മുഹമ്മദ് നബിയുടെ പ്രവാചകത്വം പോലെ ഒരു മതപ്രവാചകന്റെ പ്രവാചകത്വവും ബുദ്ധിപരമായ തെളിവുകളിലൂടെ സ്ഥിരപ്പെട്ടിട്ടില്ല. നബിയുടെ ജീവിതത്തില്‍നിന്ന് കണ്ടെടുത്ത അത്തരം രേഖകള്‍ നമുക്കിവിടെ പരിശോധിക്കാം.
അക്ഷരാഭ്യാസമില്ലാത്ത ഒരു സമൂഹത്തില്‍ നിരക്ഷരജ്ഞനായാണ് നബി വളര്‍ന്നതെന്ന് ചരിത്രത്തില്‍ സുവിദിതമാണ്. ഒരു ഗ്രന്ഥവും അദ്ദേഹം വായിച്ചില്ല; കവിത രചിച്ചില്ല; പ്രസംഗിച്ചില്ല; ഒര ഗോത്രത്തിനും നേതൃത്വം വഹിച്ചില്ല; ജോത്സ്യം ചെയ്തില്ല; സമൂഹങ്ങളെയോ മതങ്ങളെയോ കുറിച്ച് പഠനം നടത്തിയില്ല. ഈ രീതിയില്‍ സംഭവിച്ചിരുന്നുവെങ്കില്‍ പ്രവാചകത്വത്തിനുമുമ്പും പിമ്പുമുള്ള അദ്ദേഹത്തിന്റെ ചരിത്രം സസൂക്ഷ്മം റിപോര്‍ട്ട് ചെയ്ത അനുയായികള്‍ അത് വെളിപ്പെടുത്തുകയോ അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ തള്ളിപ്പറയാന്‍ വ്യഗ്രത പൂണ്ട ശത്രുക്കള്‍ അത് കൊട്ടിഗ്‌ഘോഷിക്കുകയോ ചെയ്‌തേനേ. നാല്‍പതുവയസ്സുവരെ അദ്ദേഹത്തിന്റെ ആ അവസ്ഥ തുടര്‍ന്നുപോയി. ഒരു വ്യക്തിക്ക് ഏതെങ്കിലും വിജ്ഞാനശാഖയില്‍ വാസനയുണ്ടെങ്കില്‍ അതിന്റെ സൂചനകള്‍ യുവത്വത്തില്‍ പ്രകടമാകേണ്ടതാണല്ലോ. എന്നാല്‍ അത്തരത്തിലൊന്നും തന്നെ മുഹമ്മദ് നബിയില്‍ കണ്ടിട്ടില്ല. സത്യസന്ധത, കളികളിലും നേരംപോക്കുകളിലും ബിംബാരാധനയിലും പങ്കുകൊള്ളാതെ അകന്നുനില്‍ക്കുക എന്നിവയാണ് അദ്ദേഹത്തില്‍ ആകെ പ്രകടമായിരുന്നു പ്രത്യേകത. നാല്‍പതുവയസ്സിനുശേഷം അദ്ദേഹം പ്രവാചകത്വം അവകാശപ്പെട്ട് രംഗത്തുവന്നു. ഭൂതകാലത്തെയും ഭാവിയെയും സ്പര്‍ശിക്കുന്ന അജ്ഞാതവാര്‍ത്തകളും ചിന്താപരവും ശാസ്ത്രീയവുമായ തെളിവുകളില്‍ അധിഷ്ഠിതമായ വിശ്വാസങ്ങളും, സമുന്നതമായ സദാചാര സ്വഭാവനിയമങ്ങളും ആത്മീയവും ശാരീരികവുമായ നേട്ടങ്ങളെ സമാഹരിക്കുന്ന ആരാധനകളും നീതിപൂര്‍വമായ രാഷ്ട്രീയസിദ്ധാന്തങ്ങളും ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ കൊണ്ട് തന്റെ സത്യപ്രബോധനത്തെ അദ്ദേഹം ബലപ്പെടുത്തി.
ദീര്‍ഘകാലംകൊണ്ട് നിരന്തരമായ സംഭവപരമ്പരകളിലൂടെ മാത്രം സാധിക്കുന്ന മഹാകൃത്യങ്ങള്‍ നബി മുഖേന നടന്നു; ശിഥിലഗോത്രങ്ങളായി കഴിഞ്ഞുവന്ന അറബികളെ ഏകീകരിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബിംബാരാധനയെ നിര്‍മാര്‍ജനം ചെയ്ത് തല്‍സ്ഥാനത്ത് മനുഷ്യനെ ഔന്നത്യത്തിന്റെ പാരമ്യത്തിലേക്ക് ഉയര്‍ത്തുന്ന ദൈവികമതത്തെ സ്ഥാപിച്ചു. ജാഹിലിയ്യാ യാഥാസ്ഥിതികത്വത്തില്‍ അധിഷ്ഠിതമായ അറബികളുടെ സ്വഭാവങ്ങളെയും അതില്‍നിന്ന് ഉരുത്തിരിഞ്ഞ ദുര്‍ബലവിഭാഗങ്ങളുടെ അവകാശധ്വംസനം , ശാരീരികവികാരങ്ങളെ താലോലിക്കല്‍ എന്നീ ദുര്‍ഗുണങ്ങളെയും വിപാടനംചെയ്ത് ശക്തനെയും ദുര്‍ബലനെയും തുല്യരായി കാണുകയും നീതി സാക്ഷാത്കരിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യവിപ്ലവം സൃഷ്ടിച്ചു.
ഇവയില്‍ ഏതെങ്കിലുമൊരു കൃത്യം ഒരാളെ മഹത്ത്വത്തിന്റെ ഉന്നതികളിലെത്തിക്കുകയും ചരിത്രത്തില്‍ അനശ്വരത്വം നല്‍കുമെന്നിരിക്കെ മുഹമ്മദ് എന്ന വ്യക്തിയിലൂടെ ഇതെങ്ങനെ സംഭവ്യമായി ? ഖുര്‍ആന്‍ വ്യക്തമാക്കുകയും നിഷ്പക്ഷബുദ്ധി അംഗീകരിക്കുകയും ചെയ്യുന്നതുപോലെ മുഹമ്മദ് ഒരു ദൈവദൂതനായതുകൊണ്ടുമാത്രമാണ് ഇതെല്ലാം സാധ്യമായത്. അല്ലാത്തപക്ഷം മുഹമ്മദ് നബിക്ക് പുറമേ ഒട്ടനേകം വ്യക്തികളെ അത്തരത്തില്‍ പരിഷ്‌കര്‍ത്താക്കളും നേതാക്കളും ജേതാക്കളും രാഷ്ട്രസംസ്ഥാപകരുമായി കാണേണ്ടതായിരുന്നു.
അഫീഫ് എ.എഫ്.ത്വബ്ബാറ
Add Comment