ഇവിടെ വ്യക്തമാകുന്നൊരു കാര്യമുണ്ട്. അതായത്, ദൈവധിക്കാരം കാട്ടുന്നത് കൊണ്ടോ അധര്‍മം പ്രവര്‍ത്തിക്കുന്നതുകൊണ്ടോ ഒരാളില്‍ നിന്ന് ഒരു സത്യവിശ്വാസി അകന്നുനില്‍ക്കുന്നുണ്ടെങ്കില്‍ അത് അയാളോടുള്ള ഗുണകാംക്ഷ കൊണ്ടാണ്. സാധ്യമാവുമെങ്കില്‍ സൗമ്യമായ വാക്കുകളില്‍ അയാളെ ഉപദേശിക്കും. അതിന് കഴിഞ്ഞില്ലെങ്കില്‍ അയാള്‍ ചെയ്തുകൊണ്ടിരിക്കുന്ന ദുശ്ചെയ്തികളോടുള്ള പ്രതിഷേധം എന്ന നിലയില്‍ മൗനം പാലിക്കും. പണ്ഡിതന്‍മാരെയും സച്ചരിതരായ നേതാക്കളെയും ഉദ്ധരിച്ചുകൊണ്ട് വന്നിട്ടുള്ള നിവേദനങ്ങള്‍ പ്രകാരം ഇത്തരം മൗനങ്ങള്‍ സന്ദര്‍ഭങ്ങളുടെ അടിയന്തിരസ്വഭാവവുമായി ബന്ധപ്പെട്ടായിരിക്കും സംഭവിക്കുക. അല്ലാതെ എല്ലാ കാലത്തേക്കും എവിടെയും ബാധകമാക്കാവുന്ന ഒരു പൊതുനിയമമല്ല അത്. ഇസ്‌ലാമികനിയമാവലിയില്‍ സത്യപ്രബോധനമെന്നത് സുസ്ഥിരമായൊരു ബാധ്യതയാണ്. ഒരാള്‍ക്കും അതില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. സത്യപ്രബോധനത്തിന്റെ ആമുഖമെന്നത് ജനങ്ങളുമായുള്ള സഹവര്‍ത്തനമാണ്. സത്യത്തോടുള്ള ജനങ്ങളുടെ അകല്‍ച്ചയും അസത്യത്തോടുള്ള അവരുടെ അടുപ്പവും ഭൗതികതയോട് കാണിക്കുന്ന ആര്‍ത്തിയും വര്‍ധിച്ചുകൊണ്ടിരിക്കുമ്പോഴെല്ലാം സാധ്യമായ എല്ലാ സങ്കേതങ്ങളുപയോഗിച്ച് പ്രബോധനമാര്‍ഗങ്ങളില്‍ സംഭാവനകളര്‍പ്പിക്കേണ്ട ബാധ്യത വിശ്വാസികള്‍ക്കുണ്ട്.
എന്നാല്‍ സവിശേഷവും നിര്‍ണിതവുമായ ചില സന്ദര്‍ഭങ്ങളില്‍ സത്യപ്രബോധകന് ചിലപ്പോള്‍ കര്‍മരംഗത്തുനിന്ന് ഒഴിഞ്ഞുമാറി നില്‍ക്കേണ്ടി വന്നേക്കാം. ജനങ്ങള്‍ പ്രതികരിക്കാതെ വരുന്ന ഘട്ടത്തിലാണത്. അധ്വാനം വൃഥാവിലാണെന്ന് ബോധ്യപ്പെടുമ്പോള്‍ , പ്രതികരണം ദുര്‍ബലമാണെന്ന് അനുഭവപ്പെടുമ്പോള്‍ , പീഡനം അസഹ്യമായി തോന്നുമ്പോള്‍ അപരന്‍മാരിലേക്ക് പ്രബോധനം തിരിച്ചുവിടുന്നതാണ് അഭികാമ്യം. സത്യപ്രബോധകന്റെ ശ്രമങ്ങള്‍ക്ക് ഒരു പരിധിയുണ്ട്; സമയത്തിന് പരിധിയുള്ളതുപോലെ. കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ അനുയോജ്യമായ ഇടം തേടുകയാണ് വേണ്ടത്. എന്തായാലും ഇസ്‌ലാമിന്റെ ഉദാത്തമായ നന്‍മകളിലേക്കും അധ്യാപനങ്ങളിലേക്കും ജനഹൃദയങ്ങളെ അടുപ്പിക്കുംവിധം പെരുമാറ്റമര്യാദകള്‍ സത്യപ്രബോധകന്‍ സ്വായത്തമാക്കേണ്ടതുണ്ട്. അതോടൊപ്പം വൈയക്തിക ദുര്‍വാശികളില്‍നിന്നും നിക്ഷിപ്ത താല്‍പര്യങ്ങളില്‍നിന്നും അകന്നുനില്‍ക്കാനും അവന്ന് സാധിക്കണം.
