ഇനങ്ങള്‍

ആഭരണങ്ങളിലെ സകാത്ത്

സ്വര്‍ണവും വെള്ളിയും അതിന്റെ പരിധിയെത്തിയാല്‍ സകാത്ത് നിര്‍ബന്ധമാകുന്ന ധനമാണെന്ന് നമുക്കറിയാം. എന്നാല്‍ അവകൊണ്ടുള്ളതോ, അവയോടൊപ്പം വിലപിടിച്ച മുത്തുകളോ രത്‌നങ്ങളോ പതിപ്പിച്ചതോ ആയ ആഭരണങ്ങള്‍ക്ക് സകാത്ത് ഉണ്ടോ ഇല്ലയോ എന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും ഉണ്ടാക്കപ്പെട്ടതും വിശ്വാസികള്‍ക്ക് ഉപയോഗം നിഷിദ്ധമായതുമായ ഉപകരണങ്ങള്‍ക്ക് (പാനപാത്രങ്ങള്‍, പാത്രങ്ങള്‍, പുരുഷന്‍മാര്‍ ധരിക്കുന്ന ആഭരണങ്ങള്‍ മുതലായവ) സകാത്തുണ്ടെന്നത് യാഥാര്‍ഥ്യമാണ്.

മുത്തുകളും വിലപിടിച്ച വൈഢൂര്യക്കല്ലുകളും പതിച്ച ആഭരണങ്ങള്‍ വാങ്ങി സ്ത്രീകള്‍ അണിയുകയാണെങ്കില്‍ അതിന് സകാത്തില്ലെന്നാണ് പണ്ഡിതഭൂരിപക്ഷത്തിന്റെ അഭിപ്രായം. അതിന് കാരണമായി പറയുന്നത് ആഭരണങ്ങള്‍ക്ക് വളര്‍ച്ചയില്ല എന്നതാണ്. പക്ഷേ ഈ വാദം ഉന്നയിക്കുന്നവര്‍ അതിനുപോദ്ബലകമായ ഖുര്‍ആന്‍ സൂക്തമോ ഹദീസോ ഉദ്ധരിക്കുന്നില്ല. എന്നാല്‍ ഖുര്‍ആന്‍ ധനത്തിനാണ് സകാത്ത് ചുമത്തിയിട്ടുള്ളതെന്നും അതില്‍ ആഭരണവും പെടുമെന്നും (അംവാല്‍-ധനങ്ങള്‍) വ്യക്തമാക്കിയിരിക്കെ അതിനെ എങ്ങനെ ഒഴിവാക്കാനാകും?
‘അവരുടെ സമ്പാദ്യങ്ങളില്‍ ചോദിക്കുന്നവന്നും നിരാലംബനും അവകാശമുണ്ടായിരുന്നു'(അദ്ദാരിയാത്ത് 19).
‘നീ അവരുടെ സ്വത്തില്‍നിന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും'(അത്തൗബ 103).
മറ്റൊരുവാദം അന്നഹ്ല്‍ പതിനാലാം സൂക്തത്തിലെ ‘നിങ്ങള്‍ക്കണിയാനുള്ള ആഭരണങ്ങള്‍ നിങ്ങളതില്‍നിന്ന് പുറത്തെടുക്കുന്നു ‘ എന്ന പരാമര്‍ശത്തെ മുന്‍നിര്‍ത്തിയുള്ളതാണ്. അതായത്, ഖുര്‍ആന്‍ സ്ത്രീകള്‍ക്ക് ആഭരണഉപയോഗം അനുവദിച്ചിട്ടുള്ളതിനാല്‍ അതിന് സകാത്തില്ല എന്നാണ്. പക്ഷേ അനുവദനീയമായ സംഗതികള്‍ക്ക് സകാത്തില്ലെന്നല്ല അതിന്നര്‍ഥം. കച്ചവടം അനുവദനീയമാണെങ്കിലും അതിലും സകാത്തുണ്ടല്ലോ.

