കുടുംബം-ലേഖനങ്ങള്‍

കുട്ടികളുടെ ഹൃദയത്തില്‍ ഇടം നേടുക

കുട്ടികള്‍ മനുഷ്യരാശിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ്. നിര്‍മലഹൃദയങ്ങള്‍ക്കുടമകളായ കുട്ടികളെ നന്‍മയുടെ കേദാരമാക്കി വളര്‍ത്തിയെടുക്കാന്‍ എളുപ്പമാണ്. അതിന് തികച്ചും സ്‌നേഹത്തോടെയും അവധാനതയോടെയുള്ള സമീപനം ആവശ്യമാണ്. കുടുംബങ്ങള്‍ക്ക് സന്താനങ്ങളെ വിശ്വസ്തയോടെ ഏല്‍പിച്ചിരിക്കുകയാണ് അല്ലാഹു. അവരെ ശരിയായ രീതിയില്‍ വളര്‍ത്തിയെടുക്കണമെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു.

സന്താനങ്ങളില്‍ ഏതെങ്കിലുമൊരാളെ കൂടുതലായി പരിഗണിക്കുന്നതോ അവഗണിക്കുന്നതോ ശരിയല്ല. ആണായാലും പെണ്ണായാലും കുട്ടികളെ ഒരേ പോലെ സ്‌നേഹിക്കുകയും പരിചരിക്കുകയുംചെയ്യണം. വീട്, ഭക്ഷണം, വസ്ത്രം, പ്രോത്സാഹനം, പരിപാലനം, സ്‌നേഹം എന്നിവ കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍നിന്ന് ലഭിക്കേണ്ട അവകാശങ്ങളാണ്.

തിരക്കുപിടിച്ച ഇന്നത്തെ ജീവിതശൈലിയുടെ തടവറയിലകപ്പെട്ട രക്ഷിതാക്കള്‍ തങ്ങളുടെ സന്താനങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറന്നുപോകുന്നവരാണ്. ഭാര്യാസന്താനങ്ങളുടെ എല്ലാ ആവശ്യങ്ങളും തങ്ങള്‍ പൂര്‍ത്തീകരിച്ചുനല്‍കുന്നുണ്ടെന്നാണ് അവരുടെ അവകാശവാദം. എന്നാല്‍ കുടുംബത്തിനായി പൈസ ചിലവിട്ടതുകൊണ്ട് മാത്രം അവര്‍ക്കുള്ള അവകാശങ്ങള്‍ പൂര്‍ത്തിയാവുന്നില്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അലിവോടും കാരുണ്യത്തോടും സ്‌നേഹമസൃണമായ പെരുമാറ്റത്തോടും കൂടി സന്താനങ്ങളുമായി ഇടപെടുന്നവര്‍ക്ക് മാത്രമേ കുട്ടികളുടെ ഹൃദയത്തെ കീഴടക്കാനാവൂ. സ്‌നേഹിക്കപ്പെടാനും പരിലാളനകളേല്‍ക്കാനും എല്ലാ നിലക്കും അവകാശമുള്ളവരാണ് കുട്ടികള്‍.

പിതൃസഹോദരങ്ങളും അവരുടെ കുടുംബങ്ങളുമടങ്ങിയ വലിയകൂട്ടുകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ രക്ഷിതാക്കളുടെ സ്‌നേഹപരിലാളനകള്‍ക്കായി ഏറെ കൊതിച്ചിരുന്ന ആ കുട്ടിക്കാലം ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. കസിന്‍സഹോദരങ്ങളോടൊപ്പമായിരുന്നു ഞാന്‍ കളിച്ചുവളര്‍ന്നത്. സഹോദരങ്ങളുടെ കുട്ടികളുടെ സാന്നിധ്യത്തില്‍ സ്വസന്താനങ്ങളോട് സ്‌നേഹപ്രകടനങ്ങള്‍ പാടില്ലെന്ന് എന്റെ മാതാപിതാക്കള്‍ കരുതി. സ്വന്തംകുട്ടികളെ കൂടുതല്‍ പരിഗണിക്കുന്നു എന്ന് മറ്റുബന്ധുക്കള്‍ പറഞ്ഞെങ്കിലോ എന്ന് അവര്‍ ഭയപ്പെട്ടിരിക്കണം. കുട്ടിയായിരിക്കെ മുതിര്‍ന്നവര്‍ പറയുന്നത് ഇപ്പോഴുമെനിക്കും ഓര്‍മയുണ്ട്: ‘സ്‌നേഹം എപ്പോഴും പ്രകടിപ്പിച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ല. ഹൃദയത്തില്‍ സ്‌നേഹമുണ്ടായിരുന്നാല്‍ മതി’.

എന്നാല്‍ വസ്തുത അതല്ല. കുട്ടികളോട് സ്‌നേഹം പ്രകടിപ്പിച്ചാല്‍ മാത്രമേ അവര്‍ക്ക് ആതമവിശ്വാസവും കരുത്തും ഉണ്ടാവുകയുള്ളൂ. വലിയവരുടെ മനോഗതങ്ങളിലെ വ്യത്യാസങ്ങള്‍ വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്ക് മനസ്സിലാക്കാനാവും. വലിയവര്‍ സ്‌നേഹം പ്രകടിപ്പിക്കാതിരുന്നാല്‍ കുട്ടിയുടെ മനസ്സില്‍ അത് പ്രതിഫലിക്കും. അതിനാല്‍ കുട്ടികളുടെ സാന്നിധ്യത്തില്‍ അവരോടുള്ള പെരുമാറ്റത്തെക്കുറിച്ച് തികഞ്ഞ ബോധമുള്ളവരായിരിക്കണം നമ്മള്‍.
ഇക്കാലത്ത്, കുട്ടികളോട് തികച്ചും പരുഷമായി പെരുമാറുന്ന കഠിനഹൃദയരുണ്ട്. മക്കളോട് ലിംഗഭേദം അടിസ്ഥാനമാക്കി സ്‌നേഹപ്രകടനം നടത്തുന്നവരുമുണ്ട്. മറ്റുള്ളവരുടെ കുട്ടികളോട് വാത്സല്യപ്രകടനം നടത്താത്ത മുരടന്‍മാരുമുണ്ട്. ഖുര്‍ആനും സുന്നത്തും പഠിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നവര്‍ പോലും സ്വസന്താനങ്ങളുമായി കളിതമാശകളില്‍ ഏര്‍പ്പെടാതെ സ്‌നേഹം ഒളിച്ചുവെക്കുന്നവരാണെന്നത് എടുത്തുപറയേണ്ടതാണ്.

മനുഷ്യരാശിക്ക് എക്കാലത്തും മാതൃകയായിരുന്നു മുഹമ്മദ് നബി. കുട്ടികളോട് അദ്ദേഹം എന്നും കാരുണ്യവും സ്‌നേഹവും പ്രകടിപ്പിച്ചിരുന്നു. കുട്ടികളോട് അതിയായ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം അവരുമായി കളിക്കാന്‍ അവസരം കണ്ടെത്തിയിരുന്നു. കുട്ടികളുമൊത്തുള്ള കളികളില്‍ നബിതിരുമേനി (സ) പ്രകടിപ്പിച്ച താല്‍പര്യം രക്ഷിതാക്കള്‍ സ്വസന്താനങ്ങളുമായി കളികളില്‍ ഏര്‍പ്പെടേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. അബ്‌സീനിയയില്‍നിന്ന് പലായനം ചെയ്‌തെത്തിയ കുട്ടികളുമായി കളിതമാശകളിലേര്‍പ്പെടുന്നതിനും അവരുടെ ഭാഷയില്‍ സംസാരിക്കുന്നതിനും നബി താല്‍പര്യം കാട്ടിയിരുന്നു. വിദൂരയാത്രകള്‍ കഴിഞ്ഞ് തിരികെ വീടണയാറാകുമ്പോള്‍ തന്റെ ഒട്ടകപ്പുറത്ത് കുട്ടികളെ ഇരുത്താന്‍ നബി ശ്രദ്ധിച്ചിരുന്നു.
കുട്ടികളോടുള്ള തന്റെ ഇഷ്ടം നബിതിരുമേനി ഒരിക്കലും മറച്ചുവെച്ചിരുന്നില്ല. അബൂഹുറയ്‌റഃ(റ)യില്‍നിന്ന് നിവേദനം: ‘ഞാന്‍ ഒരു പകലില്‍ നബിതിരുമേനിയോടൊപ്പം ബനൂ ഖൈനുഖാഅ് കാരുടെ ചന്തയിലേക്ക് നടക്കുകയായിരുന്നു. ചന്തയിലെത്തുംവരെ ഞങ്ങളിരുവരും യാതൊന്നും സംസാരിച്ചില്ല.നബിതിരുമേനി മകള്‍ ഫാത്തിമ(റ)യുടെ തമ്പിലേക്ക് തിരിച്ചുചെന്ന് ഹസ്സനില്ലേ എന്ന് ചോദിച്ചു.(ഹസ്സന്‍ അന്ന് ചെറുബാലനാണ്). ഫാത്വിമ ഒരു പക്ഷേ ഹസ്സനെ കുളിപ്പിച്ച് ഒരുക്കുകയായിരുന്നിരിക്കണംം. അധികംവൈകിയില്ല. ഹസ്സന്‍ തിരുമേനിയുടെ അടുത്തേക്ക് ഓടിയെത്തി. രണ്ടുപേരും പരസ്പരം കെട്ടിപ്പിടിച്ചു. അപ്പോള്‍ നബിതിരുമേനി (സ) പറഞ്ഞു. അല്ലാഹുവേ, ഞാന്‍ ഇവനെ ഇഷ്ടപ്പെടുന്നു. നീ അവനെ സ്‌നേഹിക്കേണമേ, അവനെ ഇഷ്ടപ്പെടുന്നവനെയും’.

അനസ് ബ്‌നു മാലിക്(റ)ല്‍നിന്ന് : ‘കുട്ടികളോട് പ്രവാചകന്‍തിരുമേനി കാട്ടുന്നതുപോലെ വാത്സല്യപ്രകടനം നടത്തുന്ന മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല. മദീനയില്‍ വെച്ച് തിരുമേനിയുടെ മകന്‍ ഇബ്‌റാഹീം പ്രസവശുശ്രൂഷ നടത്തുന്ന സ്ത്രീയുടെ പരിലാളനയിലായിരുന്നു. തിരുമേനി അവരുടെ അടുത്ത് പോകാറുണ്ടായിരുന്നു. കൂടെ ഞങ്ങളുമുണ്ടാകും. തിരുമേനി അകത്തുചെന്ന് കുഞ്ഞിനെ സ്വകരങ്ങളിലെടുത്ത് ചുംബിക്കും എന്നിട്ട് തിരിച്ചുപോരും’ (മുസ്‌ലിം).

തിരുമേനിയുടെ കുട്ടികളോടുള്ള സ്‌നേഹം തന്റെ കുട്ടികളിലും പേരക്കുട്ടികളിലും മാത്രം പരിമിതമായിരുന്നില്ല. തന്റെ സുഹൃത്തുക്കളുടെയും അനുയായികളുടെയും സന്താനങ്ങളോടും അദ്ദേഹം സ്‌നേഹപ്രകടനം നടത്തിയിരുന്നു. ഉസ്മാന്‍ ബ്‌നു സൈദ്(റ)ല്‍നിന്ന് റിപോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് പ്രവാചകന്റെ കരുണാര്‍ദ്രമായ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്: ‘പ്രവാചകന്‍ തിരുമേനി എന്നെ അദ്ദേഹത്തിന്റെ ഒരു തുടയിലും അലിയുടെ മകന്‍ ഹസ്സനെ മറ്റേത്തുടയിലും ഇരുത്തുമായിരുന്നു. എന്നിട്ട് ഞങ്ങളെ ആശ്ലേഷിച്ച് ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു: അല്ലാഹുവേ, നീ ഇവരോട് കരുണകാണിക്കണേ, ഞാന്‍ അവരോട് കരുണകാട്ടുന്നതുപോലെ’ (ബുഖാരി).
കുട്ടികളോട് സ്‌നേഹപ്രകടനം നടത്തുന്നതിന്റെ പ്രഭാവം എത്രമാത്രമാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ചിലര്‍ തിരുമേനിയുടെ ഇത്തരം പെരുമാറ്റങ്ങളില്‍ അത്ഭുതം കൂറുക സ്വാഭാവികം. നബി കുട്ടികളുമൊത്ത് കളിക്കുന്നതും അവര്‍ക്കായി സമയം ചെലവഴിക്കുന്നതും അവര്‍ക്ക് അമ്പരപ്പുണ്ടാക്കുന്ന കാര്യങ്ങളാണ്. അബൂഹുറയ്‌റഃ(റ) ല്‍നിന്ന് നിവേദനം:
‘അല്ലാഹുവിന്റെ ദൂതന്‍ അലിയുടെ പുത്രന്‍ ഹസ്സനെ ചുംബിച്ചു. ആ സമയം അനുചരന്‍മാരിലൊരാളായ അല്‍ അഖ്‌റഅ് ബിന് ഹാബിസ് അത്തമീമി അവിടെയുണ്ടായിരുന്നു. അദ്ദേഹം മൊഴിഞ്ഞു: എനിക്ക് പത്തുമക്കളുണ്ട്. എന്നാല്‍ ഞാനൊരാളെപ്പോലും ഇന്നുവരെ ചുംബിച്ചിട്ടില്ല. അതുകേട്ട നബിതിരുമേനി അഖ്‌റഇന് നേര്‍ക്ക് നോക്കിപറഞ്ഞു: ‘മറ്റുള്ളവരോട് കാരുണ്യം കാട്ടാത്തവനോട് അല്ലാഹുവും കാരുണ്യം ചൊരിയുകയില്ല'(ബുഖാരി).
കൂടെയുള്ളവരുടെ വികാരവിചാരങ്ങളെക്കുറിച്ച് അങ്ങേയറ്റം ബോധവാനായിരുന്നു മുഹമ്മദ് നബി. അനസ്ബ്‌നു മാലിക്(റ) ല്‍നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് അതിന് ഉദാഹരണമാണ്
‘നബിതിരുമേനി (സ) പറഞ്ഞു: ‘നമസ്‌കാരം ദീര്‍ഘിപ്പിക്കണമെന്ന് ഉദ്ദേശിച്ച് ഞാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ നമസ്‌കാരം ചുരുക്കും. കാരണം, കുട്ടികളുടെ കരച്ചില്‍ മാതാക്കളുടെ മനസ്സില്‍ വേദനയുണ്ടാക്കുമെന്ന് എനിക്കറിയാം'(ബുഖാരി).’

പ്രവാചകന്‍ തിരുമേനി കുട്ടികളുടെ കാര്യത്തില്‍ അങ്ങേയറ്റം ക്ഷമാലുവായിരുന്നു. അവരുടെ വികാരങ്ങള്‍ അവഗണിക്കപ്പെടുന്നത് അദ്ദേഹത്തിന് അസഹനീയമായിരുന്നു. അബൂഖതാദഃ ഉദ്ധരിക്കുന്നു:’അബുല്‍ ആസ്വിന്റെ മകള്‍ ഉമാമഃയെ തോളിലേറ്റി നബിതിരുമേനി ഒരിക്കല്‍ വന്നു. നബിതിരുമേനി നമസ്‌കരിച്ചു. സുജൂദിന്റെ വേളയില്‍ നബി കുട്ടിയെ താഴെ വെച്ചു. തിരികെ എഴുന്നേറ്റപ്പോള്‍ കുട്ടിയെ ചുമലിലേറ്റുകയുംചെയ്തു'(ബുഖാരി).
ഉമ്മുഖാലിദില്‍നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിതാ: ‘ഞാനൊരിക്കല്‍ പിതാവിനൊപ്പം നബിതിരുമേനിയുടെ അടുക്കല്‍ പോയി. മഞ്ഞക്കുപ്പായമായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: സനാ, സനാ(നല്ലത് എന്നതിന്റെ ഏത്യോപ്യന്‍ ഭാഷയെന്ന് നിവേദകനായ അബ്ദുല്ല പറയുന്നു) തുടര്‍ന്ന് ഞാന്‍ നബിതിരുമേനിയുടെ മോതിരം(സീല്‍) ഊരി കളിച്ചുകൊണ്ടിരുന്നു. എന്റെ പിതാവ് അതുകണ്ട് എന്നെ ശകാരിച്ചു. അപ്പോള്‍ അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു:’അവളെ വിട്ടേക്കൂ’ തുടര്‍ന്ന് നബി അവളുടെ ദീര്‍ഘായുസ്സിനായി 3 പ്രാവശ്യം പ്രാര്‍ഥിച്ചു'(ബുഖാരി).
കുട്ടികളോടുള്ള പെരുമാറ്റത്തില്‍ സഹിഷ്ണുതയും കാരുണ്യവും ദൃശ്യമാകുന്ന പ്രവാചകജീവിതത്തിലെ മറ്റൊരു സംഭവമിതാ: ആഇശ(റ)യില്‍ നിന്ന്: നബിതിരുമേനി ഒരുകുഞ്ഞിനെ തന്റെ മടിയില്‍വെച്ചു. വൈകാതെ കുഞ്ഞ് മടിയില്‍ മൂത്രമൊഴിച്ചു. അപ്പോള്‍ തിരുമേനി കുറച്ചുവെള്ളം ആവശ്യപ്പെടുകയും അത് മൂത്രമൊഴിച്ചിടത്ത് ഒഴിക്കുകയുംചെയ്തു (ബുഖാരി).
ആണ്‍മക്കളോടും പെണ്‍മക്കളോടും യാതൊരു വിവേചനവും വെച്ചുപുലര്‍ത്താതെ നീതിപൂര്‍വം പെരുമാറണമെന്ന് തിരുമേനി കല്‍പിച്ചിരിക്കുന്നു.
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ചെറുതോ വലുതോ ആകട്ടെ അവരോട് നീതിപൂര്‍വം പെരുമാറുക. (ബുഖാരി, മുസ്‌ലിം)
ചുരുക്കത്തില്‍, കുഞ്ഞുങ്ങളെയും കുട്ടികളെയും എത്രമാത്രം വാത്സല്യത്തോടും കാരുണ്യത്തോടുമാണ് നബിതിരുമേനി കണ്ടതെന്ന് മേല്‍ വിവരണങ്ങളില്‍നിന്ന് ഏവര്‍ക്കും മനസ്സിലാക്കാവുന്നതാണ്.

Topics