ജിഹാദ്‌

ജന്‍മസിദ്ധികള്‍ ഉപയോഗിക്കേണ്ട വിധം

ദൈവികമാര്‍ഗത്തില്‍ നിലകൊള്ളുന്നതിന് തങ്ങള്‍ ചെയ്യേണ്ടതും ആര്‍ജ്ജിക്കേണ്ടതും എന്തെന്നറിയാത്തവരാണ് അധികമുസ്ലിംകളും. അല്ലാഹുവിന്റെ ശരീഅത്ത് അനുസരിച്ച് ജീവിക്കുകയെന്നത് ഒട്ടേറെ കാര്യങ്ങള്‍ അനിവാര്യമാക്കുന്നുണ്ട്. സ്വന്തം ദീനിന്റെയും ആദര്‍ശത്തിന്റെയും കാര്യത്തില്‍ ആത്മരോഷമുള്ള, ഇസ്‌ലാമിന്റെ പതാക ലോകത്ത് ഉയര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസി ഒട്ടേറെ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതായുണ്ട്. അവയില്‍ സുപ്രധാനമായ ചില ഉത്തരവാദിത്തങ്ങള്‍ താഴെ സൂചിപ്പിക്കുകയാണ്.

അല്ലാഹുവിന്റെ ദീനിനെ സഹായിക്കുന്നതിന് വേണ്ടി തന്റെ എല്ലാ കഴിവും ശേഷിയും പുറത്തെടുക്കുകയെന്നതാണ് അവയില്‍ പ്രഥമമായി ചെയ്യേണ്ടത്. ഭൗതികവും-ആത്മീയവുമായ ഒട്ടേറെ ശക്തികള്‍ മുസ്‌ലിം ഭൂരിപക്ഷത്തിന്റെ കയ്യിലുണ്ട്. പക്ഷേ അല്ലാഹുവിന്റെ ദീനിന്റെ ഉയര്‍ച്ചക്ക് വേണ്ടി അവരത് ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് സത്യം. തന്റെ നൈസര്‍ഗികമായ ശേഷിയും ഭൗതികമായ നേട്ടങ്ങളും അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗത്തില്‍ എത്രമാത്രം ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഓരോ മുസ്‌ലിമിന്റെയും മതപരമായ സത്യസന്ധതയും ആത്മാര്‍ത്ഥതയും നിലകൊള്ളുന്നത്.

അല്ലാഹു നമുക്ക് ഒട്ടേറെ ശക്തിയും അനുഗ്രഹങ്ങളും വര്‍ഷിച്ച് തന്നിട്ടുണ്ട്. പക്ഷേ കഴിവുകളും ശേഷികളും ദൈവികമാര്‍ഗത്തില്‍ ഉപയോഗപ്പെടുത്തപ്പെടുന്നുണ്ടോ എന്നാണ് നാം ചിന്തിക്കേണ്ടത്. അല്ലാഹു സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് ശക്തന്‍ എന്നാണ്:’തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും ശക്തനുമാകുന്നു'(ഹൂദ് 66).

ശത്രുക്കളെ നേരിടാനും പരാജയപ്പെടുത്താനും ശക്തി സംഭരിക്കണമെന്നും തയ്യാറെടുപ്പ് നടത്തണമെന്നും ഖുര്‍ആന്‍ പറയുന്നു. ‘അവരെ നേരിടാന്‍ നിങ്ങള്‍ക്കാവുന്നത്രെ ശക്തി സംഭരിക്കുക. കുതിരപ്പടയെ തയ്യാറാക്കി നിര്‍ത്തുക. അതിലൂടെ അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങള്‍ക്ക് ഭയപ്പെടുത്താം'(അന്‍ഫാല്‍ 60).

