പ്രാര്‍ഥന എന്നര്‍ഥമുള്ള അറബിപദം. ‘വിളി’ എന്നര്‍ഥമുള്ള ‘ദഅ്‌വത്’ എന്ന പദത്തില്‍നിന്നുതന്നെയാണ് ‘ദുആ’യുടെയും നിഷ്പത്തി. അതിനാല്‍ ആരാധന എന്നര്‍ഥമുള്ള ഇബാദത്ത് എന്ന പദത്തിന്റെ ഏകദേശപര്യായമാണ് ‘ദുആ’എന്നുപറയാം. ‘അര്‍ഥന തന്നെയാണ് ആരാധന’ , ‘പ്രാര്‍ഥന ആരാധനയുടെ മജ്ജയാകുന്നു’ എന്നിങ്ങനെ പ്രവാചകന്‍ പ്രാര്‍ഥനയെ നിര്‍വചിച്ചു. മനുഷ്യന്‍ അല്ലാഹുവിനോടാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് ഖുര്‍ആന്‍ പറയുന്നു. ‘ എന്നോടു പ്രാര്‍ഥിക്കുക, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം’, ‘എന്റെ അടിമ എന്നെപ്പറ്റി നിന്നോടുചോദിച്ചാല്‍ , ഞാന്‍ സമീപസ്ഥനാണ്. എന്നോടു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാന്‍ ഉത്തരം നല്‍കും’എന്നിങ്ങനെ ഖുര്‍ആന്‍ പ്രാര്‍ഥനയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ദൈവത്തോട് പ്രാര്‍ഥിക്കുക മനുഷ്യന് നിര്‍ബന്ധമാണ്. ‘ആര്‍ അല്ലാഹുവോട് ചോദിക്കുന്നില്ലയോ അവനോട് അല്ലാഹു കോപിക്കും’ എന്നും ‘പ്രാര്‍ഥനയല്ലാതെ വിധിയെ തടുക്കുകയില്ല. പുണ്യമല്ലാതെ ആയുസ്സുവര്‍ധിപ്പിക്കുകയില്ല’ എന്നും നബി പറയുകയുണ്ടായി. ദൈവത്തോടുമാത്രമേ പ്രാര്‍ഥിക്കാവൂ എന്നത് ഇസ് ലാമികവിശ്വാസത്തിന്റെയും ഏകദൈവാരാധനയുടെയും കാതലാണ്. പ്രാര്‍ഥനയുടെ അംശംചേര്‍ന്ന പ്രവൃത്തികള്‍ മാത്രമേ ആരാധനയായി പരിഗണിക്കപ്പെടുകയുള്ളൂ.
റബ്ബിനോടുള്ള പ്രാര്‍ഥന മനുഷ്യന് നിര്‍ബന്ധ ബാധ്യതയാണ്. ‘മനുഷ്യന്റെ പ്രാര്‍ഥന ഇല്ലായിരുന്നുവെങ്കില്‍ റബ്ബ് അവനെ പരിഗണിക്കുകയില്ലായിരുന്നു'(അല്‍ഫുര്‍ഖാന്‍ 77)എന്ന് ഖുര്‍ആന്‍ പറയുന്നു.നമസ്‌കാരം തുടങ്ങി പ്രാര്‍ഥനയുടെ വിവിധരൂപങ്ങള്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു.
സത്യവിശ്വാസിയുടെ ആത്മാര്‍ഥമായ പ്രാര്‍ഥന നിരസിക്കപ്പെടുകയില്ല. ഒന്നുകില്‍ അവന്‍ ആവശ്യപ്പെട്ടത് നല്‍കും. അല്ലെങ്കില്‍ അതിനേക്കാള്‍ ഉത്തമമായത് നല്‍കും. അതുമല്ലെങ്കില്‍ അവന്‍ അര്‍ഥിച്ചത് ലഭിച്ചാലുണ്ടാകുന്ന ദോഷങ്ങളില്‍നിന്ന് മാറ്റിക്കളയും. സൂറത്തുല്‍ ഫാത്തിഹയെ നേര്‍മാര്‍ഗത്തിനുള്ള പ്രാര്‍ഥനയും സ്രഷ്ടാവിന്റെ മറുപടിയും എന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമായിരിക്കുക എന്നത് ഖുര്‍ആനില്‍ പല സ്ഥലത്തും വ്യക്തമാക്കിയിട്ടുണ്ട്. ‘അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. അവനല്ലാതെ വേറെ ആരാധ്യനില്ല. അതുകൊണ്ട് അവന്നുമാത്രം കീഴ്‌വണങ്ങിക്കൊണ്ടും അവനോട് പ്രാര്‍ഥിച്ചുകൊള്ളുക. പ്രപഞ്ചനാഥനാകുന്നു സര്‍വസ്തുതിയും'(അല്‍ മുഅ്മിനൂന്‍ 65).’അല്ലാഹുവെ വിട്ട്, അന്ത്യനാള്‍ വരെ കാത്തിരുന്നാലും ഉത്തരമേകാത്തവയോട് പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിതെറ്റിയവനാരുണ്ട്? അവരോ,ഇവരുടെ പ്രാര്‍ഥനയെപ്പറ്റി തീര്‍ത്തും അശ്രദ്ധരാണ്.'(അല്‍അഹ്ഖാഫ് 5). ‘എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം’ (അല്‍ബഖറ 186).
