Dr. Alwaye Column

പ്രബോധകന്‍ ജനകീയനാവുക

വിനയാന്വിതനാവുക എന്നത് സത്യപ്രബോധകന് ഏറ്റവും അനിവാര്യമായുണ്ടായിരിക്കേണ്ട ഒരു സ്വഭാവഗുണമാണ്. ജനങ്ങളോടൊപ്പം ഇടകലര്‍ന്ന് ജീവിച്ചുകൊണ്ട് അവരെ സത്യസരണിയിലേക്ക് ക്ഷണിക്കുകയും സദ്‌സ്വഭാവങ്ങളിലേക്ക് വിളിക്കുകയും ചെയ്യേണ്ട ആളാണല്ലോ പ്രബോധകന്‍. സഹപ്രവര്‍ത്തകരോട് ഏറ്റവും നല്ല നിലക്ക് ഇടപെടാന്‍ പരിശീലിപ്പിച്ചുകൊണ്ട് അല്ലാഹു പ്രവാചകതിരുമേനിയോട് പറഞ്ഞതിങ്ങനെയാണ്:’നിന്നെ അനുഗമിച്ച വിശ്വാസികളായ സഹോദരങ്ങള്‍ക്ക് നീ നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുക'(അല്‍ഹിജ്‌റ് 88).

‘സ്വന്തം രക്ഷിതാവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് പ്രഭാതത്തിലും പ്രദോഷത്തിലും അവനോട് പ്രാര്‍ഥിക്കുന്നവരോടൊപ്പം നീയും ക്ഷമിച്ചുകൊണ്ട് ആത്മനിയന്ത്രണം പാലിക്കുക. അവരില്‍നിന്ന് നീ നിന്റെ കണ്ണുകള്‍ പിന്‍വലിക്കരുത്'(അല്‍കഹ്ഫ് 28).
അഹങ്കാരികളുടെയും നിന്ദകരുടെയും വാക്കുകള്‍ അവയെത്ര സത്യവും പരമാര്‍ഥവുമാണെങ്കില്‍ പോലും ജനങ്ങള്‍ സ്വീകരിച്ചുകൊള്ളണമെന്നില്ല. സ്വാഭാവികമാണത്. പൊങ്ങച്ചക്കാരെയും താന്‍പോരിമക്കാരെയും അവര്‍ വെറുക്കും.അവരുടെ വര്‍ത്തമാനവും ഉല്‍ബോധനവും മാര്‍ഗനിര്‍ദേശവും അവര്‍ ഗൗനിക്കുകയില്ല. ഒരുപക്ഷേ, സത്യത്തെ വെറുക്കാനും സത്യപ്രബോധകനില്‍ നിന്ന് ഓടിരക്ഷപ്പെടാനും ജനങ്ങളെ നിര്‍ബന്ധിക്കുന്നത് ഇപ്പറഞ്ഞ ആളുകളുടെ സാന്നിധ്യമാകാം. വളരെ ഗൗരവത്തില്‍ സത്യപ്രബോധകന്‍ ഇക്കാര്യം ഗൗരവത്തിലെടുക്കേണ്ടതുണ്ട്. പ്രബോധനനിര്‍വഹണം പുരോഗമിക്കുകയും പരിശ്രമങ്ങളില്‍ വിജയം വരിക്കുകയും ചെയ്യുമ്പോഴെല്ലാം സത്യപ്രബോധകന്റെ വിനയം വര്‍ധിക്കും. പ്രവാചകന്‍ തിരുമേനിയുടെ ചര്യ അങ്ങനെയായിരുന്നു. അല്ലാഹുവിനോടുള്ള വിനയപാരവശ്യത്താല്‍ ശിരസ്സുകുനിച്ചുകൊണ്ടും അവന്റെ ഔദാര്യത്തിന്റെ മര്‍മം തിരിച്ചറിഞ്ഞുകൊണ്ടുമായിരുന്നു വിജയശ്രീലാളിതനായി ദൈവദൂതന്‍ മക്കയില്‍ പ്രവേശിച്ചത് അധികപ്രസംഗികളെയും ആത്മപ്രശംസകരെയും പൊതുജനം ഇഷ്ടപ്പെടില്ല എന്ന കാര്യം കൂടി സത്യപ്രബോധകര്‍ മനസ്സിലാക്കണം. തന്റെ കൈവശമുള്ള സര്‍വവും അല്ലാഹുവിന്റെ ഔദാര്യമാണ് എന്ന വസ്തുതയും അയാള്‍ തിരിച്ചറിയണം.

