ഖുര്‍ആന്‍ ചിന്തകള്‍ ഭാഗം-2
ആശയങ്ങളുടെ അവതരണം, സംഭവങ്ങളുടെ വിശകലനം, പ്രമേയങ്ങളുടെ സമര്‍പ്പണം, ചരിത്രങ്ങളുടെ അപഗ്രഥനം ഇതെല്ലാം നിറഞ്ഞതാണ് വിശുദ്ധ ഖുര്‍ആനെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ വിശുദ്ധ ഖുര്‍ആന്റെ കലാപരമായ ആഖ്യാവിഷ്കാരം അതില്‍ ഒന്നു മാത്രമാണ്. വിശുദ്ധ ഖുര്‍ആനിന്റെ ആയത്തുകള്‍ ഏവരെയും വശീകരിക്കുന്നതിനാല്‍ അത് ദൈവികമാണ് എന്നല്ല ഇതിനര്‍ത്ഥം. ഖുര്‍ആന്‍ ദൈവികമാണ് എന്നതിന്റെ അനവധി തെളിവുകളില്‍ ഒന്നുമാത്രമാണത്. വിശുദ്ധ ഖുര്‍ആനിന്റെ ആവിഷ്കാര ചാരുതയെക്കുറിച്ച് പറയുമ്പോള്‍ പണ്ഡിതന്മാര് പ്രധാനമായും ഉദ്ധരിക്കാറുള്ള ഒരു കാര്യം അതില്‍ ഉപയോഗിക്കപ്പെട്ട ഖണ്ഡാക്ഷരങ്ങളുടെ (അല്‍ഹുറൂഫുല്‍ മുഖത്വഅഃ) വിന്യാസത്തെ കുറിച്ചാണ്. അത് ഒരക്ഷരം മുതല്‍ അഞ്ചക്ഷരം വരെ ഉള്ളതാണ്. ചില സ്ഥലങ്ങളില്‍ അതൊരു സൂക്തമായി കടന്ന് വരുന്നു. കൃത്യമായ അര്‍ത്ഥം അറിയാന്‍ കഴിയാത്ത രഹസ്യ പാസ് വേഡായി അത് നിലനില്ക്കുന്നു. ഉദാഹരണമായി; സൂറത്തുശ്ശൂറയുടെ തുടക്കം വളരെ മനോഹരവും മനോജ്ഞവുമാണ്. അവിടെ രണ്ട് ഖണ്ഡാക്ഷരങ്ങള് തന്നെ രണ്ട് സൂക്തങ്ങളാണ്. പാരായണം ചെയ്യുമ്പോള്‍ അനുവാചകന്ന് അത് പ്രാസവും ലയവും താളവും സൗന്ദര്യവും സമന്വയിച്ച രണ്ടായത്തുകളെന്ന പോലെ അനുഭവപ്പെടുന്നു…! സൂറത്തു റഹ്മാന്; ആ ഒരൊറ്റ ആയത്ത് അല്ലെങ്കില്‍ ആ ഒരു പദം ഉച്ചരിക്കുമ്പോള്‍ തന്നെ ഉണ്ടാകുന്ന സവിശേഷമായ അനുഭൂതി, ആശ്വാസം, സംതൃപ്തി ഓരോ മനുഷ്യനും അനുഭവിച്ചറിയേണ്ടതാണ്. പരമ കാരുണികന് എന്ന് പറയുമ്പോള്‍ തന്നെ കാരുണ്യം കരകവിഞ്ഞൊഴുകുന്നു.! എല്ലാ അനുഗ്രഹങ്ങളെയും അത് ആവാഹിച്ചെടുക്കുന്നു.! ആ ശബ്ദം അകലങ്ങളിലേക്ക് പ്രവഹിക്കുന്നു! ദിഗന്തങ്ങളില്‍ പ്രതിധ്വനിക്കുന്നു.!എന്നിട്ടതാ പരിപൂര്‍ണ്ണ നിശബ്ദത….! പ്രപഞ്ചം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ചു നില്ക്കുന്നു..! നാം ഓരോര്ത്തരും ഇപ്പോള്‍ ആ വശ്യമനോഹരമായ ദൃശ്യങ്ങള്‍ ഭാവനയില്‍ ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് പറയാന്‍ പോകുന്നതെല്ലാം കാണാനും കേള്‍ക്കാനുമായി