പ്രബോധന ശൈലികള്‍
ഹൃദയങ്ങളുടെയും ആത്മാക്കളുടെയും ചികിത്സകനാണ് സത്യപ്രബോധകന്‍. സാധാരണ വൈദ്യന്‍മാര്‍ രോഗികളെ പരിശോധിക്കുമ്പോള്‍ പിന്തുടരാറുള്ള അതേസമീപനം ആത്മീയരോഗങ്ങള്‍ ചികിത്സിക്കേണ്ടിവരുന്ന പ്രബോധകന്‍മാരും പിന്തുടരേണ്ടിവരും. വൈദ്യന്‍മാര്‍ ആദ്യം ചെയ്യുന്നത് രോഗനിര്‍ണയമാണ്. പിന്നീടാണ് ചികിത്സ നിശ്ചയിക്കുന്നത്. യഥാര്‍ഥ വൈദ്യന്‍മാര്‍ രോഗലക്ഷണം കണ്ട ഉടനെ ചികിത്സ തുടങ്ങാറില്ല. രോഗത്തിന്റെ അടിസ്ഥാനവും മൂലകാരണവും തിരിച്ചറിഞ്ഞതിന് ശേഷമേ അവര്‍ ചികിത്സയിലേക്ക് കടക്കുകയുള്ളൂ. പണ്ടും ഇന്നും മനുഷ്യസമൂഹം അനുഭവിക്കുന്ന ആത്മീയവും ധാര്‍മികവുമായ രോഗങ്ങളെക്കുറിച്ച് സൂക്ഷ്മമായ പഠനവും വിശകലനവും നടത്തിയാല്‍ പ്രപഞ്ചനാഥനെക്കുറിച്ച അജ്ഞതയും ഭൗതികമോഹവലയങ്ങളില്‍ അകപ്പെടുകവഴി സംഭവിച്ച പരാജയവും പാരത്രിക ജീവിതത്തെ സംബന്ധിച്ച അശ്രദ്ധയുമൊക്കെയാണ് അവയുടെ മൂലകാരണങ്ങളെന്ന് ബോധ്യമാകും. നിഷേധവും ആരാധനാവിസമ്മതവും ആദര്‍ശദൗര്‍ബല്യവുമെല്ലാം പ്രകടമായ രോഗലക്ഷണങ്ങള്‍ മാത്രമാണ്.
രോഗനിര്‍ണയവും ചികിത്സയും
ഇസ്‌ലാമികാദര്‍ശം ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളും മൂല്യങ്ങളും എന്തൊക്കെയാണോ അവയെ ശക്തമായി അവതരിപ്പിച്ചുകൊണ്ട് സമൂഹത്തെ ബോധവത്കരിക്കുകയാണ് ഇപ്പറഞ്ഞ രോഗങ്ങള്‍ക്കുള്ള യഥാര്‍ഥചികിത്സ. ഇസ്‌ലാമികാദര്‍ശത്തിന്റെ അടിസ്ഥാനം ഊട്ടിയുറപ്പിക്കപ്പെടുകയും പ്രബോധിതര്‍ അനുകൂലമായി പ്രതികരിക്കുകയും ചെയ്താല്‍ ഇസ്‌ലാമികദര്‍ശനത്തിന്റെ ഇതരമേഖലകള്‍ ബോധ്യപ്പെടുത്തുക വളരെ എളുപ്പമാകും. ഒരാള്‍ ശുദ്ധമനസ്സോടെ അല്ലാഹു രക്ഷിതാവാണെന്നും മുഹമ്മദ്‌നബി ദൈവദൂതനാണെന്നും മരണാനന്തരജീവിതം സംഭവ്യമാണെന്നും തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞാല്‍ ഐഹികലോകത്ത് അല്ലാഹുവിന്റെ തൃപ്തിയും പാരത്രികലോകത്ത് മോക്ഷവും നേടിയെടുക്കാന്‍ തീര്‍ച്ചയായും മുന്നോട്ടുവരും. വിശുദ്ധഖുര്‍ആനും പ്രവാചകതിരുമേനിയും സ്വീകരിച്ച രീതിയാണിത്. അതായത്, അല്ലാഹുവിലുള്ള വിശ്വാസം, അവന്റെ രക്ഷാകര്‍തൃത്വം, ദൈവത്വം