കുടുംബം-ലേഖനങ്ങള്‍

കുട്ടികളുടെ മാനസിക-വൈകാരിക ആരോഗ്യം നിലനിര്‍ത്താന്‍

മാനസികാരോഗ്യം സമുദായം അത്രയൊന്നും ചര്‍ച്ചചെയ്യാനിഷ്ടപ്പെടാത്ത വിഷയമാണ്. വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത മാനസികപ്രയാസത്താല്‍ ജീവനൊടുക്കിയ അഞ്ചുപേരെ എനിക്കറിയാം. ആ ദുരന്തങ്ങളുടെ പേരില്‍ സമൂഹം ആ കുടുംബത്തെ കുറ്റപ്പെടുത്തുകയാണ് ചെയ്യന്നത്.

ഇത്തരം ദുരന്തങ്ങളിലേക്ക് വഴിതെളിക്കുന്ന വസ്തുതകളുടെ വെളിച്ചം വീശുകയാണ് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. മാനസികാരോഗ്യമില്ലായ്മ ഒരു രോഗമാണ്. അത് ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കുടുംബാംഗങ്ങളുടെ പിന്തുണയും ഫലപ്രദമായ മരുന്നുകളും ഉണ്ടെങ്കില്‍തന്നെയും പലപ്പോഴും അത് ആയുഷ്‌കാല പോരാട്ടമായിത്തീരാറുണ്ട്. സ്‌നേഹിക്കുന്നവരില്‍നിന്ന് വിട്ടുമാറി നിശബ്ദതയില്‍ കഴിച്ചുകൂട്ടുകയും അവസാനം നിരാശക്കയത്തിലേക്ക് മുങ്ങിത്താഴുകയും ഈലോകത്തുനിന്ന് യാത്രയാകുകയുംചെയ്യുന്നവര്‍ അക്കൂട്ടത്തിലുണ്ട്. ജീവിതസാഹചര്യങ്ങളുടെ ഫലമായാണ് അധികപേരും മനോരോഗങ്ങള്‍ക്ക് അടിപ്പെടുന്നത്.