മനസ്സുണര്ന്ന് സജ്ജമായിക്കഴിഞ്ഞു. ദൈവ നിര്‍മ്മിതിയുടെ സൗന്ദര്യം, മൗലികത, അനുഗ്രഹ നിറവ്, ആസൂത്രണത്തികവ്, സ്രഷ്ടാവിനോടുള്ള ആഭിമുഖ്യം ഇതെല്ലാം വെളിപ്പെടുത്തുന്ന വിളംബരമെന്നോണം മനുഷ്യഭാവനയെ അത് സ്പര്‍ശിക്കുന്നു. തുടര്‍ന്നുള്ള സൂക്തങ്ങളില്‍ അനുഗ്രഹങ്ങളുടെ ഘോഷയാത്ര ആരംഭിക്കുന്നു. ഇതുപോലെ മനസ്സിന് കുളിര്മയേകുന്നവയല്ലാത്ത സൂക്തങ്ങളും ഉണ്ടെന്ന് കഴിഞ്ഞ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ഉദാഹരണത്തിന്, പരലോക ദൃശ്യങ്ങളെക്കുറിക്കുന്ന സൂറത്തുല്‍ ഹാഖ, സൂറത്തുല്‍ ഖാരിഅ, തുടങ്ങിയവ. അവയെല്ലാം മനുഷ്യ ഹൃദയത്തെ കിടിലം കൊള്ളിക്കുന്ന പ്രകമ്പനങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്. ആ ഒരൊറ്റ പദത്തില്‍ തന്നെ ഗാംഭീര്യവും പ്രഹരവും നമ്മള് അനുഭവിക്കുന്നു.! മനുഷ്യ മസ്തിഷ്കത്തെ ആരോ ആഞ്ഞടിക്കുന്നത് പോലെ..! തുടര്‍ന്ന് മലക്കുകളുടെ പ്രഹരങ്ങളും കരിമ്പുകയുടെ നിഴല്‍മൂടിയ നരകാഗ്നിയും അതില്‍ വലിച്ചെറിയപ്പെടുന്ന മനുഷ്യന്റെ ഭീകര ദൃശ്യവും ഖുര്‍ആന്‍ കൃത്യമായി ഓരോ വായനക്കാരന്റെയും മുന്നിലിട്ട് തരുന്നു. ഓരോ വിഷയത്തിനും റബ്ബിന്റെ കൃത്യമായ പദങ്ങളുടെ തിരഞ്ഞെടുപ്പാണ് നാം ഇവിടെ കാണുന്നത്.ഒരോ അക്ഷരങ്ങള്‍ പോലും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വിശുദ്ധ ഖുര്‍ആനിന്റെ ഏത് ആവിഷ്കാരം പരിശോധിച്ചാലും ഒന്നുകില്‍ അത് ഈമാന്‍ ഊട്ടിയുറപ്പിക്കുന്നതോ അല്ലെങ്കില്‍ തഖ്വ വര്‍ദ്ധിപ്പിക്കുന്നതോ അതുമല്ലെങ്കില്‍ പരലോക സ്മരണയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതോ ആയിരിക്കുമെന്നതുറപ്പാണ്. ഈ ആത്യന്തിക ലക്ഷ്യമല്ലാതെ കേവലം സാഹിത്യാസ്വാദനം അല്ല (No Literary appreciation)അതുദ്ദേശിക്കുന്നത്. പക്ഷേ അത് അവതരിപ്പിക്കുമ്പോള്‍ വളരെ മനോജ്ഞമായി അവതരിപ്പിക്കുന്നു എന്ന് മാത്രം. ഓരോ സൂക്തങ്ങളെന്നല്ല, ഓരോ അക്ഷരങ്ങള്‍ പോലും പടച്ച റബ്ബ് മാസ്മരികമായി യഥാസ്ഥാനത്ത് ,കുറിക്കുകൊള്ളുംവിധം പ്രതിഷ്ഠിച്ചിരിക്കുന്നു എന്നുള്ളതാണ് അതിന്റെ പ്രത്യേകത…! (തുടരും).
ഹാഫിള് സല്‍മാനുല്‍ ഫാരിസി
Add Comment