ഖുര്‍ആന്‍ പരാമര്‍ശിച്ച ഒരു പ്രത്യേക സൃഷ്ടിവര്‍ഗം. തനിക്ക് ഇബാദത്ത് ചെയ്യാന്‍ വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും താന്‍ സൃഷ്ടിച്ചിട്ടില്ല എന്ന് അല്ലാഹു പറയുന്നു(അദ്ദാരിയാത്ത് 56). ജിന്നുകളെക്കുറിച്ച് ഖുര്‍ആനില്‍ പല സ്ഥലങ്ങൡ പരാമര്‍ശിക്കുന്നുണ്ട്. ഖുര്‍ആനില്‍ 72-ാമത്തെ അധ്യായത്തിന്റെ പേര് അല്‍ ജിന്ന് എന്നാണ്. ജിന്നുവര്‍ഗത്തെ സംബന്ധിച്ച ഖുര്‍ആന്‍ വാക്യങ്ങള്‍ കാണുക. ‘നിശ്ചയമായും നാം മനുഷ്യനെ മുഴക്കമുള്ള കളിമണ്ണില്‍നിന്ന് സൃഷ്ടിച്ചു.അതിനുമുമ്പ് ജിന്നുകളെ നാം അത്യുഷ്ണമുള്ള തീജ്വാലയില്‍നിന്ന് സൃഷ്ടിച്ചു’. (അല്‍ ഹിജ് ര്‍ 26,27)
‘പുകയില്ലാത്ത അഗ്നിനാളത്തില്‍ നിന്ന് അവന്‍ ജിന്നുകളെ സൃഷ്ടിച്ചു'(അര്‍റഹ്മാന്‍ 15).
മനുഷ്യര്‍ സൃഷ്ടിക്കപ്പെടുന്നതിനുമുമ്പുതന്നെ ജിന്നുകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. ആദ്യമനുഷ്യനായ ആദമിന് സുജൂദ് ചെയ്യാന്‍ അല്ലാഹു കല്‍പിച്ചപ്പോള്‍ ജിന്നുവര്‍ഗത്തില്‍പെട്ട ഇബ്‌ലീസ് അതിന് വഴങ്ങുകയുണ്ടായില്ല. മണ്ണില്‍നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യനേക്കാള്‍ തീയില്‍നിന്ന് സൃഷ്ടിക്കപ്പെട്ട ജിന്നാണ് ശ്രേഷ്ഠന്‍ എന്ന് വാദിക്കുകയാണ് ഇബ്‌ലീസ് ചെയ്തത്.
ബഹുദൈവവിശ്വാസികളായ അറബികള്‍ ജിന്നുകളെ ദൈവപങ്കാളികളായി ഗണിച്ചിരുന്നു. ഖുര്‍ആന്‍ ഇതിനെ വിമര്‍ശിക്കുന്നു. മനുഷ്യരില്‍ ചിലര്‍ ജിന്നുകളില്‍ ചിലരോട് ശരണം തേടാറുണ്ടായിരുന്നു. അതവരില്‍ അഹങ്കാരം വളര്‍ത്തി'(അല്‍ജിന്ന് 6). ‘എന്നിട്ടും അവര്‍ ജിന്നുകളെ അല്ലാഹുവിന്റെ പങ്കാളികളാക്കുന്നു. എന്നാല്‍ അവനാണ് ജിന്നുകളെ സൃഷ്ടിച്ചത്'(അല്‍അന്‍ആം 100)
‘ഇക്കൂട്ടര്‍ അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ കുടുംബബന്ധമാരോപിച്ചിരിക്കുന്നു'(അസ്സ്വാഫ്ഫാത്ത് 158).
‘എന്നാല്‍ ജിന്നുകളെയാണ് അവര്‍ പൂജിച്ചിരുന്നത്. അവരിലേറെ പേരും ജിന്നുകളില്‍ വിശ്വസിക്കുന്നവരുമായിരുന്നു'(സബഅ് 41).
ജിന്നുകള്‍ പ്രവാചകനില്‍നിന്ന് ഖുര്‍ആന്‍ കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തതായി സൂറത്തുജിന്നില്‍ പറയുന്നു. മുഹമ്മദ് നബി ജിന്നുവര്‍ഗത്തിനും കൂടിയുള്ള പ്രവാചകനായിരുന്നു. ചില നിഘണ്ടുകര്‍ത്താക്കള്‍ ‘ജിന്ന്’ എന്ന പേര് ‘ഇജ്തിനാഅ് ‘ എന്ന പദത്തില്‍നിന്നുണ്ടായതാണെന്ന് വിശദീകരിക്കുന്നു. ‘ഒളിച്ചിരിക്കുക, മറഞ്ഞുകിടക്കുക’ എന്നീ അര്‍ഥമാണ് അതിന്നുള്ളത്. എന്നാല്‍ ഈ നിരുക്തം വളരെ വിഷമമേറിയതാണ്. ഒരു വ്യക്തിയെ ജിന്നിയ്യ് എന്ന് പറയുന്നു. ജാന്ന് എന്ന് ജിന്നിന് പര്യായപദമായി ഉപയോഗിക്കുന്നുണ്ട്. ഗുല്‍ , ഇഫ് രീത് എന്നിവ ജിന്ന് വര്‍ഗത്തിലെ വിവിധ വിഭാഗങ്ങളാണ്.
‘ജന്ന’, ‘യജുന്നു’ എന്ന ക്രിയാപദത്തിനര്‍ഥം മറഞ്ഞു എന്നാണ്. ‘ജിന്ന് ‘എന്നാല്‍ മറഞ്ഞുനില്‍ക്കുന്നത് എന്നര്‍ഥം. അതിനാല്‍ മനുഷ്യനിലെത്തന്നെ മറഞ്ഞുനില്‍ക്കുന്ന ഭാവങ്ങളെയോ വനാന്തരങ്ങളിലോ മറ്റോ ജനദൃഷ്ടിയില്‍ പെടാതെ കഴിഞ്ഞുകൂടുന്ന ആളുകളോ ആണ് ‘ജിന്ന് ‘കൊണ്ടുള്ള വിവക്ഷ എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ ഖുര്‍ആന്റെ വ്യക്തമായ സൂചനകളില്‍നിന്ന് മനസ്സിലാവുന്നത് ജിന്നുകള്‍ മനുഷ്യരല്ലാത്ത ഒരു സൃഷ്ടിവിഭാഗമാണ് എന്നത്രേ.
ജിന്നുകളെയും മനുഷ്യരെയും അല്ലാഹു പരലോകത്ത് ഒരുമിച്ചുകൂട്ടി വിചാരണ ചെയ്യുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ദുഷ്‌കര്‍മങ്ങള്‍ക്ക് ജിന്ന് വര്‍ഗത്തില്‍പെട്ട പിശാചുക്കളെ കൂട്ടുപിടിച്ചവര്‍ക്ക് നരകശിക്ഷ ലഭിക്കുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
‘അവരെയെല്ലാം അല്ലാഹു ഒരുമിച്ചുചേര്‍ക്കുംദിനം അവന്‍ പറയും: ജിന്ന് സമൂഹമേ, മനുഷ്യരെ നിങ്ങള്‍ ധാരാളമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ അവരുടെ ആത്മമിത്രങ്ങളായിരുന്ന മനുഷ്യര്‍ പറയും: ‘ഞങ്ങളുടെ നാഥാ, ഞങ്ങള്‍ പരസ്പരം സുഖാസ്വാദനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ നീ ഞങ്ങള്‍ക്ക് അനുവദിച്ച അവധിയില്‍ ഞങ്ങളെത്തിയിരിക്കുന്നു’. അല്ലാഹു അറിയിക്കും:’ശരി, ഇനി നരകത്തീയാണ് നിങ്ങളുടെ താമസസ്ഥലം. നിങ്ങളവിടെ സ്ഥിരവാസികളായിരിക്കും. അല്ലാഹു ഇച്ഛിച്ച സമയമൊഴികെ. നിന്റെ നാഥന്‍ യുക്തിമാനും എല്ലാം അറിയുന്നവനുമത്രേ. അപ്രകാരം തങ്ങളുടെ പ്രവര്‍ത്തനഫലമായി അക്രമികളെ നാം അന്യോന്യം കൂട്ടാളികളാക്കും. ഓ ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്റെ പ്രമാണങ്ങള്‍ വിവരിച്ചുതരികയും ഈ ദിനത്തെ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയുംചെയ്യുന്ന, നിങ്ങളില്‍നിന്നുതന്നെയുള്ള ദൈവദൂതന്‍മാര്‍ നിങ്ങളുടെ അടുത്ത് വന്നിരുന്നില്ലേ? അവര്‍ പറയും: ‘അതെ, ഞങ്ങളിതാ, ഞങ്ങള്‍ക്കെതിരെ തന്നെ സാക്ഷ്യംവഹിക്കുന്നു”(അല്‍അന്‍ആം 128-130)
ഇസ് ലാമില്‍ ജിന്നുകളുടെ അസ്തിത്വം പൂര്‍ണമായും അംഗീകരിക്കപ്പെട്ടതാണ്. വിശുദ്ധഖുര്‍ആനില്‍ പല സ്ഥലങ്ങളിലും അവയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ‘ജിന്നിനെയും ഇന്‍സി(മനുഷ്യ)നെയും അല്ലാഹുവിന്ന് കീഴ് വണങ്ങാനായിട്ടല്ലാതെ സൃഷ്ടിക്കപ്പെട്ടിട്ടില്ല’ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖുര്‍ആനില്‍ ജിന്ന് എന്ന പേരില്‍ ഒരു അധ്യായം തന്നെയുണ്ട്. ഖുര്‍ആനില്‍ ഒരിടത്ത് ഇബ്‌ലീസ് ജിന്ന് വര്‍ഗത്തില്‍പെട്ടവനായിരുന്നുവെന്ന് പരാമര്‍ശിക്കുന്നുണ്ട്.
ജിന്നുകളുടെ അസ്തിത്വത്തില്‍ സംശയം പ്രകടിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ സാഹസികന്‍മാരും വിരളമല്ല. മുഅ്തസിലികള്‍ അവരില്‍പെടുന്നു. ജിന്നുകളുടെ അസ്തിത്വം നിഷേധിക്കാന്‍ അവര്‍ സാഹസികശ്രമങ്ങള്‍ തന്നെ നടത്തിയിട്ടുണ്ട്. ജിന്നുകളുടെ പ്രകൃതിയെക്കുറിച്ചും പദാര്‍ഥങ്ങളിന്‍മേല്‍ അവക്കുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും വൈവിധ്യമുള്ള സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ജിന്നുകളില്‍ വിശ്വസിക്കുന്ന പില്‍ക്കാല തത്ത്വശാസ്ത്രജ്ഞന്‍മാര്‍ പകുതി വ്യാഖ്യാന ശാസ്ത്രത്തിന്റെയും പകുതി അതിഭൗതിക വാദത്തിലൂടെയും തന്ത്രപൂര്‍വം ഈ പ്രഹേളികയില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. ഉദാഹരണമായി, ഇബ്‌നു ഖല്‍ദൂന്‍ ജിന്നിനെ സംബന്ധിച്ച ഖുര്‍ആനിലെ മുതശാബിഹായ ആയത്തുകളി (ദുര്‍ഗ്രഹസൂക്തങ്ങള്‍)ലെ പരാമര്‍ശങ്ങള്‍ മുഴുവനും അല്ലാഹുവിന്റെ പ്രത്യേക ജ്ഞാനത്തില്‍പെട്ടതാണെന്ന് ഗണിക്കുന്നു.
Add Comment