ഖുര്‍ആനും ഹദീസും നമ്മെ പ്രധാനപ്പെട്ട ധാരാളം പ്രാര്‍ഥനകള്‍ പഠിപ്പിക്കുന്നു. അവയില്‍ ഏറ്റവും ഉത്തമമായത് ‘സൂറതുല്‍ ഫാതിഹ’യാണ്. അടുത്തത് അല്‍ബഖറയിലെ അവസാനത്തെ രണ്ട് സൂക്തങ്ങളാണ്. ജീവിതവൈഷമ്യങ്ങളും പ്രയാസങ്ങളും നേരിടുമ്പോള്‍ മുന്‍കാലപ്രവാചകന്‍മാര്‍ ചെയ്തിരുന്ന പ്രാര്‍ഥനകള്‍ നമുക്ക് മാതൃകയായി എടുത്തുദ്ധരിക്കുന്നത് ഖുര്‍ആനിലുടനീളം കാണാം. കാവലിനെ ചോദിക്കുന്ന ഏറ്റവും നല്ല പ്രാര്‍ഥനകളില്‍ പെട്ടതാണ് ഖുര്‍ആനിലെ ഏറ്റവും ഒടുവിലത്തെ സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും. വൈയക്തികദുഃഖവും പ്രയാസവും നേരിടുമ്പോള്‍ അയ്യൂബ് നബിയും യൂനുസ് നബിയും പ്രാര്‍ഥിച്ചിരുന്ന ‘അന്നീ മസ്സനിയദ്ദുര്‍റു വഅന്‍ത അര്‍ഹമുര്‍റാഹിമീന്‍’, ‘ ലാഇലാഹ ഇല്ലാ അന്‍തസുബ്ഹാനക ഇന്നീ കുന്‍തുമിനള്ള്വാലിമീന്‍’ എന്നീ പ്രാര്‍ഥനകള്‍ പ്രത്യേകപ്രാധാന്യത്തോടെ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു.
പ്രാര്‍ഥനക്ക് നിര്‍ണിതരൂപങ്ങളൊന്നുമില്ല. എന്നാല്‍ പ്രാര്‍ഥിക്കുന്ന ആള്‍ ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ട്.
1. അനുവദനീയമായതേ(ഹലാല്‍)ചോദിക്കാവൂ. നിഷിദ്ധമായ ജീവനോപാധികള്‍ സ്വീകരിച്ചവന്റെ പ്രാര്‍ഥന ദൈവം കേള്‍ക്കുകയില്ല.
2.ഖിബ്‌ലക്കഭിമുഖമായി നിന്നുപ്രാര്‍ഥിക്കണം.
3.വിശിഷ്ടാവസരങ്ങളിലായിരിക്കുന്നത് നന്ന്.
റമദാന്‍ മാസം, വെള്ളിയാഴ്ച, അറഫാദിനം, രാത്രിയുടെ അന്ത്യയാമം, പ്രഭാതം, സാഷ്ടാംഗം ചെയ്യുന്ന അവസരം മുതലായ സന്ദര്‍ഭങ്ങള്‍ പ്രാര്‍ഥനയ്ക്ക് ഉചിതമായ അവസരങ്ങളാണ്.
4. കൈരണ്ടും ചുമലി(തോള്‍)നുനേരെ മലര്‍ത്തി ഉയര്‍ത്തുക.
5.ഹംദും സ്വലാത്തും കൊണ്ടുതുടങ്ങുക.
പ്രാര്‍ഥന 3 തവണ ആവര്‍ത്തിക്കുന്നത് നല്ലതാണ്.
പ്രാര്‍ഥന വിനയത്തോടും രഹസ്യമായും ആകണം.’നിങ്ങളുടെ രക്ഷിതാവിനോട് വിനീതമായും രഹസ്യമായും പ്രാര്‍ഥിക്കുക. അതിരുകവിയുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നില്ല.'(അല്‍അഅ്‌റാഫ് 55)
മനസ്സാന്നിധ്യത്തോടും ഭയത്തോടും പ്രത്യാശയോടും കൂടി പ്രാര്‍ഥിക്കുക എന്നതാണ് മറ്റൊരു നിബന്ധന.’തീര്‍ച്ചയായും അവര്‍ നന്‍മകളില്‍ മത്സരിച്ചുമുന്നേറുന്നവരും ഭയത്തോടും പ്രത്യാശയോടും കൂടി നമ്മോടുപ്രാര്‍ഥിക്കുന്നവരും നമ്മോട് ഭയഭക്തി കാണിക്കുന്നവരുമാകുന്നു(അല്‍അമ്പിയാഅ് 90). താന്താങ്ങളുടെ സല്‍പ്രവൃത്തികള്‍ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കുന്നതും നല്ലതാണ്. ക്ഷണിക്കുക, വിളിക്കുക എന്നീ അര്‍ഥങ്ങളിലും ദുആ എന്ന പദം ഖുര്‍ആനില്‍ വന്നിട്ടുണ്ട്.’ഏതൊന്നിലേക്കാണോ ഞങ്ങളെ നിങ്ങള്‍ വിളിക്കുന്നത് അതേപ്പറ്റി ഞങ്ങള്‍ ആശങ്കാപൂര്‍ണമായ സംശയത്തിലാണ് ”(ഇബ്‌റാഹീം 9).
‘നൂഹ് പറഞ്ഞു: ”നാഥാ, രാവും പകലും ഞാനെന്റെ ജനത്തെ വിളിച്ചു.എന്നാല്‍ എന്റെ ക്ഷണം അവരെ കൂടുതല്‍ അകറ്റുകയാണുണ്ടായത്'(നൂഹ് 5-6).
Add Comment