എന്നിവയിലുള്ള ഏകത്വം, അല്ലാഹുവിന്റെ വിശേഷനാമങ്ങള്‍, പാരത്രികവിശ്വാസം എന്നിവയിലൂന്നിയാണ് ഖുര്‍ആനും നബിതിരുമേനിയും പ്രബോധിതരെ സമീപിക്കുന്നത്. ജീവിതത്തിന്റെ സമസ്തമേഖലകളിലും നടപ്പാക്കേണ്ട സല്‍ക്കര്‍മങ്ങളിലേക്കും തുടര്‍ന്ന് അത് ഊന്നുകയുണ്ടായി. യഥാര്‍ഥ വിശ്വാസസംഹിതയെയും അത് പ്രതിനിധാനംചെയ്യുന്ന ആശയസാകല്യത്തെയും പ്രബോധിതര്‍ക്കിടയില്‍ പ്രത്യേകം ഊന്നിപ്പറയുക എന്നത് സത്യപ്രബോധകരുടെ ബാധ്യതയാണ്. ദുര്‍ബലവിശ്വാസികളെ ശക്തിപ്പെടുത്താനും ആശയപരമായി കൂടുതല്‍ വെളിച്ചവും തെളിച്ചവും അവര്‍ക്ക് പകര്‍ന്നുകൊടുക്കാനും ഹൃദയങ്ങളിലേക്ക് അരിച്ചിറങ്ങുന്ന ചാപല്യ- ദൗര്‍ബല്യങ്ങളില്‍ നിന്ന് അവരെ രക്ഷപ്പെടുത്താനും പ്രസ്തുത ഊന്നിപ്പറയല്‍ മുഖേന സാധിക്കും. വിശുദ്ധഖുര്‍ആന്റെ രീതിശാസ്ത്രമായിരുന്നു അത്. മദീനയിലേക്കുള്ള ഹിജ്‌റക്കുശേഷവും ഇസ്‌ലാമിന്റെ വിശ്വാസസംഹിതയെ സ്പഷ്ടീകരിക്കുന്ന സൂക്തങ്ങള്‍ വിശുദ്ധഖുര്‍ആനില്‍ അവതീര്‍ണമായിക്കൊണ്ടിരുന്നു എന്ന കാര്യം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. അതുപോലെ അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള വിശ്വാസം പോലെ അടിസ്ഥാനകാര്യങ്ങള്‍ പറയുന്നിടത്ത് ആരാധനകളെയും ക്രയവിക്രയങ്ങളെയും കുറിച്ച കാര്യങ്ങള്‍ കൂടി പരാമര്‍ശിച്ചുകൊണ്ടാണ് ഖുര്‍ആന്‍ ഉപസംഹരിക്കുന്നതുതന്നെ. ഖുര്‍ആന്റെ ഇത്തരം രീതിശാസ്ത്രങ്ങള്‍ അവഗണിച്ച് ജനങ്ങളുടെ ഇഷ്ടം സമ്പാദിക്കാന്‍ അവരുടെ താല്‍പര്യങ്ങള്‍ക്കിണങ്ങിയ വിഷയങ്ങളില്‍ മുഴുകുന്നതും യഥാര്‍ഥ ആദര്‍ശ-വിശ്വാസപാഠങ്ങളുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ വെറുതെ വിശകലനം ചെയ്തുപോകുന്നതും ബാലിശവും വ്യര്‍ഥവുമാണ്. മാര്‍ഗഭ്രംശത്തിലേക്ക് നയിക്കുന്ന രോഗങ്ങളില്‍നിന്ന് സമൂഹത്തെ രക്ഷപ്പെടുത്താന്‍ അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും ഇസ്‌ലാമികാദര്‍ശസംഹിതയെ സ്ഫുടംചെയ്തവതരിപ്പിക്കുന്ന രീതിശാസ്ത്രം മാത്രമേ ഏകൗഷധമായുള്ളൂ.
മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
Add Comment