Dr. Alwaye Column

ആവേശവും വികാരവുമല്ല പ്രബോധനം

ഏറ്റവും ശരിയായ രീതിശാസ്ത്രമുപയോഗിക്കാന്‍ സത്യപ്രബോധകന്‍ ബാധ്യസ്ഥനാണ് . ഇസ്‌ലാം അങ്ങനെയാണ് അനുശാസിക്കുന്നത്.
ലക്ഷ്യസാക്ഷാത്കാരത്തിന് അതേ സഹായിക്കുകയുള്ളൂ. അഭികാമ്യമല്ലാത്ത പ്രബോധനമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് കുറ്റകരമാണെന്ന് മാത്രമല്ല, ലക്ഷ്യം വിദൂരമാക്കുകയുംചെയ്യും.

ശരിയായ മാര്‍ഗമവലംബിച്ച് ഒരു പ്രബോധകന്‍ തന്നിലര്‍പ്പിക്കപ്പെട്ട ദൗത്യം നിര്‍വഹിക്കുമ്പോള്‍ ലക്ഷ്യത്തിലെത്തിയിരിക്കണം എന്ന് നിര്‍ബന്ധമില്ല. അതിനയാള്‍ ബാധ്യസ്ഥനുമല്ല. അതേസമയം തന്റെ ബാധ്യത നിര്‍വഹിച്ചോ ഇല്ലേ എന്നകാര്യത്തില്‍ അദ്ദേഹം മറുപടി പറയേണ്ടിവരും. വസ്തുത ഇതായിരിക്കെ പ്രബോധകന് ഇക്കാര്യം കൃത്യമായി ബോധ്യമായിട്ടും അഭികാമ്യമല്ലാത്ത രീതിശാസ്ത്രങ്ങള്‍ അവലംബിക്കുന്നത് ഭൂഷണമല്ല. നിര്‍വഹണത്തിലെ പ്രയാസം, സമയദൈര്‍ഘ്യം, ജനങ്ങളുടെ വിമുഖത, ലക്ഷ്യത്തില്‍ വേഗമെത്തിച്ചേരാനുള്ള വെമ്പല്‍, മതപരമെന്ന് തോന്നുന്ന വികാരവായ്പ്, ജിഹാദി വാഞ്ഛ, ദൈവമാര്‍ഗത്തില്‍ രക്തസാക്ഷിയാകണമെന്ന ആഗ്രഹം ഇതൊന്നും അഭികാമ്യമല്ലാത്ത രീതിശാസ്ത്രം സ്വീകരിക്കുന്നതിന് ഒരിക്കലും ന്യായമല്ല. സദുദ്ദേശ്യമോ സദ്‌വികാരമോ കുറ്റകരമായ ഒന്നിനെ ഒരിക്കലും പുണ്യകരമാക്കുകയില്ല. ഇസ്‌ലാമികപ്രബോധനം ഒരിക്കല്‍പോലും വീരശൂരപരാക്രമികളുടെ സദുദ്ദേശ്യത്തിനുപിന്നാലെ സഞ്ചരിച്ചിട്ടില്ല, എടുത്തുചാട്ടക്കാരുടെ ശ്രേഷ്ടവികാരങ്ങള്‍ക്ക് പിറകെ പോയിട്ടുമില്ല എന്നതിന് നമ്മുടെയടുത്ത് എത്രയോ തെളിവുകളുണ്ട്.
മക്കയില്‍വെച്ച് യുദ്ധം നിയമമായിത്തീര്‍ന്ന ഘട്ടത്തില്‍ നബിതിരുമേനി എടുത്തുചാട്ടക്കാരോട് പറഞ്ഞത് ക്ഷമിക്കാനാണ്. കറകളഞ്ഞ സത്യസന്ധതയും അടിയുറച്ച വിശ്വാസവും യുദ്ധസന്നദ്ധതയും രക്തസാക്ഷ്യമോഹവും ഒക്കെ ഉണ്ടായിട്ടും ഹുദൈബിയ സന്ധിയെ ഉള്‍ക്കൊള്ളാന്‍ വിശ്വാസികളില്‍ അധികപേര്‍ക്കും കഴിഞ്ഞിരുന്നില്ല. പക്ഷെ പ്രവാചകന്റെ മനസ്സ് അതിന് പാകപ്പെട്ടുകഴിഞ്ഞിരുന്നു. കാരണം, അത് മരണത്തിന്റെയോ സത്യസാക്ഷ്യത്തിന്റെയോ പ്രശ്‌നമായിരുന്നില്ല.മറിച്ച്, ശരിയായ രീതിശാസ്ത്രം മുറുകെപ്പിടിക്കണോ വേണ്ടേ എന്നതിനെ കേന്ദ്രീകരിച്ചുള്ള പ്രശ്‌നമായിരുന്നു. ലക്ഷ്യം സാധിക്കാനുള്ള വഴി അതുമാത്രമായിരുന്നു. അതുകൊണ്ടാണ് ഹുദൈബിയ സന്ധിയെ ‘വ്യക്തമായ വിജയം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഖുര്‍ആന്‍ അവതരിച്ചത്.
പ്രബോധനത്തിന് ശൈലികളും രീതികളും തെരഞ്ഞെടുക്കുമ്പോള്‍ സ്വഛവും ഋജുവുമായ ആധികാരികപ്രമാണങ്ങളിലേക്ക് നോക്കാതെ കണ്ണടച്ച് ആവേശത്തിനും വികാരത്തിനും കീഴ്‌പ്പെട്ടുപോകരുത്. ഇക്കാര്യത്തില്‍ പ്രബോധകന് അതീവജാഗ്രത വേണം. ആവേശവും വികാരവും താല്‍പര്യവുമൊക്കെ ശരിയായ രീതിശാസ്ത്രങ്ങളവലംബിക്കാനാണ് പ്രേരണയാകേണ്ടത്. അല്ലാതെ ആശയക്കുഴപ്പത്തിലേക്കും നേരായ വഴികളില്‍നിന്നുള്ള വ്യതിചലനത്തിലേക്കും അനാവശ്യവിവാദങ്ങളിലേക്കും വരണ്ടചര്‍ച്ചകളിലേക്കും അതു വലിച്ചിഴക്കരുത്. ഇപ്പറഞ്ഞതൊന്നും ഉപകാരപ്രദമായ യാതൊരു ഫലവും ചെയ്യില്ല എന്ന കാര്യവും സത്യപ്രബോധകന്‍ തിരിച്ചറിയണം.

വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics