ഇനങ്ങള്‍

കറന്‍സി – നാണയങ്ങളുടെ സകാത്ത്

1. നാണയങ്ങള്‍ (കറന്‍സികള്‍)

ആഭരണങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്ന സ്വര്‍ണവും വെള്ളിയുമുള്‍പ്പെടെയുള്ള ധനങ്ങള്‍ക്ക് സകാത്ത് ഉണ്ടെന്ന് നമുക്കറിയാം. സ്ത്രീകള്‍ക്ക് ആഭരണങ്ങളോട് വലിയ കമ്പമുള്ളതിനാലും നിക്ഷേപമെന്നനിലയില്‍ ക്രയവിക്രയമേഖലയില്‍ സ്ഥാനമുള്ളതിനാലും സ്വര്‍ണത്തിനും വെള്ളിക്കും ആവശ്യക്കാരേറെയാണ്. അതാണ് അതിന്റെ മൂല്യം വര്‍ധിപ്പിക്കുന്നത്. ചരിത്രത്തിലെക്കാലത്തും ഈ ലോഹങ്ങള്‍ക്കുള്ള വര്‍ധിച്ച ആവശ്യം അവയെ മൂല്യമുള്ളതാക്കി. അതെത്തുടര്‍ന്നാണ് പ്രസ്തുതലോഹങ്ങളുപയോഗിച്ച് നാണയങ്ങളുണ്ടാക്കാന്‍ തുടങ്ങിയത്. നബിയുടെ കാലത്ത് സ്വര്‍ണനാണയങ്ങള്‍ ദീനാറെന്നും വെള്ളിനാണയങ്ങള്‍ ദിര്‍ഹമെന്നും അറിയപ്പെട്ടിരുന്നു. അതില്‍ ഏറ്റവും പ്രചാരം നേടിയത് ദിര്‍ഹമായിരുന്നു. ക്രമേണ മനുഷ്യന്‍ ലോഹങ്ങള്‍ക്കുപകരം കടലാസ് നാണയങ്ങള്‍ (കറന്‍സികള്‍)ഉപയോഗിക്കാന്‍ തുടങ്ങി. അങ്ങനെ പല മാറ്റങ്ങളും വന്നെങ്കിലും ലോഹങ്ങള്‍ തന്നെയാണ് നാണയങ്ങളുടെ അടിസ്ഥാനം. മനുഷ്യര്‍ക്ക് ഇത്രയേറെ ഉപകാരമുള്ള ഈ ധനം സമൂഹത്തില്‍ ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയാവരുതല്ലോ. അതിനാല്‍ അടിസ്ഥാന ധനമായ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും സകാത്ത് അവയെപ്രതിനിധീകരിക്കുന്ന നാണയങ്ങളുടെയും സകാത്താകുന്നു.
മനുഷ്യന് ഏറ്റവും പ്രിയപ്പെട്ട ഈ ലോഹങ്ങളുള്‍പ്പെട്ട ധനം അല്ലാഹു കല്‍പിച്ച രീതിയില്‍ ചെലവഴിക്കാതെ ശേഖരിച്ചുവെക്കുന്നത് പരലോകശിക്ഷയ്ക്ക് കാരണമാകുമെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു:’സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ സംബന്ധിച്ച ‘സുവാര്‍ത്ത’ അറിയിക്കുക.നരകത്തീയിലിട്ട് ചുട്ടുപഴുപ്പിച്ച് അവകൊണ്ട് അവരുടെ നെറ്റികളും പാര്‍ശ്വഭാഗങ്ങളും മുതുകുകളും ചൂടുവെക്കും ദിനം! അന്ന് അവരോടു പറയും: ”ഇതാണ് നിങ്ങള്‍ നിങ്ങള്‍ക്കായി സമ്പാദിച്ചുവെച്ച(നിക്ഷേപം). അതിനാല്‍ നിങ്ങള്‍ സമ്പാദിച്ചുവെച്ചതിന്റെ രുചി ആസ്വദിച്ചുകൊള്ളുക.”(അത്തൗബ 44-45)
അല്ലാഹു ചെലവഴിക്കാന്‍ കല്‍പിച്ച മാര്‍ഗത്തിലൊന്നാണ് സകാത്ത്. അതിനാല്‍ ഈ സൂക്തം സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് നിര്‍ബന്ധമാണെന്ന് തെളിയിക്കുന്നു. ഈ ആശയം മുഹമ്മദ് നബി(സ) പഠിപ്പിച്ചതിപ്രകാരമാണ്:
‘ഏതൊരു നിക്ഷേപത്തിന്റെയും ഉടമ അതിന്റെ സകാത്ത് നല്‍കിയില്ലെങ്കില്‍ അവ നരകത്തീയില്‍ ചുട്ടുപഴുപ്പിച്ചു പലകകളാക്കി അവന്റെ പാര്‍ശ്വങ്ങളും നെറ്റിത്തടങ്ങളും ചൂടുവെക്കും. ആയിരം വര്‍ഷം ദൈര്‍ഘ്യമുള്ള ഒരു ദിവസം അല്ലാഹു തന്റെ അടിമകള്‍ക്കിടയില്‍ തീരുമാനം കല്‍പിക്കുന്നത് വരെ. പിന്നെ അവന്‍ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ തന്റെ വഴി കണ്ടെത്തും’. സമ്പാദിച്ചുവെച്ച നിക്ഷേപം എന്ന ഖുര്‍ആന്‍ പ്രയോഗിച്ചത് സകാത്ത് നല്‍കാത്ത ധനത്തെക്കുറിച്ചാണെന്ന് മേല്‍ഹദീസ് ബോധ്യപ്പെടുത്തുന്നു.

