Dr. Alwaye Column

സത്യസന്ദേശ പ്രചാരണം മുസ് ലിം സമൂഹത്തിന്റെ സവിശേഷദൗത്യം

സത്യപ്രബോധനം എന്നത് സമസ്തദൈവദൂതന്മാരും നിര്‍വഹിച്ചുപോന്ന ഒരു മഹാദൗത്യമായിരുന്നു. ഈ ദൗത്യനിര്‍വഹണത്തിനുവേണ്ടിയാണ് വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്തപ്രദേശങ്ങളില്‍ അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചതുതന്നെ. ഇഹപര സൗഭാഗ്യം വാഗ്ദാനംചെയ്തും ജീവിതത്തിന്റെ സമസ്തമേഖലകളിലേക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിയും സമ്പൂര്‍ണമായൊരു ഭരണഘടന എന്ന നിലയില്‍ വിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചും മുഹമ്മദ് നബി തിരുമേനിയെ അന്ത്യപ്രവാചകനായി നിയോഗിച്ചും പ്രവാചകത്വപരമ്പരക്ക് പരിസമാപ്തികുറിച്ചും ഒടുവില്‍ സത്യസന്ദേശശൃംഖലക്ക് വിരാമമിട്ടും അല്ലാഹു മനുഷ്യസമൂഹത്തെ ആവോളം അനുഗ്രഹിച്ചിരിക്കുകയാണ്.

‘ നബിയേ, നിശ്ചയമായും സത്യസാക്ഷിയും ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പു നല്‍കുന്നവനും അല്ലാഹുവിന്റെ അനുമതി പ്രകാരം അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം പരത്തുന്ന ദീപവും ആയി നാം നിന്നെ അയച്ചിരിക്കുന്നു ‘ (അല്‍അഹ്‌സാബ് 45-46)
‘നീ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ജനങ്ങളെ വിളിക്കുക. തീര്‍ച്ചയായും നീ നേരായ മാര്‍ഗത്തിലാണ്’ (അല്‍ഹജ്ജ് 67)
‘ നീ പറയുക, എന്റെ മാര്‍ഗം ഇതാണ്. കൃത്യമായ ഉള്‍ക്കാഴ്ചയോടുകൂടിയാണ് ഞാനും എന്നെ പിന്‍പറ്റിയവരും അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത്. അല്ലാഹു പരിശുദ്ധനാണ്. ഞാന്‍ ബഹുദൈവവിശ്വാസികളില്‍ പെട്ടവനല്ല'(യൂസുഫ് 108)
ഓരോ മുസ്‌ലിമും ദൈവമാര്‍ഗത്തിലേക്ക് സത്യപ്രബോധനം നടത്താന്‍ ബാധ്യസ്ഥനാണെന്ന് താഴെ കൊടുക്കുന്ന ഖുര്‍ആനിക സൂക്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഓരോരുത്തരും തങ്ങളുടെ സാധ്യതയും സൗകര്യവും പരിഗണിച്ചും ഈ ദൗത്യം നിര്‍വഹിക്കേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ മുഹമ്മദീയസമൂഹം ദൈവിക മഹത്ത്വത്തിനും ആദരവിനും അര്‍ഹമായതുതന്നെ ഈയൊരു സവിശേഷദൗത്യം ഏല്‍പിക്കപ്പെട്ടതിലൂടെയാണ്. തദ്‌സംബന്ധമായ വിഷയത്തിലേക്ക് വിരല്‍ചൂണ്ടുന്ന വേറെയും ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്.