എല്ലാതരം ശക്തികള്‍ സംഭരിക്കാനും സാഹചര്യത്തിന് അനുസരിച്ച് തയ്യാറെടുക്കാനുമുള്ള പൊതു കല്‍പനയാണ് മേലുദ്ധരിച്ച സൂക്തം നല്‍കുന്നത്.
അല്ലാഹു ദാവൂദ്(അ) പ്രവാചകന് ഇരുമ്പിനെ മയപ്പെടുത്തി നല്‍കി. തനിക്ക് അല്ലാഹു നല്‍കിയ ശേഷിയെ ദൈവികമാര്‍ഗത്തില്‍ ഉപയോഗപ്പെടുത്തുകയാണ് ആ മഹാനായ പ്രവാചകന്‍ ചെയ്തത്. അദ്ദേഹം ഇരുമ്പ് ഉപയോഗിച്ച് പടച്ചട്ടയുണ്ടാക്കുകയും യുദ്ധവസ്ത്രം തയ്യാറാക്കുകയും സൈനികശക്തി രൂപപ്പെടുത്തുകയും ചെയ്തു. അല്ലാഹു സുലൈമാന്‍(അ) പ്രവാചകന് ഒട്ടേറെ അനുഗ്രഹങ്ങള്‍ നല്‍കി. ‘സുലൈമാന്‍ ദാവൂദിന്റെ അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു ‘ജനങ്ങളേ, പക്ഷികളുടെ ഭാഷ നമ്മെ പഠിപ്പിച്ചിരിക്കുന്നു. ആവശ്യമായ എല്ലാം നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു. ഇതു തന്നെയാണ് പ്രത്യക്ഷമായ ദിവ്യാനുഗ്രഹം'(അന്നംല് 16).

തനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ അദ്ദേഹം ദൈവികമാര്‍ഗത്തില്‍ ഉപയോഗിച്ചു. ഹുദ്ഹുദിനെ ഉപയോഗിച്ച് നിഷേധികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അവരെ അല്ലാഹുവിന്റെ ദീനിലേക്ക് ക്ഷണിച്ചു. തനിക്ക് അല്ലാഹു നല്‍കിയ സൈന്യത്തെ ഉപയോഗിച്ച് നിഷേധികളെ ഭീഷണിപ്പെടുത്തി.
ഇഫ്‌രീത്തിനെ ഉപയോഗിച്ച് സബഇലെ രാജ്ഞിയുടെ സിംഹാസനം കൊണ്ടുവന്ന് അവര്‍ക്ക് മുന്നില്‍ കാണിച്ചുകൊടുത്തു. അല്‍ഭുതപരതന്ത്രയായ രാജ്ഞി ഇസ്‌ലാം സ്വീകരിച്ചു.

ദുല്‍ഖര്‍നൈനിന് അല്ലാഹു അധികാരം നല്‍കി. ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ കാല്‍ക്കീഴിലായി. കീഴടക്കിയ പ്രദേശത്തുള്ളവരെയെല്ലാം അദ്ദേഹം ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ അവന്റെ മാര്‍ഗത്തില്‍ തന്നെ അദ്ദേഹം ചെലവഴിച്ചു. ‘നാം അദ്ദേഹത്തിന് ഭൂമിയില്‍ അധികാരം നല്‍കി. സകലവിധ സൗകര്യങ്ങളും ചെയ്ത് കൊടുത്തു. പിന്നെ അദ്ദേഹം ഒരു വഴിക്ക് യാത്ര തരിച്ചു. അങ്ങനെ സൂര്യാസ്തമായ സ്ഥാനത്തെത്തിയപ്പോള്‍ ചേറു നിറഞ്ഞ ജലാശയത്തില്‍ സൂര്യന്‍ മറഞ്ഞു പോകുന്നത് അദ്ദേഹം കണ്ടു. അതിനടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി. നാം പറഞ്ഞു ‘ദുല്‍ഖര്‍നൈന്‍, വേണമെങ്കില്‍ നിനക്കിവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ ഇവരില്‍ നന്‍മ ചൊരിയാം.’ ദുല്‍ഖര്‍നൈന്‍ പറഞ്ഞു ‘അക്രമം പ്രവര്‍ത്തിക്കുന്നവരെ നാം ശിക്ഷിക്കും. പിന്നീട് അവന്‍ തന്റെ നാഥനിലേക്ക് മടക്കപ്പെടും. അപ്പോള്‍ അവന്റെ നാഥന്‍ അവന് കൂടുതല്‍ കടുത്ത ശിക്ഷ നല്‍കുന്നതാണ്”(അല്‍കഹ്ഫ് 84-86).

