ഇസ്‌ലാം മനുഷ്യരെ കേവലം ആരാധനയിലേക്ക് മാത്രം ക്ഷണിക്കുന്ന ജീവിതസംഹിതയല്ല. മനുഷ്യന്‍ ഇടപെടുന്ന അതിസൂക്ഷ്മമായ ജീവിതവശങ്ങളിലെല്ലാം തന്നെ സമഗ്രമായ ഒരു നിയമസംഹിതയുടെയും ശാശ്വതമായ ഒരു വ്യവസ്ഥയുടെയും ചട്ടക്കൂടില്‍ ജീവിതത്തിന്റെ സര്‍വവിധ താല്‍പര്യങ്ങളുടെയും നിയമവശങ്ങളും അടിസ്ഥാനസിദ്ധാന്തങ്ങളും അത് സമര്‍പ്പിക്കുന്നുണ്ട്. സത്യത്തിന്റെയും നീതിയുടെയും മൂലക്കല്ലില്‍ ജീവിതമണ്ഡലങ്ങളെ എങ്ങനെ സംവിധാനിക്കണമെന്ന് അത് പഠിപ്പിക്കുന്നു.
ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ‘ ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവന്‍ തന്നെ ‘(ആലുഇംറാന്‍ 189).
ചോദിക്കുക: ”ആരുടെ വശമാണ് സകല വസ്തുക്കളുടെയും ആധിപത്യം? അഭയമേകുന്നവനും തനിക്കെതിരെ അഭയം നല്‍കാന്‍ ആര്‍ക്കും സാധിക്കാത്തവനും ആരാണ്? പറയൂ; നിങ്ങള്‍ക്ക് അറിയുമെങ്കില്‍!”(അല്‍മുഅ്മിനൂന്‍ 88)
പ്രകൃതിയും അതിലെ സകലപ്രതിഭാസങ്ങളും ജനിമൃതിയും അതിന്റെ സകലആവശ്യങ്ങളും നിര്‍ണിതപരിധികളും ദൈവത്തിന്റെ ജ്ഞാനത്തില്‍ നിന്നുള്ളതത്രെ. അവന്റെ നിയമങ്ങളാണ് എവിടെയും പുലരുന്നത്. ഈ രീതിയിലുള്ള ഒട്ടേറെ പരാമര്‍ശങ്ങള്‍ ഖുര്‍ആനിലെമ്പാടും കാണാം.
സമാധാനം , സുരക്ഷ , സത്യത്തിനുവേണ്ടിയുള്ള അന്വേഷണം എന്നിവ ഇസ്‌ലാമിന്റെ അര്‍ഥവ്യാപ്തിയില്‍ ഉള്‍പ്പെടുന്നു. സര്‍വശക്തനായ സൃഷ്ടി-സ്ഥിതി-സംഹാര കര്‍ത്താവിനോടുള്ള പരിപൂര്‍ണമായ വിധേയത്വം മാത്രമേ സത്യത്തിനുവേണ്ടിയുള്ള അദമ്യമായ അന്വേഷണാസക്തിയും മനഃശാന്തിയും സുരക്ഷിതത്വവും പ്രധാനം ചെയ്യൂ എന്ന് ഇസ്‌ലാം സിദ്ധാന്തിക്കുന്നു. സമൂഹത്തിന്റെ നിയന്ത്രണത്തെയും ഭരണസിദ്ധാന്തത്തെയും പറ്റിയുള്ള കാഴ്ചപ്പാടും ഈ സിദ്ധാന്തത്തില്‍ ആധാരമാണ്.
നിയന്ത്രിത ജനാധിപത്യമോ പരിപൂര്‍ണജനാധിപത്യമോ അതല്ല സേഛാധിപത്യമോ ജനങ്ങള്‍ക്കുത്തമം എന്ന ചോദ്യമേ ഇസ്‌ലാമിലില്ല. പരമാധികാരം അല്ലാഹുവിന് മാത്രമാണെന്ന് അത് സംശയങ്ങള്‍ക്ക് പഴുതില്ലാത്തവിധം പ്രഖ്യാപിക്കുന്നു. ഭരണകര്‍ത്താവും ഭരണീയരുമെന്ന രണ്ടു തട്ടുമാത്രമേ ഇസ്‌ലാമിനുള്ളൂ. നിയമങ്ങള്‍ നിര്‍മിക്കുകയും നിര്‍ദേശം നല്‍കുകയും ചെയ്യുമ്പോള്‍ ഒരു പ്രത്യേകവിഭാഗത്തെയോ ദേശത്തെയോ വര്‍ഗത്തെയോ അല്ല, മറിച്ച് മാനവരാശിയെ മുഴുവനായാണ് കാണുന്നത്.
സാമൂഹികജീവിതത്തിന്റെ ക്രമീകരണത്തിനും സംസ്‌കരണത്തിനും സുരക്ഷയ്ക്കും മനുഷ്യന്‍ കണ്ടെത്തിയ സംവിധാനങ്ങളില്‍ ഏറ്റവും സുപ്രധാനമായതാണ് രാഷ്ട്രം. സാമൂഹികജീവിതത്തിന്റെ സുഗമമായ വികസനം രാഷ്ട്രത്തിന്റെ പിന്‍ബലത്തോടെയേ നടപ്പാക്കാനാകൂ. മനുഷ്യന്റെ പരസ്പരവ്യവഹാരങ്ങള്‍ ചിട്ടപ്പെടുത്താന്‍ നിയമവും നിയമനിര്‍മാണസ്ഥാപനങ്ങളും അനിവാര്യമാണ്. സാമൂഹികബന്ധങ്ങളുടെയും സാമ്പത്തികക്രയവിക്രയങ്ങളുടെയും നാഗരികവ്യവസ്ഥകളുടെയും അസ്തിവാരത്തെ അടിയുറപ്പിച്ചുനിര്‍ത്തുന്നതും പരിപാലിക്കുന്നതും രാഷ്ട്രമാണ്. പ്രതിരോധം, നിയമവാഴ്ച, നീതി, വിദ്യാഭ്യാസസൗകര്യങ്ങള്‍, ക്ഷേമപദ്ധതികള്‍ എന്നിവ മനുഷ്യന് നേടിയെടുക്കുവാനുള്ള ഉപാധി കൂടിയാണ് രാഷ്ട്രം. ഇക്കാരണത്താലാണ് മനുഷ്യജീവിതത്തിന്റെ ആസൂത്രണത്തിലും നിയന്ത്രണത്തിലും രാഷ്ട്രത്തിന്റെ പങ്ക് ഉന്നതമാണെന്ന് പറയുന്നത്.
രാഷ്ട്രത്തിന്റെ നിലനില്‍പിലും ആരോഗ്യകരമായ വളര്‍ച്ചയിലും സുരക്ഷയിലും ജനതയുടെ ധര്‍മബോധത്തിനും നീതിസങ്കല്‍പത്തിനും ചെറുതല്ലാത്ത പങ്കുണ്ട്. രാഷ്ട്രീയക്രമം നീതിയുടെ അച്ചുതണ്ടിലാണ് മുന്നോട്ടുതിരിയുന്നത്. രാഷ്ട്രം ആവിഷ്‌കരിക്കുന്ന സാമൂഹിക-സാമ്പത്തിക-വൈദേശിക നയങ്ങളുടെ പരമമായ ലക്ഷ്യം നീതിയുടെ നിര്‍വഹണമായിരിക്കണം. ധര്‍മവും രാഷ്ട്രീയവും തമ്മിലുള്ള പ്രകൃതിപരമായ ഈ ബന്ധത്തെ ഇസ്‌ലാം പരിഗണിക്കുന്നത് ഒരു മൗലികയാഥാര്‍ഥ്യമെന്ന നിലക്കാണ്. ഇസ്‌ലാമിന്റെ വിശ്വാസ-ചിന്താ -കര്‍മപരമായ വ്യവസ്ഥയ്ക്കകത്ത് മതവും രാഷ്ട്രവും രണ്ടാണെന്ന സങ്കല്‍പമേയില്ല. നീതി നിര്‍വഹണമാണ് രാഷ്ട്രത്തിന്റെ ലക്ഷ്യം. നീതിയുടെയും ധാര്‍മികചട്ടങ്ങളുടെയും അടിസ്ഥാനങ്ങള്‍ ജനങ്ങളെ അറിയിക്കലും അതനുസരിച്ചുള്ള ജീവിതത്തിന് അവരെ പ്രേരിപ്പിക്കുന്നതിലും മതത്തിന്റെ ധര്‍മമത്രെ.
‘നിശ്ചയമായും നാം നമ്മുടെ ദൂതന്മാരെ തെളിഞ്ഞ തെളിവുകളുമായി നിയോഗിച്ചിരിക്കുന്നു. അവരോടൊപ്പം വേദവും തുലാസ്സും അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യര്‍ നീതി നിലനിര്‍ത്താന്‍. നാം ഇരുമ്പും ഇറക്കിക്കൊടുത്തിരിക്കുന്നു. അതില്‍ ഏറെ ആയോധനശക്തിയും ജനങ്ങള്‍ക്കുപകാരവുമുണ്ട്. അല്ലാഹുവെ നേരില്‍ കാണാതെ തന്നെ അവനെയും അവന്റെ ദൂതന്മാരെയും സഹായിക്കുന്നവരാരെന്ന് അവന്ന് കണ്ടറിയാനാണിത്’ (അല്‍ഹദീദ് 25).
വേദഗ്രന്ഥത്തോടൊപ്പം രാഷ്ട്രീയസംവിധാനത്തിനുള്ള നിര്‍ദ്ദേശവും മേല്‍ സൂക്തത്തിലുള്ളതായി കാണാം. സൂക്തത്തിലെ ഇരുമ്പെന്ന പദപ്രയോഗം രാഷ്ട്രീയാധികാരത്തെ സൂചിപ്പിക്കുന്നുവെന്നാണ് ചില വ്യാഖ്യാതാക്കള്‍ പറയുന്നത്. ‘തന്നെയും തന്റെ ദൂതന്‍മാരെയും സഹായിക്കുന്നരാരെന്ന് അല്ലാഹുവിന് അറിയാന്‍ വേണ്ടി’ എന്ന് തുടര്‍ന്നുവരുന്ന വചനം ഈ വ്യാഖ്യാനത്തിന് ശക്തിപകരുന്നു.
ഖുര്‍ആനില്‍ രാഷ്ട്രസംവിധാനത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന നിരവധി സൂക്തങ്ങള്‍ കാണാം:
‘ആര്‍ ദൈവമവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ അവരത്രെ സത്യനിഷേധികള്‍ …. അവരത്രെ അക്രമികള്‍…… അവരത്രെ അധര്‍മകാരികള്‍ ‘(അല്‍ മാഇദഃ -45-47)
‘അറിയുക! സൃഷ്ടിയും ശാസനാധികാരവും അവന്നു മാത്രമുള്ളതാണ് ‘(അല്‍ അഅ്‌റാഫ് 54)
ഇസ്‌ലാമിന്റെ ചരിത്രം പരിശോധിച്ചാല്‍ രാഷ്ട്രസംവിധാനം നവീകരിക്കുന്നതിന് അത് പ്രാധാന്യം കല്‍പിച്ചതായി കാണാം. എല്ലാ പ്രവാചകന്‍മാരും തങ്ങളുടെ കാലഘട്ടത്തിലെ സാമൂഹികവ്യവസ്ഥയെ ഇസ്‌ലാമിന്നനുകൂലമായി മാറ്റിയെടുക്കാന്‍ യത്‌നിച്ചവരാണ്. മനുഷ്യജീവിതത്തില്‍ ദൈവത്തിന്റെ പരമാധികാരം സ്ഥാപിക്കുകയെന്നത് അവരുടെ പ്രബോധനത്തിന്റെ ഭാഗമായിരുന്നു. രാഷ്ട്രത്തിന്റെയും ഭരണകൂടത്തിന്റെയും സംസ്‌കരണവും അതിലുള്‍പ്പെടുന്നു. ദാവൂദ്(ദാവീദ്), സുലൈമാന്‍ (സോളമന്‍), യൂസുഫ് (ഔസേപ്പ്) എന്നിവരെ വ്യവസ്ഥാപിതമായ ഇസ്‌ലാമികരാഷ്ട്രം കെട്ടിപ്പടുക്കുകയും മാതൃകാപരമായ രീതിയില്‍ അത് പരിരക്ഷിക്കുകയുംചെയ്ത പ്രവാചകന്‍മാരെന്ന നിലയില്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തിയിട്ടുള്ളതായി കാണാം. മുഹമ്മദ് നബിയുടെ ചരിത്രവും ഇതിന്നപവാദമല്ല.
ദൈവികഭരണകൂടത്തിന്റെ സംസ്ഥാപനത്തിന്റെയും ഇസ്‌ലാമികനിയമങ്ങളുടെ പ്രയോഗവത്കരണത്തിന്റെയും അഭാവത്തില്‍ എല്ലാവിധ സംസ്‌കരണപ്രവര്‍ത്തനങ്ങളും നിഷ്ഫലമായിത്തീരുകയേയുള്ളൂ എന്ന വസ്തുത നന്നായി മനസ്സിലാക്കേണ്ടതുണ്ട്. ഇസ്‌ലാമികരാഷ്ട്രത്തിന്റെ സാമൂഹികക്രമം ഈ യാഥാര്‍ഥ്യം ശരിക്കും ഉള്‍ക്കാണ്ടാണ് പ്രവര്‍ത്തിക്കുക.
Add Comment