മധ്യകേരളത്തിലെ നവോത്ഥാന സംരംഭങ്ങളുടെ പ്രേരക ശക്തിയായി പ്രവര്‍ത്തിച്ച ഹമദാനി തങ്ങളെന്ന ശൈഖ് മുഹമ്മദ് മാഹിനി(മരണം: 1922)യുടെ സംഘടനാ പാടവം മുസ്‌ലിം സമുദായത്തിന്റെ പുനരേകീകരണത്തില്‍ സ്മരണീയമായ പങ്കുവഹിച്ചിട്ടുണ്ട്. സംഘാടനത്തിന് അദ്ദേഹം തെരഞ്ഞെടുത്ത മാര്‍ഗം ത്വരീഖത്ത് പ്രവര്‍ത്തനമായിരുന്നു. വ്യക്തികള്‍ തമ്മിലും സംഘടനകള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലുമുള്ള പിണക്കങ്ങളും ചേരിപ്പോരുകളും അദ്ദേഹം പറഞ്ഞു തീര്‍ത്തു. ഈ ആവശ്യാര്‍ഥം രചിച്ചതാണ് ‘ഇല്‍ഫതുല്‍ ഇസ്‌ലാം’ എന്ന കൃതി.
വിദ്യാഭ്യാസ രംഗത്ത് ഹമദാനിയുടെ പ്രവര്‍ത്തനങ്ങള്‍ ബഹുമുഖങ്ങളായിരുന്നു. ആലുവയില്‍ അറബിക് കോളേജ് സ്ഥാപിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇസ്‌ലാമിക വിഷയങ്ങള്‍ പഠിപ്പിക്കാന്‍ യോഗ്യരായ ലോകോത്തര പണ്ഡിതന്‍മാരെ ക്ഷണിച്ചു വരുത്തി. ‘അല്‍കശ്ശാഫ്’ എന്ന അറബി -മലയാള-സംസ്‌കൃത നിഘണ്ടു പുറത്തിറക്കി. ഹമദാനി തുടങ്ങിവെച്ച മുസ്‌ലിം കോണ്‍ഫറന്‍സ്, ലജ്‌നതുല്‍ മുഹമ്മദിയ്യ, ലജ്‌നതുല്‍ ഇസ്‌ലാം സംഘം എന്നിവയാണ് പില്‍ക്കാലത്ത് കേരള മുസ്‌ലിംകളില്‍ രൂപം കൊണ്ട മത-സാംസ്‌കാരിക-വിദ്യാഭ്യാസ സംഘടനകളുടെ പൂര്‍വ മാതൃക.
ഇസ്‌ലാമിക ക്ലാസ്സിക്കുകളുടെ വിവര്‍ത്തനം, ഖുര്‍ആന്‍, ഹദീസ് പഠനത്തിനുള്ള ഉന്നത പാഠശാല, സ്ത്രീകള്‍ക്കുള്ള മതപഠന സൗകര്യങ്ങള്‍, വയോജന വിദ്യാഭ്യാസം, സാധുജന സംരക്ഷണ സമിതി, സഹകരണ സംഘങ്ങളുടെയും കമ്പനികളുടെയും സംസ്ഥാപനം തുടങ്ങിയ ആശയങ്ങളും മുന്നോട്ടു വെച്ചത് അദ്ദേഹമായിരുന്നു.
Add Comment