സ്വര്‍ണാഭരണങ്ങള്‍

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ആഭരണങ്ങള്‍ക്ക് സകാത്തുണ്ടോയെന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ രണ്ട് പക്ഷത്താണ്. പ്രസ്തുത ആഭരണങ്ങള്‍ക്ക് സകാത്തുണ്ടെന്ന് പറയുന്നവരുടെ തെളിവ് ഇതാണ്: ‘സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ സംബന്ധിച്ച ‘സുവാര്‍ത്ത’ അറിയിക്കുക'(അത്തൗബ 34).
സ്വര്‍ണവും വെള്ളിയും ഏതുരൂപത്തിലായിരുന്നാലും അത് ശേഖരിച്ചുവെച്ച് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമാണ് എന്ന് ഇതില്‍നിന്ന് ബോധ്യമാകുന്നു. നബിതിരുമേനി പറഞ്ഞതായി മുസ്‌ലിം ഉദ്ധരിക്കുന്നതിപ്രകാരമാണ്:’സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഉടമ അതിന്റെ അവകാശം കൊടുത്തില്ലെങ്കില്‍ ഖിയാമത്ത് നാളില്‍ അവ നരകത്തീയിലിട്ട് ചുട്ടുപഴുപ്പിച്ച് തീപ്പലകകളാക്കി അവന്റെ ശരീരപാര്‍ശ്വങ്ങളിലും നെറ്റിയിലും പുറംഭാഗത്തും പൊള്ളിക്കും.’
മറ്റൊരു ഹദീസ് ഇപ്രകാരമാണ്:’ ഒരു സ്ത്രീ തിരുസന്നിധിയില്‍ വന്നു. അവരോടൊപ്പം മകളുമുണ്ടായിരുന്നു. മകളുടെ കയ്യില്‍ കട്ടിയുള്ള രണ്ട് സ്വര്‍ണവളകള്‍ അണിഞ്ഞിരുന്നു. തിരുമേനി അവരോട് ചോദിച്ചു: നീ ഇതിന്റെ സകാത്ത് കൊടുക്കുന്നുണ്ടോ?’ അവര്‍ പറഞ്ഞു:’ഇല്ല.’ അപ്പോള്‍ തിരുമേനി പറഞ്ഞു:’പുനരുത്ഥാനനാളില്‍ അവയെ തീവളകളാക്കി അല്ലാഹു നിന്നെ ധരിപ്പിക്കുന്നത് നീ ഇഷ്ടപ്പെടുന്നുണ്ടോ?’. ഇത് കേട്ടപ്പോള്‍ അവ അഴിച്ച് തിരുമേനിക്കിട്ടുകൊടുത്തുകൊണ്ടവര്‍ പറഞ്ഞു:’അവ അല്ലാഹുവിനും അവന്റെ ദൂതനുമുള്ളതാണ്.'(അബൂദാവൂദ്).
ആഇശ(റ)യില്‍നിന്ന് അബൂദാവൂദ് ഉദ്ധരിക്കുന്നു:
‘ആഇശ(റ) നബിതിരുമേനിയുടെ അടുത്ത് ചെന്നു. അപ്പോള്‍ അവിടന്ന് അവരുടെ കൈയിലെ വലിയ വെള്ളിമോതിരങ്ങള്‍ കണ്ടുചോദിച്ചു: ആഇശ ഇതെന്താണ്? അവര്‍ പറഞ്ഞു:’അല്ലാഹുവിന്റെ ദൂതരേ, അങ്ങേക്ക് വേണ്ടി മോടി കൂട്ടാന്‍ ചെയ്തതാണ്.’ അവിടന്ന് ചോദിച്ചു: നീ അതിന്റെ സകാത്ത് കൊടുക്കുന്നുണ്ടോ? അവര്‍ പറഞ്ഞു: ഇല്ല. തിരുമേനി പറഞ്ഞു: ‘അത് മതി നിനക്ക് നരകത്തിന്.’