മദീനയിലെത്തിയ തിരുമേനി(സ) ആദ്യം ചെയ്തത് അവിടത്തെ സാധ്യതകള്‍ കണ്ടെത്തി വിഭജിക്കുക എന്നതായിരുന്നു. ബിലാലി(റ)നെ ബാങ്ക് വിളിക്കാനും, സഅ്ദി(റ)നെ കാവല്‍ നില്‍ക്കാനും സൈദി(റ)നെ വഹ്‌യ് എഴുതാനും ഖാലിദി(റ)നെ സൈന്യത്തെ നയിക്കാനും തിരുമേനി(സ) ചുമതലപ്പെടുത്തി. ഹസ്സാന്‍, കഅ്ബ്, ഇബ്‌നു റവാഹഃ(റ) തുടങ്ങിയവര്‍ ഇസ്‌ലാമിക സമൂഹത്തിന് ആവശ്യമായ മീഡിയാ സഹായങ്ങള്‍ ചെയ്തു കൊടുത്തു.

കര്‍മശാസ്ത്ര വിശാരദനായിരുന്നു അബ്ദുല്ലാഹ് ബിന്‍ മസ്ഊദ്(റ). ഓരോ വിഷയത്തിന്റെയും വിശദാംശങ്ങള്‍ തിരുമേനി(സ)യോട് ചോദിച്ച് പഠിച്ചു അദ്ദേഹം. കിടങ്ങ് കുഴിക്കാനുള്ള തന്ത്രം മുസ്‌ലിംകള്‍ക്ക് മുന്നില്‍ സമര്‍പിച്ചത് പേര്‍ഷ്യക്കാരനായ സല്‍മാന്‍(റ)യായിരുന്നു. ദാനധര്‍മമായിരുന്നു അബൂത്വല്‍ഹ(റ)വിന്റെ മേഖല.
മുസ്‌ലിം ഉമ്മത്തിലെ കച്ചവടക്കാര്‍ തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചു. ജിഹാദിന് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് അവരായിരുന്നു.

ചുരുക്കത്തില്‍ മുസ്‌ലിം ഉമ്മത്തിന് ആവശ്യമായ എല്ലാ മേഖലകളിലും സംഭാവനകളര്‍പ്പിക്കാന്‍ തക്കവിധത്തില്‍ അനുയായികളുടെ കഴിവും ശേഷിയും വികേന്ദ്രീകരിക്കുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും തിരുമേനി(സ) വിജയിച്ചു.
അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ കഴിവുകളുടെയു സിദ്ധികളുടെയും പേരില്‍ അവനെ വിചാരണ ചെയ്യുന്നതാണ്. അതിനാല്‍ തന്നെ അല്ലാഹു നല്‍കിയ അനുഗ്രഹത്തെ അവന്റെ തന്നെ മാര്‍ഗത്തില്‍ ഉപയോഗിക്കുകയാണ് വിശ്വാസി ചെയ്യേണ്ടത്. നല്ല ആകര്‍ഷകമായ വ്യക്തിത്വം നല്‍കപ്പെട്ട് അനുഗൃഹീതരായവര്‍ അതിനെ ഇസ്‌ലാമികഗുണങ്ങളാല്‍ ശാക്തീകരിച്ച് അതുപയോഗപ്പെടുത്തി ജനഹൃദയങ്ങളില്‍ ചേക്കേറാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

മുഹമ്മദ് അല്‍മുന്‍ജിദ്

About the author

padasalaadmin

Add Comment

Click here to post a comment

Topics