Global

ശിരോവസ്ത്രം ധരിച്ചവര്‍ക്ക് ബ്രിട്ടനില്‍ കടുത്ത വിവേചനം: റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനില്‍ തൊഴിലിടങ്ങളിലും മറ്റും ശിരോവസ്ത്രം ധരിക്കുന്നവര്‍ കടുത്ത വിവേചനത്തിനിരയാവുന്നതായി പുതിയ പഠനം. വെളുത്ത വര്‍ഗക്കാരായ ക്രിസ്ത്യന്‍ സ്ത്രീകളേക്കാള്‍ മുസ് ലിം മതവിഭാഗത്തിലെ 71 ശതമാനം സ്ത്രീകളും തൊഴില്‍രഹിതരാവുന്നതായും ബ്രിട്ടീഷ് എം.പിമാര്‍ ചേര്‍ന്ന് പുറത്തുവിട്ട ‘ഹൗസ് ഓഫ് കോമണ്‍സ് വുമന്‍ ആന്‍ഡ് ഇക്വാലിറ്റീസ് കമ്മിറ്റി’ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടീഷ് സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗമാണ് മുസ്ലിം സ്ത്രീകള്‍. സ്ത്രീ, മുസ്ലിം, വംശീയ ന്യൂനപക്ഷം എന്നിങ്ങനെ മൂന്ന് പിഴകളാണ് ഇവര്‍ ഒടുക്കേണ്ടി വരുന്നത്. ഇവര്‍ അഭിമുഖീകരിക്കുന്ന ‘ഇസ് ലാംഭീതി’യെ ചെറുതായിക്കാണാനാവില്ല. ക്രിസ്ത്യന്‍ സ്ത്രീകളെപ്പോലത്തെന്നെ വിദ്യാസമ്പന്നരും ഭാഷാശേഷിയും ഉള്ളവരായിട്ടും ഇവരില്‍ 71 ശതമാനവും തൊഴില്‍രഹിതരായി തുടരുന്നൂവെന്നും ‘എംപ്‌ളോയ്‌മെന്റ് ഓപര്‍ച്ചുനിറ്റീസ് ഫോര്‍ മുസ്ലിംസ് ഇന്‍ യു.കെ’ എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പറയുന്നു.

ക്രിസ്ത്യന്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 69 ശതമാനം ആണെങ്കില്‍ മുസ് ലിം സ്ത്രീകളുടേത് കേവലം 35 ശതമാനം മാത്രമാണ്. പൊതുവില്‍ സ്ത്രീകളില്‍ സാമ്പത്തിക നിഷ്‌ക്രിയത്വം അനുഭവിക്കുന്നവര്‍ 27 ശതമാനം ആണെങ്കില്‍ മുസ് ലിം സ്ത്രീകളില്‍ ഇത് 58 ശതമാനമാണ്. ഇവര്‍ നേരിടുന്ന അസമത്വ പ്രശ്‌നം കൈകാര്യംചെയ്യാന്‍ പുതിയ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

Topics