‘നന്‍മകല്‍പിക്കാനും തിന്‍മ വിരോധിക്കാനുമായി ജനങ്ങളിലേക്ക് നിയുക്തരായ ഉത്തമസമൂഹമാണ് നിങ്ങള്‍’.(ആലുഇംറാന്‍ 110)
‘വിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാണ്. അവര്‍ നന്‍മ കല്‍പിക്കുകയും തിന്‍മ വിരോധിക്കുകയും ചെയ്യുന്നു’ (അത്തൗബ 71)
ലോകത്തുള്ള മറ്റ് സമൂഹങ്ങളില്‍നിന്ന് മുസ്‌ലിംസമൂഹത്തെ വ്യതിരിക്തമാക്കി നിര്‍ത്തുന്ന സവിശേഷത എന്താണെന്നും മുന്‍ചൊന്ന രണ്ട് സൂക്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സത്യപ്രബോധനം എന്ന ദൗത്യവുമായിട്ടാണ് ഈ സവിശേഷത ബന്ധപ്പെട്ടുകിടക്കുന്നത്. ദൈവദൂതന്‍മാര്‍ ഏറ്റെടുത്ത് നിര്‍വഹിച്ച ആ മഹാദൗത്യം. നന്‍മയുടെ പ്രചാരണവും തിന്‍മയുടെ വിപാടനവും വിശ്വാസിസമൂഹത്തിന്റെ വിശിഷ്ടഗുണങ്ങളില്‍പെട്ടതാണ് എന്നതിലേക്കുള്ള സൂചനയും പ്രസ്തുതസൂക്തങ്ങള്‍ നല്‍കുന്നുണ്ട്.. സത്യപ്രബോധനം വ്യക്തിപരമായും സംഘടിതമായും നിര്‍വഹിക്കാം. വ്യക്തിതലത്തിലാകുമ്പോള്‍ അത് വ്യക്തിയുടെ സാധ്യതയും സൗകര്യവും നോക്കി നിര്‍വഹിച്ചാല്‍ മതിയാകും. പ്രബലമായൊരു ഹദീസില്‍ അക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്:’നിങ്ങളില്‍ ഒരാള്‍ ഒരു തിന്‍മ കണ്ടാല്‍ അയാളത് തന്റെ കൈകൊണ്ട് തടയട്ടെ. അതിന് കഴിഞ്ഞില്ലെങ്കില്‍ തന്റെ നാവുകൊണ്ട് തടയട്ടെ. അതിനുംകഴിഞ്ഞില്ലെങ്കില്‍ തന്റെ ഹൃദയംകൊണ്ട് തടയട്ടെ(വെറുക്കട്ടെ). വിശ്വാസദൗര്‍ബല്യത്തെയാണ് അത് കാണിക്കുന്നതെങ്കിലും(മുസ്‌ലിം). ‘ ഇസ്‌ലാമേതര സമൂഹങ്ങളിലോ ഇസ്‌ലാം കടന്നുചെന്നിട്ടില്ലാത്ത പ്രദേശങ്ങളിലോ ആണ് സത്യപ്രബോധനം ഉദ്ദേശിക്കുന്നതെങ്കില്‍ സംഘടിതമായും ശാസ്ത്രീയമായും നിരന്തരമായും അതു നടത്തേണ്ടതുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ വിപുലമായ പ്രവര്‍ത്തനങ്ങളും വര്‍ധിതമായ അശ്രാന്തപരിശ്രമങ്ങളും ചിട്ടയായ രീതിയില്‍ നിര്‍വഹിക്കേണ്ടിവരും . ഒറ്റക്ക് നിര്‍വഹിക്കാന്‍ കഴിയാത്തവിധം ഭാരിച്ചൊരു ദൗത്യമാണിത്. ഇസ്‌ലാമികസന്ദേശ പ്രചാരണത്തിന്റെ സംഘടിതമായ നിര്‍വഹണരീതിയെയാണിത് സൂചിപ്പിക്കുന്നത്. അല്ലാഹു പറയുന്നു:’ നല്ലതിലേക്ക് ക്ഷണിക്കുകയും നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍നിന്ന് രൂപപ്പെടട്ടെ. അവര്‍ തന്നെയാണ് വിജയികള്‍'(ആലുഇംറാന്‍ 104).

