മനുഷ്യവര്‍ഗത്തിന്‍റെ പിതാവാണ് ആദം (അ). മനുഷ്യോല്‍പത്തിയെപ്പറ്റി വിവിധ വീക്ഷണങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഒരേ മാതാപിതാക്കളില്‍നിന്നാണ് മനുഷ്യകുലം ഉണ്ടായത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പരിണാമവാദത്തിന്‍റെ വക്താക്കളായ ഒരു ന്യൂനപക്ഷം ഒഴിച്ച് ബാക്കി എല്ലാവരും ഒന്നാമത്തെ മനുഷ്യനെ ദൈവം സൃഷ്ടിച്ചു എന്നു തന്നെയാണ് വിശ്വസിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു: “മനുഷ്യരേ, നിങ്ങളെ ഒരാത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതേ ആത്മാവില്‍ നിന്നുതന്നെ അതിന്‍റെ ഇണയെ സൃഷ്ടിക്കുകയും അവരിരുവരില്‍നിന്നുമായി ധാരാളം പുരുഷډാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുക.”(4: 1)
ഒന്നാമത്തെ മനുഷ്യന്‍ എന്ന നിലയില്‍ ആദമിനെപ്പറ്റി ഖുര്‍ആനില്‍ പറഞ്ഞതില്‍ അധികഭാഗവും മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ചും സ്വര്‍ഗീയ ജീവിതത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള മനുഷ്യന്‍റെ നിയോഗവും മനുഷ്യവര്‍ഗത്തിന് തന്നെ ശത്രുവായ പിശാചിനെ പറ്റിയുള്ള മുന്നറിയിപ്പും മറ്റുമാണ്. ആദം(അ) ഭൂമിയില്‍ എവിടെയാണ് ജീവിച്ചത് എന്നോ അദ്ദേഹത്തിന്‍റെ പ്രബോധന ജീവിതത്തിലെ പ്രധാന സംഭവങ്ങളെപ്പറ്റിയോ ഖുര്‍ആന്‍ വിശദീകരിച്ചു കാണുന്നില്ല.
മനുഷ്യവര്‍ഗത്തെ പടയ്ക്കുന്നതിന്‍റെ മുന്നോടിയായി അല്ലാഹു മലക്കുകളുമായി നടത്തിയ സംഭാഷണം ഖുര്‍ആനില്‍ വിശദീകരിക്കുന്നുണ്ട്. തലമുറകളായി അനന്തരമെടുക്കുന്ന സ്വഭാവത്തിലുള്ള ഒരു വര്‍ഗത്തെ ഭൂമിയില്‍ സൃഷ്ടിക്കുകയാണെന്നാണ് അല്ലാഹു പറഞ്ഞത്. മലക്കുകളില്‍നിന്ന് വ്യത്യസ്തമായി സഹജമായ ദൗര്‍ബല്യങ്ങളാല്‍ തിന്മ ചെയ്യാനുള്ള ഒരു പ്രകൃതിയാണ് മനുഷ്യനുള്ളതെങ്കിലും അവന് ബഹുമുഖ കഴിവുകള്‍ അല്ലാഹു നല്‍കിയിരിക്കുന്നതിനാല്‍ അത്യുല്‍കൃഷ്ടനായിത്തീരുമെന്നും പൈശാചിക പ്രേരണയാല്‍ അധമനായിപ്പോകാന്‍ സാധ്യതയുണ്ടെന്നും മറ്റും ഖുര്‍ആനില്‍ മനുഷ്യവര്‍ഗത്തെപ്പറ്റി പറയുന്നുണ്ട്.
ആദ്യപിതാവിന്‍റെയും മാതാവിന്‍റെയും സന്തതികള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറുസമൂഹം മാത്രമേ അക്കാലത്ത് ഭൂമിയില്‍ മനുഷ്യരായിട്ടുള്ളൂ. സ്വാഭാവികമായും അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനായി ആദം(അ) നിയുക്തനായിട്ടുണ്ടാകും. ആ നിലയില്‍ ദൈവത്തില്‍ നിന്ന് ബോധനം ലഭിക്കുന്ന ആള്‍ എന്ന നിലയ്ക്ക് ആദം(അ) യെ ആദ്യ നബിയായി കണക്കാക്കി വരുന്നു.
ആദമിനോട് ഭൂമിയിലേക്ക് വരുമ്പോള്‍ അല്ലാഹു പറഞ്ഞത് ‘എന്നില്‍ നിന്ന് സന്മാര്‍ഗം വരുമ്പോള്‍ അത് പിന്‍പറ്റിയവര്‍ക്ക് ദുഃഖമുണ്ടാവില്ല’ എന്നാണ്. ആദം(അ) തന്നെ വിലക്കപ്പെട്ട കനി ഭക്ഷിച്ചു പോയതിനാല്‍, ചെയ്തുപോയ പാപത്തിന് പശ്ചാത്തപിക്കാനുള്ള വചനങ്ങള്‍ അല്ലാഹുവില്‍ നിന്ന് സ്വീകരിച്ചു എന്നും ആ വചനങ്ങള്‍കൊണ്ട് പ്രാര്‍ഥിക്കുക മൂലം പടച്ചവന്‍ അദ്ദേഹത്തിന് പൊറുത്തുകൊടുത്തുകൊടുത്തുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ആദം(അ)ന്‍റെ രണ്ടു മക്കള്‍ ദൈവത്തിനു ബലി (കുര്‍ബാന്‍) അര്‍പ്പിച്ച സംഭവം ഖുര്‍ആന്‍ 5: 27-31 ല്‍ വിവരിക്കുന്നുണ്ട്. അവരില്‍ വന്നുപോയ ഒരു പാപത്തിന്‍റെ ഫലമായി പിതാവ് ആദം(അ) നിര്‍ദേശിച്ചിട്ടാണ് അവരത് ചെയ്തത് എന്ന് ഇബ്നുകഥീര്‍ ബിദായഃ വ നിഹായഃയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ആദം (അ)

Add Comment