وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ
39. വല്‍ ഖമറ—ചന്ദ്രന്നും നാം ചില മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ കടന്നുപോയി അത് ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ തണ്ടുപോലെയായിത്തീരുന്നു.
സന്ദേശം പകര്ന്നുനല്കാന് പ്രകൃതിയിലെ ഓരോ കാഴ്ചയെയും ഖുര്‍ആന്‍ ഉയര്‍ത്തിക്കാട്ടുന്ന അത്ഭുതകരമായ മുഹൂര്‍ത്തമാണിത്. വ്യത്യസ്തപ്രതിഭാസങ്ങളുടെ പിന്നിലെ ദൃഷ്ടാന്തങ്ങളെ മുന്നില്‍ കൊണ്ടുവന്ന് ആര്‍ക്കും വ്യക്തമാകുംവിധമുള്ള സന്ദേശം ബോധ്യപ്പെടുത്തുകയാണ് അല്ലാഹുവിന്റെ ഉദ്ദേശ്യം. ഇതിനുമുമ്പ് സൂര്യനെക്കുറിച്ചും രാത്രിയെക്കുറിച്ചും പകലിനെക്കുറിച്ചും പറഞ്ഞിരിക്കുന്നു. ഇവയെല്ലാം തന്നെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. അതോട് ചേര്‍ത്താണ് ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ വളരെ ആകര്‍ഷകമായി പരാമര്‍ശിച്ചിരിക്കുന്നത്. സൂര്യനിലും രാപ്പകലിന്റെ മാറിമാറിയുള്ള വരവിലും ചന്ദ്രനില്‍ നാം സംവിധാനിച്ചിരിക്കുന്ന വ്യത്യസ്ത വൃദ്ധിക്ഷയങ്ങളിലും ദൃഷ്ടാന്തമുണ്ടെന്ന് 37 മുതലുള്ള സൂക്തങ്ങളിലൂടെ പരാമര്‍ശിക്കുന്നു.
ആകൃതിയിലുള്ള ക്രമപ്രവൃദ്ധമായ മാറ്റത്തിനൊടുവില്‍ ചന്ദ്രന് പൂര്ണവൃത്തമായി ദൃശ്യമാകുന്നു. പിന്നീടത് നേര്‍ത്ത് നേര്‍ത്ത് ഈന്തപ്പനക്കുലയുടെ ഉണങ്ങിയ തണ്ടുപോലെയായി അദൃശ്യമാകുന്നു. അതിനാല്‍ ‘ഉര്‍ജൂന്‍’ എന്ന ഖുര്‍ആനിക പ്രയോഗം തീര്‍ത്തും അര്‍ഥവത്താണെന്ന് പണ്ഡിതനായ ഇബ്നു ജുസയ്യ് നിരീക്ഷിക്കുന്നു. അതായത്, ഈത്തപ്പനക്കുലയുടെ തണ്ട് ഉണങ്ങിത്തുടങ്ങിയാല്‍ അത് നേര്‍ത്ത്, വളഞ്ഞ് ചന്ദ്രക്കലയുടെ അതേ നിറംസ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. അല്‍ഖദീം എന്ന ഖുര്ആനികപ്രയോഗത്തിന് സമാനമായി പടുചന്ദ്രന് (Old Moon) എന്ന് ശാസ്ത്രവും വിശേഷിപ്പിക്കുന്നു. പ്രകൃതിയിലെ ഏതെങ്കിലും സംഗതികളെ യാദൃച്ഛികമെന്നോ, സ്വാഭാവികമെന്നോ വിധിയെഴുതി അവഗണിക്കാനുള്ള മനസ്സിന്റെ വ്യഗ്രതയെ തിരുത്താനാണ് ഇവ്വിധമുള്ള ദൃഷ്ടാന്തങ്ങളെ മനുഷ്യന്റെ മുമ്പിലേക്ക് സമര്‍പ്പിക്കുന്നത്. അതോടെ കാര്യങ്ങളെ മറ്റൊരു വീക്ഷണകോണിലൂടെ നിരീക്ഷിക്കാന്‍ മനുഷ്യന് സാധിക്കുന്നു.
തദ്ഫലമായി ഈ പ്രപഞ്ചത്തിനു പിന്നിലെ ശില്പിയെയും അവന്റെ അന്യൂനവൈഭവത്തെയും മനുഷ്യന് സ്തുതിക്കുകയും നന്ദിയോടെ സ്മരിക്കുകയുംചെയ്യും.
ഈ സൂക്തത്തില്‍ അല്ലാഹു നമ്മെ അറിയിക്കുന്നത് ഇതാണ്: വെറുതെ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെക്കുറിച്ച് വൃഥാവര്ത്തമാനംപറയലല്ല നമ്മുടെ ഉദ്ദേശ്യം. ‘നാമാ’ണ് ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ സംവിധാനിച്ചിട്ടുള്ളത്. അത് യാദൃച്ഛികമായി സംഭവിക്കുന്നതല്ല. കൃത്യമായ കണക്കുകള്‍ അനുസരിച്ച് വ്യത്യസ്ത ഘട്ടങ്ങളിലൂടെ ചന്ദ്രന് കടന്നുപോകണമെന്ന് നാമാണ് നിശ്ചയിച്ചത്. അങ്ങനെ മനുഷ്യരാശിക്ക് പ്രയോജനപ്രദമാകുംവിധം നിലാവ്, വേലിയേറ്റ- വേലിയിറക്കങ്ങള്‍, മാസഗണന എന്നിവ ലഭിക്കുന്നു. ഇതെല്ലാം തന്നെ നമ്മുടെ യുക്തിബന്ധുര നടപടികളില്‍ ഒന്നുമാത്രമാണ്.
ഈ അധ്യായം തുടങ്ങുന്നത് സാരസമ്പൂര്‍ണമായ ഖുര്‍ആന്‍ തന്നെയാണ് സത്യം എന്ന മുഖവുരയോടെയാണല്ലോ. തുടര്‍ന്ന് വരുന്ന 39 സൂക്തങ്ങള്‍ പ്രകൃതിയിലെ ഓരോ സൃഷ്ടിപ്പിന്റെയും യുക്തിസമ്പൂര്ണതയെ സത്യപ്പെടുത്തുന്നുമുണ്ട്.
വിവേകമുത്തുകള്‍
അശ്രദ്ധനായ മനുഷ്യനെ ഉണര്‍ത്താന്‍ ചുറ്റുമുള്ള ദൃഷ്ടാന്തങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഏറ്റവും നല്ല വഴി. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിനുപിന്നിലെ കരങ്ങളെക്കുറിച്ചും മഹത്ത്വത്തെക്കുറിച്ചും ആലോചിക്കും. ഉദാഹരണത്തിന്, ഭൂമിയുടെ അടുത്ത് സ്ഥിതിചെയ്യുന്ന ചന്ദ്രന് ഇപ്പോഴുള്ളതിനെക്കാള്‍ വലിപ്പമുള്ളതായിരുന്നുവെങ്കില് അതിന്റെ ആകര്‍ഷണശക്തിയാല്‍ സമുദ്രങ്ങളിലെ ജലവിതാനം ഉയര്‍ന്ന് പരിസ്ഥിതിനാശം സംഭവിച്ചേനെ. കൂടാതെ, ചന്ദ്രപ്രകാശം ഇരുള്‍മുറ്റിയ രാത്രിയില്‍ സുഖകരമായ തണുപ്പുള്ള പ്രകാശം നല്കുന്നു. അത് സഞ്ചാരികള്‍ക്ക് ആഹ്ലാദവും പ്രയോജനവും സമ്മാനിക്കുന്നു. എന്നാല്‍ നിദ്ര ഉദ്ദേശിക്കുന്നവരെ അതൊട്ടും അലോസരപ്പെടുത്തുന്നുമില്ല. സ്വന്തം ഭ്രമണപഥത്തില്‍ ഘടികാരവിരുദ്ധദിശയില്‍ ചുറ്റുന്ന, ഒരു കാലത്തും ചലനമറ്റുപോകാത്ത, കൃത്യതയുള്ള പ്രപഞ്ചത്തിന്റെ വാച്ചാണത്.
‘അവര്‍ നിന്നോട് ചന്ദ്രക്കലയെക്കുറിച്ച് ചോദിക്കുന്നു. പറയുക: അത് ജനങ്ങള്‍ക്ക് കാലം കണക്കാക്കാനുള്ളതാണ്. ഹജ്ജിനുള്ള സമയനിര്‍ണയവും'(അല്‍ബഖറ 189).
സൃഷ്ടികളായ നാമെല്ലാവരും പ്രപഞ്ചനാഥനായ അല്ലാഹുവെയും അവന്റെ അനുഗ്രഹങ്ങളെയുംകുറിച്ച് എത്രമാത്രം ചിന്തിക്കുന്നുവോ അതത്രയും വിധേയത്വവും നന്ദിയും മനസ്സിലേറ്റിത്തരുമെന്നതില് യാതൊരു സംശയവുമില്ല..
Add Comment