കുട്ടികള്‍ ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധിഘട്ടങ്ങളില്‍ രക്ഷിതാക്കളെന്ന നിലയില്‍ താങ്ങായിനിന്നുകൊണ്ട് അവരുടെ വൈകാരികാരോഗ്യം ശക്തിപ്പെടുത്തണം. അതേസമയം നമ്മുടെ എല്ലാവിധ പിന്തുണയുണ്ടെങ്കില്‍ പോലും ജനിതകമായുള്ള കടുത്ത മനോദൗര്‍ബല്യങ്ങളുടെയും വിഷാദത്തിന്റെയും അവസ്ഥയിലേക്ക് പതിക്കുന്ന അവസ്ഥയുമുണ്ട്. രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം അവരെ അപ്പോഴും ഏറ്റവും നന്നായി പിന്തുണക്കുക മാത്രമാണ് ഏകപോംവഴി. മക്കള്‍ അവരുടെ ദീനിക്ലാസുകളിലും ഭൗതികവിദ്യാഭ്യാസത്തിലും എത്രമാത്രം പുരോഗതിയാര്‍ജ്ജിക്കുന്നു എന്നത് മാത്രമാണ് അധികപേരും പരിഗണിക്കുന്നത്. എന്നാല്‍ അവരുടെ വികാരങ്ങള്‍ അവഗണിക്കപ്പെടുന്നു. കാര്യങ്ങളെ എങ്ങനെ സമീപിക്കണമെന്നത് സംബന്ധിച്ച ചിന്താഗതിയും ഉല്‍ക്കര്‍ഷേഛയും അവരില്‍ ഊട്ടിവളര്‍ത്തണം. അത്തരം മനസ്സുണ്ടാവുന്നത് പ്രതികൂലസാഹചര്യത്തില്‍ അവര്‍ക്ക് സുരക്ഷാകവചമായിത്തീരും. രക്ഷിതാക്കള്‍ക്ക് അത്തരം പ്രചോദനം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രൊഫഷണല്‍ വിദഗ്ധരുടെ സഹായംതേടാവുന്നതാണ്. കുട്ടികള്‍ അനുഭവിക്കുന്ന മാനസികപ്രയാസങ്ങള്‍ക്ക് അത്തരം വിദഗ്ധരുടെ സേവനം അങ്ങേയറ്റം ഗുണംചെയ്യും എന്നതില്‍ യാതൊരു സംശയവുമില്ല.
നൈമിഷികസുഖങ്ങള്‍ക്ക് പിന്നാലെ പായുന്ന ഒരു ജനതയാണ് ഇന്നുള്ളത്. സന്താനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക മുട്ടുശാന്തി നിര്‍ദ്ദേശിക്കുന്ന രക്ഷിതാക്കളാണ് എവിടെയും. കൂടുതല്‍ സമയം കുട്ടികളുമായി ചെലവഴിക്കാന്‍ അവര്‍ക്ക് അവസരമില്ല. അതേസമയം, സൈബര്‍ ലോകത്ത് ദീര്‍ഘസമയം ചെലവിടുകയും ചെയ്യും. ഇങ്ങനെ സോഷ്യല്‍മീഡിയാആഘോഷങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് പ്രതിസന്ധിഘട്ടത്തില്‍ ആവശ്യമായ ക്ഷമയോ , സഹനശീലമോ, ആത്മവീര്യമോ ലക്ഷ്യബോധമോ ഉണ്ടാകുന്നില്ല.
വര്‍ത്തമാനലോകത്തെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് വളരാന്‍ നമ്മുടെ മക്കളെ എങ്ങനെ പ്രാപ്തരാക്കാം ? മാനസികമായി തളര്‍ത്തിയേക്കാവുന്ന നഷ്ടങ്ങളില്‍നിന്ന് പൂര്‍വസ്ഥിതിയിലേക്ക് എളുപ്പത്തില്‍ മടങ്ങിയെത്തുംവിധം മനോബലമുള്ളവരാക്കി അവരെ മാറ്റാനെന്താണ് മാര്‍ഗം ?

നമസ്‌കാരം കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കുക

നിത്യേന അഞ്ചുനേരം നമസ്‌കരിക്കുന്ന ജീവിതങ്ങളെ അല്ലാഹു അനുഗ്രഹിക്കും. കുട്ടികളെ സംബന്ധിച്ചിടത്തോളം സദാ ദൈവബോധമുള്ളവരായിരിക്കാന്‍ നമസ്‌കാരത്തിലെ നിഷ്ഠ അവരെ സഹായിക്കും. എന്തുസഹായവും അല്ലാഹുവോട് ചോദിക്കാന്‍ അവരെ പഠിപ്പിക്കുക. നിങ്ങള്‍ നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ കുട്ടികളെ കൂടെ ചേര്‍ക്കുക. തന്റെ പ്രിയതമയും പിതൃവ്യനും മരിച്ച ഘട്ടത്തില്‍ ദുഃഖിതനായ നബിതിരുമേനിക്കും, എതിരാളികളുടെ പീഡനങ്ങളാല്‍ പൊറുതിമുട്ടിയ മുസ്‌ലിംകള്‍ക്കും സമ്മാനമായി നല്‍കപ്പെട്ടതാണ് നമസ്‌കാരം എന്നറിയാമല്ലോ. പ്രതിസന്ധിഘട്ടത്തില്‍ അല്ലാഹുവിലേക്ക് തിരിയുക എന്ന ഓര്‍മപ്പെടുത്തലാണ് നമസ്‌കാരം.