സകാത്ത് എത്ര ?

കാര്‍ഷികവിളകളുടെ സകാത്ത് പത്തുശതമാനമാണ്. അതില്‍ ദീര്‍ഘമായ അധ്വാനവും മറ്റു ചിലവുകളുമുണ്ടെങ്കില്‍ 5% ആണ് സകാത്ത്. എന്നില്‍ അതിന്റെ പകുതിമാത്രമാണ് നാണയങ്ങളില്‍ സകാത്തിന്റെ തോത്. അബൂബക്ര്‍ സിദ്ദീഖ് (റ) ബഹ്‌റൈനിലെ തന്റെ ഗവര്‍ണര്‍ക്ക് എഴുതിയ കത്തില്‍ സകാത്തിന്റെ തോത് വിവരിക്കുന്നത് കാണുക:’വെള്ളി(നാണയമാണെങ്കിലും അല്ലെങ്കിലും)ഇരുനൂറ് ദിര്‍ഹമുണ്ടെങ്കില്‍ നാല്‍പതില്‍ ഒന്ന് (രണ്ടര ശതമാനം )സകാത്ത് കൊടുക്കണം. ഇനി നൂറ്റുത്തൊണ്ണൂറ് ദിര്‍ഹമേ ഉള്ളൂവെങ്കില്‍ അതില്‍ സകാത്തില്ല- അതിന്റെ ഉടമസ്ഥന്‍ ഉദ്ദേശിച്ചാല്‍ നല്‍കാവുന്ന ധര്‍മമല്ലാതെ.’

ഒരു കര്‍ഷകന്‍ നന്നെച്ചുരുങ്ങിയത് 5% സകാത്ത് കൊടുക്കേണ്ടിവരുമ്പോള്‍ സ്വര്‍ണമോ വെള്ളിയോ നാണയങ്ങളോ(കറന്‍സികള്‍ ) കൈവശമുള്ള ആള്‍ രണ്ടര ശതമാനമേ സകാത്ത് കൊടുക്കേണ്ടതുള്ളൂ.അതിനുള്ള കാരണങ്ങള്‍ ചിലത്:
1.നാണയങ്ങളില്‍ മൂലധനത്തിനാണ് സകാത്ത്. കാര്‍ഷികവിളകളിലാകട്ടെ, വരുമാനത്തിന് മാത്രമാണ് സകാത്ത്. നിലം, മരങ്ങള്‍(ചെടികള്‍) തുടങ്ങി വലിയൊരു ഭാഗത്തിന് സകാത്തില്ല. അതിനാല്‍ അഞ്ച് , പത്ത് എന്നിങ്ങനെയുള്ള തോത് ന്യായമാണ്.
2. കാര്‍ഷികവൃത്തിയില്‍ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമുള്ള വേളകളില്‍ നൂറുമേനി വിളവ് ലഭിക്കുന്ന ഘട്ടങ്ങളുണ്ട്. അത്രയും ലാഭം മറ്റ് അധ്വാനരീതികളിലൂടെ ഒരു ലഭിക്കില്ല. അല്ലാഹുവിന്റെ അനുഗ്രഹം കൂടുതലുള്ളതിനാല്‍ അവന്‍ കൂടുതല്‍ അവന്റെ അവകാശവും നിര്‍ണയിച്ചു.
3. കാര്‍ഷികവിളകളില്‍ മുഖ്യം ഭക്ഷ്യോല്‍പന്നങ്ങളാണ്. അത് മനുഷ്യര്‍ക്ക് അങ്ങേയറ്റം ആവശ്യമുള്ളതാണ്. സമൂഹത്തില്‍ പരസ്പരവിദ്വേഷവും പകയും വെറുപ്പും പകരുന്നതിന് പകരം സ്‌നേഹവും കാരുണ്യവും സൗഖ്യവും ഉറപ്പുവരുത്തുകയാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. അതിനാലാണ് അതില്‍ പരമാവധി പങ്ക് പാവങ്ങള്‍ക്ക് ലഭിക്കുംവിധം സകാത്ത് തോത് വര്‍ധിപ്പിച്ചത്.

സകാത്ത് നിര്‍ബന്ധമാകുന്ന പരിധി

നബി(സ) കാലത്ത് അഞ്ച് ‘ഊഖിയ’യാണ് വെള്ളിയുടെ നിസാബ്(പരിധി)ആയി നിശ്ചയിച്ചത്. തിരുമേനി ഇപ്രകാരം അരുളി:’അഞ്ചു ഊഖിയയില്‍ താഴെയുള്ള വെള്ളിയില്‍ സകാത്തില്ല.’ ഒരു ഊഖിയ അദ്ദേഹത്തിന്റെ കാലത്ത് 40 ദിര്‍ഹമാണ്. അപ്പോള്‍ 200 ദിര്‍ഹമുണ്ടെങ്കില്‍ വെള്ളിക്ക് സകാത്ത് നിര്‍ബന്ധമായി. അബൂ ഉബൈദിന്റെ നിവേദകപരമ്പരയിലൂടെ വന്ന ഒരു ഹദീസില്‍ അബ്ദുര്‍റഹ്മാന്‍ അന്‍സാരി ഉദ്ധരിക്കുന്നു: ‘സകാത്തിന്റെ വിഷയത്തില്‍ നബി(സ)യുടെയും ഉമര്‍(റ)ന്റെയും കതതില്‍ ഇങ്ങനെ കാണാം: സ്വര്‍ണം, 20 ദീനാറാകുന്നതുവരെ അതില്‍നിന്ന് ഒന്നും വസൂലാക്കുന്നതല്ല. ഇരുപത് ദീനാറെത്തിയാല്‍ അതില്‍ പകുതി ദീനാര്‍.’
ഇമാം ശാഫിഈ പറയുന്നു:’സ്വര്‍ണത്തില്‍ 20 മിസ്ഖാല്‍(മിസ്ഖാലും ദീനാറും ഒരേ അളവാണ്) ഉണ്ടാവുന്നതുവരെ സകാത്തില്ലെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുള്ളതായി എനിക്കറിയില്ല.’
അതായത്, വെള്ളിയാണെങ്കില്‍ 200 ദിര്‍ഹമും സ്വര്‍ണമാണെങ്കില്‍ 20 ദീനാറുമാണ് സകാത്ത് നിര്‍ബന്ധമാവുന്ന പരിധി. ഇവ രണ്ടിനും നബിയുടെ കാലത്ത് ഒരേമൂല്യമായിരുന്നു. എന്നുവെച്ചാല്‍ 10 ദിര്‍ഹം = 1 ദീനാര്‍
1 ദിര്‍ഹം = 2. 975 ഗ്രാം(വെള്ളി)
200 ദിര്‍ഹം = 2.975x 200 = 595 ഗ്രാം വെള്ളി(സകാത്തിന്റെ നിസാബ്)

സ്വര്‍ണത്തിലുള്ള നിസാബ്

1 ദീനാര്‍ = 4.25 ഗ്രാം
20 ദീനാര്‍ = 20 x 4.25 ഗ്രാം = 85 ഗ്രാം
എന്നാല്‍ ദിര്‍ഹമും ദീനാറും തമ്മിലുള്ള മൂല്യത്തില്‍ വളരെ അന്തരമുണ്ട് ഇന്ന്. വെള്ളിയുടെ നിസാബിന്റെ മൂല്യത്തേക്കാള്‍ ഇരുപത്തിരണ്ടിരട്ടിയെങ്കിലും കൂടുതലാണ് സ്വര്‍ണത്തിന്റെ നിസാബ്. അങ്ങനെ വരുമ്പോള്‍ ഏത് നിസാബ് നാം മാനദണ്ഡമാക്കണം?
വെള്ളിയുടെ നിസാബ് നബിയില്‍നിന്ന് പ്രബലമായി ലഭിച്ചതും സ്വര്‍ണത്തിന്റെ നിസാബ് സംബന്ധിച്ച ഹദീസ് പ്രബലമോ ആ വിഷയത്തിലുള്ള പണ്ഡിതാഭിപ്രായങ്ങള്‍ക്ക് ഐകരൂപമോ ഉള്ളതുമല്ല. അതിനാല്‍ വെള്ളി മാനദണ്ഡമാക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ ഇക്കാലത്തെ നിലവാരമനുസരിച്ച് 23800 രൂപ കയ്യിലുള്ളവന്‍ സകാത്ത് കൊടുക്കേണ്ടിവരും.
എന്നാല്‍ ഇതില്‍നിന്നും തികച്ചുംവിരുദ്ധമായി സ്വര്‍ണമാണ് മാനദണ്ഡമാക്കേണ്ടതെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്‍മാരുണ്ട്. അവരുടെ വാദമുഖങ്ങളെന്തെന്ന് പരിശോധിക്കാം:

