ചരിത്രം

വികലമാക്കപ്പെടുന്ന ഇസ്‌ലാമിക ചരിത്രം

(c) Defence Academy of the United Kingdom; Supplied by The Public Catalogue Foundation

ഇസ്‌ലാമിന്റെ ശത്രുക്കളായ നിരീശ്വരവാദികളും വര്‍ഗീയവാദികളും വികലമാക്കിയ ചരിത്രത്തെ ശരിയായി പഠിക്കുകയെന്നത് മുസ്‌ലിം ഉമ്മത്തിന്റെ ബാധ്യതയാണ്. ഇസ്‌ലാമിക ഖിലാഫത്ത് ഇനിയൊരിക്കലും മടങ്ങി വരാതിരിക്കാനും, മുസ്‌ലിംകളെ ദീനില്‍ നിന്ന് അകറ്റാനും വേണ്ടിയായിരുന്നു ശോഭനമായ ഇസ്‌ലാമിക ചരിത്രത്തെ ഏറ്റവും വൃത്തികെട്ട വിധത്തില്‍ ശത്രുക്കള്‍ ചിത്രീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തത്. യാഥാര്‍ഥ്യങ്ങളെ നേര്‍വിപരീതമായി അവതരിപ്പിച്ച അവര്‍ ഉഥ്മാനി ഖിലാഫത്തിനെ ദാരിദ്ര്യത്തിന്റെയും അജ്ഞതയുടെയും കാലഘട്ടമായി ചിത്രീകരിക്കുകയുണ്ടായി. നാല് നൂറ്റാണ്ടോളം യൂറോപ്യന്‍ ആക്രമണങ്ങളില്‍ നിന്ന് മുസ്‌ലിം ഉമ്മത്തിനെ സംരക്ഷിച്ച ഈ ഖിലാഫത്തിനെ അറബ് അധിനിവേശ കാലമെന്ന് കൂടി അവര്‍ ആക്ഷേപിക്കുകയുണ്ടായി.

ഉഥ്മാനി ഖിലാഫത്തിലെ അവസാന ഖലീഫയായിരുന്ന അബ്ദുല്‍ഹമീദ് യഹൂദരുടെ എല്ലാ പ്രലോഭനങ്ങളെയും ചങ്കൂറ്റത്തോടെയായിരുന്നു നേരിട്ടത്. അവരുടെ വാഗ്ദാനങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഫലസ്തീനില്‍ തങ്ങള്‍ക്ക് രാഷ്ട്രം നിര്‍മിക്കുന്നതിനായി ജൂതന്‍മാരെ പ്രതിനിധീകരിച്ചുവന്ന ഹെര്‍ട്‌സല്‍ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത് അമ്പത് മില്യണ്‍ സ്വര്‍ണനാണയമായിരുന്നു! ഖലീഫ തിയോഡര്‍ ഹെര്‍ട്‌സലിനോട് പറഞ്ഞു:’മുസ്‌ലിംകളുടെ ശത്രുക്കളുടെ സമ്പത്തുപയോഗിച്ച് കെട്ടിപ്പടുത്ത മതിലുകള്‍ക്ക് പിന്നില്‍ ഈ രാഷ്ട്രം മറഞ്ഞുനില്‍ക്കാന്‍ അനുവദിക്കുന്നതല്ല’.

