മുഹമ്മദ്‌

മുഹമ്മദ് (സ)

അറേബ്യ: പ്രവാചകനു മുമ്പ്

വിശാലമായ മണല്‍പ്പരപ്പും മൊട്ടക്കുന്നുകളും നിറഞ്ഞതായിരുന്നു അന്നത്തെ അറേബ്യ. ജലശൂന്യമായ വരണ്ട പ്രദേശം. ജലം ലഭ്യമായ ചില പ്രദേശങ്ങളില്‍ സസ്യങ്ങള്‍ വളര്‍ന്നിരുന്നു. അവിടെയായിരുന്നു ജനങ്ങള്‍ അധികവും താമസിച്ചിരുന്നത്. ഇത്തരം മരുപ്പച്ചകള്‍ ജനങ്ങളുടെ ആശ്വാസകേന്ദ്രമായിരുന്നു.

മക്കയും കഅ്ബയും
അറേബ്യയില്‍ മക്കയ്ക്കു സുപ്രധാനസ്ഥാനമാണ് ഉണ്ടായിരുന്നത്. മക്കയില്‍ അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം ഇബ്രാഹീം നബിയും മകന്‍ ഇസ്മാഈല്‍ നബിയും പടുത്തുയര്‍ത്തിയ കഅ്ബ സ്ഥിതിചെയ്തിരുന്നു. കഅ്ബക്ക് അറബികളില്‍ വലിയ സ്ഥാനമാണുണ്ടായിരുന്നത്.ഇസ്മാഈല്‍ നബിയുടെ സന്താനപരമ്പരയില്‍ പെട്ട ഖുറൈശീഗോത്രത്തിന്റെ സംരക്ഷണത്തിലായിരുന്നു കഅ്ബ.

സാമൂഹ്യരംഗം
അറബികള്‍ പല ഗോത്രങ്ങളായി താമസിച്ചു. ഗോത്രങ്ങള്‍ തമ്മില്‍ നിരന്തരം കലഹിച്ചിരുന്നു. അക്രമവും കൊള്ളയും സര്‍വ്വസാധാരണമായിരുന്നു. ഒറ്റക്ക് യാത്രചെയ്യുവാന്‍ ജനങ്ങള്‍ ഭയപ്പെട്ടിരുന്നു. അതിനാല്‍ സുരക്ഷിതത്വത്തിന് സംഘങ്ങളായാണ് അവര്‍ യാത്ര ചെയ്തിരുന്നത്.
ഒരു ഏകീകൃത ഭരണമോ നിയമമോ അന്ന് നിലവിലുണ്ടായിരുന്നില്ല. കൈയ്യൂക്കുള്ളവര്‍ കാര്യക്കാര്‍ എന്ന നിലയില്‍ കാര്യങ്ങള്‍ നടന്നതിനാല്‍ സാധാരണക്കാരും ദുര്‍ബലരും പലപ്പോഴും മര്‍ദ്ദനപീഡനങ്ങള്‍ക്ക് വിധേയരായിരുന്നു. മനുഷ്യരെ അടിമകളാക്കി പണിയെടുപ്പിക്കുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നു.
സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം കല്‍പിച്ചിരുന്നില്ല. ഒരു പുരുഷന് എത്രഭാര്യമാരെ വേണമെങ്കിലും സ്വീകരിക്കാമായിരുന്നു. ബഹുഭര്‍തൃത്വവും നിലവിലുണ്ടായിരുന്നു. വ്യഭിചാരം പോലുള്ള ദുര്‍വൃത്തികള്‍ തെറ്റായി പരിഗണിച്ചിരുന്നില്ല. മദ്യപാനവും ചൂതാട്ടവും സര്‍വസാധാരണമായിരുന്നു. ചില ഗോത്രക്കാര്‍ പെണ്‍കുട്ടികള്‍ ജനിക്കുന്നതുതന്നെ കുടുംബത്തിനും സമൂഹത്തിനും അപമാനമായി കരുതിയിരുന്നു. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുവാന്‍ പോലും അവര്‍ മടിച്ചിരുന്നില്ല. ദാരിദ്ര്യം ഭയന്നും കുട്ടികളെ അവര്‍ വധിച്ചിരുന്നു.
സാധാരണജനങ്ങളില്‍ എഴുത്തും വായനയും പ്രചരിച്ചിരുന്നില്ല. അക്ഷരാഭ്യാസമുള്ളവര്‍ വളരെ കുറവായിരുന്നു. എങ്കിലും അവരുടെ ഭാഷയായ അറബി വളരെ സമ്പന്നവും സമ്പുഷ്ടവുമായിരുന്നു. അവരുടെ സാഹിത്യം ജനങ്ങളുടെ മനസ്സിലും ചുണ്ടിലും നിറഞ്ഞിരുന്നു. അക്കാലത്തെ അറബിക്കവിതകള്‍ മഹത്തായ സാഹിത്യസൃഷ്ടികളായി ഇന്നും കണക്കാക്കുന്നു. ഗഹനമായ ആശയങ്ങളെ ഉള്‍ക്കൊള്ളാനും അത് മനുഷ്യഹൃദയങ്ങളില്‍ ചലനങ്ങള്‍ ഉണ്ടാക്കും വിധം അവതരിപ്പിക്കുവാനും അനുയോജ്യമാണ് അറബി ഭാഷ.

സാമ്പത്തികരംഗം
ജനങ്ങളില്‍ നല്ലൊരു വിഭാഗം നാട്ടിന്‍ പുറങ്ങളില്‍ അലഞ്ഞു നടന്ന് ജീവിക്കുന്ന ബദു(നാടോടികള്‍)ക്കളായിരുന്നു. അവരുടെ പ്രധാന ജീവിതമാര്‍ഗം ഒട്ടകങ്ങളെയും കന്നുകാലികളെയും വളര്‍ത്തലായിരുന്നു. മരുപ്പച്ചകളില്‍ ഈത്തപ്പന, മുന്തിരി തുടങ്ങിയവയുടെ തോട്ടങ്ങളുണ്ടായിരുന്നു. കൃഷിക്കാരുടെ നഗരം എന്നാണ് മദീന അറിയപ്പെട്ടത്. നഗരങ്ങളില്‍ മുഖ്യതൊഴില്‍ കച്ചവടമായിരുന്നു. മക്കയിലൂടെ കടന്നുപോകുന്ന കച്ചവടസംഘങ്ങളില്‍നിന്നും നികുതി ഈടാക്കിയിരുന്നു. മക്കയും ത്വാഇഫും പ്രധാന വ്യാപാരകേന്ദ്രങ്ങളായിരുന്നു. അവിടെ പലിശവ്യാപാരം നടത്തുന്നവരും ഊഹക്കച്ചവടക്കാരും വന്‍വ്യവസായികളുമുണ്ടായിരുന്നു. അറേബ്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന യമന്‍, വടക്കുഭാഗത്തുള്ള സിറിയ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കച്ചവടയാത്രകള്‍ പതിവായിരുന്നു. ഇന്ത്യാഉപഭൂഖണ്ഡത്തിനും യൂറോപ്യന്‍ നാടുകള്‍ക്കുമിടയില്‍ നടന്നിരുന്ന വ്യാപാരത്തെ ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു അറേബ്യ.

മതരംഗം
ബഹുദൈവ വിശ്വാസികളും വിഗ്രഹാരാധകരുമായിരുന്നു അറബികള്‍. ലാത്ത, ഉസ്സ, മനാത്ത, ഹുബ്ല്‍ തുടങ്ങിയ നിരവധി വിഗ്രഹങ്ങളെ അവര്‍ ആരാധിച്ചിരുന്നു. ഓരോ ഗോത്രത്തിനും പ്രത്യേകം കുലദൈവങ്ങളുണ്ടായിരുന്നു. കഅ്ബയില്‍ മുന്നൂറിലധികം വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, പ്രകൃതി ശക്തികള്‍ തുടങ്ങിയവയെല്ലാം ഇവരുടെ ആരാധനാ മൂര്‍ത്തികളായിരുന്നു. അറേബ്യന്‍ ജനത പൊതുവെ വിഗ്രഹാരാധകരായിരുന്നുവെങ്കിലും ഇബ്രാഹീം നബി പഠിപ്പിച്ച ഏകദൈവവിശ്വാസം നിലനിര്‍ത്തിപ്പോന്ന അപൂര്‍വ്വം ആളുകള്‍ അങ്ങുമിങ്ങും കാണപ്പെട്ടിരുന്നു. ഇവര്‍ ഹനീഫിയ്യ എന്നാണറിയപ്പെട്ടിരുന്നത്. യമന്‍ പ്രദേശങ്ങളില്‍ ക്രിസ്തുമത വിശ്വാസികളും മദീന ഖൈബര്‍ തുടങ്ങിയ നാടുകളില്‍ ചില ജൂതഗോത്രങ്ങളും വസിച്ചിരുന്നു.
പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു പരാശക്തിയെപ്പറ്റി അറബികള്‍ക്കറിയാമായിരുന്നു. അതുപോലെ ദൈവാനുഗ്രഹം, ദൈവകോപം, മരണാനന്തര ജീവിതം, മലക്കുകള്‍ എന്നിവയെക്കുറിച്ച് അവര്‍ക്ക് ചില ധാരണകളൊക്കെ ഉണ്ടായിരുന്നു. പക്ഷേ, ഈ ധാരണകളെല്ലാം ബഹുദൈവവിശ്വാസത്തില്‍പ്പെട്ട് മലീമസമായിരുന്നു. അറേബ്യക്കു പുറത്തുള്ള മനുഷ്യരുടെ സ്ഥിതി ഇതില്‍നിന്നും ഭിന്നമായിരുന്നില്ല. ജനങ്ങള്‍ അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും മുഴുകിപ്പോയിരുന്നു. ഒരു പ്രവാചകന്റെ ആഗമനം അനിവാര്യമാകത്തക്കവിധം ലോകജനത മുഴുവന്‍ അന്ധകാരത്തില്‍ ആണ്ടുപോയിരുന്നു.
പ്രവാചകന്റെ മക്കാ ജീവിതം
ക്രിസ്തുവര്‍ഷം 571 ഏപ്രില്‍ മാസത്തില്‍ അഥവാ ഹിജ്‌റക്കു മുമ്പ് അമ്പത്തിമൂന്നാം വര്‍ഷം റബീഉല്‍അവ്വലില്‍ മുഹമ്മദ് ജനിച്ചു. ഇസ്മാഈല്‍ നബിയുടെ സന്താനപരമ്പരയില്‍ പെട്ട മക്കയിലെ ഖുറൈശ് ഗോത്രത്തിലായിരുന്നു ജനനം. മക്കയിലെ പ്രഭലനായ ഖുറൈശ് ഗോത്രത്തലവന്‍ അബ്ദുല്‍മുതലിനിന്റെ മകന്‍ അബ്ദുല്ലയായിരുന്നു പിതാവ്. ബനൂനജ്ജാര്‍ ഗോത്രക്കാരനായ വഹബിന്റെ പുത്രി ആമിന മാതാവും. മുഹമ്മദിന്റെ ജനനത്തിനു രണ്ട് മാസം മുമ്പ് പിതാവും, ജനിച്ച് ആറുവയസ്സായപ്പോള്‍ മാതാവും മരണപ്പെട്ടു. ബാല്യത്തില്‍ പിതാമഹനായ അബ്ദുല്‍ മുത്വലിബിന്റെയും അദ്ദേഹത്തിന്റെ മരണശേഷം പിതൃവ്യന്‍ അബൂത്വാലിബിന്റെയും സംരക്ഷണത്തിലാണദ്ദേഹം വളര്‍ന്നത്.
കുട്ടികള്‍ക്ക് എഴുത്തും വായനയും അഭ്യസിപ്പിക്കുന്ന സമ്പ്രദായം അക്കാലത്തെ അറബികള്‍ക്കുണ്ടായിരുന്നില്ല. എഴുത്തും വായനയും അറിയാതെത്തന്നെ മുഹമ്മദും വളര്‍ന്നു. കച്ചവടമായിരുന്നു ഖുറൈശികളുടെ പ്രധാന തൊഴില്‍ അബൂത്വാലിബിന്റെ തൊഴിലും മറ്റൊന്നായിരുന്നില്ല. വലുതായപ്പോള്‍ അതേ തൊഴില്‍ത്തന്നെ മുഹമ്മദും സ്വീകരിച്ചു. പിതൃവ്യന്റെ കൂടെ സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് അദ്ദേഹം യാത്ര ചെയ്തു.
ഉത്തമ സ്വഭാവഗുണങ്ങളുടെ നിറകുടമായിരുന്നു ആ യുവാവ്. ചുറ്റുപാടും നടമാടിയിരുന്ന എല്ലാ തിന്മകളില്‍നിന്നും അദ്ദേഹം അകന്നുനിന്നു. ആളുകള്‍ക്ക് ആ യുവാവ് വിശ്വസ്തനായിരുന്നു. അവരുടെ പണവും വിലപിടിച്ച വസ്തുക്കളും സൂക്ഷിക്കാന്‍ അവര്‍ മുഹമ്മദിനെ ഏല്‍പ്പിച്ചിരുന്നു. മക്കക്കാര്‍ക്ക് അല്‍അമീന്‍(വിശ്വസ്തന്‍) ആയിരുന്നു ആ മഹാനുഭാവന്‍. മക്കയിലെ കച്ചവടപ്രമുഖയും വിധവയുമായിരുന്നു ഖദീജ. തന്റെ കച്ചവടച്ചരക്കുകള്‍ വിശ്വസ്തരായ ആളുകള്‍വശം കൊടുത്തയച്ചായിരുന്നു അവര്‍ വ്യാപാരം നടത്തിയിരുന്നത്. മുഹമ്മദിന്റെ വിശ്വസ്തതയെപ്പറ്റി കേട്ടറിഞ്ഞ ഖദീജ തന്റെ കച്ചവടച്ചരക്കുകളുടെ മേല്‍നോട്ടം വഹിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. താമസിയാതെ വിവാഹം ചെയ്യാന്‍ സന്നദ്ധയായി. പിതൃവ്യനുമായി ആലോചിച്ച ശേഷം അദ്ദേഹം ഖദീജയെ വിവാഹം കഴിച്ചു. വിവാഹാനന്തരം മക്കയില്‍ കച്ചവടം ചെയ്തുകൊണ്ട് ജീവിച്ചു.

ദിവ്യവെളിപാട്
മക്കാനിവാസികള്‍ ഇബ്രാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും അധ്യാപനങ്ങള്‍ വിസ്മരിച്ചു കഴിഞ്ഞിരുന്നു. ദൈവികഭവനമായ കഅ്ബാലയത്തില്‍മാത്രം 360 വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു. കൊള്ള, കൊല, കവര്‍ച്ച, മദ്യപാനം എന്നിവ സര്‍വ്വവ്യാപിയായിരുന്നു. അശ്ലീലവും നിര്‍ലജ്ജവുമായ ചെയ്തികള്‍ പരക്കെ നടമാടിയിരുന്നു. ഈ ദുര്‍വൃത്തികളില്‍നിന്നെല്ലാം അകന്ന് തന്റെ സമയം നല്ലകാര്യങ്ങള്‍ക്കു വേണ്ടി മാത്രം മുഹമ്മദ് വിനിയോഗിച്ചു. മക്കയുടെ അടുത്തുള്ള ഹിറാഗുഹയില്‍ ചെന്നിരിക്കുക അദ്ദേഹം പതിവാക്കി. ധ്യാനവും ആരാധനകളുമായി ദിവസങ്ങളോളം അവിടെത്തന്നെ കഴിഞ്ഞുകൂടുമായിരുന്നു. ഇങ്ങനെ ഒരു നാള്‍ ഹിറാഗുഹയില്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും മുഴുകിയിരിക്കെ ജിബ്‌രീല്‍മാലാഖ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ”വായിക്കുക. സൃഷ്ടികര്‍ത്താവായ നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക, മനുഷ്യനെ ഒട്ടിപ്പിടിക്കുന്ന വസ്തുവില്‍നിന്നവന്‍ സൃഷ്ടിച്ചു. പേനകൊണ്ട് (എഴുത്ത്) പഠിപ്പിച്ച അത്യുദാരനാണ് നിന്റെ രക്ഷിതാവ്. മനുഷ്യന് അറിവില്ലാത്തത് മനുഷ്യനെ അവന്‍ പഠിപ്പിച്ചു.” മാലാഖ ഈ ദൈവവചനങ്ങള്‍ അദ്ദേഹത്തിന് ഓതിക്കേള്‍പ്പിച്ചു. ഒരു പുതുയുഗത്തിന്റെ പിറവി കുറിക്കുന്നതായിരുന്നു ആ വാക്യങ്ങള്‍. പ്രവാചകനായി അദ്ദേഹത്തെ തിരഞ്ഞെടുക്കുമ്പോള്‍ 40 വയസ്സായിരുന്നു.
ബഹുദൈവവിശ്വാസവും വിഗ്രഹാരാധനയുമുപേക്ഷിച്ച് ലോകസ്രഷ്ടവായ അല്ലാഹുവിനെ ഏകദൈവമായി സ്വീകരിക്കണമെന്നായിരുന്നു മുഹമ്മദിന് ലഭിച്ച ദിവ്യസന്ദേശത്തിന്റെ കാതല്‍. അസത്യം, അധര്‍മം, അക്രമം തുടങ്ങിയ തിന്മകള്‍ കൈയ്യൊഴിച്ച് സത്യം, നീതി, വിശ്വസ്തത തുടങ്ങിയ സദ്ഗുണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം. മദ്യപാനം വ്യഭിചാരം, ചൂതാട്ടം തുടങ്ങിയ തിന്മകള്‍ ഉപേക്ഷിക്കണം. സ്‌നേഹം, സാഹോദര്യം, പരോപകാരം മുതലായ ഉത്തമസ്വഭാവങ്ങള്‍ സ്വായത്തമാക്കണം. ജീവിതം മുഴുവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാവണം. ഇതെല്ലാമായിരുന്നു പ്രസ്തുത സന്ദേശത്തിന്റെ താല്‍പര്യം. ലോകത്തിനു മുഴുവന്‍ നന്മയുടെ സന്ദേശം നല്‍കുകയായിരുന്നു മുഹമ്മദിന്റെ ദൗത്യം.

പ്രബോധന പ്രവര്‍ത്തനങ്ങള്‍
മനുഷ്യവംശത്തിന്റെ ശാശ്വതമോചനത്തിനു വേണ്ടി അന്ത്യപ്രവാചകനായി അല്ലാഹു മുഹമ്മദ്‌നബിയെ നിയോഗിച്ചു. അല്ലാഹുവില്‍ നിന്നും ജിബ്‌രീല്‍ മുഖേന ലഭിച്ച ദിവ്യസന്ദേശം അനുസരിച്ച് നബി പ്രബോധന പ്രവര്‍ത്തനം തുടങ്ങി. ആദ്യം സ്വന്തം കുടുംബത്തെയും അടുത്തസുഹൃത്തുക്കളെയുമാണ് ദൈവമാര്‍ഗത്തിലേക്കു ക്ഷണിച്ചത്. നബിയുടെ സഹധര്‍മിണി ഖദീജ ആയിരുന്നു ആദ്യമായി അദ്ദേഹത്തില്‍ വിശ്വസിച്ചത്. തുടര്‍ന്ന് പിതൃവ്യപുത്രന്‍ അലിയ്യുബ്‌നു അബീത്വാലിബ്, തന്റെ പ്രിയ സുഹൃത്ത് അബൂബക്കര്‍ എന്നിവര്‍ സത്യവിശ്വാസം സ്വീകരിച്ചു. ആദ്യത്തെ രണ്ടുമൂന്നു വര്‍ഷത്തിനിടക്ക് നബിയുടെയും അബൂബക്കറിന്റെയും പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഏതാനും ആളുകള്‍ക്കൂടി സത്യവിശ്വാസം കൈക്കൊണ്ടു. അതില്‍ പ്രമുഖര്‍ ഉഥ്മാന്‍, സുബൈര്‍, അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്, ത്വല്‍ഹ, അമ്മാറുബ്‌നു യാസിര്‍, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബൂഉബൈദ തുടങ്ങിയവരായിരുന്നു.

ഹിജ്‌റ (പലായനം)
മക്കയില്‍ നിന്ന് സത്യവിശ്വാസികള്‍ അധികപേരും മദീനയിലെത്തിയ ശേഷം നബിക്ക് മദീനയിലേക്ക് ഹിജ്‌റക്കുള്ള അല്ലാഹുവിന്റെ കല്‍പനയുണ്ടായി. മുസ്‌ലിംകള്‍ ഓരോരുത്തരായി മദീനയിലേക്കു പോകുന്നത് മക്കക്കാര്‍ കണ്ടിരുന്നു. നബിയും മദീനയിലെത്തിയാല്‍ അവിടെ മുസ്‌ലിംകളുടെ ശക്തികേന്ദ്രമാകുമെന്നവര്‍ മനസ്സിലാക്കി. അതിനുമുമ്പായി നബിയെ വധിക്കാന്‍ ഒരു ഗൂഢപദ്ധതിക്ക് രൂപം നല്‍കി. ഓരോ ഗോത്രത്തില്‍നിന്നും ഓരോ യുവാക്കള്‍ വീതമുള്ള ഒരു സംഘം വാളുകളുമേന്തി രാത്രിയില്‍ നബിയുടെ വീടുവളഞ്ഞു. നബി ഉറങ്ങിയശേഷം വീട്ടില്‍ നുഴഞ്ഞുകയറി അദ്ദേഹത്തെ കൊലചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം. നബിയുടെ വീട്ടില്‍ അലിയ്യുബ്‌നു അബീത്വാലിബുമുണ്ടായിരുന്നു. 