ആഭരണങ്ങള്‍ക്ക് സകാത്തില്ലെന്ന് വാദിക്കുന്നവരുടെ ഒന്നാമത്തെ ന്യായം സകാത്ത് കൊടുക്കണമെന്ന കല്‍പനയില്ലെന്നാണ്. എന്നാല്‍ തൗബ അധ്യായത്തിലെ 34 – ാം സൂക്തത്തിലെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയെന്ന പരാമര്‍ശം അല്ലാഹു നിര്‍ബന്ധമാക്കിയ ധനവ്യയ(സകാത്ത്)ത്തെയാണ് കുറിക്കുന്നത്. എന്നുമാത്രമല്ല, അങ്ങനെ ചെയ്യാത്തവര്‍ക്ക് നോവേറിയ കഠിനശിക്ഷയെക്കുറിച്ച താക്കീതുനല്‍കിയിരിക്കുന്നത് ആ ധനവ്യയം നിര്‍ബന്ധമാണെന്ന ധ്വനിപകരുന്നതാണ്. രണ്ടാമത്തെവാദം ആഭരണങ്ങള്‍ സ്വയം വളരുകയോ വളര്‍ത്തുകയോചെയ്യാത്ത ധനമായതുകൊണ്ട് അതിന് സകാത്തില്ലെന്നാണ്. സത്യത്തില്‍ സകാത്തിനുള്ള നിബന്ധനയില്‍ അത്തരമൊരു ഉപാധിവെച്ചിട്ടില്ല. മറിച്ച്, മൂലധനത്തിനും വരുമാനമുണ്ടെങ്കില്‍ അതിനും നിസാബ് തികഞ്ഞാല്‍ സകാത്തുനല്‍കേണ്ടതുണ്ട്. വാസ്തവത്തില്‍ മൂല്യമുള്ള എല്ലാ ധനവും ഫലത്തില്‍ വര്‍ധനയുള്ളതുതന്നെയാണ്. ആഇശ (റ) തന്റെ സംരക്ഷണത്തിലുള്ള സഹോദരപുത്രിമാര്‍ക്ക് ആഭരണങ്ങള്‍ അണിയിച്ചുകൊടുത്തിരുന്നതിന് സകാത്ത് നല്‍കിയിരുന്നില്ലെന്ന നിവേദനങ്ങളോടെ ഇബ്‌നുഉമറില്‍നിന്നും ജാബിറുബ്‌നു അബ്ദില്ലയില്‍നിന്നും ഉദ്ധരിക്കുന്ന ഹദീസുകളെ മുന്‍നിര്‍ത്തിയാണ് മറ്റൊരു കൂട്ടര്‍ സകാത്തില്ലെന്ന് പറയുന്നത്. ആഭരണങ്ങള്‍ക്ക് സകാത്തില്ലെന്ന തരത്തിലുള്ള ഇമാം മാലിക്, ഇമാം ഹമ്പല്‍, ഇമാം ശാഫിഈ എന്നിവരുടെ വീക്ഷണവും അവര്‍ എടുത്തുപറയുന്നുണ്ട്. എന്നാല്‍ ഇമാം ശാഫിഈയുടെ വീക്ഷണത്തെ ‘രിസാല’യ്ക്ക് വിശദീകരണമെഴുതിയ ഹദീസ് പണ്ഡിതനായ അഹ്മദ് ശാക്കിര്‍ തെളിവുകള്‍ നിരത്തി ഖണ്ഡിച്ചിട്ടുണ്ട്. മാത്രമല്ല, ആഭരണങ്ങള്‍ക്ക് സകാത്തില്ലെന്ന് അഭിപ്രായപ്പെടുന്ന ആധുനികകാലത്തെ പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവി പോലും സ്വര്‍ണത്തിന് സകാത്ത് നിര്‍ബന്ധമാണെന്നതിന് രേഖയായി അത്തൗബയിലെ 34, 35 സൂക്തങ്ങള്‍ മതിയെന്ന് വ്യക്തമാക്കിയിരിക്കുന്നു. ആഇശ അണിഞ്ഞിരുന്ന ആഭരണം വെള്ളിമോതിരമായിരുന്നു. അതിന് സകാത്ത് ബാധകമാവണമെങ്കില്‍ 595 ഗ്രാം വേണം. എന്നാല്‍ സാധാരണയായി മോതിരം അത്രയൊന്നും ഉണ്ടാവില്ലെന്നത് വസ്തുതയാണ്. അപ്പോള്‍ അതുള്‍പ്പെടെ മറ്റുള്ള ധനവും ചേര്‍ത്ത് ഉള്ള സമ്പാദ്യം എന്നര്‍ഥത്തിലാകാം മോതിരത്തിന് സകാത്ത് കൊടുത്തില്ലേ എന്ന് ചോദിച്ചിട്ടുണ്ടാവുക. മാത്രമല്ല, ആഇശ(റ) അങ്ങനെയാണ് മോതിരങ്ങള്‍ക്ക് സകാത്ത് കൊടുത്തിരുന്നതെന്ന് സുഫ് യാനുസ്സൗരി വ്യക്തമാക്കുന്നുണ്ട്. അബൂദാവൂദ് സുഫ് യാനില്‍ നിന്നുദ്ധരിക്കുന്നു:’അദ്ദേഹത്തോട് ആരോ ചോദിച്ചു. അവര്‍ (ആഇശ) എങ്ങനെയാണവയ്ക്ക് സകാത്ത് കൊടുത്തിരുന്നത്? അദ്ദേഹം പറഞ്ഞു: അവര്‍ അത് മറ്റുള്ളതിനോട് ചേര്‍ക്കും.’
ചുരുക്കത്തില്‍, ആഭരണങ്ങളെല്ലാം ഒരുപോലെയാണ് അത് സ്വര്‍ണത്തിന്റെയോ വെള്ളിയുടെയോ മുത്തും രത്‌നവും പിടിപ്പിച്ചവയോ ആയാല്‍ എല്ലാം ഒന്നുപോലെ. സ്വര്‍ണം മാനദണ്ഡമാക്കി അതിന്റെ നിസാബ് 85 ഗ്രാമിന്റെ വിലക്കുണ്ടായാല്‍ എല്ലാ ആഭരണങ്ങള്‍ക്കും സകാത്ത് കൊടുക്കണം.

Topics