ഫലസ്തീന്‍ ഭൂമി ഉമര്‍(റ) വിജയിച്ചതാണെന്നും അത് മുസ്‌ലിംകളുടെ സ്വത്താണെന്നും അത് കൈകാര്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഖലീഫ അബ്ദുല്‍ ഹമീദ് വ്യക്തമാക്കി. തങ്ങളുടെ രാഷ്ട്ര നിര്‍മാണത്തിന് മുന്നില്‍ വിലങ്ങുനിന്ന ഖലീഫയെ ഉന്‍മൂലനം ചെയ്യുകയായിരുന്നു ജൂതന്‍മാര്‍. അബ്ബാസി-അമവി ഖിലാഫത്തുകളെ വികൃതമായി ചിത്രീകരിക്കാന്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ മത്സരിച്ചു. മുസ്‌ലിംകളുടെ ചരിത്രം യുദ്ധത്തിന്റെയും വഞ്ചനയുടെയും ഗൂഢാലോചനയുടെതുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ശ്രമിച്ചു. ഖലീഫ ഹാറൂന്‍ റഷീദിന്റെ ഭരണകാലം നൃത്തത്തിന്റെയും ഗാനത്തിന്റെയും മദ്യത്തിന്റെയും സുവര്‍ണകാലമായി അവര്‍ വാഴ്ത്തി. അദ്ദേഹത്തിന്റെ ചരിത്രത്തോട് അല്‍പമെങ്കിലും നീതി പുലര്‍ത്താന്‍ അവര്‍ക്ക് സാധിക്കേണ്ടതായിരുന്നു. ഒരു വര്‍ഷം യുദ്ധം ചെയ്യുകയും അടുത്ത വര്‍ഷം ഹജ്ജ് നിര്‍വഹിക്കുകയും ചെയ്തിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കാലത്ത് മുസ്‌ലിം ഉമ്മത്ത് ഒട്ടേറെ വിജയങ്ങള്‍ കൈവരിച്ചു. ഇസ്‌ലാമിക ഖിലാഫത്തിന്റെ മേഖല പ്രവിശാലമായി. അന്നത്തെ റോമന്‍ രാജാവായിരുന്ന നഖ്‌ഫോറിന് അദ്ദേഹം എഴുതി:’റോമന്‍ ഭരണാധികാരിയായ നഖ്‌ഫോറിന് ഖലീഫ ഹാറൂന്‍ റഷീദ് എഴുതുന്നത്. കാര്യങ്ങള്‍ താങ്കള്‍ കേള്‍ക്കുന്നത് പോലെയല്ല മറിച്ച് കാണുന്നതുപോലെയാണ്’.

ഖിലാഫത്തിന്റെ അവസാനകാലത്ത് അവര്‍ക്ക് വിശ്വാസപരമായ പ്രതാപം നഷ്ടപ്പെട്ടുവെന്നത് ശരിയാണ്. എന്തുതന്നെയായാലും അവര്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ നടപ്പിലാക്കുന്നവരായിരുന്നു. അവരില്‍ നിന്ന് സംഭവിച്ച മാനുഷികവൈകല്യങ്ങളെ അല്ലാഹുവിന്റെ ദീനിന് മേല്‍ ചാര്‍ത്തുന്നത് ഒരു നിലക്കും ശരിയായ സമീപനല്ല.’ഏതായാലും അത് കഴിഞ്ഞുപോയ ഒരു സമുദായം. അവര്‍ക്ക് അവര്‍ ചെയ്തതിന്റെ ഫലമുണ്ട്. നിങ്ങള്‍ക്ക് നിങ്ങള്‍ ശേഖരിച്ചുവെച്ചതിന്റെയും. അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങളോട് ആരും ചോദിക്കുകയില്ല’. (അല്‍ബഖറ 134)

മുസ്‌ലിം ഉമ്മത്തിലെ പണ്ഡിതന്‍മാര്‍ അനുയായികളെ സംസ്‌കരിക്കുന്നതിന് മുമ്പ് ഭരണാധികാരികളെയായിരുന്നു നേരെയാക്കിയിരുന്നത്. ഭൗതികമോഹങ്ങള്‍ കാരണം ഭരണാധികാരികളെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നവരായിരുന്നില്ല അവര്‍. ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ ഖലീഫ മഅ്മൂനോടും, സഈദ് ബിന്‍ ജുബൈര്‍ ഹജ്ജാജിനോടും അബൂഹാസിം സുലൈമാന്‍ ബിന്‍ അബ്ദില്‍ മലികിനോടും സ്വീകരിച്ച സമീപനങ്ങള്‍ ഇവക്ക് ഉദാഹരണങ്ങളാണ്.

ഇസ്‌ലാമിക ചരിത്രത്തോട് ചെയ്ത അക്രമം കേവലം ഏതാനും ഖലീഫമാരില്‍ മാത്രം പരിമിതമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മറിച്ച് അല്ലാഹു പ്രവാചകന്‍(സ)യുടെ അനുചരന്‍മാരായി തെരഞ്ഞെടുത്ത സ്വഹാബാക്കള്‍ക്ക് നേരെയും ഇത്തരം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അവരെ മുറിവേല്‍പിക്കാനും, വികൃതമായി അവതരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ശക്തമായി തന്നെ നടന്നു. അല്ലാഹു പ്രവാചകനെയും അനുചരന്‍മാരെയും സംരക്ഷിച്ചില്ലായിരുന്നുവെങ്കില്‍ കേവലം ഭൗതിക മോഹികളായി അവര്‍ ചിത്രീകരിക്കപ്പെടുമായിരുന്നു. ഇത്തരം ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടതല്‍ വിധേയനായ സ്വഹാബിയായിരുന്നു മുആവിയത് ബിന്‍ അബീസുഫ്‌യാന്‍(റ). ഇമാം ഇബ്‌നു കഥീര്‍ വിശദീകരിക്കുന്നത് പോലെ ഇസ്‌ലാമിലെ പ്രഗല്‍ഭനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. മഹാന്‍മാരായ നാല് ഖലീഫമാര്‍ക്ക് ശേഷം വന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ ശോഭ മങ്ങാന്‍ കാരണമായതെന്ന് ഇബ്‌നുല്‍ അറബി തന്റെ അല്‍അവാസ്വിം വല്‍ഖവാസ്വിം എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.

പ്രവാചകന്‍(സ)യുടെ വഹ്‌യ് എഴുത്തുകാരനായിരുന്നു ഈ മുആവിയ. ഉമര്‍, ഉഥ്മാന്‍(റ) എന്നിവരുടെ കാലത്ത് അദ്ദേഹത്തിന് വിവിധ പട്ടണങ്ങളുടെ ഉത്തരവാദിത്തം ഉണ്ടായിരുന്നു. അലി(റ)യുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസം ഉണ്ടായി. അലി(റ)യുടെ അഭിപ്രായം ശരിയും ഇദ്ദേഹത്തിന്റേത് തെറ്റുമായിരുന്നു. ഉഥ്മാന്റെ ഘാതകരോട് പകരം വീട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നു അദ്ദേഹത്തിന്. ആഇശ, ത്വല്‍ഹ, സുബൈര്‍(റ) തുടങ്ങിയവരും അദ്ദേഹത്തിന്റെ ഇജ്തിഹാദിനോട് യോജിക്കുകയുണ്ടായി. ഉഥ്മാന്റെ ഘാതകരോട് എത്രയും വേഗത്തില്‍ പ്രതിക്രിയ നടത്തണമെന്നതായിരുന്നു അവരുടെ അഭിപ്രായം. പ്രതിക്രിയ നടത്തണം പക്ഷെ അതിന് പറ്റിയ സാഹചര്യമായിരുന്നില്ല മുസ്‌ലിം ഉമ്മത്തിന്റേത് എന്നതായിരുന്നു അലി(റ)ന്റെ അഭിപ്രായം. അദ്ദേഹം മുആവിയയെ കുറ്റപ്പെടുത്തിയില്ല എന്ന് മാത്രമല്ല അദ്ദേഹത്തോടുള്ള ആദരവ് കാത്ത് സൂക്ഷിക്കുകയും ചെയ്തു.

സ്വഹാബാക്കള്‍ക്കിടയില്‍ നടന്ന ദൗര്‍ഭാഗ്യകരമായ കലാപങ്ങളെക്കുറിച്ച് നമുക്ക് അറിയാവുന്നിടത്ത് നിര്‍ത്തുകയെന്നതാണ് നമ്മുടെ ബാധ്യത. അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിച്ചവരാണ് അവരെന്ന് നാമോര്‍ക്കണം. നാം അവരെ ആക്ഷേപിക്കുകയോ, കുറ്റപ്പെടുത്തുകയോ വേണ്ടതില്ല. എന്നാല്‍ നമ്മുടെ അറബ് നാടുകളിലെ മദ്‌റസകളില്‍ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളില്‍ പോലും പ്രവാചകാനുചരന്‍മാരെ വിലകുറച്ച് കാണിക്കുന്ന പരാമര്‍ശങ്ങളുണ്ട് എന്നതാണ് ദുഖകരം. അവിവേകികളായ ഓറിയന്റലിസ്റ്റുകളുടെ പഠനങ്ങളാണ് നാം ഇന്ന് അവലംബിച്ച് കൊണ്ടിരിക്കുന്നത് എന്നതാണ് അതിന്റെ കാരണം. നാം ഇസ്‌ലാമിക ചരിത്രം പുനര്‍വായന നടത്തേണ്ടതുണ്ട്. സംഭവങ്ങളെ സ്വതന്ത്രമായി വിലയിരുത്താനും അപഗ്രഥിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. യഥാര്‍ത്ഥ ഇസ്‌ലാമിന്റെ മഹനീയമായ ചരിത്രം ആധുനിക സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയെന്ന ബാധ്യത നമുക്ക് മേല്‍ അര്‍പ്പിതമായിരിക്കുന്നു.

Topics