22 വയസ്സുള്ള യുവാവാണ് അന്നദ്ദേഹം. മക്കക്കാര്‍ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച ‘അമാനത്തുകള്‍'(സൂക്ഷിപ്പുമുതലുകള്‍) അവകാശികള്‍ക്കു തിരിച്ചു നല്‍കാന്‍ നബി അലിയെ ഏല്‍പ്പിച്ചു. ശേഷം നബിയുടെ വിരിപ്പില്‍ പുതച്ചുമൂടി കിടക്കാനാവശ്യപ്പെട്ടു. അല്ലാഹുവിന്റെ പ്രവാചകന്‍ ആ അക്രമിസംഘത്തിനിടയിലൂടെ നടന്ന് അബൂബക്കര്‍ സിദ്ദീഖിന്റെ വീട്ടിലെത്തി. അവിടെനിന്നും രണ്ടുപേരും ഉടന്‍തന്നെ യാത്രയായി. തങ്ങളെ ശത്രുക്കള്‍ പിന്തുടരുമെന്നു മനസ്സിലാക്കിയ നബിയും അബൂബക്കറും മക്കയില്‍നിന്ന് മൂന്ന് നാഴിക അകലെ ‘ഥൗര്‍’ ഗുഹയില്‍ മൂന്നു ദിവസം കഴിച്ചുകൂട്ടി. തുടര്‍ന്നവര്‍ മദീനയിലേക്കു പുറപ്പെട്ടു. മക്കയില്‍ ശേഷിച്ച മുഴുവന്‍ സത്യവിശ്വാസികളും മദീനയിലെത്തി.
യഥ്‌രിബിലെ(മദീനയിലെ) ജനങ്ങള്‍ പട്ടണത്തിനു പുറത്തുവന്ന് തക്ബീര്‍ (അല്ലാഹു അക്ബര്‍) മുഴക്കിയും കൈകൊട്ടിപ്പാട്ടുപാടിയും നബിയെ സ്വീകരിച്ചു. അന്നുവരെ യഥ്‌രിബ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ സ്ഥലം ‘മദീനത്തുന്നബി’ (നബിയുടെ പട്ടണം) എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി. മദീനത്തുന്നബി ലോപിച്ചാണ് പില്‍ക്കാലത്ത് ആ സ്ഥലത്തിന് ‘മദീന’ എന്ന പേരു വന്നത്. നബിയും അനുയായികളും മക്കയില്‍നിന്ന് മദീനയിലേക്ക് പോയ മഹത്തായ സംഭവമാണ് ‘ഹിജ്‌റ’ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവമാണ് ഹിജ്‌റ. ഹിജ്‌റക്കു ശേഷമാണ് മുസ്‌ലിംകളുടെ ഒരു സ്വതന്ത്രസമൂഹം നിലവില്‍ വരികയും പൂര്‍ണാര്‍ഥത്തിലുള്ള ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന് അടിത്തറ പാകുകയും ചെയ്തത്.

മദീനയില്‍ ഇസ്‌ലാമികരാഷ്ട്രം
മദീനയിലെത്തിയ നബി അവിടെ ഒരു പള്ളി പണികഴിപ്പിച്ചു. ‘അല്‍മസ്ജിദുന്നബവി’ (നബിയുടെ പള്ളി) എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്.
ഈത്തപ്പനയുടെ ഓലയും തടിയും കൊണ്ട് നിര്‍മിച്ച ആര്‍ഭാടരഹിതമായ അല്ലാഹുവിന്റെ ഭവനം മദീനയില്‍ മുസ്‌ലിംകളുടെ കേന്ദ്രമായി. നമസ്‌കാരങ്ങള്‍ക്കും പഠനത്തിനും പൗരജീവിതത്തെ ബാധിക്കുന്ന സുപ്രധാന ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും പ്രശ്‌നപരിഹാരങ്ങള്‍ക്കും എല്ലാം മസ്ജിദുന്നബവി ഉപയോഗിക്കപ്പെട്ടു. അടിമയായിരുന്ന ബിലാല്‍ ശ്രവണമധുരമായ സ്വരത്തില്‍ ആ മസ്ജിദില്‍ ബാങ്ക് വിളിച്ചു. ഇസ്‌ലാമിക ചരിത്രത്തില്‍ ഏറെ ത്യാഗവും പീഡനവും സഹിച്ച ധീരോദാത്തമായ ആ ‘കറുത്തമുത്തി’ന്റെ ബാങ്കൊലി ശബ്ദം എത്ര സന്തോഷത്തോടും ആത്മസംതൃപ്തിയോടുമാണ് ജനങ്ങള്‍ ശ്രവിച്ചത്.
മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്ത മുസ്‌ലിംകള്‍ക്ക് മുഹാജിറുകള്‍ എന്നും, ഭക്ഷണവും പാര്‍പ്പിടവും തങ്ങളുടെ സമ്പത്തിന്റെ ഓഹരിയും നല്‍കി അവരെ സഹായിച്ച മദീനയിലെ മുസ്‌ലിംകള്‍ അന്‍സ്വാറുകള്‍ എന്നും അറിയപ്പെടുന്നു. ഇവര്‍ക്കിടയിലുള്ള സാഹോദര്യം പ്രവാചകന്‍ ഊട്ടിയുറപ്പിച്ചു.
മദീനയില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന് നബി രൂപം നല്‍കി. അവിടെ ഇസ്‌ലാമിക നിയമവ്യവസ്ഥയും സാമൂഹ്യക്രമവും നടപ്പിലാക്കാനാരംഭിക്കുകയും ചെയ്തു. നോമ്പ്, സകാത്, ഹജ്ജ് മുതലായ അനുഷ്ഠാനങ്ങള്‍ നിര്‍ബന്ധമാക്കിയതും വിവാഹം, അനന്തരാവകാശം, സാമ്പത്തിക ഇടപാടുകള്‍, സാംസര്‍ഗിക നിയമങ്ങള്‍, കുറ്റവും ശിക്ഷയും, യുദ്ധം, സന്ധി, രാജ്യഭരണം തുടങ്ങിയ സാമൂഹിക രാഷ്ട്രീയ കാര്യങ്ങളെ സംബന്ധിച്ച ചട്ടങ്ങളും വ്യവസ്ഥകളും നടപ്പിലാക്കിയതും മദീനാകാലഘട്ടത്തിലാണ്.
മദീനയിലെ ജൂതന്മാരുമായും ഇതരഗോത്രക്കാരുമായും നബി സമാധാന ഉടമ്പടികളുണ്ടാക്കി. ഉടമ്പടിപ്രകാരം നബി ആയിരുന്നു നേതാവും ഭരണാധികാരിയും. യഹൂദന്മാര്‍ക്കും ബഹുദൈവവിശ്വാസികള്‍ക്കും അവരുടെ വിശ്വാസാചാരങ്ങള്‍ക്കൊത്ത് ജീവിക്കുവാന്‍ പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. മനുഷ്യചരിത്രത്തിലെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു നബിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട ഈ ഉടമ്പടികളെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.

മക്കാവിജയം
ഹുദൈബിയാ സന്ധി കഴിഞ്ഞു രണ്ടുവര്‍ഷമായപ്പോഴേക്കും സന്ധിവ്യവസ്ഥകള്‍ മക്കയിലെ ബഹുദൈവവിശ്വാസികള്‍ ലംഘിച്ചു. അതിനെത്തുടര്‍ന്ന് പതിനായിരം മുസ്‌ലിംകളോടൊന്നിച്ച് നബി മക്കയിലേക്ക് പുറപ്പെട്ടു. മുസ്‌ലിംകളുടെ ശക്തിയും സംഖ്യാബലവും കണ്ട് ഭയപ്പെട്ട മക്കയിലെ ബഹുദൈവവിശ്വാസികള്‍ ഒരു ഏറ്റുമുട്ടലിനു തയ്യാറായില്ല.
തികച്ചും രക്തരഹിതമായ ഒരു മുന്നേറ്റത്തിലൂടെ മക്ക മുസ്‌ലിംകള്‍ക്കധീനമായി. 8 വര്‍ഷം മുമ്പ് മക്ക വിട്ടുപോകേണ്ടി വന്ന നബിയും അനുചരന്മാരും അന്തസ്സോടെ മക്കയില്‍ പ്രവേശിച്ചു. കഅ്ബയിലെ വിഗ്രഹങ്ങള്‍ നീക്കം ചെയ്തു. അവിടെ ഏകദൈവാരാധന പുനഃസ്ഥാപിച്ചു. തന്നോടും അനുചരന്മാരോടും വളരെ നിന്ദ്യമായും ക്രൂരമായും പെരുമാറിയ മക്കക്കാര്‍ക്ക് നബി പൊതുമാപ്പ് നല്‍കി. അദ്ദേഹം അവരോട് പറഞ്ഞു: ‘നിങ്ങള്‍ക്കെതിരെ പ്രതികാരമൊന്നുമില്ല. പൊയ്‌ക്കൊള്ളുക. നിങ്ങളെല്ലാവരും സ്വതന്ത്രരാകുന്നു.’
ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത സംഭവമാണ് മക്കാവിജയം. മര്‍ദ്ദകരായ ശത്രുക്കളെ പൂര്‍ണമായും ജയിച്ചടക്കിയ ശേഷം പൊതുമാപ്പ് പ്രഖ്യാപിച്ച ഒരു ഭരണാധികാരി അതിനുമുമ്പ് ഉണ്ടായിട്ടില്ല. മക്കക്കാരില്‍ ഭൂരിഭാഗവും ഇസ്‌ലാമിക വിശ്വാസം സ്വീകരിക്കാന്‍ ഈ സമീപനം കാരണമായി. തുടര്‍ന്ന് അയല്‍പ്രദേശങ്ങളില്‍നിന്ന് ജനങ്ങള്‍ കൂട്ടംകൂട്ടമായി ഇസ്‌ലാം ആശ്ലേഷിച്ചുകൊണ്ടിരുന്നു. പ്രവിശാലമായ അറേബ്യന്‍ ഭൂവിഭാഗം മുഴുവന്‍ ഇസ്‌ലാമിക രാഷ്ട്രത്തിനു കീഴിലായി.

ഹജ്ജത്തുല്‍ വദാഅ് അഥവാ വിടവാങ്ങല്‍ ഹജ്ജ്
ചരിത്രപ്രസിദ്ധമായ മക്കാവിജയം കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിട്ടു. നബി(സ) പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുവാന്‍ മക്കയിലേക്ക് യാത്രയായി. ഹിജ്‌റ പത്താം വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തിയ ലക്ഷത്തില്‍പരം തീര്‍ഥാടകരോടായി അറഫയില്‍ നബി നടത്തിയ പ്രഭാഷണം വിടവാങ്ങല്‍ പ്രസംഗം (ഖുത്വുബതുല്‍ വദാഅ്) എന്ന പേരില്‍ പ്രസിദ്ധമാണ്. മഹത്തായ ആ പ്രസംഗത്തിന്റെ അവസാനം നബി അവിടെ കൂടിയവരോടായി ചോദിച്ചു. ‘അല്ലാഹുവിന്റെ സന്ദേശം നിങ്ങള്‍ക്ക് ഞാന്‍ എത്തിച്ചു തന്നോ എന്ന് വിധിനിര്‍ണയനാളില്‍ അല്ലാഹു ചോദിച്ചാല്‍ നിങ്ങള്‍ എന്തുത്തരം പറയും?’
ജനങ്ങള്‍ ഏകസ്വരത്തില്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ സന്ദേശം ഞങ്ങള്‍ക്കെത്തിച്ചുതന്ന് താങ്കള്‍ ബാധ്യത നിറവേറ്റിയിട്ടുണ്ടെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.’
അപ്പോള്‍ കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തി നബി പറഞ്ഞു: ‘അല്ലാഹുവേ, നീ സാക്ഷി, അല്ലാഹുവേ നീ സാക്ഷി.’ അന്ത്യപ്രവാചകന്‍ തന്റെ ദൗത്യം പൂര്‍ത്തീകരിക്കുകയായിരുന്നു. തുടര്‍ന്നദ്ദേഹം പറഞ്ഞു: ‘ഈ സന്ദേശം ലഭിച്ചവര്‍ അത് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് എത്തിച്ചു കൊടുക്കണം.’
നബിയുടെ വിയോഗം
ഹജ്ജ് കര്‍മത്തിനുശേഷം നബി(സ) മദീനയിലേക്കു മടങ്ങി. ഏകദേശം മൂന്നുമാസത്തിനുശേഷം ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ പന്ത്രണ്ടാം തിയതി തിങ്കളാഴ്ച ആ മഹാനുഭാവന്‍ ഈ ലോകത്തോടു വിട പറഞ്ഞു. നബിക്കപ്പോള്‍ 63 വയസ്സായിരുന്നു.

Topics