Global

മുസ്‌ലിംകളെ നിരോധിക്കുമെന്ന പ്രസ്താവന ട്രംപ് പിന്‍വലിച്ചു

വാഷിങ്ടണ്‍: പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഡൊണാള്‍ഡ് ട്രംപ് ആദ്യം വിഴുങ്ങിയതു മുസ്‌ലിംകള്‍ക്കെതിരേ നേരത്തേ നടത്തിയ പ്രസ്താവന. താന്‍ പ്രസിഡന്റായാല്‍ അമേരിക്കയില്‍ മുസ്‌ലിംകളെ നിരോധിക്കുമെന്ന പ്രസ്താവനയാണ് ട്രംപ് പിന്‍വലിച്ചത്. ഈ പ്രസ്താവന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം വന്നതുമുതല്‍ ട്രംപിന്റെ കാംപയിന്‍ വെബ്‌സൈറ്റില്‍നിന്നു പിന്‍വലിച്ചിട്ടുണ്ട്.
2015 ഡിസംബര്‍ ഏഴിനായിരുന്നു ട്രംപ് ഇതുസംബന്ധിച്ച പ്രസ്താവനയിറക്കിയത്. തെരഞ്ഞെടുപ്പ് കാംപയിനിലുടനീളം മുസ്‌ലിംകളെ കടന്നാക്രമിച്ചായിരുന്നു ട്രംപിന്റെ പ്രചാരണം. ഇത് ഒരു പരിധിവരെ അദ്ദേഹത്തിന്റെ വിജയത്തില്‍ നിര്‍ണായകമാകുകയും ചെയ്തു. അമേരിക്കയിലേക്കു മുസ്‌ലികള്‍ അഭയാര്‍ഥികളായി വരുന്നതു തടയുമെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു.
2015 നവംബറില്‍ പാരീസിലടക്കം നടന്ന തീവ്രവാദ ആക്രമണങ്ങളെ തുടര്‍ന്നായിരുന്നു ട്രംപിന്റെ മുസ്‌ലിംവിരുദ്ധ പ്രസ്താവന. അമേരിക്കന്‍ ജനതയുടെ സുരക്ഷയും അവരെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നതും കണക്കിലെടുത്ത് രാജ്യത്തു മുസ്‌ലിംകളെ നിരോധിക്കുമെന്നായിരുന്നു പ്രസ്താവന.
വെബ്‌സൈറ്റിലെ വിവാദ ഭാഗം നീക്കംചെയ്ത ശേഷം ഇപ്പോള്‍ പ്രചാരണത്തിന് ഡൊണേഷന്‍ നല്‍കാന്‍ വോട്ടര്‍മാരെ പ്രേരിപ്പിക്കുന്ന പേജിലേക്കാണ് റീ ഡയറക്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍ ഈ പ്രസ്താവന അമേരിക്കയില്‍തന്നെ വ്യാപക വിമര്‍ശനത്തിനു വഴിവച്ചിരുന്നു. വംശീയ വിദ്വേഷ പ്രസ്താവനകള്‍ക്കെതിരേ പ്രതിഷേധം വ്യാപകമായതോടെ ട്രംപ് പ്രസ്താവന തിരുത്തിയിരുന്നു.

Topics