നല്ല പെരുമാറ്റം

ജനങ്ങളോട് ഇടപഴകിക്കൊണ്ടും സംവദിച്ചുകൊണ്ടും നിര്‍വഹിക്കപ്പെടുന്ന ഒരു കര്‍മമാണ് ഇസ്‌ലാമികപ്രബോധനം. നബിതിരുമേനിയെ പ്രവാചകത്വപദവി കൊടുത്ത് അനുഗ്രഹിക്കുകയും സത്യപ്രബോധനദൗത്യം ഏല്‍പിക്കുകയും ചെയ്ത ഒന്നാം തീയതി മുതല്‍ ജനങ്ങളോടൊപ്പമായിരുന്നു ദൈവദൂതന്‍ ജീവിച്ചത്. അദ്ദേഹം അവരുമായി ഇടപഴകി. അവരുടെ സദസ്സുകളില്‍ പോവുകയും ഉല്‍സവങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. ജനങ്ങള്‍ സംഗമിക്കുന്നിടത്തെല്ലാം ചെന്ന് അവരോട് നന്‍മ കല്‍പിക്കുകയും തിന്‍മ വിലക്കുകയും ചെയ്തു. ഇപ്രകാരം തന്നെയാണ് അവിടുത്തെ അനുചരന്‍മാരും പ്രവര്‍ത്തിച്ചത്. പ്രവാചകനില്‍നിന്നുള്ള അധ്യാപനത്തിന്റെ വെളിച്ചത്തില്‍ അവര്‍ ജനങ്ങളോടൊപ്പം ഇടപെടുകയും സന്‍മാര്‍ഗം, വിജ്ഞാനം, മതം, സല്‍സ്വഭാവം എന്നിവയുടെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തുകയും ജീവിതത്തിന്റെ വ്യത്യസ്ഥഘട്ടങ്ങളില്‍ അനുവര്‍ത്തിക്കേണ്ട പെരുമാറ്റമര്യാദകള്‍ പരിശീലിപ്പിക്കുകയും ചെയ്തു. പ്രബോധനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും ഇസ്‌ലാം മുന്നോട്ടുവെക്കുന്ന എണ്ണമറ്റ കര്‍മപരിപാടികള്‍ പൂര്‍ത്തിയാക്കുന്നതിനും സത്യപ്രബോധകന്‍മാര്‍ ജനകീയരായി മാറേണ്ടതുണ്ട്. വൈയക്തിക തലത്തില്‍ പരിമിതമാകേണ്ടതല്ല ഇസ്‌ലാം. ചിലര്‍ അങ്ങനെ ധരിച്ചുവശായിട്ടുണ്ട്. മുസ്‌ലിമിന്റെ കര്‍മമേഖല അവനുമപ്പുറത്താണ്. മനുഷ്യന്‍ പ്രകൃത്യാ സാമൂഹ്യജീവിയാണ് എന്നതുകൊണ്ടാണ് പ്രബോധകന്‍ എപ്പോഴും സമൂഹത്തോടൊപ്പം ജീവിക്കേണ്ടതുണ്ടെന്ന് പറയുന്നത്. ഏകാന്തവാസം മനുഷ്യന് അചിന്ത്യമായൊരു കാര്യമാണ്.(ഏതെങ്കിലുമൊരാള്‍ക്ക് ഏകാന്തവാസം വേണ്ടിവന്നുവെന്നാല്‍തന്നെ അതൊരു അപവാദമായിട്ടു മാത്രമേ കാണേണ്ടതുള്ളൂ. അങ്ങനെ ഒറ്റപ്പെട്ട ഒരു സംഭവത്തെ ആധാരമാക്കി മറ്റുള്ളവര്‍ അയാളെ അനുകരിക്കണം എന്നു പറയേണ്ടതില്ല)

മതപരമോ മതേതരമോ ആയ മേഖലകളില്‍ ഒരുപോലെ സത്യപ്രബോധകന്‍ ജനങ്ങളുമായി ഇടപെടേണ്ടതുണ്ട്. ഇസ്‌ലാമിന്റെ അനുപേക്ഷണീയമായ ചില അനുഷ്ഠാനങ്ങളും പരിപാടികളും സാമൂഹികപങ്കാളിത്തമില്ലാതെ നടപ്പാക്കാനാവില്ല. ജുമുഅഃ, അഞ്ചുനേരത്തെ സംഘടിതനമസ്‌കാരം, രണ്ടുപെരുന്നാളുകള്‍, മയ്യിത്ത് സംസ്‌കരണം, രോഗസന്ദര്‍ശനം, വിദ്യാഭ്യാസം എന്നിവ സാമൂഹികപങ്കാളിത്തമില്ലാതെ എങ്ങനെയാണ് നിര്‍വഹിക്കപ്പെടുക? ഇത്തരം ഘട്ടങ്ങളില്‍ സമൂഹത്തില്‍നിന്ന് യോഗ്യരും നല്ലവരുമായ ആളുകളെ കണ്ടെത്തി അവരുടെ സഹകരണം ഉറപ്പാക്കേണ്ടതുണ്ട്. അതേസമയം വിഷവിത്തുകളെ പ്രത്യേകം ശ്രദ്ധിക്കുകയും അവരുടെ വിദ്രോഹപ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയുംചെയ്യണം. ഇസ്‌ലാമികപ്രബോധന രംഗത്ത് ഗുണാത്മകമായ സേവനം ചെയ്യാന്‍ കഴിയുന്ന വിശ്വാസികളുടെ സവിശേഷതകള്‍ അല്ലാഹു വെളിപ്പെടുത്തുന്നുണ്ട്. ‘പരമകാരുണികന്റെ ദാസന്‍മാര്‍ ഭൂമിയിലൂടെ വിനയാന്വിതരായ നടക്കുന്നവരാണ്. അവിവേകികള്‍ അവരോട് സംവദിക്കാനെത്തിയാല്‍ സമാധാനം നേര്‍ന്ന് അവരെ ഒഴിവാക്കും'(അല്‍ഫുര്‍ഖാന്‍ 63).
‘അനാവശ്യവിനോദങ്ങള്‍ക്കരികിലൂടെ കടന്നുപോകേണ്ടിവന്നാല്‍ വളരെ മാന്യമായി അവര്‍ കടന്നുപോകും’ (അല്‍ഫുര്‍ഖാന്‍ 72).

മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics