Dr. Alwaye Column

തെറ്റുധാരണകള്‍ക്കിടം നല്‍കാതെ പ്രബോധനം

പ്രബോധകന്‍ ഏതൊന്നിലേക്കാണോ ക്ഷണിക്കുന്നത് അത് കൃത്യമായി തിരിച്ചറിയാനും പ്രതികരിക്കാനും തടസ്സമായി നില്‍ക്കുന്ന ഘടകമെന്താണോ അതാണ് പ്രബോധനരംഗത്തെ തെറ്റുധാരണ കൊണ്ടുദ്ദേശിക്കുന്നത്. പ്രബോധകന്റെ സത്യസന്ധതയിലുള്ള സംശയവും ആശങ്കയും ഈ ഗണത്തില്‍ വരും. തെറ്റുധാരണ കൊണ്ടാകാം ചിലര്‍ വിശ്വസിക്കാന്‍മടിക്കുന്നതും പ്രതികരിക്കാന്‍ വൈകുന്നതും. തെറ്റുധാരണകള്‍ക്കിടയാക്കുന്ന ഘടകങ്ങളെ പ്രധാനമായും മൂന്നായി തരംതിരിക്കാം. അവയിലൊന്നാമത്തേത് പ്രബോധകനെ വ്യക്തിപരമായി ചൂഴ്ന്നുനില്‍ക്കുന്ന കാര്യമാണ്. സ്വഭാവദൂഷ്യം, അഭികാമ്യമല്ലാത്ത പെരുമാറ്റരീതി, അജ്ഞത, അപചയം, ധനമോഹം, അധികാരവാഞ്ച ഇവയൊക്കെ ഈ ഗണത്തിലുള്‍പ്പെടും. പ്രബോധകനെ വെറുക്കാനും അവിശ്വസിക്കാനും ഇവ കാരണമാകും. പ്രബോധനവിഷയവുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് രണ്ടാമത്തേത്. പ്രബോധനമെന്നത് സാധാരണജനങ്ങളുടെ ആചാരങ്ങളും നാട്ടുനടപ്പുമായി ഇഴുകിച്ചേര്‍ന്നുപോയ കാര്യങ്ങളെയും അവയുടെ അനുകരണങ്ങളെയും വിമര്‍ശിക്കുന്ന പ്രക്രിയയായി മാറുമ്പോള്‍ പ്രബോധിതര്‍ എന്ന നിലയില്‍ അവര്‍ക്കതിനോട് വിമുഖത തോന്നും. മൂന്നാമത്തേത് പ്രബോധിതരുമായിട്ടാണ് ബന്ധപ്പെട്ട് കിടക്കുന്നത്. പ്രബോധകര്‍ക്കെതിരെ പ്രബോധിതരുടെ പൊതുവികാരം ചിലര്‍ ഇളക്കിവിട്ടുവെന്ന് വരാം. പ്രബോധനത്തെ സ്വീകരിച്ചുപോയാല്‍ ഭാവിയിലത് തങ്ങളുടെ നിലനില്‍പിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും പൂര്‍വപിതാക്കളില്‍ നിന്ന് അനന്തരമെടുത്ത പൈതൃകത്തെയൊക്കെ കയ്യൊഴിക്കലാകുമെന്നും മറ്റും വിശ്വസിപ്പിച്ചുകൊണ്ടായിരിക്കും ഇവ്വിധം വികാരമിളക്കിവിടുന്നത്.

ഒരുകാര്യം പ്രബോധകന്‍മാര്‍ മനസ്സിലാക്കേണ്ടതുണ്ട്. പ്രബോധനസരണിയില്‍ തെറ്റുധാരണകളും വിമര്‍ശനങ്ങളും അഴിച്ചുവിടുക എന്നത് പുതിയൊരു കാര്യമല്ല. എന്നും എവിടെയും ഇക്കാര്യത്തില്‍ ദൈവികനടപടി സംഭവിച്ചിട്ടുണ്ട്. പ്രവാചകകഥകളില്‍ നിന്ന് ഇത്തരം യാഥാര്‍ഥ്യങ്ങളെക്കുറിച്ചും, മിഥ്യയുടെ വക്താക്കള്‍ അഴിച്ചുവിട്ട കുപ്രചാരണങ്ങളോടും തെറ്റുധാരണകളോടും അവര്‍ സ്വീകരിച്ച സമീപനങ്ങളെക്കുറിച്ചും സത്യപ്രബോധകന്‍മാര്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ മാര്‍ഗഭ്രംശം മനുഷ്യനെ എവിടംവരെ എത്തിക്കുമെന്നും പ്രവാചകന്‍മാരോട് പോലും കലഹിച്ചുനില്‍ക്കാന്‍ അവരെ എവ്വിധം ഉദ്യുക്തരാക്കിയെന്നും നന്നായി ബോധ്യമാവും. ആത്മീയരോഗങ്ങളില്‍നിന്ന് മുക്തിനല്‍കി മനുഷ്യനെ നരകാഗ്നിയില്‍ നിന്ന് രക്ഷപ്പെടുത്താനും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാനുമാണ് യഥാര്‍ഥത്തില്‍ ദൈവദൂതന്‍മാര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. കാര്യങ്ങളെക്കുറിച്ച് ഇവ്വിധമുള്ള ബോധ്യമുണ്ടായാല്‍ തനിക്കുചുറ്റും എതിരാളികള്‍ അഴിച്ചുവിടുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെയും കുപ്രചാരണങ്ങളുടെയും മുന്നില്‍ പ്രബോധകന് അടിതെറ്റുകയില്ല. തന്റെ പ്രബോധനത്തിനും വ്യക്തിത്വത്തിനുമെതിരായി ഉയരുന്ന വിമര്‍ശനങ്ങളില്‍ തളരുകയുമില്ല. കാരണം, ദൈവദൂതന്‍മാരെക്കാളും മെച്ചപ്പെട്ടതെന്ന് പറയാവുന്ന ഒരു സ്ഥിതിയിലല്ലല്ലോ പ്രബോധകന്‍മാരുള്ളത്. അവരെക്കാളും വാചാലരുമല്ല. അവരെക്കാള്‍ ആത്മാര്‍ഥതയും നിസ്വാര്‍ഥതയും പ്രബോധകന്‍മാര്‍ക്കുണ്ട് എന്ന് അവകാശപ്പെടാനുമാവില്ല. ദൈവദൂതന്‍മാര്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്ര അദൃശ്യസഹായം പ്രബോധകന്‍മാര്‍ക്ക് കിട്ടുമെന്നും പറയാനാവില്ല.

പ്രബോധകന്‍മാര്‍ക്കും പ്രബോധനദൗത്യത്തിനുമെതിരെ ഉയര്‍ന്നുവരുന്ന തെറ്റുധാരണകള്‍, സത്യം ഗ്രഹിക്കുന്നതില്‍ നിന്നും തങ്ങള്‍ നേരിടുന്ന യഥാര്‍ഥരോഗം എന്താണെന്ന് തിരിച്ചറിയുന്നതില്‍നിന്നും പൊതുസമൂഹത്തെ തടഞ്ഞുനിര്‍ത്തും എന്നതില്‍ സംശയമില്ല. എന്തിനേറെ, രോഗത്തിന് പറ്റിയ മരുന്ന് കണ്ടെത്താന്‍ ശ്രമിക്കുന്നതില്‍ നിന്നുപോലും തെറ്റുധാരണകള്‍ പൊതുസമൂഹത്തെ അകറ്റി നിര്‍ത്തും. അതുകൊണ്ടുതന്നെ തെറ്റുധാരണകളെ നീക്കം ചെയ്യാനും അവയുടെ മുനയൊടിക്കാനും പ്രബോധകന്‍ ശ്രമിക്കേണ്ടതുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുവര്‍ത്തിക്കാവുന്ന ഏറ്റവും നല്ല പ്രതിരോധരീതി എന്നത് പ്രവാചകന്‍മാര്‍ അനുവര്‍ത്തിച്ച രീതി തന്നെയാണ്. തങ്ങള്‍ക്കെതിരെ മിഥ്യാവാദികള്‍ ഉയര്‍ത്തിവിട്ട കെട്ടുകഥകളെയും തെറ്റുധാരണകളെയും പ്രവാചകന്‍മാര്‍ നേരിട്ടത്, അവരോട് സഹതാപം കാണിച്ചുകൊണ്ടുള്ള സ്പഷ്ടവും ഉദാത്തവുമായ ശൈലിയിലൂടെയായിരുന്നു. നടേപറഞ്ഞ മൂന്നുതരം തെറ്റുധാരണകളും സമര്‍ഥമായി നേരിടേണ്ടതും നീക്കേണ്ടതും ഓരോ പ്രബോധകന്റെയും ബാധ്യതയാണ്. സ്‌നേഹവും ഗുണകാംക്ഷയും ജ്ഞാനവുമുള്ള ഒരു ഭിഷഗ്വരന്റെ ദൗത്യമാണല്ലോ ഒരു പ്രബോധകന് നിര്‍വഹിക്കാനുള്ളത്. രോഗികളുടെ അലര്‍ച്ചകളും അട്ടഹാസങ്ങളും ഭിഷഗ്വരനെ അസ്വസ്ഥപ്പെടുത്തുകയില്ല. ഭിഷഗ്വരനെ കാണുന്നതുപോലും രോഗികള്‍ക്ക് അരോചകമായിരിക്കാം. അയാള്‍ തന്റെ ഡ്യൂട്ടി നിര്‍വഹിക്കുന്നതും മരുന്നു നിര്‍ദ്ദേശിക്കുന്നതുമൊക്കെ രോഗികള്‍ വെറുക്കുകയും ചെയ്യും. ഇതൊക്കെ പക്ഷേ സ്വാഭാവികമാണ് എന്ന് ഭിഷഗ്വരനറിയാം. രോഗികളെ ചികിത്സിക്കുകയാണ് അവരോട് പ്രതികാരം തീര്‍ക്കലല്ല അദ്ദേഹത്തിന്റെ ലക്ഷ്യം. തെറ്റുധാരണകള്‍ നീക്കംചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തെളിവുകളുടെയും പ്രമാണങ്ങളുടെയും പിന്‍ബലത്തിലായിരിക്കണം അത് നിര്‍വഹിക്കേണ്ടത്. മാന്യവും സൗമ്യവുമായ വാക്കുകളില്‍ വ്യക്തതയോടും ക്ലിഷ്ടതയോടും കൂടിയായിരിക്കണം പ്രബോധകന്‍ തന്റെ വാദമുഖങ്ങളെ സമര്‍പ്പിക്കേണ്ടത്.
തെറ്റുധാരണകള്‍ക്ക് ഇടംനല്‍കുന്ന സാഹചര്യങ്ങളില്‍നിന്ന് മറ്റുള്ളവരെക്കാളേറെ അകന്നുനില്‍ക്കേണ്ടവരാണ് പ്രബോധകന്‍മാര്‍. അങ്ങനെവരുമ്പോള്‍ കള്ളപ്രചാരണം നടത്തുന്നതില്‍നിന്ന് പ്രതിയോഗികള്‍ പിന്‍മാറും. മുമ്പ് ദൈവദൂതന്‍മാര്‍ ജനങ്ങളോട് പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നല്ലോ: ‘പ്രബോധനം നിര്‍വഹിക്കുന്നതിന് പ്രത്യുപകാരമായി സമ്പത്തോ, സ്ഥാനമാനങ്ങളോ പ്രതിഫലമോ നിങ്ങളില്‍നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഞങ്ങളുടെ പ്രതിഫലം അല്ലാഹുവിന്റെയടുത്തുണ്ട്.’

ഇനിയെങ്ങാനും പ്രബോധകന്‍മാര്‍ പ്രതിഫലമെന്തെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കിലോ ജനങ്ങളെ സത്യസന്ദേശത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മിഥ്യാവാദികള്‍ അതിനെ ഒരായുധമാക്കുമായിരുന്നു:’ഇവര്‍ കൂലിത്തൊഴിലാളികളാണ്. ധനമോഹികളാണ്..’ എന്നെല്ലാം അവര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങും. ജനങ്ങള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നവയില്‍നിന്ന് അകന്നുനില്‍ക്കലാണ് പ്രബോധകന്ന് അഭികാമ്യം. അല്ലെങ്കില്‍ പ്രബോധനത്തിന്റെ ശത്രുക്കളുടെ കയ്യില്‍ അതൊരായുധമാകും.

മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics