ക്രോഡീകരണം

ഹദീസ് ക്രോഡീകരണത്തിന്റെ ചരിത്രം

മുഹമ്മദ് നബി(സ)യുടെ കാലത്ത് അദ്ദേഹത്തിന്റെ വാക്കുകളോ പ്രവൃത്തികളോ കൃത്യമായി രേഖപ്പെടുത്തിവെക്കുന്ന പതിവുണ്ടായിരുന്നില്ല. അതിനു മൂന്ന് കാരണങ്ങളാണ് പറയപ്പെടുന്നത്:
1. ഖുര്‍ആനുമായി ഇടകലരാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലക്ക് നബി(സ) ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തല്‍ നിരോധിച്ചു.
2. എഴുത്തും വായനയും സാര്‍വത്രികമായിരുന്നില്ല.
3. പ്രവാചകവചനങ്ങളെ ഹൃദിസ്ഥമാക്കി മനസ്സില്‍ സൂക്ഷിച്ചുവെക്കാന്‍ വൈഭവംസിദ്ധിച്ചവരായിരുന്നു ബഹുഭൂരിപക്ഷം ജനങ്ങളും
സ്വഹാബികളിലും താബിഉകളിലും ഹദീസ് രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ച് വ്യത്യസ്താഭിപ്രായക്കാര്‍ ഉണ്ടായിരുന്നു. ഇബ്‌നു ഉമര്‍(റ), ഇബ്‌നു മസ്ഊദ് (റ) , അബൂമൂസല്‍ അശ്അരി (റ) മുതലായവര്‍ ഹദീസ് എഴുതിവെക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതല്ല എന്ന വാദക്കാരായിരുന്നു. എന്നാല്‍ ഉമറുബ്‌നുല്‍ ഖത്വാബ്(റ), അലി (റ), ഹസന്‍(റ), അനസ് (റ), ജാബിര്‍(റ), അബ്ദുല്ലാഹിബ്‌നു അംറില്‍ ആസ്വ്(റ), അത്വാഅ്(റ) സഈദുബ്‌നു ജുബൈര്‍(റ) തുടങ്ങിയവര്‍ ഹദീസ് എഴുതുന്നത് താല്‍പര്യപൂര്‍വം വീക്ഷിച്ചവരും പ്രോത്സാഹിപ്പിച്ചവരും ആയിരുന്നു.

ഹദീസുകള്‍ ഒരെണ്ണംപോലും എഴുതിസൂക്ഷിച്ചിരുന്നില്ല എന്ന് ഇതിന്നര്‍ഥമില്ല. ചിലരൊക്കെ ഹദീസുകള്‍ എഴുതിവെച്ചിരുന്നതായി കാണാം. അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വി(റ)ന്റെ ഉദ്ധരണി ഇമാം അഹ്മദ് തന്റെ ‘മുസ്‌നദി’ല്‍ രേഖപ്പെടുത്തിയതിങ്ങനെ:’അല്ലാഹുവിന്റെ ദൂതരില്‍നിന്നും കേള്‍ക്കുന്നതെല്ലാം മനഃപാഠമാക്കല്‍ ഉദ്ദേശിച്ചുകൊണ്ട് ഞാന്‍ രേഖപ്പെടുത്തിവെക്കുക പതിവായിരുന്നു. ഖുറൈശികള്‍ എന്നോടത് വിരോധിച്ചു. ‘റസൂല്‍ മനുഷ്യനാണ്. തൃപ്തിയിലും കോപസമയത്തും അദ്ദേഹം സംസാരിച്ചുഎന്നു വരും’എന്നവര്‍ പറഞ്ഞു. അങ്ങനെ ഞാന്‍ എഴുതിവെക്കല്‍ വേണ്ടെന്നുവച്ചു. ഇത് ഞാന്‍ റസൂലിനോട് പറഞ്ഞു. ‘നീ എഴുതിവച്ചുകൊള്ളുക. എന്റെ ആത്മാവ് ആരുടെ അധീനത്തിലാണോ അവനെക്കൊണ്ടു സത്യം. എന്നില്‍നിന്ന് സത്യം അല്ലാതെ പുറത്തുവന്നിട്ടില്ല’എന്ന് നബി(സ) പറഞ്ഞു. ‘ നബിയുടെ അനുവാദം ചോദിച്ചതിന് ശേഷം അദ്ദേഹം എഴുതിവെച്ച ഗ്രന്ഥം ‘അസ്സ്വഹീഫത്തുസ്വാദിഖ’ എന്നറിയപ്പെട്ടു.

ഇമാം ബുഖാരി അബൂഹുറൈറ(റ)യുടെ പ്രസ്താവന രേഖപ്പെടുത്തയത് ഇപ്രകാരമാണ്: ‘എന്നേക്കാള്‍ അധികം ഹദീസുകള്‍ ശേഖരിച്ചവര്‍ നബി(സ)യുടെ സ്വഹാബികളിലില്ല; അബ്ദുല്ലാഹിബ്‌നു അംറ് ഒഴികെ. അദ്ദേഹം എഴുതിവെക്കാറുണ്ടായിരുന്നു. ഞാന്‍ എഴുതാറില്ല’
ബുഖാരിയും മുസ്‌ലിമും അബൂഹുറൈറയില്‍ നിന്ന് ഉദ്ധരിക്കുന്നു:’മക്കാവിജയകാലത്ത് ഖുസാഅഃ ഗോത്രക്കാര്‍ ബനൂ ലൈസ് ഗോത്രത്തില്‍പെട്ട ഒരാളെ കൊലപ്പെടുത്തി. നബി(സ)യെ അതിന്റെ വൃത്താന്തമറിയിച്ചു. ഉടനെ നബി(സ) തന്റെ വാഹനപ്പുറത്ത് കയറിയിരുന്ന് ഒരു പ്രസംഗം ചെയ്തു. ഇതുസംബന്ധിച്ച ദീര്‍ഘമായ ഹദീസിന്റെ അവസാനവരികള്‍ ഇങ്ങനെയാണ്. അപ്പോള്‍ യമനില്‍നിന്ന് വന്ന ഒരാള്‍ ഈ പ്രസംഗം തനിക്ക് എഴുതിത്തരണമെന്ന് റസൂലിനോട് അപേക്ഷിച്ചു:’നിങ്ങള്‍ എഴുതിക്കൊടുക്കുക’ എന്ന് നബി(സ) കല്‍പിച്ചു. അങ്ങനെ റസൂലിന്റെയും അനുചരന്‍മാരുടെയും കാലത്തുതന്നെ പലരും ഹദീസുകള്‍ രേഖപ്പെടുത്തിവെച്ചിരുന്നതായി വിശ്വാസയോഗ്യമായ ഹദീസുകള്‍ വേറെയുമുണ്ട്.’
പ്രവാചകന്റെ ജീവിതകാലത്ത് ലിഖിതരൂപത്തില്‍ ക്രോഡീകരിക്കപ്പെട്ട ഹദീസുകളില്‍ ഒരു വിഭാഗം കത്തുകളും കരാറുകളും മോചനപത്രങ്ങളും അടങ്ങുന്ന ഔദ്യോഗികരേഖകളാണ്. അബ്‌സീനിയയിലേക്ക് ആദ്യഹിജ്‌റ പോയ സംഘത്തിന്റെ കൈവശം ഏല്‍പിച്ച നജ്ജാശിരാജാവിനുള്ള കത്താണ് അതിലൊന്ന്. മറ്റൊന്ന് ഹിജ്‌റ വേളയില്‍ നബിയെ പിടികൂടാനെത്തി പശ്ചാത്തപിച്ച സുറാഖക്ക് നല്‍കിയ അഭയപത്രമാണ്. ഒരിക്കല്‍ നബി അന്നുവരെയുള്ള മുസ് ലിംകളുടെ എണ്ണവും പേരും രേഖപ്പെടുത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച ് തയ്യാറാക്കിയ 1500 പേരുടെ പട്ടികയാണ് വേറൊന്ന്. ഇനി മറ്റൊന്നുള്ളത് ഹിജ്‌റ ചെയ്ത് മദീനയിലെത്തിയപ്പോള്‍ തയ്യാറാക്കിയ 52 ഖണ്ഡികകളുള്ള ‘മദീനാ പാക്ട്’ എന്ന് വിളിക്കാവുന്ന ഭരണഘടനയാണ്.
ഹദീസ് ക്രോഡീകരണം അഞ്ചുഘട്ടങ്ങളിലൂടെ പൂര്‍ത്തിയായതായി കണക്കാക്കാം. ഹിജ്‌റ പതിനൊന്നുമുതല്‍ നബിയുടെ വഫാത് വരെയുള്ള കാലഘട്ടത്തില്‍ ജാബിറുബ്‌നു അബ്ദില്ല, സഅ്ദുബ്‌നു ഉബാദ, അബ്ദുല്ലാഹി്ബ്‌നു അബീ ഔഫ് തുടങ്ങി സ്വഹാബികള്‍ സ്വന്തമായി ഏടുകള്‍ എഴുതിവെച്ചിരുന്നു. നബി(സ)യുടെ കത്തിടപാടുകളും , സന്ധികളും ,അഭയപത്രങ്ങളും അതിലുള്‍പ്പെടുന്നു. ഹിജ്‌റ പതിനൊന്നുമുതല്‍ 100 വരെയുള്ള രണ്ടാം ഘട്ടത്തില്‍ അലി(റ), ഇബ്‌നു അബ്ബാസ് തുടങ്ങി സ്വഹാബികളും സുഹ് രി പോലുള്ള താബിഉകളും ഹദീസ് സമാഹരിച്ചതാണ് ഉണ്ടായിരുന്നത്.
ഹിജ്‌റ 101 മുതല്‍ 200 വരെയുള്ള മൂന്നാം ഘട്ടത്തില്‍ ഇമാം മാലിക്ക്(റ)ന്റെ മുവത്വ പ്രസിദ്ധീകൃതമായി.
ഹിജ്‌റ 200 മുതല്‍ 300 വരെയുള്ള നാലാംഘട്ടത്തില്‍ സിഹാഹുസ്സിത്ത വിരചിതമായി.
ഹിജ്‌റ 300 മുതല്‍ 600 വരെയുള്ള അഞ്ചാംഘട്ടത്തില്‍ ദാറുഖുത്‌നി, ബൈഹഖി, അഹ് മദ്ബ്‌നു ഹുസൈന്‍ തുടങ്ങിയ പണ്ഡിതര്‍ ഹദീസ് ഉള്ളടക്കത്തോടൊപ്പം നിവേദകശൃംഖലയും ഉല്‍ക്കൊള്ളിച്ച് ഗ്രന്ഥങ്ങള്‍ തയ്യാറാക്കി.

ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ ആദ്യകാലത്താണ് ഹദീസുകള്‍ ക്രോഡീകരിക്കാനുള്ള ശ്രമത്തിന് വ്യവസ്ഥാപിതമായ തുടക്കംകുറിച്ചത്. ഖലീഫാ ഉമര്‍ ഇബ്‌നുഅബ്ദില്‍ അസീസാണ് ഇക്കാര്യത്തില്‍ പ്രഥമതാല്‍പര്യമെടുത്തത്. അന്ന് മദീനയില്‍ തന്റെ ഗവര്‍ണറായിരുന്ന അബൂബക്‌റ് ഇബ്‌നു അംറിബ്‌നില്‍ ഹസമിന് ഇപ്രകാരം കത്തയച്ചു:’ദൈവദൂതന്റെ ചര്യകളും വചനങ്ങളും ലഭ്യമാകുന്നത്ര ക്രോഡീകരിച്ച് എഴുതിവെക്കണം. പണ്ഡിതന്‍മാര്‍ കാലംചെയ്യുകയും തദ്ഫലമായി വിജ്ഞാനം മാഞ്ഞുപോകുകയും ചെയ്‌തേക്കുമെന്ന് ഞാന്‍ ഭയപ്പെടുകയുംചെയ്യുന്നു.’ഇമാം മാലിക് ഇത് തന്റെ ‘മുവത്വ’യില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
‘താരീഖ് ഇസ്ഫഹാന്‍ ‘ എന്ന ഗ്രന്ഥത്തില്‍ പ്രശസ്തഹദീസ് പണ്ഡിതനായ അബ്ദുല്ല രേഖപ്പെടുത്തുന്നു:’ഉമര്‍ ഇബ്‌നു അബ്ദില്‍ അസീസ് മുസ്‌ലിംസാമ്രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്കും ഇപ്രകാരം എഴുതി അയയ്ക്കുകയുണ്ടായി.’റസൂലിന്റെ ഹദീസുകളെല്ലാം അന്വേഷിച്ച് ശേഖരിക്കുകയും അത് ക്രോഡീകരിച്ചുവെക്കുകയും ചെയ്യണം” അങ്ങനെ ഒന്നാമതായി അവ ശേഖരിച്ച് ഗ്രന്ഥരൂപത്തിലാക്കിയത് റബീഇബ്‌നുസബീഹ, സയ്യിദ്ബ്‌നു അബീ അറൂബ തുടങ്ങിയവരാണ്.
ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തില്‍ മദീനയില്‍വെച്ച് ഇമാം മാലിക് ‘മുവത്വ’ എന്ന ഗ്രന്ഥം രചിച്ചു. അതില്‍ ഹദീസുകളും, സ്വഹാബികളുടെയും താബിഉകളുടെയും വചനങ്ങളും ഇടകലര്‍ത്തിയ രീതിയിലാണ് എഴുതിയിരുന്നത്. അതേ കാലയളവില്‍ അബൂമുഹമ്മദ് അബ്ദില്‍ മാലിക് ഇബ്‌നു അബ്ദില്‍അസീസ് ഇബ്‌നുജുറൈജ് മക്കയിലും, അബ്ദുര്‍റഹ്മാനുല്‍ ഔസാഇ സിറിയയിലും , സുഫ് യാനുസ്സൗരി കൂഫയിലും ഹമ്മാദിബ്‌നു സലമ ബിന്‍ ദീന്‍ ബസ്വറയിലും ഹുശൈം വാസിത്വിലും, മുഅമ്മര്‍ യമനിലും ഇബ്‌നുമുബാറക് ഖുറാസാനിലും ജരീറുബ്‌നു അബ്ദില്‍ ഹമീദ് റയ്യിലും വെച്ച് ഹദീസുകള്‍ ക്രോഡീകരിക്കുകയുണ്ടായി. അവരെ അനുകരിച്ച് സമകാലികരായ ധാരാളം പണ്ഡിതശ്രേഷ്ഠന്മാര്‍ നിരവധി ഹദീസ് ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി.
പിന്നീട് ചില പ്രമുഖ പണ്ഡിതന്‍മാര്‍ അനുചരന്‍മാരുടെയും പിന്‍ഗാമികളുടെയും (സ്വഹാബികളുടെയും പിന്‍ഗാമികളുടെയും) മൊഴികള്‍ ഒഴിവാക്കി നബി(സ)യുടെ ഹദീസുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ‘മുസ്‌നദു’ കള്‍ എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങള്‍ രചിച്ചു. ആദ്യം അബൂബക്ര്‍ (റ) മുഖേന ലഭിച്ച ഹദീസുകള്‍ പിന്നീട് ഓരോ സ്വഹാബിയില്‍നിന്നും ലഭിച്ച ഹദീസുകള്‍ എന്നിങ്ങനെ മുസ്‌നദുകള്‍ എഴുതപ്പെട്ടിരിക്കുന്നു. കൂഫയിലെ അബ്ദുല്ലാഹിബ്‌നു മൂസാ, ബസ്വറയിലെ മുസദ്ദദ് ഇബ്‌നു മുസര്‍ഹദ്, ഈജിപ്തിലെ അസദ് ബ്‌നുമൂസാ, നുഐം ഇബ്‌നുഹമ്മാദ്, ഇസ്ഹാഖ് ഇബ്‌നുറാഹവൈഹി, ഇബ്‌നുഅബീശൈബ എന്നിവരുടെ മുസ്‌നദുകള്‍ ഇക്കൂട്ടത്തില്‍ പെടുന്നു.
ഈ ഘട്ടത്തെ പിന്തുടര്‍ന്നുവന്ന മറ്റൊരുവിഭാഗം പണ്ഡിതന്‍മാര്‍ ഹദീസുകളെ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ക്രോഡീകരിച്ച് ഗ്രന്ഥങ്ങള്‍ രചിച്ചു. ഇമാം മാലിക്കിന്റെ മുവത്വയെക്കൂടാതെ, ഇമാം ബുഖാരി, ഇമാം മുസ്‌ലിം, സ്വഹീഹ് എന്ന പേരില്‍ പ്രത്യേകം ഗ്രന്ഥങ്ങള്‍ അയച്ചു. പ്രസ്തുത പണ്ഡിതന്‍മാരുടെ മാതൃക സ്വീകരിച്ചുകൊണ്ട് അബൂദാവൂദ്, തിര്‍മിദി, നസാഈ, ഇബ്‌നുമാജ എന്നീ പണ്ഡിതന്‍മാര്‍ ‘സുനന്‍’ എന്ന പേരില്‍ ഗ്രന്ഥങ്ങള്‍ രചിച്ചു. മേല്‍ വിവരിച്ച ആറു ഗ്രന്ഥങ്ങള്‍ ‘സ്വിഹാഹുസ്സിത്തഃ’ എന്ന പേരില്‍ അറിയപ്പെടുന്നു.

About the author

padasalaadmin

Add Comment

Click here to post a comment

Topics