പ്രാര്‍ഥിക്കുക

എല്ലാ കാര്യങ്ങളും ശുഭകരമായിത്തീരാന്‍ പ്രാര്‍ഥിക്കുക. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ്, സ്‌പോര്‍ട്‌സിലെ വിജയം, കാര്‍ ഡ്രൈവിങ്, വീട് വിട്ട് മറ്റൊരിടത്ത് താമസം എന്നുതുടങ്ങി ഏതുവിഷയത്തിലും അല്ലാഹുവിന്റെ സഹായം തേടി നാം പ്രാര്‍ഥിക്കണം. ദൈനംദിനജീവിതത്തിലെ എല്ലാകാര്യങ്ങളിലും ധൈര്യം കണ്ടെത്താന്‍ ഇത് കുട്ടികളെ സഹായിക്കും. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും അല്ലാഹുവുമായി ബന്ധപ്പെടുത്തുന്നത് സര്‍വലോകരക്ഷിതാവായ അല്ലാഹുവില്‍നിന്ന് പിന്തുണയും കരുത്തും ആര്‍ജ്ജിക്കാന്‍ കുട്ടികളെ സഹായിക്കും.

പുറത്ത് പോയി കളിക്കട്ടെ

കുട്ടികളെ വീടിന് പുറത്ത്‌പോയി കളിക്കാനും മറ്റുള്ളവരുമായി ഇടപഴകാനും അനുവദിക്കുക. ഇന്നത്തെ ബാല്യങ്ങള്‍ 4 -7 മിനിറ്റുകള്‍ മാത്രമാണ് പുറത്ത് ചെലവഴിക്കുന്നത്. പ്രകൃതിയുമായി ഇണങ്ങിച്ചേരുംവിധം മരംകയറ്റം, മണ്‍കോട്ട നിര്‍മാണം, തുമ്പിയെ പിടിക്കല്‍, ഓടിത്തൊട്ടുകളി എന്നിവയില്‍ മുഴുകേണ്ട കുട്ടികള്‍ മൂന്നും നാലും മണിക്കൂര്‍ സ്‌ക്രീനിന് മുമ്പിലാണ് ചെലവഴിക്കുന്നത്. നാഷണല്‍ വൈല്‍ഡ് ലൈഫ് ഫെഡറേഷന്‍ ഈയിടെ പുറത്തുവിട്ട ഗവേഷണറിപോര്‍ട്ട് പ്രകാരം വീടിന് പുറത്ത് കളിക്കുന്നത് മാനസികാരോഗ്യത്തിന് അത്യുത്തമമത്രേ.

ക്ലബ് / സ്‌കൂളേതര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം

ആള്‍ക്കൂട്ടവുമായി ആശയവിനിമയം നടത്താന്‍ അവസരമുണ്ടാകുമാറ് ക്ലബുകളുടെയോ ഗ്രൂപ്പുകളുടെയോ പ്രവര്‍ത്തനങ്ങളില്‍ മക്കളെ ഇടപെടുവിക്കുക. അത് അവരില്‍ സംഘബോധം ഉണ്ടാക്കുകയും ലക്ഷ്യനിര്‍ണയത്തിനുള്ള കഴിവ് വര്‍ധിപ്പിക്കുകയുംചെയ്യും. സാഹചര്യങ്ങളെ വിമര്‍ശനബുദ്ധ്യാ വിലയിരുത്താനും, ആശയപ്രകാശനം നടത്താനും, പരാജയത്തെ സ്വീകരിക്കാനും അതവര്‍ക്ക് കഴിവേകും. ചിലപ്പോള്‍ അണികളിലൊരാളാകാനും മറ്റുചിലപ്പോള്‍ സംഘത്തിന്റെ നേതാവാകാനും അതവരെ പ്രാപ്തരാക്കും. ഒരു സംഘത്തിന്റെ ലക്ഷ്യപ്രാപ്തിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ അംഗവും എത്രമാത്രം പ്രസക്തമാണെന്ന കാര്യം അവര്‍ തിരിച്ചറിയും. എല്ലാം ഞാനെന്ന വ്യക്തികേന്ദ്രീകൃത ചിന്താഗതിയുടെ ഈ ലോകത്ത് ‘നാം, നമ്മള്‍’ എന്ന വിശാലവീക്ഷണം പുലര്‍ത്താന്‍ ഇതവരെ സഹായിക്കും.

