കാപിറ്റലിസത്തിന് മുതലാളിത്തം എന്ന തര്‍ജമ സാമാന്യാര്ഥത്തിലുള്ളതാണ്. മൂലധനത്തെയും തൊഴിലാളി-മുതലാളി ബന്ധങ്ങളെയും ആശ്രയിച്ചുള്ള വ്യവസായ വിപ്ലവാനന്തര സാമ്പത്തിക വ്യവസ്ഥിതിയാണ് കാപിറ്റലിസം കൊണ്ട് അര്‍ഥമാക്കപ്പെടുന്നത്. അമേരിക്കയും G-8 കൂട്ടുകെട്ടും നേതൃത്വം നല്കുന്ന ഒരു ലോകക്രമം കാപിറ്റലിസത്തിന്റെ പുതിയ വികസിത രൂപമാണ്. ചൂഷണമോ അധിനിവേശമോ ഇല്ലാത്ത ഒരു മുതലാളിത്ത സങ്കല്പം സാധ്യമല്ല. അതുകൊണ്ടുതന്നെ സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ അനിവാര്യതയാണ്.
മേല്പറഞ്ഞ സാങ്കേതികതകള്‍ക്ക് അപ്പുറത്താണ് ഖുര്‍ആന്‍ മുതലാളിത്തത്തെ കൈകാര്യംചെയ്തിട്ടുള്ളത്. മുതലാളിത്ത മനസ്ഥിതിയോടെ നടത്തപ്പെടുന്ന ഏത് സാമ്പത്തികവ്യവസ്ഥിതിയും ഖുര്‍ആനിക ദൃഷ്ടിയില് മുതലാളിത്തമാണ്. ഉദാഹരണത്തിന് , ഒരു ഭൂവുടമ അദ്ദേഹത്തിന് ഒന്നിലധികം ഭാര്യമാരിലുണ്ടായ ഡസന്‍ കണക്കിന് കുട്ടികളും കെട്ടിയവളുമായി ചേര്‍ന്ന് നൂറുകണക്കിന് ഏക്കര്‍ വരുന്ന ഒരു കൃഷിഫാം സ്വന്തം അധ്വാനത്തില്‍ നടത്തിക്കൊണ്ടുവരുന്നു എന്ന് സങ്കല്പിക്കുക. മുതലാളിത്ത മനസ്ഥിതിയോടെയാണ് അതിന്റെ കൈകാര്യമെങ്കില് അതൊരു മുതലാളിത്ത സ്ഥാപനവും ഉടമസ്ഥന്മാര് മുതലാളിത്തവാദികളും ആകുന്നു.
മുതലാളിത്തത്തിന്റെ മൗലികദര്‍ശനം കമ്യൂണിസത്തിന്റെയെന്ന പോലെ ഭൗതികത്വമാണ്.സമ്പത്തിന്റെ ഉടമ മനുഷ്യനാണെന്നും ദൈവത്തിന് അതില്‍ യാതൊരു ഉടമസ്ഥതയുമില്ലെന്നുമാണ് കാപിറ്റലിസം വിശ്വസിക്കുന്നത്. അഥവാ ഭൗതികവിഭവങ്ങളെയും പദാര്‍ഥങ്ങളെയും അമിതമായി പ്രേമിക്കുക, ധനത്തെ ലൗകികമായ ആര്‍ത്തിയോടെയും ആസക്തിയോടെയും സമീപിക്കുക, പണത്തെയും സമ്പത്തിനെയും ദൈവമാക്കി പൂജിക്കുക തുടങ്ങിയവയാണ് അതിന്റെ അടിസ്ഥാനസ്വഭാവം. തൊഴിലാളിക്ക് കൂലിയോ പ്രതിഫലമോ നല്കിയാല് അവനോടുള്ള ബാധ്യത തീര്‍ന്നുവെന്നും മിച്ചമുള്ളതെല്ലാം മുതലാളിയുടെതാണെന്നും അത് വിശ്വസിക്കുന്നു. സര്ക്കാറിനെന്നല്ല, ഒരാള്‍ക്കുംതന്നെ ആ സമ്പത്തില്‍ അവകാശമില്ലെന്നാണ് അതിന്റെ വാദം. അത് രാഷ്ട്രത്തിന് നികുതി നല്കുന്നതുപോലും അതിന്റെ സംരക്ഷണം ഉറപ്പുവരുത്താനാണ്.
അനേകരില്‍നിന്ന് സമ്പത്തിനെ ഏതാനും വ്യക്തികളിലേക്ക് ചുരുക്കുകയാണ് മുതലാളിത്തം ചെയ്യുന്നത്. ഇന്നത്തെ മുതലാളി നാളത്തെ കുത്തകയും ഭാവിയിലെ ബഹുരാഷ്ട്രഭീമനും ആവുന്നത് മുതലാളിത്തവ്യവസ്ഥിതിയില്‍ മാത്രമാണ്.
Add Comment