ന് ആത്മാവ് വേര്‍പെട്ടപ്പോള്‍ അല്ലാഹു കല്‍പിച്ചു: സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക!
ഇബ്‌നു മസ്ഊദ് (റ) പറയുന്നു: എന്റെ ജനമേ, ദൈവദൂതന്‍മാരെ നിങ്ങള്‍ പിന്‍പറ്റുവിന്‍! അപ്പോള്‍ അവരെല്ലാം അയാളുടെ മേല്‍ ചാടിവീണ് കഴുത്ത് ഞെരിച്ച് കൊല്ലാനൊരുമ്പെട്ടു. ആ ഘട്ടത്തില്‍ അദ്ദേഹം ദൈവദൂതന്‍മാരുടെ നേരെ തിരിഞ്ഞുനോക്കി തുടര്‍ന്നു. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ നാഥനില്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളെന്റെ വാക്ക് കേള്‍ക്കുക.’ അതായത് ഞാന്‍ സത്യസാക്ഷ്യം വഹിച്ചുവെന്ന കാര്യത്തിന് നിങ്ങള്‍ സാക്ഷ്യം നില്‍ക്കുക. അങ്ങനെ നാളെ നാഥന്റെ മുമ്പില്‍ ഞാന്‍ രക്ഷപ്പെട്ടേക്കാം.’

വിവേകമുത്തുകള്‍

പട്ടണപ്രാന്തത്തില്‍ താമസിച്ചിരുന്ന ഹബീബ് എന്ന ആ യുവവിശ്വാസി എങ്ങനെയാണ് തന്റെ സംഭാഷണത്തിലെ നയചാതുരി പ്രകടിപ്പിച്ചതെന്ന് നമുക്ക് കാണാനാകുന്നു. വളരെ തന്ത്രപരമായി അവരുടെ ആരാധനയുടെ അര്‍ഥശൂന്യത ബോധ്യപ്പെടുത്തി ഏകനായ ദൈവത്തിന്റെ സാംഗത്യത്തെ അറിയിക്കുകയാണ് അദ്ദേഹം. ഇത് ഇബ്‌റാഹീം നബി യഥാര്‍ഥദൈവമാരെന്ന വസ്തുത ബോധ്യപ്പെടുത്താന്‍ തന്റെ ജനതയില്‍ സ്വീകരിച്ച ശൈലി പോലെയാണ്. ചന്ദ്രനെയും നക്ഷത്രങ്ങളെയും സൂര്യനെയും അവ ദൈവങ്ങളാകാന്‍ ന്യായമില്ലെന്ന് ചൂണ്ടിക്കാട്ടി തൗഹീദിലേക്ക് ക്ഷണിക്കുകയായിരുന്നുവല്ലോ അദ്ദേഹം. ഇവിടെ ഹബീബ് അവര്‍ക്ക് മരണാനന്തരം മടങ്ങിച്ചെല്ലാനുള്ളത് ആ ദൈവത്തിങ്കലേക്കാണെന്ന് പ്രത്യക്ഷത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പരോക്ഷമായി ഞാന്‍ നിങ്ങളുടെ പാത സ്വീകരിച്ചാല്‍ നിങ്ങളെപ്പോലെ വഴികേടിലായിത്തീരും എന്ന് പറയുകയുംചെയ്യുന്നു. പരോക്ഷമായി പറയുന്നതിലൂടെ ആളുകളെ പ്രകോപിപ്പിക്കാതിരിക്കാനും ആത്മപരിശോധനക്ക് നിര്‍ബന്ധിതരാക്കാനും കഴിയും. സത്യനിഷേധികളായ ആളുകളോട് ഇവ്വിധം സമീപനംകൈക്കൊള്ളാന്‍ കഴിയുമെങ്കില്‍ സമുദായത്തിനകത്തെ വഴികേടിലായ കൂട്ടരെ നേര്‍വഴിക്ക് നടത്താന്‍ ഇതെന്തുകൊണ്ട് സ്വീകരിച്ചുകൂടാ..
‘യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റം നല്ല നിലയില്‍ അവരുമായി സംവാദം നടത്തുക. നിശ്ചയമായും നിന്റെ നാഥന്‍ തന്റെ നേര്‍വഴി വിട്ട് പിഴച്ചുപോയവരെ സംബന്ധിച്ച് നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റിയും സൂക്ഷ്മമായി അറിയുന്നവനാണവന്‍ ‘(അന്നഹ്ല്‍ 125).

Topics