ഗാര്‍ഹികവൃത്തികളിലെ പങ്കാളിത്തം:

കുട്ടികള്‍ക്കായി എല്ലാം ചെയ്തുകൊടുക്കുന്ന രീതി അവസാനിപ്പിച്ച് അവരെക്കൂടി ഗാര്‍ഹികവൃത്തികളില്‍ ഉള്‍പ്പെടുത്തണം. തീന്‍മീശ വൃത്തിയാക്കല്‍, എച്ചില്‍പാത്രങ്ങള്‍ സ്വയംകഴുകല്‍, ഭക്ഷണാവശിഷ്ടങ്ങള്‍ അതതിന്റെ ഇടങ്ങളില്‍ നിക്ഷേപിക്കല്‍, കിടക്ക വിരിക്കല്‍, റൂം വൃത്തിയാക്കല്‍, ഹോംവര്‍ക്ക് ചെയ്ത് സ്‌കൂളിലേക്കുള്ള ബാഗ് ഒരുക്കല്‍ തുടങ്ങി കാര്യങ്ങള്‍ അവര്‍ സ്വയം ചെയ്യാന്‍ പഠിക്കട്ടെ.

അമിതപ്രശംസ പാടില്ല

കുട്ടികളുടെ വിജയങ്ങള്‍ക്ക് പ്രശംസ നല്‍കുന്നതിനുപകരം വിജയത്തിന് കാരണമായ സംഗതികളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നത് വെല്ലുവിളികളെ ശുഭാപ്തിചിന്തയോടെ നേരിടാന്‍ അവരെ പ്രാപ്തരാക്കുമെന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തില്‍ വെളിപ്പെടുകയുണ്ടായി. കുട്ടിയോട് ‘നീ ഉഷാറാക്കിയെടാ മോനേ’ എന്നുപറയുന്നതിന് പകരം ‘സ്‌കൂളില്‍ പരീക്ഷക്ക് നീ നന്നായി തയ്യാറെടുപ്പ് നടത്തിയതിനാല്‍ അതിന്റെ ഫലം കിട്ടി’ എന്ന് പറയാം. അതുപോലെ ‘നിനക്ക് നല്ല റാങ്കുണ്ട്. എനിക്ക് സന്തോഷമായി’ എന്ന് പറയുന്നതിന് പകരം ‘നീ നന്നായി അധ്വാനിച്ചതുകൊണ്ട് ക്ലാസില്‍ മുന്നിലെത്തി. ആ അധ്വാനപരിശ്രമത്തെയോര്‍ത്ത് നീ അഭിമാനിക്കൂ. ഞാന്‍ നിന്നെക്കുറിച്ച് അഭിമാനിക്കുന്നു’ എന്ന് പറയാം. അത്‌ലറ്റിക്‌സില്‍ വിജയിയായാല്‍ ‘ഉഗ്രന്‍ പ്രകടനം, അടുത്ത ഉസൈന്‍ബോള്‍ട്ട് ആകും നീ ‘എന്ന് പ്രശംസിക്കുന്നതിന് പകരം ‘ഇത്തരം മഹത്തായ വിജയങ്ങള്‍ നേടിത്തരുന്നത് കഠിനാധ്വാനമാണ്. അത് ഒരിക്കലും മുടങ്ങാതെ തുടര്‍ന്നുകൊണ്ടിരിക്കണം. ഗംഭീരം’ എന്ന് പ്രോത്സാഹിപ്പിക്കാം.