1. ഓരോ നാട്ടിലുള്ള ജീവിതനിലവാരസൂചികക്ക് അനുസരിച്ച് ഉയരുകയും താഴുകയുംചെയ്യുന്ന സ്വഭാവം സ്വര്‍ണത്തിലാണ് കൂടുതല്‍ പ്രകടമായിട്ടുള്ളത്. വ്യക്തികളുടെ ഐശ്വര്യത്തിന്റെ നിദാനമായി നിശ്ചയിക്കപ്പെട്ടതാണ് നിസാബ്. ജീവിതനിലവാരത്തിനനുസരിച്ച് അത് മാറുകയെന്നതാണ് നീതിയുടെ താല്‍പര്യം.
2. ലോകത്തെല്ലായിടത്തും വ്യത്യസ്തതരത്തിലുള്ള നാണയങ്ങളും കറന്‍സികളുമുണ്ടെങ്കിലും അവയുടെയെല്ലാം അടിസ്ഥാനം സ്വര്‍ണമാണ്. അങ്ങനെയെങ്കില്‍ നിസാബിന്റെ അടിസ്ഥാനം സ്വര്‍ണമായിരിക്കണം.
3. നിസാബ് നിശ്ചയിക്കുന്നത്, ചെറിയ ഒരു കുടുംബത്തിന് ഒരു വര്‍ഷം കഴിഞ്ഞുകൂടാനുള്ള വകയെന്ന നിലയിലാണ്. ഒരു മാസത്തെ ജീവിതച്ചെലവുകഴിയാന്‍ പ്രസ്തുതതുക തന്നെ അപര്യാപ്തമാണെന്നിരിക്കെ, അത് നിസാബാകുന്നത് നീതിയല്ല. എന്നാല്‍ 85 ഗ്രാം സ്വര്‍ണത്തിന് തുല്യമായമൂല്യം(225250.00) വാര്‍ഷികവരുമാനമുള്ള ആള്‍ തീര്‍ച്ചയായും ഐശ്വര്യവാനായിരിക്കും.
4. സ്വര്‍ണത്തിന്റെ നിസാബ് വെള്ളിയുടെ നിസാബ് പോലെ അത്രപ്രബലമായി ഹദീസില്‍ വന്നിട്ടില്ലെങ്കിലും ഇക്കാലമത്രയും ഈ വിഷയത്തില്‍ മുസ്‌ലിം സമൂഹം അഭിപ്രായൈക്യം പുലര്‍ത്തിയിട്ടുണ്ട്. ഇമാം മാലിക് പറയുന്നു:’നമ്മുടെ പക്കല്‍ അഭിപ്രായവ്യത്യാസമില്ലാത്ത സുന്നത്ത്, 20 ദീനാര്‍ സ്വര്‍ണത്തിന് സകാത്ത് ബാധകമാവുമെന്നതാണ്. 200 ദിര്‍ഹത്തിന് സകാത്ത് ബാധകമാവുന്നതുപോലെത്തന്നെ.'(അല്‍മുവത്വ 1/246 ഉദ്ധരണം: ഫിഖ്ഹുസ്സകാത്ത്)

5. ഇസ്‌ലാം നീതിയുടെ പക്ഷത്താണ്. അത് പാവപ്പെട്ടവരുടെയോ പണക്കാരുടെയോ പക്ഷംചാഞ്ഞുനില്‍ക്കുകയില്ല. ധനികരോട് അക്രമമോ പാവപ്പെട്ടവരോട് അവകാശനിഷേധമോ കാട്ടുകയില്ല.
ഒരാളുടെ കൈവശം 85 ഗ്രാം സ്വര്‍ണമോ തുല്യമായ തുകയോ ഉണ്ടെങ്കില്‍ അതിന്റെ രണ്ടരശതമാനം സകാത്ത് കൊടുക്കണം. അപ്പോള്‍ 225250 രൂപയുടെ രണ്ടരശതമാനമായ 5631.25 രൂപ പാവങ്ങളുടെ അവകാശമാണ്. അതുകഴിച്ച് ബാക്കി 219618 രൂപ മാത്രമേ അയാളുടെ കയ്യിലുള്ളൂ. പക്ഷേ, ആറുമാസം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് 6000.00 രൂപ കിട്ടി. അപ്പോള്‍ അയാളുടെ കൈവശം നിസാബിനുള്ള തുകയുണ്ട്. എന്നാല്‍ അതിന് സകാത്ത് അപ്പോള്‍ കൊടുക്കേണ്ടതില്ല. മറിച്ച് ആറുമാസം കൂടി കഴിഞ്ഞ് മാത്രമേ സകാത്ത് ബാധകമാവുകയുള്ളൂ.

Topics