നേരത്തെപറഞ്ഞ സൂക്തത്തിലും മുകളില്‍കൊടുത്ത സൂക്തത്തിലും പരാമര്‍ശിക്കപ്പെട്ട ആദ്യത്തെ മൂന്നുപദങ്ങള്‍ സത്യപ്രബോധനത്തിന്റെയും സത്യപ്രബോധകരുടെയും ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തായിരിക്കണമെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഇവിടെ പരാമര്‍ശിക്കപ്പെട്ട ‘നിങ്ങളില്‍നിന്ന് ‘ എന്ന പ്രയോഗം പൊതുവായി മുസ്‌ലിങ്ങളെയും പ്രത്യേകമായി സത്യപ്രബോധനത്തിനായി നിശ്ചയിക്കപ്പെട്ട സംഘത്തെയുമാണുദ്ദേശിക്കുന്നത്. സത്യപ്രബോധനമെന്നത് ഒരു സാമൂഹികബാധ്യതയാണ്. ഏതെങ്കിലുമൊരു സംഘം അത് നിര്‍വഹിക്കാനുണ്ടെങ്കില്‍ മറ്റുള്ളവര്‍ ആ ബാധ്യതയില്‍നിന്നൊഴിവാകും. അതേസമയം മുസ്‌ലിങ്ങളില്‍ ആരും ഈ ദൗത്യം നിര്‍വഹിക്കാന്‍ മുന്നോട്ടുവന്നില്ലെങ്കില്‍ മുഴുവന്‍ മുസ്‌ലിങ്ങളും കുറ്റക്കാരാവുകയുംചെയ്യും. നന്‍മ കല്‍പക്കുക, തിന്‍മ വിലക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് അത് രണ്ടും കൈകൊണ്ടോ നാവുകൊണ്ടോ ഹൃദയം കൊണ്ടോ ആകാം എന്ന നിലയിലാണ്. എന്തായാലും ഈ ബാധ്യത വ്യക്തിതലമാണ്. പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ലാതെ ഓരോ മുസ്‌ലിമും ഏറ്റെടുത്ത് നിര്‍വഹിക്കേണ്ട ബാധ്യത. സത്യപ്രബോധനമെന്നത് വിശ്വാസികള്‍ക്ക് അല്ലാഹു വകവെച്ചുകൊടുത്തിട്ടുള്ള ഏറ്റവും വലിയ സവിശേഷതയാണ്.
ആണാകട്ടെ, പെണ്ണാകട്ടെ ഒരു മുസ്‌ലിം തന്റെ കഴിവും പ്രാപ്തിയുമനുസരിച്ച് വ്യക്തിപരമായോ സാമൂഹികമായോ സത്യപ്രബോധനം നിര്‍വഹിച്ചിരിക്കണം. ബഹുദൈവത്വവും സത്യനിഷേധവും വിശ്വാസജീര്‍ണതയും അന്ധവിശ്വാസങ്ങളും സമീപപ്രദേശത്തോ വിദൂരദേശങ്ങളിലോ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സത്യപ്രബോധനത്തിന്റെ പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്. വ്യക്തിപരമായ ബാധ്യത എന്ന നിലയിലോ സാമൂഹികബാധ്യത എന്ന നിലയിലോ മുസ്‌ലിങ്ങള്‍ സത്യപ്രബോധനം ആരംഭിച്ചുകഴിഞ്ഞാല്‍ സാധ്യമായ എല്ലാ സങ്കേതങ്ങളുമുപയോഗിച്ച് മറ്റ് പ്രബോധകസംഘങ്ങളെയും സഹായിക്കേണ്ടതുണ്ട് . അല്ലാഹുവിന്റെ ദീനിനെ സംസ്ഥാപിക്കാനും അവന്റെ ആദര്‍ശത്തെ ഉയര്‍ത്തിപ്പിടിക്കാനും അത്യാവശ്യമാണ്.
‘നന്‍മയുടെയും സൂക്ഷ്മതയുടെയും മാര്‍ഗത്തില്‍ നിങ്ങള്‍ പരസ്പരം സഹകരിക്കുക. പാപത്തിന്റെയും ശത്രുതയുടെയും മാര്‍ഗത്തില്‍ നിങ്ങള്‍ സഹകരിക്കാതിരിക്കുക'(അല്‍മാഇദ 2)

‘ തന്നെ സഹായിക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും സഹായിക്കും.അല്ലാഹു സര്‍വശക്തനും അതിപ്രതാപിയുംതന്നെ ‘(അല്‍ ഹജ്ജ് -40).
ഇവ്വിഷയകമായി ചില തെറ്റുധാരണകള്‍ ചിലരെയെങ്കിലും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഒരാള്‍ക്ക് ജീവിതവിശുദ്ധിയുണ്ടായിരിക്കുവോളം അയാള്‍ സത്യപ്രബോധനം നിര്‍വഹിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന തോന്നല്‍ ഈ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഒരുപക്ഷേ, താഴെപ്പറയുന്ന ഖുര്‍ആനിക സൂക്തമായും ചിലരെ ഇത്തരത്തിലൊരു ആശയക്കുഴപ്പത്തിലേക്ക് നയിച്ചിട്ടുണ്ടാവുക.
‘വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളെ സൂക്ഷിക്കണം. നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചുകഴിഞ്ഞാല്‍ ദുര്‍മാര്‍ഗികള്‍ നിങ്ങളെ ദ്രോഹിക്കാതിരിക്കട്ടെ(അല്‍ മാഇദ 105).
സന്‍മാര്‍ഗിയായാല്‍ പിന്നെ സത്യപ്രബോധനം വേണ്ട എന്ന നിഗമനത്തിലേക്ക് ഈ സൂക്തം പലരെയും നയിച്ചിട്ടുണ്ടാകാം. സൂക്തപശ്ചാത്തലവും സന്‍മാര്‍ഗം എന്ന ആശയവും ശരിയായി മനസ്സിലാക്കിയാലേ ഈ തെറ്റുധാരണ നീങ്ങുകയുള്ളൂ. അബൂബക്ര്‍ സിദ്ദീഖ് (റ)ന്റെ കാലത്ത് കുറച്ചാളുകള്‍ക്ക് ഈ തെറ്റുധാരണയുണ്ടായിരുന്നു. അദ്ദേഹം അത്തരക്കാരെ അഭിമുഖീകരിച്ചുകൊണ്ട് അന്ന് പറഞ്ഞത് ഇതാണ്:’ജനങ്ങളേ, നിങ്ങള്‍ ഈ ദൈവികസൂക്തം വായിച്ചിട്ട് അതിനെ അസ്ഥാനത്ത് ഉപയോഗിക്കുകയാണ്. യഥാര്‍ഥത്തില്‍ എന്താണാ സൂക്തത്തിന്റെ താല്‍പര്യം? പ്രവാചകന്‍ തിരുമേനി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ‘ഒരു അക്രമിയെ കണ്ടിട്ട് ജനങ്ങള്‍ അവന്റെ കൈയ്ക്കുപിടിച്ചില്ലെങ്കില്‍ ദൈവികശിക്ഷ അവരെ വന്നുപൊതിയും'(നയ്‌ലുല്‍ മറാം മിന്‍ തഫ്‌സീറി ആയാത്തില്‍ അഹ്കാം).’

‘നിങ്ങള്‍ സന്‍മാര്‍ഗികളായാല്‍ ‘ എന്ന പദത്തെ ശൈഖ് ഇബ്‌നു തൈമിയ വിശകലനംചെയ്തത് ഇപ്രകാരമാണ്: ‘ബാധ്യതകള്‍ നിര്‍വഹിക്കുമ്പോള്‍ മാത്രമേ സന്‍മാര്‍ഗം പൂര്‍ണമാകൂ. നന്‍മ കല്‍പിക്കുക,തിന്‍മ വിലക്കുക എന്ന ദൗത്യം മറ്റു ബാധ്യതകള്‍ നിര്‍വഹിക്കുന്നതുപോലെത്തന്നെ ഒരു മുസ്‌ലിം നിര്‍വഹിക്കുമ്പോഴേ ദുര്‍മാര്‍ഗികളുടെ ഉപദ്രവങ്ങളില്‍നിന്ന് അയാള്‍ രക്ഷപ്പെടൂ'(അല്‍ ഹസബ ലി ഇബ്‌നി തൈമിയ)
‘ഒരാളെയും അയാള്‍ക്ക് താങ്ങാനാവാത്തത് അല്ലാഹു നിര്‍ബന്ധിക്കുന്നില്ല’ എന്ന ഖുര്‍ആനികസൂക്തത്തെക്കുറിച്ച ആശയക്കുഴപ്പവും സത്യപ്രബോധനം നിര്‍വഹിക്കുന്നതില്‍നിന്ന് ചിലരെ മാറ്റിനിര്‍ത്തുന്നുണ്ട്. നാട്ടില്‍ മിത്തുകള്‍ വ്യാപകമാവുകയും ഇസ്‌ലാമിനെതിരായ വെല്ലുവിളികള്‍ തീഷ്ണമാവുകയും ചെയ്തുകഴിഞ്ഞിട്ടുള്ള ഇക്കാലത്ത് സത്യപ്രബോധനം ശ്രമകരവും ദുഷ്‌കരവുമാണ് എന്ന തടസ്സവാദം പറഞ്ഞാണ് അവരിതിന് ന്യായംചമയ്ക്കുന്നത്. പരാമൃഷ്ടസൂക്തത്തിന്റെ വെളിച്ചത്തില്‍ ശ്രമകരമാണെങ്കില്‍ സത്യപ്രബോധനം വേണ്ടെന്നുവെക്കാം എന്നിടത്തേക്കാണ് ഇക്കൂട്ടരുടെ ചിന്ത പോകുന്നത്. ചിട്ടയോടും യുക്തിയോടും കൂടി സത്യപ്രബോധനം നടത്തിയാല്‍ അത് അങ്ങേയറ്റം ലളിതവും ആയാസരഹിതവുമാണ് എന്നതാണ് പരമാര്‍ഥം. ഒരാള്‍ മറ്റൊരാളോട് നന്‍മയുപദേശിച്ചുകൊണ്ട് ഒരു നല്ലവാക്ക് പറയുന്നത് അതല്ലെങ്കില്‍ അപരന് ഒരു സദുപദേശം കൊടുക്കുന്നത് എങ്ങനെയാണ് ദുഷ്‌കരമാവുക? വിവരമില്ലാത്ത ഒരാള്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച ചില അടിസ്ഥാനധാരണകള്‍ പഠിപ്പിച്ചുകൊടുക്കുന്നത് അസാധ്യമായ ഒരു സാഹസവൃത്തിയാണോ? ഇന്നേവരെ ഇസ്‌ലാമിനെക്കുറിച്ച് യാതൊന്നും കേള്‍ക്കാത്ത ഒരു സത്യനിഷേധിക്ക് സത്യദര്‍ശനത്തിന്റെ പ്രാഥമികപാഠങ്ങള്‍ പരിചയപ്പെടുത്തുന്നത് ആയാസകരമാണോ? കാര്‍ഷിക-വ്യവസായിക സംരംഭങ്ങളിലേര്‍പ്പെട്ട് സമ്പാദ്യമുണ്ടാക്കുന്നതിനും അതല്ലെങ്കില്‍ വ്യവസായം നടത്തി ലാഭമുണ്ടാക്കുന്നതിനും അനുഭവിക്കേണ്ടിവരുന്ന ക്ലേശത്തെക്കാള്‍ തീവ്രവും കഠിനവുമായ ക്ലേശം സത്യപ്രബോധനം നിര്‍വഹിക്കുമ്പോള്‍ അനുഭവിക്കേണ്ടിവരുമോ? ദൈവദൂതനും സച്ചരിതരായ മുന്‍ഗാമികളും സത്യപ്രചാരണത്തിനും സമുദായസമുദ്ധാരണത്തിനും വേണ്ടിയനുഭവിച്ചതും സഹിച്ചതുമായ ത്യാഗങ്ങള്‍ ഇത്തരുണത്തില്‍ അനുസ്മരിക്കാന്‍ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്. ദുര്‍ബലമനസ്‌കരും ഹ്രസ്വദൃഷ്ടിക്കാരുമല്ലാതെ പരാമൃഷ്ടസൂക്തത്തിന്റെ മറപിടിച്ച് സത്യപ്രബോധനത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കില്ല. ഈ ദൗത്യനിര്‍വഹണത്തിന്റെ മഹത്ത്വത്തെയും അതിന് ലഭിക്കാനിരിക്കുന്ന പ്രതിഫലത്തിന്റെ വ്യാപ്തിയെയും തിരിച്ചറിയുന്ന ഒരാള്‍ക്കും ജനങ്ങള്‍ക്ക് മുന്നില്‍ സല്‍സ്വഭാവങ്ങളുടെ മേന്‍മകള്‍ പഠിപ്പിച്ചുകൊടുക്കുമ്പോഴും ഇസ്‌ലാമിന്റെ നന്‍മകള്‍ പ്രചരിപ്പിക്കുമ്പോഴും ഉണ്ടായേക്കാവുന്ന ലളിതമായ അധ്വാനത്തെ പെരുപ്പിച്ചുകാട്ടാന്‍ കഴിയില്ല.

മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്
വിവ:ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics