സ്ത്രീശരീരത്തിന് നേരെയുള്ള കയ്യേറ്റങ്ങളുടെ ഗണത്തിലാണ് ലൈംഗികാതിക്രമം എണ്ണപ്പെടുന്നത്. സ്ത്രീയുടെ ശരീരത്തിനും മനസ്സിനും മേല്‍ പ്രതികൂലമായി സ്വാധീനം ചെലുത്തുന്നു അത്. വാക്കുകള്‍ കൊണ്ടോ, സ്പര്‍ശനം കൊണ്ടോ ഇത്തരം സ്ത്രീക്ക് നേരെ പീഡനങ്ങളുണ്ടാവാറുണ്ട്. വൃത്തികെട്ട വാക്കുകളും, പരാമര്‍ശങ്ങളും അവളെ കേള്‍പിക്കുക, ഭീഷണിപ്പെടുത്തിയോ, ബലംപ്രയോഗിച്ചോ അവളുടെ ശരീരത്തെ സ്പര്‍ശിക്കുക, ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുക തുടങ്ങിയവയെല്ലാം പീഢനത്തിന്റെ പരിധിയില്‍ വരുന്ന സമീപനങ്ങളാണ്.
വര്‍ഷങ്ങളോളം പഴക്കമുള്ള, എന്നാല്‍ ഇന്നും സജീവമായി നിലനില്‍ക്കുന്ന പ്രവണതയാണ് പീഡനം. പണ്ടുമുതല്‍ ഇന്ന് വരെ നാം അതിനെക്കുറിച്ച് കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നു. എന്നാല്‍ സംസ്‌കാരവും, മതബോധവുമുള്ള സമൂഹത്തില്‍ ഇതിന്റെ തോത് വളരെ കുറവായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ജോര്‍ദാന്‍ പത്രം നടത്തിയ ഒരു അഭിപ്രായ സര്‍വേയില്‍ വെളിപ്പെട്ടത് 57% യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികള്‍ തങ്ങളുടെ അധ്യാപകരുടെ ഭാഗത്ത് നിന്ന് പലതരത്തിലുമുള്ള പീഡനങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നുവെന്നാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്തില്‍ ചെറിയ പെരുന്നാളിന്റെ രണ്ടാം ദിനം വിവിധ പ്രായത്തിലുള്ള യുവതികള്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതായിരുന്നു.
ഭീകരമായ വിധത്തില്‍ ലൈംഗികപീഡനങ്ങളുടെ തോത് ഉയരുമ്പോള്‍ തന്നെയും അതുസംബന്ധിച്ച കൃത്യമായ കണക്കോ, പഠനമോ പുറത്ത് വന്നിട്ടില്ലെന്നത് ദുഖകരമാണ്. മാത്രമല്ല, പീഡനങ്ങള്‍ക്ക് വിധേയമായതിന് ശേഷം അവയെക്കുറിച്ച് പരാതിപ്പെടുന്ന സ്ത്രീകളുടെ എണ്ണം പരാതിപ്പെടാനോ അംഗീകരിക്കാനോ മടി കാണിക്കുന്നവരുടെ എണ്ണത്തെ അപേക്ഷിച്ച് വളരെ കുറവാണെന്ന് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. കേവലം 2% സ്ത്രീകള്‍ മാത്രമെ ഇത്തരത്തില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ പരാതിപ്പെടാന്‍ മുന്നോട്ട് വരുന്നത് എന്നാണ് സിറിയയില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നത്. പീഡനത്തിന് വിധേയമാകുന്ന സ്ത്രീകളും, അവരുടെ കുടുംബങ്ങളും തങ്ങള്‍ക്ക് നേരെ നടന്ന അക്രമത്തെ മറച്ച് വെക്കാനും, അതിന് മേല്‍ മറയിടാനുമാണ് ശ്രമിക്കാറുള്ളത്. തങ്ങള്‍ക്ക് നേരെ വരുന്ന അപമാനത്തെ ഭയന്ന് കൊണ്ടാണ് അവരത്തരം സമീപനം സ്വീകരിക്കുന്നതെന്നതില്‍ സന്ദേഹമില്ല. ഗുരുതമായ പീഡനങ്ങള്‍ക്ക് നേരെ മൗനമവലംബിക്കുന്നതും, കണ്ണടക്കുന്നതും നമ്മുടെ സംസ്‌കാരവും, അപമാനബോധം നമ്മുടെ പ്രകൃതവുമായി മാറിയിരിക്കുന്നു. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ഒരു തരത്തിലുള്ള പീഡനവും മറച്ച് വെക്കുകയോ, അവഗണിക്കുകയോ ചെയ്യരുതെന്നാണ് ഇസ് ലാമിക സംസ്‌കാരവും, നാഗരികതയും പഠിപ്പിക്കുന്നതെന്ന കാര്യം നാം വിസ്മരിച്ചിരിക്കുന്നു.
പല തരത്തിലുള്ള പീഡനങ്ങള്‍ക്ക് നമ്മുടെ യുവതികള്‍ വിധേയമാകുന്നുണ്ട്. അവയില്‍ ഏറ്റവും ഗുരുതരവും, പ്രയാസകരവുമായത് സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നുള്ളവ തന്നെയാണ്. സ്വന്തം സഹോദരനാല്‍ രണ്ട് തവണ ലൈംഗികാതിക്രമത്തിന് വിധേയമായ കയ്പുറ്റ അനുഭവം പന്ത്രണ്ടുകാരിയായ ഒരു വിദ്യാര്‍ത്ഥിനി പങ്കുവെക്കുന്നു. ഇത്തരം പീഡനങ്ങളുടെ സ്വാധീനം അവരുടെ മനസ്സില്‍ നിന്ന് ഒരുകാലത്തും വേറിട്ടു പോവുകയില്ല. വിവാഹം കഴിച്ചതിനും, കുടുംബമായതിനും ശേഷവും തന്റെ ബാല്യകാല ദുരനുഭവം അവരുടെ മനസ്സിനെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നതാണ്. അയല്‍വീട്ടിലെ പുരുഷനില്‍ നിന്നേറ്റ പീഡനത്തിന്റെ ഫലമായി വിവാഹത്തിന് ശേഷവും വിഷാദമനുഭവിക്കുന്ന ഒരു സ്ത്രീയെ ചികിത്സിക്കേണ്ടി വന്നു. തന്റെ ഭര്‍ത്താവിനെ ശരിയായി സ്‌നേഹിക്കാന്‍ കഴിയാത്ത വിഷമത്തില്‍ സങ്കീര്‍ണമായ ദാമ്പത്യജീവിതമനുഭവിക്കുകയാണ് അവരിപ്പോള്‍.
അങ്ങാടി, ഹോസ്പിറ്റല്‍, പൊതുസ്ഥലം തുടങ്ങി ഒട്ടേറെയിടങ്ങളില്‍ സ്ത്രീ ഇത്തരം പീഡനങ്ങള്‍ക്ക് വിധേയമാകാറുണ്ട്. പക്ഷേ, സ്വന്തം വീട്ടില്‍ അടുത്ത ബന്ധുവിനാല്‍ പീഡനമേല്‍ക്കേണ്ടിവരുന്നതാണ് ഇവയില്‍ ഏറ്റവും അപകടകരമായത്. തനിക്കുണ്ടായ ദുരനുഭവം മറ്റൊരാളുമായി പങ്കുവെക്കാനോ, അതേക്കുറിച്ച് പരാതിപ്പെടാനോ ഉള്ള സാധ്യത ഇവിടെയില്ല. പരാതിപ്പെടുന്ന പക്ഷം ഇപ്പോഴനുഭവിച്ചതിന്റെ ഇരട്ടി വേദന അനുഭവിക്കേണ്ടി വരുമെന്ന് സ്ത്രീ വിശ്വസിക്കുന്നു. അതിനാല്‍ തന്നെ പീഡനവിവരം മറച്ച് വെക്കാനും, അതിന് കൂടുതല്‍ വഴങ്ങാനുമാണ് ഈ സാഹചര്യം വഴിയൊരുക്കുന്നത്.
അതേസമയം തന്റെ തന്നെ പ്രവര്‍ത്തന ഫലമായി അത്തരം സാഹചര്യങ്ങള്‍ക്ക് വിധേയമാകുന്ന സ്ത്രീകളുമുണ്ട്. അണിഞ്ഞൊരുങ്ങി, ആഭാസകരമായി വസ്ത്രം ധരിച്ച്, കാരണമില്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി അഴിഞ്ഞാടുന്ന സ്ത്രീകള്‍ ഇതിന് ഉദാഹരണമാണ്. ദൈവബോധത്തോടെ ശരീരം മറച്ച്, കണ്ണുകള്‍ താഴ്ത്തി നടക്കുന്നവര്‍ക്ക് നേരെ അതിക്രമം തീരെയുണ്ടാകില്ല എന്നല്ല ഇതിന്റെ അര്‍ത്ഥം. ദീനും ദുന്‍യാവും പണയപ്പെടുത്തി, കേവലം വികാരജീവികളായി ജീവിക്കുന്ന ഒരു പറ്റം യുവാക്കള്‍ നമ്മുടെ സമൂഹത്തിലുണ്ടായിരിക്കെ ഇത്തരം സ്ത്രീകള്‍ക്ക് നേരെയും അതിക്രമം നടന്നേക്കാവുന്നതാണ്.
സ്വന്തം സഹോദരനെ അല്ലെങ്കില്‍ സഹോദരിയെ ആദരിക്കാന്‍ കല്‍പിച്ച ദൈവികമതത്തിന്റെ കല്‍പനകള്‍ തന്നെയാണ് സമൂഹത്തില്‍ പ്രചരിപ്പിക്കേണ്ടത്. ജീവിതത്തിന്റെയും, ജീവന്റെയും, ശരീരത്തിന്റെയും, അഭിമാനത്തിന്റെയും മഹത്വത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കൃത്യമായി ബോധവല്‍ക്കരണം നടത്തേണ്ടിയിരിക്കുന്നു.
സനാ മൂസാ
Add Comment