അവര്‍ തോല്‍വികളറിയട്ടെ

ക്ലാസിലും, പങ്കെടുക്കുന്ന പരിപാടികളിലും അവര്‍ തോല്‍വികളേറ്റുവാങ്ങട്ടെ എന്ന ആശംസയായി ഇത് തെറ്റുധരിക്കേണ്ടതില്ല. പകരം പുതിയ ഹോബികളിലും പ്രവൃത്തികളിലും കലാരചനകളിലും സ്‌പോര്‍ട്‌സിലും അവര്‍ ഒരു കൈനോക്കട്ടെ. പരാജയം സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന ആളുകള്‍ ഉത്കണ്ഠാകുലരായിരിക്കും. ഏതെങ്കിലും ഘട്ടത്തില്‍ പരാജയംനേരിടുമ്പോള്‍ അത് ക്രമേണ കടുത്ത മാനസികപ്രയാസങ്ങള്‍ സൃഷ്ടിക്കും. തോല്‍വി ജീവിതത്തില്‍ സാധാരണമാണെന്ന് കുട്ടികള്‍ മനസ്സിലാക്കണം. വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്‌തോട്ടെ, പുതിയ സംഗതികളില്‍ ഏര്‍പ്പെടുന്നതും ചെയ്തുനോക്കുന്നതും ധീരതയാണെന്ന് അവര്‍ തിരിച്ചറിയുകതന്നെ വേണം. പരാജയങ്ങളില്‍നിന്ന് അവരെ രക്ഷപ്പെടുത്തുന്നത് ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയാണ് ചെയ്യുക. തോല്‍വികളില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ജീവിതത്തില്‍ മുന്നോട്ടുകുതിക്കാന്‍ അവരെ സഹായിക്കും. പരാജയങ്ങള്‍ എങ്ങനെയുണ്ടാവുന്നു എന്ന് ഓരോ അനുഭവങ്ങളില്‍നിന്ന് അറിയുന്നതോടെ ബദല്‍മാര്‍ഗങ്ങളന്വേഷിക്കാനുള്ള തന്റേടം അവര്‍ ആര്‍ജ്ജിക്കും.
നിങ്ങളുടെ കുട്ടി ‘എനിക്ക് ബുദ്ധിയില്ല ‘എന്ന് പറഞ്ഞാല്‍ പകരം’ ആ അസ്സൈന്‍മെന്റില്‍ ഞാനെന്താണ് വിട്ടുപോയത്’, അല്ലെങ്കില്‍ ‘എനിക്ക് കുറച്ചുകൂടി പഠിക്കാനാകുമല്ലോ’ എന്നിങ്ങനെ തിരുത്തുക. ‘ഗണിതശാസ്ത്രത്തില്‍(മറ്റേതെങ്കില്‍ വിഷയങ്ങളില്‍) ഞാന്‍ വളരെ മോശമാണ്’ എന്ന് മക്കള്‍ പറഞ്ഞാല്‍ അങ്ങനെയല്ല, ‘ഞാന്‍ നന്നായി ഗണിതം ചെയ്തുപഠിക്കാനൊരുങ്ങുകയാണ്’എന്ന് അവരെക്കൊണ്ട് പറയിക്കുക. ‘ഭയങ്കര പ്രയാസമാണ്’എന്ന് എന്തിനെക്കുറിച്ചെങ്കിലും പറഞ്ഞാല്‍ അങ്ങനെയല്ല ‘ഇത് ശരിയാക്കാന്‍ കുറച്ച് സമയം വേണ്ടിവരും’ എന്ന് അവരെ തിരുത്തുക. ‘എന്നെക്കൊണ്ടിതുപറ്റില്ല’ എന്നതിനുപകരം അവര്‍ ‘വേറെ ഏതെങ്കിലും മാര്‍ഗത്തിലൂടെ ശരിയാക്കാമോ എന്ന് നോക്കട്ടെ ‘ എന്ന് മൊഴിയട്ടെ. ‘എനിക്ക് അബദ്ധം പറ്റി’ എന്നതിനുപകരം ‘അബദ്ധങ്ങള്‍ എന്നെ കൂടുതല്‍ ജാഗ്രതയുള്ളവനാക്കുന്നു ‘എന്ന് പറയാം.

കുട്ടികളെ മനസ്സുതുറക്കാന്‍ പഠിപ്പിക്കുക:

കുട്ടികളുമായി വര്‍ത്തമാനം പറയാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തിയേ മതിയാവൂ. അവര്‍ സംസാരിക്കുകയും, അവരുടെ വികാരങ്ങളും ചിന്തകളും നമ്മള്‍ വിലമതിക്കുന്നുവെന്ന് മനസ്സിലാക്കുകയും ചെയ്യുന്നത് വ്യക്തിത്വവികാസത്തിന് സഹായിക്കും. യാതൊരുവിധ വികാരങ്ങളും പുറത്താരോടും വെളിപ്പെടുത്താതെ ഹൃദയത്തിലടച്ചുപൂട്ടിയ ആളുകള്‍ ശരിയായ വൈകാരികപ്രതികരണത്തിന് കഴിയാത്തവരായിരിക്കും. സ്ഥലകാലസാഹചര്യത്തിനനുസരിച്ച് വികാരപ്രകടനങ്ങളും ആശയാവിഷ്‌കാരങ്ങളും നടത്താന്‍ കുട്ടികളെ അഭ്യസിപ്പിക്കുന്നത് ഭാവിജീവിതത്തിന് അടിത്തറ പാകാന്‍ സഹായിക്കും.

കര്‍മനിരതരാകാന്‍ പ്രോത്സാഹിപ്പിക്കുക, നല്ല ഭക്ഷണ-ആരോഗ്യശീലങ്ങള്‍ പരിശീലിപ്പിക്കുക

നാം നമ്മുടെ വാക്കുകള്‍ എവിടെ എവ്വിധം ഉപയോഗിക്കണമെന്ന് ജാഗ്രതപാലിക്കേണ്ട ഒരു മേഖലയാണിത്. കുട്ടികളോട് സാധാരണയായി ഡോക്ടര്‍മാര്‍ പൊണ്ണത്തടി, എന്നോ അമിതവണ്ണം എന്നോ പറയാറില്ല. അതിനുപകരം പൊതുവായ ആരോഗ്യത്തെക്കുറിച്ചാണ് പറയുക. അതിനാല്‍ ‘ആരോഗ്യവാനായിരിക്കുകയെന്നതാണ് പ്രധാനം’ ‘കുറച്ചുസമയം പുറത്ത് നിന്നോടൊപ്പം നടക്കാനിഷ്ടപ്പെടുന്നു’ എന്നെല്ലാം പറയുക. ചിലപ്പോള്‍ തങ്ങളുടെ അസൗകര്യങ്ങളെക്കുറിച്ചോ കാഴ്ച, കേള്‍വി തുടങ്ങിയവയിലെ ന്യൂനതകളെക്കുറിച്ചോ കുട്ടികള്‍ നിങ്ങളോട് ആവലാതിപ്പെട്ടാല്‍ അതിന് ചെവികൊടുക്കുകയും പരിഹാരമാര്‍ഗങ്ങള്‍ പറഞ്ഞുകൊടുക്കുകയുംചെയ്യുക. അത്തരംവിഷയങ്ങളില്‍ കുടുംബാംഗങ്ങള്‍ കുട്ടിക്ക് പിന്തുണയുമായി ഒപ്പമുണ്ടാകുക. അങ്ങനെ ആരോഗ്യസംബന്ധിയായ വിഷയങ്ങളില്‍ കുടുംബാംഗങ്ങള്‍ ഒറ്റക്കെട്ടായി പദ്ധതികള്‍ തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്താല്‍ ആരോഗ്യവാനായിരിക്കാനുള്ള ശ്രമങ്ങളില്‍ താന്‍ ഒറ്റക്കല്ലെന്ന് കുട്ടിക്ക് ആത്മവിശ്വാസമുണ്ടാകും. ശരീരം, മറ്റുള്ളവര്‍ തന്നെഎങ്ങനെ കാണുന്നു തുടങ്ങിയവയെ കുറിച്ച് ഓരോ കുട്ടിയും ചിന്താകുലരാണ്. ആറുവയസ്സുമുതല്‍ അത്തരം ചിന്തകള്‍ ഏറുന്നു. കുടുംബത്തിലെ മുതിര്‍ന്നവര്‍ ഭക്ഷണ-ആരോഗ്യകാര്യങ്ങളില്‍ നിഷ്ഠ പുലര്‍ത്തുന്നവേളയില്‍ മക്കളെക്കൂടി കൂടെക്കൂട്ടുക. വിദ്യാഭ്യാസത്തിനായി യാത്രചെയ്യുമ്പോള്‍ അതില്‍ അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള നടപ്പുശീലം ഉണ്ടാക്കുക. പ്രകൃതിദത്തമായ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്ന ശീലം വളര്‍ത്തിയെടുക്കുക.

സാമൂഹികസേവനം

മറ്റുള്ളവരെ സഹായിക്കാനും അവരോടൊത്ത് വിഭവങ്ങള്‍ പങ്കുവെക്കാനും കുട്ടികളെ പഠിപ്പിക്കണം. സമൂഹത്തെ സേവിക്കുന്നവര്‍ ആളുകളുമായി ഇടപെടാതെ സ്വന്തംകാര്യം നോക്കി നടക്കുന്നവരെക്കാള്‍ വളരെ സന്തോഷമനുഭവിക്കുന്നവരാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ആശുപത്രിപരിസരം വൃത്തിയാക്കുക, അടുത്തുള്ള പാവപ്പെട്ടവന്റെ വീടുപണിയില്‍ ശാരീരികസഹായം ചെയ്യുക തുടങ്ങി പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെയും പങ്കെടുപ്പിക്കുക. സഹജീവികളെ സഹായിക്കുന്നവരെ അല്ലാഹു സഹായിക്കുമെന്ന തിരുവചനം അവരെ സദാ ഓര്‍മിപ്പിക്കുക.

കുട്ടികളോട് സ്‌നേഹം പ്രകടിപ്പിക്കുക

മാതാപിതാക്കള്‍ തങ്ങളെ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് കേള്‍ക്കാനും അനുഭവിക്കാനും ആഗ്രഹിക്കുന്നവരാണ്. തികച്ചും പോസിറ്റീവായ ആത്മോല്‍ക്കര്‍ഷ അങ്കുരിപ്പിക്കാന്‍ കുട്ടികളെ അണച്ചുപിടിക്കുക, ചുംബിക്കുക തുടങ്ങി സ്‌നേഹപ്രകടനങ്ങള്‍ വളരെ സഹായിക്കും. പ്രത്യേകിച്ചും പിതാക്കള്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ സന്താനങ്ങളെ സ്‌നേഹിക്കേണ്ടതാണ്.

ആവശ്യപ്പെടുന്നതെന്തും വാങ്ങിക്കൊടുക്കരുത്

ജീവിതം അത്ര സുഗമമല്ലെന്നത് യാഥാര്‍ഥ്യമാണ്. അതിന് വിരുദ്ധമായി , തങ്ങളാഗ്രഹിക്കുന്നതെന്തും കിട്ടുന്നുവെന്ന് കുട്ടികള്‍ തെറ്റുധരിച്ചാല്‍ ജീവിതത്തില്‍ വിലപിടിച്ചതും മൂല്യമുള്ളതും ആയ സംഗതികള്‍ എന്തെന്ന് അവര്‍ തിരിച്ചറിയാതാവും. പലപ്പോഴും ചെറുപ്പത്തില്‍ ദാരിദ്ര്യത്തിന്റെ കയ്പുനീര്‍ കുടിച്ചിട്ടുള്ള ധനികര്‍ തങ്ങളുടെ മക്കളുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിച്ചുകൊടുക്കാന്‍ വെമ്പല്‍ കൊള്ളുന്നവരാണ്. എന്നാല്‍ കഠിനാധ്വാനം, സമ്മാനങ്ങള്‍ എന്നിവയുടെ മൂല്യം കുട്ടികള്‍ തിരിച്ചറിയാതെ പോകും എന്ന യാഥാര്‍ഥ്യം രക്ഷിതാക്കള്‍ മനസ്സിലാക്കേണ്ടതാണ്.

ബാല്യത്തില്‍തന്നെയാവട്ടെ സ്വഭാവരൂപീകരണം

മക്കളില്‍ നല്ല സ്വഭാവഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് ചെറുപ്പത്തിലേ ആരംഭിക്കുക. അതിന് മാതാപിതാക്കള്‍ അവരുടെ മുമ്പില്‍ മാതൃകകളായി വര്‍ത്തിക്കണം. തങ്ങളുടെ പെരുമാറ്റമാണ് കുട്ടികള്‍ പകര്‍ത്തുന്നതെന്ന കാര്യം മാതാപിതാക്കള്‍ മറക്കാതിരിക്കുക. ദേഷ്യം നിയന്ത്രിക്കുക, മുതിര്‍ന്നവരെ ബഹുമാനിക്കുക, ദയവായി-നന്ദി തുടങ്ങിയ വാക്കുകള്‍ പറയുക, പങ്കുവെക്കുക, അതിഥി പരിചരണം തുടങ്ങിയവ നന്നെചെറുപ്പത്തിലേ കുട്ടികള്‍ കണ്ടുപഠിക്കട്ടെ. ജീവിതം എന്നാല്‍ അവര്‍ മാത്രമല്ലെന്ന് സ്വയം തിരിച്ചറിയട്ടെ.

ക്ഷമ പരിശീലിക്കല്‍

അല്ലാഹു ക്ഷമാലുക്കളോടൊപ്പമാണെന്ന് ഖുര്‍ആന്‍ പറയുന്നു. സമ്പത്തിലും ആരോഗ്യത്തിലും സൗഭാഗ്യങ്ങളിലും കയറ്റിറക്കങ്ങള്‍ നിറഞ്ഞതാണ് ജീവിതം. ഇപ്പറഞ്ഞതിലേതെങ്കിലുമൊന്നില്‍ തീഷ്ണമായി പരീക്ഷിക്കപ്പെട്ടവരായിരിക്കും നാമെല്ലാവരും. ഇത്തരം പരീക്ഷണങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ഒറ്റമൂലികളില്ലെന്ന് കുട്ടികളെ മനസ്സിലാക്കിക്കൊടുക്കണം. പരിഹാരം ദീര്‍ഘകാലയളവ് ആവശ്യപ്പെടുന്നതായിരിക്കുമെന്ന് അവരറിയണം.

അവസാനമായി പറയാനുള്ളത്, നിങ്ങളുടെ കുടുംബത്തിലാരെങ്കിലും മുതിര്‍ന്നവരോ കുട്ടികളോ ആകട്ടെ, മനോബലം നഷ്ടപ്പെട്ടുവെങ്കില്‍ അവരെ തെറാപിസ്റ്റിനെയോ, കൗണ്‍സിലറെയോ സൈക്യാട്രിസ്റ്റിനെയോ കാണിക്കുന്നതില്‍ ഒട്ടും മടികാട്ടേണ്ടതില്ല. അത് ഒരുപക്ഷേ ഭാവിജീവിതത്തെ സുഖകരമാക്കിയേക്കും. അധികപേരും ആളുകള്‍ എന്ത് വിചാരിക്കും എന്ന ആശങ്കയാല്‍ മറ്റുള്ളവരുടെ വിദഗ്ധനിര്‍ദ്ദേശങ്ങളെ അവഗണിക്കുകയാണ് പതിവ്. ഈമാന്‍ കുറവാണ് എന്ന് പറഞ്ഞ് മനോദൗര്‍ബല്യമുള്ളവരുടെ പ്രശ്‌നങ്ങളെ ന്യൂനീകരിക്കരുത്. തീര്‍ച്ചയായും ഈമാന്‍ അതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുവെന്നത് ശരിതന്നെ. അതോടൊപ്പം തന്നെ വൈദ്യശാസ്ത്രത്തിനും ചിലത് ചെയ്യാനാവും. മാനസികരോഗത്തിന് സൈക്കോളജിയിലും സൈക്യാട്രിയിലും പരിഹാരങ്ങളുണ്ട്. അല്ലാഹു നമ്മെ എല്ലാ വിധ ശാരീരിക -മാനസികദീനങ്ങളില്‍നിന്നും നമ്മെ കാത്തുരക്ഷിക്കട്ടെയെന്ന് സദാ പ്രാര്‍ഥിക്കുക.

Topics