ഉഹ്ദ് യുദ്ധത്തെ തുടര്‍ന്ന് മദീനയില്‍ ദുഖത്തിന്റെ മേഘങ്ങള്‍ ഇരുട്ട് പരത്തി. തങ്ങളുടെ പ്രിയപ്പെട്ടവര്‍ ദൈവിക മാര്‍ഗത്തില്‍ ശഹാദത്ത് വരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. അറേബ്യന്‍ ഉപദ്വീപിന് മേല്‍ മൂകത തളംകെട്ടി നിന്നു. മദീനയെ ഗ്രസിച്ച ആ മരവിപ്പില്‍ ശത്രുപക്ഷം തങ്ങളുടെ ഐക്യത്തിനും മുസ് ലിംകള്‍ക്കെതിരായ യുദ്ധത്തിനും അവസരം പാര്‍ത്തിരുന്നു. അവരോടുള്ള ശത്രുതയില്‍ അന്യോന്യം മത്സരിച്ചു.ഇസ്ലാമിന്റെ കേന്ദ്രമായ മദീന തങ്ങള്‍ക്ക് കീഴില്‍ വരുന്നത് വരെ അവര്‍ക്ക് വിശ്രമമുണ്ടായിരുന്നില്ല.
ഹിജ്റ അഞ്ചാം വര്‍ഷം ഏതാനും ജൂതന്മാര് മക്കയിലെ നിഷേധികളെത്തേടി യാത്രപുറപ്പെട്ടു. മദീനയെ ആക്രമിക്കാന്‍ അവരെ പ്രേരിപ്പിക്കുക, അവര്‍ക്ക് വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്യുക തുടങ്ങിയവയായിരുന്നു യാത്രോദ്ദേശ്യം. ഇസ്ലാമിനെ വേരോടെ പിഴുതെറിയാനും തിരുമേനി(സ)യെ വധിക്കാനും അനുചരന്മാരെ പീഡിപ്പിക്കാനുമായിരുന്നു അവരുടെ പദ്ധതി. ഹൃദയത്തില്‍ വെറുപ്പും വിദ്വേഷവും നിറച്ച മറ്റൊരു സംഘം ഗത്വ്ഫാന്‍ ലക്ഷ്യമാക്കി പുറപ്പെട്ടിരുന്നു. മുസ്ലിംകള്ക്കെതിരെ ഐക്യയുദ്ധസഖ്യം രൂപീകരിക്കുന്നതിന് വേണ്ടിയായിരുന്നു അത്.
വിവിധ സംഘങ്ങള്‍ ഒന്നിച്ചു നിന്നു. തെക്ക്ഭാഗത്ത് നിന്ന് ഖുറൈശികളും, കിനാനഃയും, തിഹാമക്കാരും പുറപ്പെട്ടു. ബനൂസലീം അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. കിഴക്ക് നിന്ന് ഗത്വ്ഫാന്‍ ഗോത്രങ്ങളും, ബനൂ അസദും രംഗത്തിറങ്ങി. സത്യനിഷേധികള്‍ ഒന്നടങ്കം മദീനയിലേക്ക് തിരിഞ്ഞു. പതിനായിരത്തോളം അംഗങ്ങളുള്ള പടുകൂറ്റന്‍ സൈന്യം മദീനയെ വലയം ചെയ്തു. മദീനയിലെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങിയ താമസക്കാര്‍ ആകെ പതിനായിരമുണ്ടായിരുന്നില്ല! അവരാകട്ടെ കടുത്ത പട്ടിണിയിലും തണുപ്പിലും ദാരിദ്ര്യത്തിലും!
ഇത്രയധികം പ്രയാസകരമായ സാഹചര്യത്തില്‍ മദീനാ നിവാസികള്‍ രണ്ട് വിഭാഗമായി തിരിഞ്ഞു. അല്ലാഹുവില്‍ വിശ്വസിക്കുയും അവന്റെ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്തവരായിരുന്നു ആദ്യവിഭാഗം. “സത്യവിശ്വാസികള്‍ സഖ്യസേനയെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞു ‘ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തതു തന്നെയാണ്. അല്ലാഹുവും അവന്റെ ദൂതനും പറഞ്ഞത് തീര്‍ത്തും സത്യമാണ്’. ആ സംഭവം അവരുടെ വിശ്വാസവും സമര്‍പ്പണ സന്നദ്ധതയും വര്‍ധിപ്പിക്കുകയാണുണ്ടായത് “(അഹ്സാബ് 22).
അവര്‍ പോരാട്ടത്തിന് തയ്യാറാവുകയും തങ്ങളുടെ ജീവനും സമ്പത്തും ആരോഗ്യവും പ്രസ്തുത മാര്‍ഗത്തില്‍ അര്‍പ്പിക്കാന്‍ സന്നദ്ധരാവുകയും ചെയ്തു. രാപ്പകല്‍ കഠിനാധ്വാനം ചെയ്ത് വിശപ്പും വേദനയും സഹിച്ച് മദീനക്ക് ചുറ്റും കിടങ്ങ് കുഴിച്ചു അവര്‍. എണ്ണയില്‍ കുഴച്ച ഏതാനും ബാര്‍ലിയായിരുന്നു അവരുടെ ഭക്ഷണം. പഴക്കം കാരണം വല്ലാത്ത നാറ്റമായിരുന്നു അതിനുണ്ടായിരുന്നത്. വിശപ്പിന്റെ കാഠിന്യം കാരണം അവരത് പാകപ്പെടുത്തി അസുഖകരമായ രുചിയും മണവും സഹിച്ച് ഭക്ഷിക്കുകയായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് ഈത്തപ്പഴം മാത്രമായിരുന്നു ഭക്ഷണമായുണ്ടായിരുന്നത്.
ഇത്രയും വിഷമകരമായ സാഹചര്യത്തില്‍ അവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയായിരുന്നു തിരുമേനി(സ). ബര്‍റാഅ്(റ) പറയുന്നു : ‘ കിടങ്ങ് കുഴിക്കുന്ന വേളയില്‍ പണിയായുധം കൊണ്ട് പൊട്ടിക്കാന്‍ കഴിയാത്ത ചില പാറകളുണ്ടായിരുന്നു. അതുസംബന്ധിച്ച് ഞങ്ങള്‍ പ്രവാചകന്(സ)യോട് സൂചിപ്പിച്ചു. തിരുമേനി(സ) പണിയായുധം കയ്യിലെടുത്ത് ബിസ്മി ചൊല്ലി അവയില്‍ കൊത്തി. അദ്ദേഹം പറഞ്ഞു ‘അല്ലാഹു മഹാനാകുന്നു. ശാം എനിക്ക് നല്കപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ, ഞാന്‍ അവിടത്തെ ചുവന്ന കൊട്ടാരങ്ങള്‍ കാണുന്നു. പിന്നീട് രണ്ടാമത് കൊത്തി മറ്റൊരു കല്ല് പൊട്ടിച്ച് അദ്ദേഹം പറഞ്ഞു. എനിക്ക് പേര്‍ഷ്യ കീഴ്പെടുത്തപ്പെട്ടിരിക്കുന്നു, അല്ലാഹുവാണ, പട്ടണങ്ങളുടെ കൊട്ടാരം ഞാനിപ്പോള്‍ മുന്നില്‍ കാണുന്നു. പിന്നീട് മൂന്നാമത് കൊത്തി മറ്റൊരു പാറ പൊട്ടിച്ചു. അദ്ദേഹം പറഞ്ഞു ‘അല്ലാഹു മഹാനാകുന്നു. എനിക്ക് യമനിന്റെ താക്കോലുകള്‍ നല്കപ്പെട്ടിരിക്കുന്നു. ഞാന്‍ ഇവിടെ നിന്ന് കൊണ്ട് സ്വന്‍ആഅ് കാണുന്നു’.
തന്റെ അനുചരന്മാരുടെ ദൃഢനിശ്ചയം ഊട്ടിയുറപ്പിക്കുകയായിരുന്നു തിരുദൂതര്‍(സ) ചെയ്തത്. അവര്‍ വിശപ്പുസഹിക്കവയ്യാനാകാതെ വയറിന് മുകളില്‍ കല്ല് കെട്ടി വെച്ചാണ് കിടങ്ങ് കുഴിച്ചിരുന്നത്.
മാനസിക ദൗര്‍ബല്യമുള്ള കപടവിശ്വാസികളായിരുന്നു രണ്ടാമത്തെ വിഭാഗം. ഭയത്താല്‍ അവരുടെ ഹൃദയം വിറകൊണ്ടു. ഭീമാകാരമായ സൈന്യത്തെ അഭിമുഖീകരിക്കാനുള്ള ആര്‍ജ്ജവം അവര്‍ക്കുണ്ടായിരുന്നില്ല. “അല്ലാഹുവും അവന്റെ ദൂതനും നമ്മോട് ചെയ്ത വാഗ്ദാനം വെറും വഞ്ചന മാത്രമാണെന്ന് കപടവിശ്വാസികളും മനസ്സിന് ദീനം ബാധിച്ചവരും പറഞ്ഞു കൊണ്ടിരുന്നു”(അഹ്സാബ് 12).
കിസ്റയുടെയും ഖൈസറിന്റെയും ഖജനാവുകള്‍ പിടിച്ചടക്കുമെന്ന് തിരുമേനി(സ) നല്കിയ സന്തോഷവാര്‍ത്തയെക്കുറിച്ച് കപടവിശ്വാസികള്‍ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: ‘കിസ്റയുടെയും ഖൈസറിന്റെയും ഖജനാവുകളാണ് മുഹമ്മദ് ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത്. മലമൂത്ര വിസര്ജജനത്തിന് പോലും ധൈര്യമായി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ഞങ്ങളിപ്പോള്‍ ഉള്ളത’്. അവര്‍ ദൈവികമാര്‍ഗത്തിലെ പോരാട്ടത്തില്‍ നിന്ന് ഒളിച്ചുമാറാന്‍ തുടങ്ങി. മറ്റൊരു വിഭാഗം ‘ഞങ്ങളുടെ വീടുകള്‍ അപകടാവസ്ഥയിലാണെന്ന്’ പറഞ്ഞ് പ്രവാചകനോട് യുദ്ധരംഗം വിടാന്‍ അനുവാദം തേടി.. യഥാര്ത്ഥത്തിലവയ്ക്ക് ഒരപകടാവസ്ഥയുമില്ല “(അഹ്സാബ് 13).
തിരുമേനിയും അനുചരന്മാരും ശത്രുവിനെ നേരിടാന്‍ തയ്യാറായി. നമസ്കാരം നഷ്ടപ്പെടാന്‍ കാരണക്കാരായ നിഷേധികളെ ഉമര്‍(റ) ശപിക്കുകയുണ്ടായി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബനൂഖുറൈദ കരാര്‍ ലംഘിക്കുകയും ചെയ്തതോടെ ഇസ്ലാമിനെതിരെ ശത്രുനിര പൂര്‍ണത കൈകൊണ്ടു. ഈ വാര്‍ത്ത എത്തിയപ്പോള്‍ തിരുമേനി(സ) പറഞ്ഞു: ‘അല്ലാഹുവാണ് ഉന്നതന്, മുസ് ലിംകളേ! നിങ്ങള്‍ക്ക് അല്ലാഹുവിന്റെ വിജയവും സഹായവുമുണ്ട്’.
തിരുമേനി(സ) സഅ്ദ് ബിന്‍ മുആദിനോടും സഅ്ദ് ബിന്‍ ഉബാദയോടും കാര്യങ്ങള്‍ കൂടിയാലോചിച്ചു. അല്ലാഹുവിന്റെ കല്പന അനുസരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് അവര്‍ അറിയിച്ചു. വളരെ ഭീതിതമായ സാഹചര്യമായിരുന്നു അത്. “ശത്രുസൈന്യം മുകള്‍ ഭാഗത്ത് നിന്നും താഴ്ഭാഗത്ത് നിന്നും നിങ്ങളുടെ നേരെ വന്നടുത്ത സന്ദര്‍ഭം! ഭയം കാരണം ദൃഷ്ടികള്‍ പതറുകയും ഹൃദയങ്ങള്‍ തൊണ്ടകളിലെത്തുകയും നിങ്ങള്‍ അല്ലാഹുവെപ്പറ്റി പലതും കരുതിപ്പോവുകയും ചെയ്ത സന്ദര്‍ഭം ‘. (അഹ്സാബ് 10).
തിരുമേനി(സ) ആകാശത്തേക്ക് കൈകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു: ‘വേദം ഇറക്കുകയും വേഗത്തില്‍ വിചാരണ ചെയ്യുകയും ചെയ്യുന്ന നാഥാ, നീ സഖ്യകക്ഷികളെ പരാജയപ്പെടുത്തുകയും അവരെ വിറകൊള്ളിക്കുകയും ചെയ്യേണമേ’. അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന സ്വീകരിക്കുകയും സൈന്യത്തെ അയച്ച് ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്തു. അവര്‍ക്ക് മേല്‍ ശക്തമായ കാറ്റയച്ച് അവരുടെ ഹൃദയങ്ങളെയും സ്വപ്നങ്ങളെയും തകിടം മറിച്ചു.
ലോകത്ത് മുസ്ലിം ഉമ്മത്തിന്റെ ആധിപത്യം ഉറപ്പിച്ച വിജയമായിരുന്നു അത്. ‘ഇനി നാം അവരോട് യുദ്ധം ചെയ്യും. അവര്‍ നമ്മോട് യുദ്ധം ചെയ്യുകയില്ല’ എന്നാണ് അഹ്സാബിലെ വിജയത്തെ തുടര്‍ന്ന് തിരുമേനി(സ) പ്രഖ്യാപിച്ചത്.
അബ്ദുല്‍ മലിക് ഖാസിം
Add Comment